ഈ അധ്യാപകന്റെ കുറിപ്പുകളെങ്കിലും ഇന്ത്യയെ രക്ഷിക്കട്ടെ...

ഒരധ്യാപകനാകുക എന്നത് ഒരിക്കലും എളുപ്പല്ല, പ്രത്യേകിച്ച് അധ്യാപനം ഒരു ദൈവനിയോഗമായി വിശ്വസിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം. ഒരു അധ്യാപകനെന്ന നിലയിൽ നിങ്ങളുടെ കടമ വിദ്യാർഥികളെ പഠിപ്പിക്കുക മാത്രമല്ല, മാന്യരായ മനുഷ്യരായും പൗരന്മാരായും വളരാൻ അവരെ സഹായിക്കുക കൂടിയാണ്. എന്നാൽ, മതനിരപേക്ഷത, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളിൽ നിങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നുവെങ്കിൽ, സമകാലിക ഇന്ത്യയില്‍, ഏറ്റവും ഉദാത്തമായ ഈ സേവനം പോലും വളരെ ശ്രമകരമായ കാര്യമായി മാറിയിരിക്കുകയാണ്.

ഉദാഹരണത്തിന്, നിങ്ങളുടെ ക്ലാസിലെ വിദ്യാർഥികൾ നിങ്ങളെ ജയ് ശ്രീറാം കൊണ്ട് അഭിവാദ്യം ചെയ്യുമ്പോഴോ ഇന്ത്യ എന്തുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രമാകണമെന്ന് നിങ്ങളോട് വാദിക്കുമ്പോഴോ നിങ്ങൾ എന്തുചെയ്യും?  കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ തങ്ങളുടേതല്ലാത്ത വ്യത്യസ്ത മത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ വർഗീയവും ജാതീയവുമായ അധിക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ നിങ്ങൾ അവരോട് എങ്ങനെ പ്രതികരിക്കും?  വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലജ്ജയില്ലാതെ വർഗീയ മാധ്യമ ചാനലുകളിൽ നിന്നും ഉത്ഭവിക്കുന്ന വ്യാജ ചരിത്രത്തെ നിങ്ങൾ എങ്ങനെ പ്രതിരോധിക്കും? 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹൈസ്‌കൂൾ അധ്യാപനം ഇന്ത്യൻ സമൂഹത്തെ വീക്ഷിക്കുന്നതിനുള്ള സവിശേഷമായ ഒരു അവസരമാണ് എനിക്ക് നൽകിയത്.  ഒരു ദശാബ്ദത്തിനിടയിൽ ആരും  ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ ഒരു വർഷത്തിനിടയിൽ എനിക്ക് ശ്രദ്ധിക്കാനായി.  സമൂഹത്തിലെ സൂക്ഷ്മവ്യതിയാനങ്ങൾ പോലും പ്രതിഫലിപ്പിക്കുന്ന ആദ്യസൂചകരാണ് വിദ്യാർഥികൾ എന്നാണ് പൊതുവെ പറയാറ്. നമ്മുടെ ഇന്ത്യയിലും ഇത് അക്ഷരം പ്രതി ശരിയാണെന്നാണ് അനുഭവം.  പത്ത് വർഷം മുമ്പ് വരെ വിദ്യാഭ്യാസ ഇടങ്ങളിൽ വെറുപ്പുളവാക്കിയിരുന്ന കാര്യങ്ങളാണ്, ഇപ്പോള്‍  ക്ലാസ് മുറികളിലും സ്റ്റാഫ് റൂമുകളിലും സ്വതന്ത്രമായും പരോക്ഷമായും നമ്മുടെ വിദ്യാർഥികൾ വളരെ സാമാന്യമായി പറയുന്നത്. 

ഇന്ത്യൻ സമൂഹം എത്രമാത്രം ധ്രുവീകരിക്കപ്പെടുകയും വികൃതമാവുകയും ചെയ്ത ഈ സാഹചര്യത്തില്‍, മനസ്സാക്ഷിയുള്ള അധ്യാപകന് എന്നത്തേക്കാളും ഇപ്പോൾ ഒരു പ്രധാന മതേതര ബാധ്യത നിർവഹിക്കാനുണ്ട്.

