വൈദ്യശാസ്ത്രം, നൈതികത: ഒരു മഖാസിദീ ഗവേഷണം (ഭാഗം 6)

ആമുഖം
ഇസ്‍ലാമിക നിയമസംഹിതയുടെ തത്വശാസ്ത്രമായ മഖാസിദുശരീഅക്ക് ഇസ്‍ലാമിക വിജ്ഞാനശാഖകളിലും പ്രത്യേകിച്ച് നിയമശാസ്ത്രത്തിലും കാര്യമായ ഇടമുണ്ട്. ആരാധനാ കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലുമുള്ള നിയമങ്ങള്‍ പ്രത്യേകമായ വാക്കുകളെയോ പ്രവൃത്തികളെയോ പ്രോല്‍സാഹിപ്പിക്കുന്നത് വഴി അല്ലാഹുവിന് വഴിപ്പെടാന്‍ വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ടതല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ ചില ഉന്നതമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഖുര്‍ആനും സുന്നത്തും സൂക്ഷ്മപരിശോധന നടത്തുമ്പോള്‍ വ്യക്തമാകും. ഏറെ വ്യത്യസ്തതകളുള്ള മഖാസിദ് ഈ ലോകത്തും പരലോകത്തും മനുഷ്യരാശിയുടെ സമഗ്രമായ നന്മക്കായുള്ള ശരീഅത്തിന്റെ ആഴത്തിലുള്ള പരിഗണനയുടെ അടയാളമാണ്.

ഖുര്‍ആനെയും സുന്നത്തിനെയും സംബന്ധിച്ച പ്രമുഖമായ വിലയിരുത്തല്‍ അവ മുഴുവന്‍ മനുഷ്യ ഇടപെടലുകളെയും ഉപകാരപ്രദവും ചിട്ടയായതുമായ രൂപത്തില്‍ നീതിയും സമത്വവും ഉറപ്പുവരുത്തുന്നുവെന്നതാണ്. ഖുര്‍ആന്‍ പറയുന്നു: നിശ്ചയം, നമ്മുടെ സന്ദേശവാഹകരെ സ്പഷ്ടദൃഷ്ടാന്തങ്ങളുമായി നാം വിനിയോഗിക്കുകയും ജനങ്ങള്‍ക്ക് നീതിപൂര്‍വ്വം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും നാമവതരിപ്പിക്കുകയും ചെയ്തു (57:25). പ്രവാചക നിയോഗത്തിന്റെ കാതലായ ഉദ്ദേശ്യം നീതി നടപ്പാക്കലായിരുന്നുവെന്ന് മേലുദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തം പ്രഖ്യാപിക്കുന്നു.

അല്ലാഹുവിന്റെ അനുശാസനകള്‍ അനുസരിച്ച് തന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണെന്നിരിക്കെ പുതിയ പുതിയ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവക്കും കൃത്യമായ നിയമങ്ങള്‍ ഉണ്ടാകല്‍ അനിവാര്യമാണ്. ഇസ്‍ലാമിക നിയമങ്ങള്‍ക്ക് പിന്നിലെ യുക്തിയെ കണ്ടെത്തലാണ് മഖാസിദീ പഠനങ്ങളുടെ പ്രത്യേകതയായി ഫുഖഹാഅ് പരിഗണിക്കുന്നത്.

അതിസൂക്ഷ്മ പരിശോധനയോടെ യഥാര്‍ത്ഥ സാഹചര്യം തിരിച്ചറിഞ്ഞും ദൈവിക സത്ത ചോര്‍ന്നുപോകാതെ ശരീഅയെ ഉള്‍ച്ചേര്‍ത്തുകൊണ്ടുമുള്ള ഇജ്തിഹാദീ ശൈലികള്‍ ഒറ്റയായും കൂട്ടമായും കര്‍മ്മശാസ്ത്ര വിശാരദര്‍ക്കുണ്ടാകല്‍ അനിവാര്യമാണ്. അങ്ങനെയല്ലെങ്കില്‍ ഇസ്‍ലാമിക നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനും അതുവഴി ശരീഅത്തി‌ന്റെ സുപ്രധാന തത്വങ്ങള്‍ക്ക് കളങ്കം വരാനും സാധ്യതയുണ്ട്.

കര്‍മ്മശാസ്ത്രപണ്ഡിതര്‍ മഖാസിദ് കേന്ദ്രീകൃത ഇജ്തിഹാദിനെ മുന്നോട്ട് വെക്കുന്നതും, അങ്ങനെ മഖാസിദിനെ ഇജ്തിഹാദിനുള്ള മുന്നുപാധിയാക്കി തീര്‍ക്കുന്നതും ഈയൊരു ലക്ഷ്യ സാക്ഷാത്കാരത്തിനായാണ്.

മഖാസിദ് കേന്ദ്രീകൃത ഇജ്തിഹാദിലെ പ്രധാന പ്രമേയങ്ങള്‍

മഖാസിദ് (ഏകവചനം: മഖ്‌സദ്) എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ലക്ഷ്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ആഗ്രഹങ്ങള്‍ എന്നൊക്കെയാണ്. ആദ്യകാല ഉസൂലി പണ്ഡിതര്‍ മഖാസിദിനെ വ്യത്യസ്ത രീതികളിലൂടെ അപഗ്രഥിക്കുകയും, വ്യത്യസ്ത സാങ്കേതിക പദങ്ങളിലൂടെ / സംജ്ഞകളിലൂടെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അവര്‍ മഖാസിദിനെ ഹിക്മത്(യുക്തി), മസ്‌ലഹ (നന്മ), മുനാസബ (യോജിപ്പ്), ഇല്ലത്ത് (കാരണം) എന്നീ സങ്കേതിക പദങ്ങളിലൂടെ പരിചയപ്പടുത്തുന്നുണ്ട്. അതോടൊപ്പം, ചില പണ്ഡിതര്‍ മഖാസിദിനെ പരിചയപ്പെടുത്തുന്നത്, മഅ്ഖൂലിയ്യതു ശരീഅ (ശരീഅത്തിന്റെ യുക്തി), ഫല്‍സഫത്തു ശരീഅ (ശരീഅത്തിന്റെ തത്വശാസ്ത്രം) എന്നീ പദപ്രയോഗങ്ങളിലൂടെയാണ്. ചിലര്‍ ശരീഅയുടെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രയാസങ്ങള്‍ ഒഴിവാക്കുക, പ്രതിസന്ധികള്‍ കുറക്കുകയും ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രീകരിച്ച് പേര് നല്‍കുകയും ചെയ്തു.

Read More: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 4)

അതേസമയം, ചില പണ്ഡിതര്‍ നീതിയും സുരക്ഷയും ഉറപ്പ് വരുത്തുക, ലഘൂകരണം, മിതാവസ്ഥ, രമ്യത, ഇളവ്, തുല്യത, തീവ്രതയും ഉഗ്രവാദവും നിര്‍മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ മഖാസിദിന്റെ പ്രത്യേക പ്രതിപാദ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അതിനെ വിശദീകരിക്കുന്നത് (ശാത്വിബി, ഹി.1402, 2:175; ഇബ്‌നു ആശൂര്‍, 2001; ഹാമിദ്, 1979).

ചുരുക്കത്തില്‍, ഇസ്‌ലാമിന്റെ ധാര്‍മ്മിക ചട്ടക്കൂടിനെ അടിസ്ഥാനപ്പെടുത്തുന്ന ആത്യന്തിക ലക്ഷ്യങ്ങളാണ് മഖാസിദ് (അല്‍ മിസാവി, 2003: 32).

ജനങ്ങള്‍ക്കായി നന്മ കൊണ്ടുവരികയും അവരുടെ തിന്മകളെ തട്ടുകയും ചെയ്യുക എന്ന തത്വവും മഖാസിദും തമ്മില്‍ അന്തര്‍ലീനമായ ബന്ധത്തെ ചില നിദാന ശാസ്ത്ര പണ്ഡിതര്‍ വിശദീകരിച്ച് പറയുന്നുണ്ട് (ഖറദാവി, 2000: 1:31). അബൂ ഹാമിദ് അല്‍ഗസാലി (റ) (മ.1111) യുടെ വീക്ഷണത്തില്‍, വിശ്വാസം, ജീവിതം, ബുദ്ധി, കുടുംബം, സമ്പാദ്യം എന്നീ അഞ്ച് കാര്യങ്ങളുടെ സംരക്ഷണമാണ് ശരീഅത്ത് ആത്യന്തികമായി ലക്ഷ്യമിടുന്നത് (ഗസാലി, ഹി.1413, 1:174). ഈ അഞ്ച് കാര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന മുഴുവന്‍ ഇടപെടലുകളും നന്മയായി (മസ്‌ലഹ) പരിഗണിക്കപ്പെടുന്നതും, അതേസമയം, അവയുടെ നാശത്തിന് ഹേതുവാകുന്ന കാര്യങ്ങളെ തിന്മയായി (മഫ്‌സദ) പരിഗണിക്കപ്പെടുന്നതുമാണ്. അതിനാല്‍, ഉപദ്രവകരമായ കാര്യങ്ങളെ തട്ടിമാറ്റി ഒഴിവാക്കലും നന്മ/ ഉപകാരപ്രദമായ കാര്യമായാണ് പരിഗണിക്കപ്പെടുന്നത്.

ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ (മ.1350) ശരീഅത്തിന്റെ പ്രധാന വിഷയങ്ങളെ വിശദീകരിക്കുന്നതിങ്ങനെയാണ്: 
ശരീഅത്ത് യുക്ത്യാധിഷ്ടിതവും ഇഹലോകത്തും പരലോകത്തും ജനനന്മ ഉറപ്പുവരുത്തുന്നതുമാണ്. ശരീഅത്തെന്നാല്‍ നീതി, കരുണ, യുക്തി, നന്മ എന്നിവയാണ്. അതിനാല്‍, അവക്ക് പകരം അനീതി, ക്രൂരത, തിന്മ, അയുക്തികത എന്നിവ അടിസ്ഥാനമാക്കിയ നിയമങ്ങളാണെങ്കില്‍, ചില വ്യാഖ്യാനങ്ങള്‍ പ്രകാരം അവയെ ശരീഅത്തിനോട് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ചാല്‍ പോലും, ശരീഅയുമായി അത്തരം നിയമങ്ങള്‍ക്ക് ഒരു ബന്ധവുമില്ല (ഇബ്‌നുല്‍ ഖയ്യിം, 1973: 3:3).
മതം, ശരീരം, ബുദ്ധി, സന്താനപരമ്പര, സമ്പാദ്യം എന്നീ അഞ്ച് പ്രാപഞ്ചിക ലക്ഷ്യങ്ങളുടെ സംരക്ഷണമാണ് മഖാസിദെന്ന് സര്‍വ്വരും അംഗീകരിക്കുന്നതാണ്. പ്രത്യക്ഷത്തില്‍, എല്ലാ ജനവിഭാഗങ്ങളും ഈ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്.

മഖാസിദുമായി ബന്ധപ്പെട്ട സമകാലിക കര്‍മ്മശാസ്ത്ര പണ്ഡിതരുടെ നിര്‍വ്വചനങ്ങള്‍ താരതമ്യേന കൂടുതല്‍ സമഗ്രമാണ്. അതോടൊപ്പം, അവര്‍ മഖാസിദിനെ ഉസൂലുല്‍ ഫിഖ്ഹിന്റെ കീഴില്‍ വരുന്നതോ, ഖിയാസിന്റെ ഉപചര്‍ച്ചയായോ ഗണിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ സ്വതന്ത്ര വ്യവസ്ഥിതിയായി പരിചയപ്പെടുത്തുകയാണ് (ഔദ, 2008 - xxv). ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ നേടിയെടുക്കാനും പൊതുജനം ഇടപെടുന്ന പ്രത്യേക വിഷയങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ശരീഅത്ത് കൊണ്ടുവന്ന നടപടിക്രമമായാണ് അവര്‍ അതിനെ നിര്‍വ്വചിക്കുന്നത് (ഇബ്‌നു ആശൂര്‍, 2001: 306307, അല്‍ ഫാസി, 1993: 7). ചുരുക്കത്തില്‍, ഇസ‍്‍ലാമിക നിയമവ്യവസ്ഥയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന മൂല്യങ്ങളും ലക്ഷ്യങ്ങളുമാണ് മഖാസിദ് അടയാളപ്പെടുത്തുന്നത് (ഔദ, 2008- xxi).

പൊതുവെ മനുഷ്യനിര്‍മ്മിത നിയമങ്ങളെയും പ്രത്യേകിച്ച് ഭൗതിക കാഴ്ചപ്പാടുകളെയും സംബന്ധിച്ച് അവ ഇഹലോക ജീവിതത്തില്‍ മാത്രം കേന്ദ്രീകൃതവും പരലോക ജീവിതത്തെ അവഗണിക്കുന്നതുമാണ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ശരീഅ നിയമങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ബന്ധപ്പെടുന്നതാണ്. ഈ ലോകത്ത് മഹിതമായ ജീവിതം കാഴ്ചവെക്കുന്നതിന് വേണ്ടി മാത്രമല്ല, അതോടൊപ്പം, പരലോകത്തും ദൈവിക തൃപ്തി നിലനിര്‍ത്താന്‍ വേണ്ടിയാണ് അത്. അഥവാ, ശരീഅത്ത് മനുഷ്യസമൂഹത്തിന് കാരുണ്യമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു സൂക്തത്തില്‍ ശരീഅത്തിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്, 'നബീ, പ്രപഞ്ചത്തിന് അനുഗ്രഹമായി മാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്' (21: 107). കാരുണ്യത്തിന്റെ പ്രധാനപ്പെട്ട മാനങ്ങളിലൊന്ന് നേരായ പാത കാണിച്ച് കൊടുക്കലും കഷ്ടപ്പാടുകളില്‍ ആശ്വാസം പകരലുമാണെന്ന വശം ഖുര്‍ആന്‍ പ്രസ്താവിക്കുന്നതിങ്ങനെയാണ്. 'ആ നബി അവരോട് നന്മ കല്‍പ്പിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യുന്നു, എല്ലാ നല്ലതും അനുവദിക്കുകയും ചീത്ത നിഷിദ്ധമാക്കുകയും അവരുടെ ഭാരങ്ങള്‍ ഇറക്കിവെക്കുകയും ചെയ്യുന്നു, അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ അഴിച്ചുമാറ്റുന്നു' (7:157).

Read More:മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 5)

മേല്‍ സൂക്തത്തില്‍ പറഞ്ഞ നന്മ എന്ന പദം സൂചിപ്പിക്കുന്നത്, സദാചാര ധര്‍മ്മങ്ങളെ സ്ഥാപിക്കലും കുടുംബബന്ധം കാത്തുസൂക്ഷിക്കലുമാണ് (ഖുര്‍ത്വുബി, ഹി.1353, 7:299). നല്ലത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നിയമാനുസൃതം അനുവദിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചീത്ത എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നിരോധിക്കപ്പെട്ടതും പ്രത്യക്ഷത്തില്‍ ആരോഗ്യകരമല്ലാത്തതുമാണ് (ഇബ്‌നു കസീര്‍, 1999: 3:487). അത് പോലെ, ഈ സൂക്തം വെളിച്ചം വീശുന്നത് ശരീഅത്തിന്റെ രണ്ട് പ്രധാന മാനങ്ങളായ ലഘൂകരണത്തിലേക്കും സാര്‍വ്വലൗകികതയിലേക്കുമാണ്.

ജനങ്ങള്‍ക്കുമേല്‍ അമിത കാര്‍ക്കശ്യം കാണിക്കാതെ ശുഭപ്രതീക്ഷ നല്‍കാന്‍ അധികാരികളെ ഉണര്‍ത്തുന്നു. ഖുര്‍ആനിന്റെ തനി പ്രായോഗിക രീതിയെ പരിചയപ്പെടുത്തുന്ന പ്രവാചക ജീവിതത്തില്‍ മേല്‍സൂചിപ്പിച്ച സന്ദേശങ്ങളെ പ്രയോഗവത്കരിക്കുന്ന അനവധി സംഭവങ്ങള്‍ കാണാം. (ഇബ്‌നു കസീര്‍, 1999: 3:488).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter