മാര്‍ടിന്‍ ലിങ്സിന്റെ മുഹമ്മദ്... പ്രവാചകരെ അടുത്തറിഞ്ഞ ഗ്രന്ഥം
"പുസ്തകം മുഴുവൻ ഒരുവട്ടം വായിച്ചു തീർത്തു , അതീവ താല്പര്യത്തോടെ വീണ്ടും വായിക്കാനായി ഞാനത് തുറന്നു" - ടൈറ്റസ് ബുക്കാർഡ്
പ്രവാചകൻ മുഹമ്മദ്(സ്വ) അറിഞ്ഞവർക്കെന്നും വർണനകൾക്ക് വാക്കുകളില്ലാത്ത ഒരു വികാരനിറകുടമാണ്. ഭാഷയുടെ പരിമിതികൾക്കതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാർശനികതയോടെ നിലയുറപ്പിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ സമസ്യമണ്ഡലങ്ങളെയും ആശ്ലേഷിച്ചു നിന്നു ആ വ്യക്തിത്വം. ലോകത്ത് നിരവധി ഭാഷകളിലും രചനകളിലും വിവർത്തനങ്ങളിലും നിറഞ്ഞു നിന്നതാണ് പ്രവാചകജീവിതവും അനുനയങ്ങളും. അതോടൊപ്പം അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് പ്രവാചകൻ മുഹമ്മദ്.
'Muhammed: His Life based on the earliest sources' - എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം, 'മുഹമ്മദ്' എന്ന പേരിലാണ് പുറത്ത് വന്നത്. ആംഗലേയ എഴുത്തുകാരനായ മാർട്ടിൻ ലിങ്സാണ് ഗ്രന്ഥകർത്താവ്. ഇസ്‍ലാമിന്റെ നൈതികതയും ബഹുസ്വരതയും കൂടിയിണങ്ങിയ ആത്മീയ ആഖ്യാന രചന കൂടിയാണ് ഇത്. ഈ കൃതിയുടെ എഴുത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത് പാരമ്പര്യവാദിയായ അല്ലെങ്കിൽ ഒരു സൂഫികാഴ്ചപ്പാടിലേക്ക് ചേർന്ന അദ്ദേഹത്തിൻ്റെ സമീപന രീതിയാണ്.
കിഴക്കിനും പടിഞ്ഞാറിനും ഒരുപോലെ സ്വീകാര്യനാണ് മാർട്ടിൻ ലിങ്സ്. അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തികരിച്ച ലിങ്സ് ലണ്ടനിലാണ് ജനിച്ചത്. മുഹമ്മദ് അൽപീത്തഡാനെപ്പോലുള്ള പണ്ഡിത മഹാപ്രതിഭകളുമായി നിരന്തരം ബന്ധം സ്ഥാപിച്ച മാർട്ടിൻ ലിങ്സ് തന്റെ ജ്ഞാനാന്വേഷണ തപസ്യ അനുസ്യൂതം തുടർന്നു. ജ്ഞാനാന്വേഷണത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാതപസിക്ക് മുഹമ്മദ് എന്ന ചരിത്രപുരുഷനെ കണ്ടെത്തുക ദുഷ്കരമായിരുന്നില്ല. പക്ഷെ, മുഹമ്മദിനെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും ആഴത്തിലറിഞ്ഞ ലിങ്സ് അത്ഭുതപരതന്ത്രനാവുകയായിരുന്നു. അറബി പഠിക്കുകയും ഇസ്‍ലാമിലേക്ക് ആകർഷിക്കപ്പെടുകയും തീവ്രമായി ഇസ്‍ലാമിനെ പിൻതാങ്ങുകയും ഇസ്‍ലാമിലേക്ക് മതപരിവർത്തനം ചെയ്ത് ശേഷം സ്തുത്യർഹമായ സേവനം നടത്താന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു അദ്ദേഹം, അബൂബക്കർ സിറാജ്ജുദ്ധീൻ എന്ന പേരാണ് സ്വീകരിച്ചതെങ്കിലും മാര്‍ടിന്‍ ലിങ്സ് എന്ന പേരില്‍ തന്നെ തുടര്‍ന്നും അറിയപ്പെട്ടു.
വാനലോകത്തിന്റെ വൃത്താന്തങ്ങളെ ഭൂമിലോകത്തിന് പരിചയപ്പെടുത്തിയ പ്രവാചകനെ തന്റെ പേനത്തുമ്പിലൂടെ ലോകസമക്ഷം അക്ഷരോപഹാരമാക്കുന്നതിൽ മാർട്ടിൻ ലിങ്സ് വിജയിക്കുകതന്നെ ചെയ്തു. ആ വിജയത്തിന്റെകൂടി നിദർശനമാണ് ഈ മഹത്തായ ഗ്രന്ഥം. വിശ്വചരിത്രകാരന്മാരെയെല്ലാം കൗതുകപ്പെടുത്തിയ ജീവിതമാണ് പ്രവാചകന്റേത്. അവയിൽ മിക്കതും വാല്യങ്ങളും താളുകളും അനേകമുള്ള ബ്രഹത്തായ ഗ്രന്ഥശേഖരങ്ങളായി മാറുകയും ചെയ്തു. സാധാരണ വായനക്കാരന് അപ്രാപ്യമായ ആ ഗ്രന്ഥശേഷരങ്ങളൊക്കെയും വലിയ ഗ്രസ്ഥാലയങ്ങളുടെ അലമാരകളെ അലങ്കരിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത്, 30-40 വാല്യങ്ങളിൽ വരെ പ്രവാചകനെ സംബന്ധിച്ച രചനകൾ നടന്നപ്പോള്‍, ഇതിനൊരു തിരുത്താണ് മാർട്ടിൻ ലിങ്സിന്റെ നബിചരിത്രം. അടുക്കും ചിട്ടയും ക്രമവും ലാളിത്യവും ഒത്തിണക്കി 300 പേജുകളിൽ, ചെറിയ അദ്ധ്യായങ്ങളിൽ വിവരങ്ങൾ ഒതുക്കിക്കൊള്ളിച്ച് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇങ്ങനെയാണ് ലിങ്സിന്റെ ഈ കൃതി വ്യത്യസ്തമാകുന്നതും വേറിട്ട വായനാനുഭവമാകുന്നതും.
അനാഥനായി പിറന്നവൻ വിശ്വവിമോചകനായി മാറിയ കാരുണ്യത്തിന്റെ സാഗരശാന്തതയും, വിപ്ലവപോരാട്ടത്തിന്റെ കടലിരമ്പവുമായി മാറിയ ജീവിതത്തെയാണ് ലിങ്സ് കൈയ്യൊതുക്കത്തോടെ പറഞ്ഞു പോവുന്നത്. എഴുത്തല്ല മറിച്ചതൊരു നേർ ജീവിത യാഥാർത്ഥ്യം കൃത്യതയോടെയും സൂക്ഷ്മതയോടെയും പറഞ്ഞു വെക്കുകതന്നെയാണ് അദ്ദേഹം.
പുസ്കത്തിന്റെ ഉപശീർഷകം വളരെ പ്രധാനമാണ്. ഇബ്നു ഇസ്ഹാഖ്, ഇബ്നു സഅദ്, അൽവാഖിദി തുടങ്ങിയ 8-9 നൂറ്റാണ്ടുകളിലെ അറബി സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് ലിങ്സ് ഈ പുസ്തകം രചിച്ചത്. അത്ഭുതകരമായതോ അമാനുഷികമായതോ ആയ സംഭവങ്ങൾ ഉൾപ്പടെ, ഈ പരമ്പരാഗത വിവരണങ്ങളോട് വിശ്വസ്തത പുലർത്താനുള്ള ഒരു ആഹ്വാനം കൂടിയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. വിവരിക്കേണ്ട സംഭവങ്ങളുടെ ഗാംഭീര്യവും ലാളിത്യവും അറിയിക്കാൻ ലിങ്സ് പുരാതനമായ, കാവ്യാത്മകമായ ഒരു ഇംഗ്ലീഷ് ശൈലി ഉപയോഗിക്കുന്നു.
ഇതിൽ ഖുർആന്റെ പങ്കും നിഴലിക്കുന്നുണ്ട്. ഈ കൃതി ഖുർആന്റെ ഒരു വ്യാഖ്യാനമല്ല, മറിച്ച് ഖുർആന്റെ ആദർശങ്ങളെയും വെളിപ്പെടുത്തലുകളെയും പ്രവാചകജീവിതത്തിലെ ചരിത്രപരമായ പശ്ചാത്തലങ്ങളിൽ ക്രിയാത്മകമായി ചിത്രീകരിക്കുകയാണ് ലിങ്‌സ് ചെയ്യുന്നത്.
സ്നേഹമസൃണമായ അബൂത്വാലിബിന്റെ തലോടലിലും ആ ജീവിതം അശാന്തമായിരുന്നു. അബൂഖുബൈസിന്റെ പ്രാന്തദേശങ്ങളിൽ ആട്ടിടയനായി ജീവിച്ച ബാല്യത്തിൽ നിന്ന് വ്യാപാരത്തിന്റെ കുന്തിരിക്കപ്പാതയിലൂടെ ഖദീജാ ബീവിയുടെ ഖാഫിലക്കൂട്ടങ്ങളുടെ നായകത്വം ഏറ്റെടുത്ത് വ്യാപാരപ്രമുഖനായി മാറിയതിലേക്കുളള ദൂരം അളെന്നെടുക്കുക സാധ്യമല്ല. ചെങ്കടലിന്റെ ഉത്തരഭാഗത്തുള്ള സിറിയയുടെ വ്യാപാരകേന്ദ്രത്തിൽ വ്യാപാരപ്രമുഖനായി ജീവിതം വിജയിപ്പിച്ചെടുത്ത മുഹമ്മദിനെക്കുറിച്ച് മൈസറ ഖദീജയോട് പറയുന്നതോടു കൂടിയാണ് മുഹമ്മദ് നബിയുടെ ജീവിതം മറ്റൊന്നായി മറുന്നത്.
മക്കയുടെ വിളിപ്പുറത്തുള്ള ഹിറാഗുഹയിൽ ധ്യാനനിരതനാവുന്നതിനിടയിൽ ആ ജീവിതം അഭൗതികതലങ്ങളെ കൂടി സ്പർശിക്കുന്നു. വായിക്കാനും പേനകൊണ്ട് എഴുതാനും പഠിപ്പിച്ച വിശ്വേശ്വരന്റെ നാമത്തിലാണ് പിന്നീട് മുഹമ്മദ് ജീവിതത്തെയും പ്രപഞ്ചത്തെയും വായിക്കുന്നത്. നവോത്ഥാനവും പുനരുത്ഥാനവും തമ്മിലുള്ള സംഘർഷം എല്ലാ അതിരുകളും ഭേദിച്ചു. വിമോചനപോരാളികൾ ചരിത്രത്തിലുടനീളം അനുഭവിച്ച പീഢനങ്ങൾക്ക് മക്കാനഗരം സാക്ഷിയായി. ജീവിതത്തിന്റെ വസന്തകാലം ഗ്രീഷ്മത്തിന്റെ കൊടും താപത്തിൽ ഉരുകിയൊലിച്ചു. മാതൃകുല ബന്ധത്തിന്റെ സഹായം തേടി ത്വാഇഫിന്റെ പച്ചപ്പിലേക്ക് പ്രതീക്ഷാനിര്‍ഭമായ യാത്ര. പക്ഷേ, പ്രതീക്ഷക്ക് നേര്‍വിപരീതമായി, നിഷ്കാസിതന്റെ ഹൃദയവ്യഥയോടെ അവിടുന്ന് മടക്കം. ദുഃഖ വർഷത്തിന്റെ സഹനത്തിനൊടുവിൽ യസ്‌രിബിന്റെ സഹായ ഹസ്ത്രത്തിലേക്ക്, ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ച മഹാ പ്രയാണം. സൈകതഭൂവിന്റെ തത്വസാനുക്കളെ ഉൾപ്പൂളകമണിയിച്ച ആ മഹാമനീഷിയുടെ ജീവിതം ഒരു ചലച്ചിത്രത്തിലെന്നപോലെ ലിങ്സ് പറഞ്ഞുവെക്കുമ്പോൾ, ആ രചനാപാടവത്തിന് മുന്നിൽ ഏതൊരു വായനക്കാരനും ഒരു നിമിഷം കൈകൂപ്പിനിന്നുപോവും.
പുരാതന സ്രോതസ്സുകളിൽ നിന്ന് പ്രവാചകനെ വായിക്കണമെന്നതായിരുന്നു ലിങ്സിൻ്റെ നിർബന്ധബുദ്ധി. അങ്ങനെ വായിക്കണമെങ്കിൽ ആ പുരാതന സ്രോതസ്സുകൾ രേഖപ്പെടുത്തിയ അറബ് ഭാഷ പഠിക്കേണ്ടതുണ്ടായിരുന്നു. അതിനായി ഈജിപ്‌തിലെ അൽഅസ്‌ഹർ സർവകലാശാലയിൽ ചേര്‍ന്ന് അറബി ഭാഷയിൽ വ്യുൽപ്പത്തി നേടി. അങ്ങനെ ചരിത്രരചനയുടെ എല്ലാ കണിശതകളും പാലിച്ചുകൊണ്ടാണ് ലിങ്സ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥം പ്രവാചക ജീവ ചരിത്രത്തിലെ ആധികാരിക ഗ്രന്ഥമായി മാറുകയും ചെയ്തു.
ലോക ഭൂപടത്തിൽ പ്രാധാന്യമുള്ള മക്കാ നഗരം പിടിച്ചടക്കുക എന്ന അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കം പ്രവാചകൻ നടത്തി. മദീനയിൽ നിന്ന് മക്കയിലേക്ക് 8 ദിവസത്തെ യാത്രാ ദൈർഘ്യമാണുള്ളത്. 10,000 വരുന്ന സൈനികരെ നയിച്ചുകൊണ്ടാണ് പ്രവാചകൻ മക്കയെ ലക്ഷ്യമാക്കി നീങ്ങുന്നത്. യാത്രയ്ക്കിടയിൽ പ്രവാചകന്റെ കണ്ണിൽ അതി നിസ്സാരമായ ഒരു സംഭവം കാണാനിടയാവുന്നു, വഴിയരികിൽ ഒരു നായ പ്രസവിച്ച് കിടക്കുകയാണ്. തന്റെ കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള ശ്രമത്തിലാണ് ആ പാവം ജീവി. പ്രവാചകൻ തന്റെ സഹചാരിയെ വിളിച്ച് ആ നായയുടെ അടുത്തേക്ക് ചെന്നു, ശേഷം പറഞ്ഞു: "പിറകിൽ നിന്ന് വരുന്ന സൈന്യം മുഴുവൻ കടന്നു പോവുന്നതു വരെ ഈ നായയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം നിന്റെ കൈയ്യിലാണ്." ഈ യാത്രക്കൊടുവിൽ ഒരു തുള്ളി രക്തം പോലും ചിന്താതെ പ്രവാചകൻ മക്ക തന്റെ കൈപ്പിടിയിലൊതുക്കി. നിരുപാധികം ആ സൈന്യാധിപൻ തന്റെ എതിരാളികൾക്കെല്ലാം മാപ്പ് നൽകി. സൈനിക ചരിത്രത്തിലെ മഹത്തായ കാരുണ്യത്തിന്റെ അധ്യായങ്ങൾ ഈ ഗ്രന്ഥത്തിലുടനീളം നമുക്ക് വായിച്ചു പോവാൻ കഴിയും.
ഇങ്ങനെ പ്രവാചക ചരിത്രത്തിലെ സൂക്ഷ്‌മവും സ്‌തൂലവും വിളക്കിച്ചേർത്ത് രചിച്ച ഈ മഹത്തായ ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റിയത് ചരിത്രാധ്യാപകനും കവിയുമായ 'കെ.ടി സൂപ്പി'യാണ്. ഈ മൊഴിമാറ്റത്തിന്റെ സൗന്ദര്യാത്മകതയെക്കുറിച്ച് അവതാരിക എഴുതിയ ‘മുട്ടാണിശ്ശേരിയിൽ കോയക്കുട്ടി മൗലവി' ഇങ്ങനെ സൂചിപ്പിക്കുന്നു: "ഈ വിവർത്തനം വായിച്ചപ്പോൾ ഇംഗ്ലീഷിൽ നിന്നുള്ള ഒരു വിവർത്തന ഗ്രന്ഥമാണിത് എന്നുള്ള ഒരു തോന്നൽ ഉണ്ടായതേയില്ല. ഈ മൂലകൃതിയെ ഉൾക്കൊണ്ട ശേഷം മനസ്സിൽ നിന്നു പകർത്തിയാലുണ്ടാകുന്ന ഒഴുക്ക്, വാചകഘടന എന്നിവ ഇതിൽ തെളിഞ്ഞു കാണാം. ധാരാളം വിവർത്തനങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിവർത്തന ശൈലിയുടെ കൃത്രിമത്വം ഒട്ടും ഇതിൽ കാണാനില്ല. മലയാള ഭാഷയിലെ ഒരു മൗലിക രചന എന്ന തോന്നലാണ് ഈ ഗ്രന്ഥം വായിക്കുമ്പോൾ ഓരോ വായനക്കാരനും ഉണ്ടാകുന്നത്. അഞ്ഞൂറോളം താളുകളുള്ള ഈ വിവർത്തനം (മുഹമ്മദ്) ഇതിനോടകം ഒമ്പത് പതിപ്പുകളായി ഇറങ്ങിക്കഴിഞ്ഞു. 2013 - ൽ ഒന്നാം പതിപ്പിറങ്ങിയ ഈ പുസ്തകം 2025-ൽ ഒമ്പത് പതിപ്പുകളിൽ എത്തി നിൽക്കുന്നു.
കെ.ടി സൂപ്പി മാഷിന്റെ മനോഹരമായ കൃത്യത നിറഞ്ഞ വിവർത്തനം മാർട്ടിൻ ലിങ്സിന്റെ അതിമനോഹരമായ രചന ഒരു കഥപറയുന്ന പോലെ അവതരിപ്പിച്ചിട്ടുള്ള ഒരു രചനാശൈലി മുട്ടാണിശ്ശേരിയിൽ കോയക്കുട്ടി മൗലവിയുടെ മനോഹരമായ 'അവതാരിക'. ഇങ്ങനെ ഏറെ സമ്പന്നമായ ഗ്രന്ഥമാണ് ഇതെന്ന് പറയാം. പ്രവാചകനെ സ്നേഹിക്കാനോ, വിമർശിക്കാനോ, അങ്ങനെയെന്തിന്നും പ്രവാചകനെ ശ്രവിക്കുന്ന ആർക്കും തങ്ങളുടെ ജീവിതത്തിൽ രുചിച്ചറിയേണ്ട ഒരു ആസ്വാദ്യവിഭവം തന്നെയാണ് ഇത്. പ്രസാധകരായ Other Books-ന്റെ പ്രസിദ്ധീകരണ രീതിയും ഈ കൃതിയെ വായനക്ക് പ്രേരിപ്പിക്കുന്നു. മേന്മയുള്ള അച്ചടി, മേനിയുള്ള കടലാസ്, മനോഹരമായ കെട്ടും മട്ടും, വായനക്കാരനെ ആകർഷിക്കുന്ന സകലതും ഒതുങ്ങിയ ഒരു പുസ്തകം. ഏറെ ലളിതവും ആസ്വാദ്യകരവുമായി ഇതു വായിച്ചു പോകാൻ കഴിയുമെന്നത് ഉറപ്പാണ്.



Leave A Comment