താരതമ്യേന സമീപകാല പ്രതിഭാസങ്ങളെ മനസ്സിലാക്കാൻ സഹായിക്കുമെന്ന് തോന്നുന്ന നേരനുഭവത്തിൽ നിന്ന് ശേഖരിച്ച കുറച്ച് കുറിപ്പുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

ജയ് ശ്രീറാം

'ജയ് ശ്രീറാം'  അഭിവാദ്യം എന്നതിലുപരി ഒരു ഹിന്ദുത്വ പോർവിളിയാണെന്ന് ഓർക്കണം.  പത്രപ്രവർത്തകൻ അക്ഷയ മുകുൾ തന്റെ ഗീത പ്രസ് (Gita Press)  എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് പോലെ, "രാമജന്മഭൂമി പ്രസ്ഥാനം 'ജയ് സിയ റാം' എന്ന പരമ്പരാഗത മുദ്രാവാക്യം ഇല്ലാതാക്കുകയും പകരം 'ജയ് ശ്രീറാം' മുദ്രാവാക്യമായി സ്വീകരിക്കുകയും ചെയ്തു." പ്രസ്ഥാനത്തിന്റെ മുഖ്യഘടകമായ ആക്രമണോത്സുകതയും പുരുഷത്വവുമുള്ള രാമൻ എന്ന ആശയത്തെയാണ് ഈ മുദ്രാവാക്യം  പ്രതിനിധാനം ചെയ്യുന്നത്.

ക്ലാസ് മുറിയിൽ 'ജയ് ശ്രീറാം' എന്ന് അഭിവാദ്യം ചെയ്യുമ്പോൾ, സാമ്പ്രദായികമായി ഉപയോഗിച്ചുപോന്ന അഭിവാദ്യം വാസ്തവത്തിൽ 'ജയ് സിയ റാം' അല്ലെങ്കിൽ 'ബോൾ സിയാവർ' ആണെന്നും രാമനെ എപ്പോഴും ഭാര്യ സീതയോടൊപ്പമാണ് പരാമർശിച്ചിട്ടുളളതെന്നും ഞാൻ വിദ്യാർത്ഥികളോട് വിശദീകരിക്കാറുണ്ട്. തുടർന്ന് ഞാൻ അവരോട്  പറയും, "നിങ്ങൾ 'ജയ് ശ്രീറാം' എന്ന് പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുകയാണെങ്കിൽ 'അല്ലാഹു-അക്ബർ', 'ബുദ്ധം ശരണം ഗച്ഛാമി', 'സത് ശ്രീ അകാൽ', 'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ' ‘ജയ് ജിനേന്ദ്ര’ എന്നു കൂടി പറയണം. കാരണം ഇന്ത്യ ഇപ്പോഴും ഒരു മതേതര ജനാധിപത്യമാണ്, ഇവിടെ എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. ഇവ മുഴുവനും പറഞ്ഞുകൊണ്ട്   നിങ്ങൾക്ക് മറ്റുള്ളവരെ അഭിവാദ്യം ചെയ്യാൻ സമയമില്ലെങ്കിൽ, അതിനുപകരം നമ്മൾ പരസ്പരം 'ജയ് ഹിന്ദ്' എന്ന് ഉപയോഗിച്ചുകൂടെ?

ഒട്ടുമിക്ക വിദ്യാർത്ഥികളും, ഈ നിർദ്ദേശത്തോട് നല്ല രീതിയിൽ പ്രതികരിക്കുമെങ്കിലും ചിലർ അപ്പോഴും  "ജയ് ശ്രീറാം" വിളിക്കണമെന്ന് നിർബന്ധം പിടിക്കും. ഇന്ത്യയുടെ മഹത്തായ ഭരണഘടനയുടെ മേൽ കെട്ടിപ്പടുത്തതാണീ രാജ്യമെന്ന സന്ദേശം പകർന്നുകൊണ്ട് ഞാൻ അവരോട് "ജയ് ഹിന്ദ്" അല്ലെങ്കിൽ "ജയ് സംവിധാൻ" എന്ന് പ്രതികരിക്കും.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഔദ്യോഗിക മതം ഇസ്‌ലാമാണ്. ഇവിടെ ഭൂരിപക്ഷവും ഹിന്ദുക്കളായതിനാൽ എന്തുകൊണ്ട് ഇന്ത്യ ഒരു ഹിന്ദു രാജ്യമായിക്കൂടാ?

ഈ ചോദ്യത്തിന് ഞാനവർക്ക് കൊടുത്ത ലളിതമായ ഉത്തരം ഇതാണ്.  "ഗൾഫ് രാജ്യങ്ങൾ പോലെയുള്ള പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മതരാഷ്ട്രങ്ങളാണ്. ഇന്ത്യ ഒരിക്കലും അതുപോലെയല്ല. അതുകൊണ്ടാണ് ഒരു മതേതര രാജ്യമെന്ന നിലയിൽ നമുക്ക് ഔദ്യോഗിക മതം ഇല്ലാത്തത്.”

എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാൽ എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ്’

ഈ പ്രസ്താവനകൾ അവയുടെ സ്വഭാവം വെച്ചുനോക്കുമ്പോൾ പഴയ സ്കൂൾ സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് വരുന്നത് പോലെയുണ്ട്. വാസ്തവത്തിൽ കുട്ടികളും യുവാക്കളും പരാന്നജീവികളാണ്.  മിക്കപ്പോഴും, അവർ വീട്ടിൽ കേട്ടതോ സോഷ്യൽ മീഡിയയിൽ കണ്ടതോ ആയ കാര്യങ്ങളാണ് ആവർത്തിക്കുന്നത്. കൂട്ടത്തിലൊരു വിദ്യാർഥിയോട്, മഹാത്മാഗാന്ധിയെ വെടിവെച്ചയാൾ മുസ്‌ലിമാണോ എന്ന് സൗമ്യമായി ചോദിച്ച് കൊണ്ട്, ചോദ്യങ്ങളെ വിമർശനാത്മകമായി നേരിടാനും സത്യം കണ്ടെത്താനുമുള്ള അവസരം നല്കിയാണ് ഈ ചോദ്യത്തോട് ഞാന്‍ പലപ്പോഴും പ്രതികരിക്കാറുള്ളത്.

ശേഷം ഞാന്‍ അവരോട് പറയാറുള്ളത്, മതമല്ല ഒരാളെ നല്ലതോ ചീത്തയോ ആക്കുന്നത്, മറിച്ച് അവരവരുടെ തെരഞ്ഞെടുപ്പുകളാണ്. ഇത് വളരെ പ്രകടമായി തോന്നിയേക്കാമെങ്കിലും, സാമുദായികമായി മതഭ്രാന്ത് നിറഞ്ഞ കുടുംബങ്ങളിൽ വളർന്ന യുവാക്കളിൽ എല്ലായ്പ്പോഴുമിതത്ര പ്രകടമല്ല. അലക്‌സാണ്ടർ സോൾഷെനിറ്റ്‌സിൻ്റെ അനശ്വര വാക്യം ഉദ്ധരിക്കുകയാണെങ്കിൽ: "നന്മയും തിന്മയും വേർതിരിക്കുന്ന രേഖ സംസ്ഥാനങ്ങളിലൂടെയോ വർഗങ്ങൾക്കിടയിലൂടെയോ രാഷ്ട്രീയ പാർട്ടികൾക്കിടയിലൂടെയോ അല്ല കടന്നുപോകുന്നത്, മറിച്ച് എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിലൂടെയാണ്… എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിലൂടെ മാത്രമാണ്.”

മുസ്‌ലിംകൾ പിന്നോക്കക്കാരും അപകടകാരികളുമാണ്

ഇതിനുള്ള മികച്ച പ്രതികരണമായി ഞാൻ അവരോട് ചോദിച്ചത്, "നിങ്ങൾക്ക് എത്ര മുസ്‌ലിംകളെ വ്യക്തിപരമായി അറിയാമെന്നും അവരിൽ എത്രപേർ അപകടകാരികളെന്നും അവർ നിങ്ങളോട് വ്യക്തിപരമായി എന്താണ് ചെയ്തിട്ടുള്ളതുമെന്നാണ്?"

"എനിക്ക് വ്യക്തിപരമായി ആരെയും അറിയില്ല, പക്ഷേ ഞാൻ അങ്ങനെയാണ് പറഞ്ഞുകേട്ടിട്ടുള്ളത്..." എന്നായിരിക്കും സാധാരണ ഇതിനുള്ള മറുപടി. മറ്റുള്ളവരുടെ പക്ഷപാതങ്ങളിലും മുൻവിധികളിലും വഴങ്ങിക്കൊടുക്കാതെ സ്വന്തം യുക്തിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളുടെ വിദ്യാർത്ഥികളോട് അനുകമ്പാപൂർവ്വം അഭ്യർത്ഥിക്കാനുള്ള സമയമാണിത്.  പിന്നോക്കാവസ്ഥയും അന്ധവിശ്വാസവും പോയ്കഴിയുമ്പോൾ, ഇവ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം വശമല്ലെന്ന് വിദ്യാർഥികളെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

പക്ഷെ ഞാനിത് വാട്സാപ്പിലും ടി.വിയിലും കണ്ടതാണല്ലോ

തെറ്റായ വിവരങ്ങളുടെയും വ്യാജ വാർത്തകളുടെയും അപകടങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അനുയോജ്യ സമയമാണിത്.  താഴെപ്പറയുന്ന കാര്യങ്ങൾ പവർപോയിന്റ് ഫോമിൽ യുവാക്കളെ കാണിക്കാനും അവരെ ബോധവത്കരിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട്:

ഈ കാര്യങ്ങൾ വാട്ട്‌സ്ആപ്പ് ഫോർവേഡായി ലഭിച്ചാൽ, വിശ്വസിക്കരുത്:

●  സെൻസേഷണൽ തലക്കെട്ടുള്ള വാർത്തകൾ
● ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ചില "ഞെട്ടിക്കുന്ന" സത്യം വെളിപ്പെടു-ത്തുകയാണെന്ന തരത്തിലുള്ള അവകാശവാദങ്ങൾ
● മറ്റുള്ളവരിൽ സംശയവും അവിശ്വാസവും ഉണ്ടാക്കുന്ന വിവരണങ്ങൾ
● സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നവ
● മതഭ്രാന്ത് പ്രോത്സാഹിപ്പിക്കുന്നവ
● നിങ്ങളെ വികാരഭരിതരാക്കുകയും 'പ്രചോദിപ്പിക്കുകയും' ചെയ്യുന്നവ
● കപട ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നവ
● വസ്തുതാപരമല്ലാത്ത വാർത്തകൾ

തീർച്ചയായും, നമ്മുടെ വിദ്യാർത്ഥികൾ മുന്നോട്ട് വെക്കുന്ന വാട്ട്‌സ്ആപ്പ്  വാദങ്ങളിലെ യുക്തിരാഹിത്യവും അബദ്ധാഭിപ്രായങ്ങളും ചൂണ്ടിക്കാണിക്കുക അനിവാര്യമാണ്. ഒരുപക്ഷേ, മതാന്ധതയുടെയും വിദ്വേഷത്തിൻ്റെയും വിഷം നേരിടാനുള്ള ഏറ്റവും നല്ല മാർഗം അവയുടെ ദൂഷ്യഫലങ്ങൾ ക്ലാസ് റൂമുകളിൽ വെച്ചുതന്നെ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നതാണ്. ഒരാൾക്ക് ഇതുപോലൊന്ന് പറയാൻ കഴിയണം: "നാം ആത്യന്തികമായി മനുഷ്യരാണ്, മറ്റുള്ളവരെ ചാപ്പയടിക്കുകയും പുറത്താക്കുകയും ചെയ്യുമ്പോൾ, നാം അവരെ ആഴത്തിൽ വേദനിപ്പിക്കുകയാണ്. ഇവയെങ്ങാനും നിങ്ങൾക്കാണ് സംഭവിക്കുന്നതെങ്കിൽ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ?"

മറ്റൊരാളുടെ മാനവികതയെ ബഹുമാനിക്കാനുള്ള ലളിതമായ ആഹ്വാനത്തിന് യഥാർത്ഥത്തിൽ വളരെ ദൂരം പോകാനാകുള്ള ശേഷിയുണ്ട്. രണ്ടാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്കൂൾ ടീച്ചർ ഈയിടെ എന്നോടൊരു കാര്യം പറഞ്ഞു, ഏഴ് വയസ്സ് പ്രായമുള്ള കുട്ടികൾ ഇപ്പോൾ 'ഹിന്ദുവും മുസൽമാനും' എന്നൊക്കെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.  താങ്കളെങ്ങനെയാണ് ആ സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചു. എല്ലാ പ്രധാന ഇന്ത്യൻ ആഘോഷങ്ങളും തൻ്റെ ക്ലാസിനൊപ്പം ആഘോഷിക്കുന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്നാണ് അവർ പറഞ്ഞത്.  ഈയിടെ അവർ തൻ്റെ ക്ലാസിലെ ഒരു മുസ്‌ലിം കുട്ടിയായ അസീസിനോട് ഈദിന്റെ പിറ്റേന്ന് സ്‌കൂളിൽ സേവയാൻ (മധുരമുള്ള വെർമിസെല്ലി, ഒരു ഈദ് പലഹാരം) കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അപ്പോൾ അവൻ്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു, "നിങ്ങളത് കഴിക്കുമോ?"  അവർ അവന് കഴിക്കുമെന്ന് ഉറപ്പ് നൽകി.  അപ്പോൾ അവൻ്റെ അരികിൽ നിന്നിരുന്ന സിഖ് സഹപാഠി, എനിക്കും കുറച്ച് കൊണ്ടുവരൂമോയെന്നും ചോദിച്ചു.

എന്നാൽ ചില വിദ്യാർത്ഥികൾ പ്രതിഷേധ സ്വരമുയർത്തി,  മാഡം, ഈദ് ഒരു മുസ്‌ലിം ആഘോഷമല്ലേ! ഞങ്ങളത് ആഘോഷിക്കുകയോ അവരുടെ ഭക്ഷണം കഴിക്കുകയോ ചെയ്യില്ല!"

ആ കുട്ടികളോട് അവർ പ്രതികരിച്ചതിങ്ങനെയാണ്. "ഇവിടെ 'ഞങ്ങൾ' 'അവർ' എന്നൊന്നില്ല. നമ്മളെല്ലാവരും ഇന്ത്യക്കാരാണ്". അടുത്ത അര മണിക്കൂർ തന്റെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളോട്, ഇന്ത്യക്കാരായ നമുക്ക് എല്ലാ ഉത്സവങ്ങളും ആഘോഷിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും, ഈദ് ഏതൊരു ഇന്ത്യക്കാരൻ്റെയും ഉത്സവമാണെന്നും അവർ വിശദീകരിച്ച് കൊടുത്തു. കൂടാതെ, പ്രവാചകൻ മുഹമ്മദ് നബിയുടെ കഥ അവരുമായി പങ്കുവെക്കുകയും ഇന്ത്യയിലുടനീളം ഈദ് എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നതെന്ന് കാണിക്കുന്ന ഒരു ഹ്രസ്വ YouTube ആനിമേഷൻ വീഡിയോ തന്റെ ക്ലാസ്സിൽ കാണിച്ചു കൊടുക്കുകയും ചെയ്തു.  എല്ലാ സഹപാഠികൾക്കും സന്തോഷത്തോടെ "ഈദ് മുബാറക്" ആശംസിക്കാൻ അവർ തന്റെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയുമുണ്ടായി.

യുക്തിഭദ്രതയ്ക്കു വേണ്ടി നാം എത്രമേൽ ശ്രമിച്ചാൽ പോലും, നിർഭാഗ്യകരമെന്ന് പറയെട്ടെ, മതഭ്രാന്ത് തിരഞ്ഞെടുക്കുന്നവർ ഇനിയും ഉണ്ടാകും.  പതിറ്റാണ്ടുകളായി 11-ഉം 12-ഉം ക്ലാസുകാരെ പഠിപ്പിച്ച ഒരു സഹപ്രവർത്തകയുമായി ബന്ധപ്പെട്ട ഈയിടെ നടന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു.  അവരുടെ ക്ലാസിലെ ഏതാനും മതഭ്രാന്തന്മാർ ന്യൂനപക്ഷ സമുദായത്തിനെതിരെ ആഞ്ഞടിച്ചപ്പോൾ അവര്‍ നിശബ്ദയായി ഇരിക്കുകയായിരുന്നു.

അവർ തങ്ങളുടെ ശത്രുത പൂർണ്ണമായി പ്രകടിപ്പിച്ച് കഴിഞ്ഞപ്പോൾ അവര്‍ പറഞ്ഞു, "നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ സഹ ഇന്ത്യക്കാരെ വെറുക്കാം, പക്ഷേ ഞാൻ അവരെ സ്നേഹിക്കുകയും അവരോട് ബഹുമാനത്തോടെയും മാന്യതയോടെയും പെരുമാറുകയും ചെയ്യും." അതോടെ, ക്ലാസ്സ് നിശബ്ദമായി. പറയേണ്ടിയിരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം പറഞ്ഞുകഴിഞ്ഞു.

കഴിഞ്ഞ പത്തിലേറെ വർഷങ്ങളായി സാന്ദ്രമായ്ത്തീർന്ന വ്യാവസായിക വിദ്വേഷത്തിൽ നിന്ന് ഒരു സമൂഹം സുഖപ്പെടാൻ സമയമെടുക്കും.  ഈ മനോരോഗം സുഗമമാക്കുന്നതിന് ഏറ്റവും മികച്ച സംഭാവനകള്‍ അര്‍പ്പിക്കാനാവുക, മറ്റെല്ലാ സാമൂഹ്യ തിന്മകളുടെയും ഉഛാടനത്തിലെന്ന പോലെ, അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും തന്നെയാണ്. രാജ്യത്തെ അധ്യാപകരെല്ലാം ഈ ധര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചിരുന്നെങ്കില്‍... അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ നമ്മുടെ മാതൃരാജ്യത്തെ നമുക്ക് തിരിച്ച് നടത്താനാവും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter