നാസ്തികതയുടെ അന്ധകാരത്തിൽ നിന്നും ഇസ്‍ലാമിന്റെ വെള്ളിവെളിച്ചത്തിലേക്ക്
കാനഡയിലെ നാസ്തിക കുടുംബത്തില്‍ വളർന്ന വില്ല്യം സാലിഹിന്റെ ജീവിതം, നാസ്തിക പശ്ചാത്തലത്തിൽ നിന്നും ഒരു സജീവ മുസ്‍ലിം സമുദായനേതാവായുള്ള പരിവർത്തനത്തിന്റെ കഥയാണ്. സഹോദരങ്ങളുടെ ആവർത്തിച്ചുണ്ടായ കൊലകളുടെയും വേണ്ടാത്തരങ്ങളുടെയും തിക്ത ഫലമായി ദോഷകരമായ ജീവിതരീതി ഉപേക്ഷിച്ച് വിവാഹം കഴിച്ച് ജീവിതം മാറ്റണമെന്ന തീരുമാനമായിരുന്നു അദ്ദേഹത്തിന് അന്യമായ ഇസ്‍ലാമിന്റെ അധ്യായങ്ങൾ തുറന്നുകൊടുത്തത്.
പാശ്ചാത്യ കാനഡയിലെ മതരഹിത കുടുംബത്തിലാണ് വില്യം വളർന്നത്. അവിടെയുണ്ടായിരുന്ന ധാരണ അനുസരിച്ച്, ദൈവവിശ്വാസം ജീവിതബലഹീനതയുടെ അടയാളമായിരുന്നു. അദ്ദേഹത്തിന് മതവുമായി ബാല്യത്തിൽ ഉണ്ടായിരുന്ന ഏകപരിചയം യഹോവയുടെ സാക്ഷികളുടെ ആരാധനാലയത്തിലേക്കുള്ള ഇടക്കാല സന്ദർശനങ്ങൾ മാത്രമായിരുന്നു. മയക്കുമരുന്ന് വ്യാപനം, അക്രമം, സാമൂഹിക തകർച്ച എന്നിവ വ്യാപകമായിരുന്ന സാഹചര്യങ്ങളായിരുന്നു അദ്ദേഹത്തിന്ന് കൗമാരകാലം സമ്മാനിച്ചത്. അലക്ഷ്യമായ ആ ജീവിതം അദ്ദേഹത്തെ നന്നായി വ്യാകുലപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളുടെ മരണങ്ങൾ, ആത്മഹത്യ, തടവ്, കുടുംബാംഗങ്ങളുടെ നഷ്ടം തുടങ്ങിയ അനുഭവങ്ങളുടെ തീക്ഷണത അദ്ദേഹത്തെ ജീവിതത്തിലെ ഒരു വഴിത്തിരുവിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. സാലിഹിന്റെ കാര്യത്തിൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ല, മറിച്ച് ആവർത്തിച്ചുണ്ടായ അനുഭവങ്ങളുടെ സമാഹാരമായിരുന്നു. ഇതിന്റെ ഫലമായി അദ്ദേഹം അതുവരെയുള്ള ജീവിതരീതി ഉപേക്ഷിച്ച് വിവാഹം കഴിച്ച് ജീവിതം മാറ്റണമെന്ന് തീരുമാനിച്ചു. അഥവാ, നൈതിക പരിഷ്കാരം മതവിശ്വാസത്തെക്കാൾ മുമ്പ് തന്നെ അദ്ദേഹം ആരംഭിച്ചു എന്നര്‍ത്ഥം.
വില്യം തന്റെ ജീവിതം മാറ്റാനും വിവാഹം തേടാനും തീരുമാനിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഇസ്‍ലാമിലേക്കുള്ള യാത്ര ആരംഭിച്ചത്. അദ്ദേഹത്തിന്റെ മതാന്വേഷണം തന്റെ ഭാവി ഭാര്യയുമായുള്ള പരിചയത്തിലൂടെയാണ് ആരംഭിച്ചത്. അദ്ദേഹം ഒരു പുതിയ നഗരത്തിലേക്ക് മാറി. ജോലി അപേക്ഷിക്കാൻ പോകുന്നതിനിടെ, ഒരിക്കൽ ഒരു ഇലക്ട്രോണിക്സ് കടയുടെ മുന്നിലൂടെ നടക്കുമ്പോൾ അവിടെ ജോലി അപേക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. മൂന്ന് മാസങ്ങൾക്കു ശേഷം, അദ്ദേഹത്തെ സീസണൽ ജീവനക്കാരനായി നിയമിച്ചു. അതുവഴിയാണ് അദ്ദേഹം തന്റെ ഭാവി ഭാര്യയെ കണ്ടുമുട്ടിയത്. ഈ കൂടിക്കാഴ്ച അദ്ദേഹത്തിന് വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു, കാരണം അദ്ദേഹം ജീവിതത്തിൽ ആദ്യമായി കണ്ട മുസ്‍ലിം അവളായിരുന്നു. അവളെ കണ്ടുമുട്ടിയത് ഇസ്‍ലാമിനെക്കുറിച്ചുള്ള തന്റെ മുഴുവൻ ധാരണയും തലകീഴായി മറിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ട്. ആദ്യ സംഭാഷണം അവൾ “ഞാൻ ഒരു മുസ്‍ലിം ആണ്” എന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിച്ചത്.
മൂന്ന് മണിക്കൂർ നീണ്ട ആദ്യസംഭാഷണത്തിൽ, അവളുടെ ശുദ്ധമായ ജീവിതശൈലി അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. പുകവലി ഇല്ല, മദ്യപാനം ഇല്ല, വിവാഹത്തിന് മുമ്പുള്ള ബന്ധങ്ങൾ ഇല്ല. ഈ ആശയങ്ങൾ വില്ല്യമിന് പൂർണ്ണമായും അപരിചിതമായിരുന്നു. “അത് എന്റെ വിശ്വാസമാണ്. അങ്ങനെ തന്നെയാണ് ഞാൻ വളർന്നത്; മുസ്‍ലിം സംസ്കാരവും മുസ്‍ലിം വിശ്വാസവുമാണ് അത്” എന്നായിരുന്നു അവളുടെ വിശദീകരണം. ഈ അനുഭവം അദ്ദേഹത്തിൽ ബൗദ്ധിക അന്വേഷണത്തിന് തുടക്കമായി. ശേഷം ഖാലിദ് യാസീനിന്റെ “ദ പർപ്പസ് ഓഫ് ലൈഫ്” എന്ന പ്രഭാഷണം അദ്ദേഹത്തെ കൂടുതൽ സ്വാധീനിച്ചു. പാശ്ചാത്യ ലോകത്ത് പരിഹാരമില്ലെന്ന് അവര്‍ പോലും പരാതിപ്പെടുന്ന എല്ലാ പ്രശ്നങ്ങൾക്കും യാസീൻ വ്യക്തമായ ഉത്തരവും പരിഹാരരൂപരേഖയും നൽകുന്നുവെന്നത് അദ്ദേഹത്തെ വിസ്മയപ്പെടുത്തി.
ആധുനിക പാശ്ചാത്യ സമൂഹങ്ങളിൽ മതപരിവർത്തനം സാധാരണയായി അസ്തിത്വ പ്രതിസന്ധി, നൈതിക ആശയക്കുഴപ്പം, ബൗദ്ധിക അന്വേഷണങ്ങൾ എന്നിവയുടെ സംഗമസ്ഥാനത്താണ് സംഭവിക്കുന്നത്. ഇസ്‍ലാം സ്വീകരിച്ച പലരും ഭൗതികവാദാധിഷ്ഠിത സെക്യുലർ ജീവിതരീതിയിൽ നിന്നുള്ള നിരാശയും, മുസ്‍ലിംകളുമായി നേരിട്ടുള്ള ഇടപെടലിലൂടെ മുൻവിധികളുടെ തകർച്ചയും, തുടർന്ന് ദൈവശാസ്ത്രപരമായ സുസ്ഥിരതയും നൈതിക മാർഗനിർദേശവും അന്വേഷിച്ചതായി കാണാം. ഹൃദയം മറിച്ചിട്ട ഗ്ലാസിനെപ്പോലെയാണ് എന്ന ഉപമ അദ്ദേഹത്തിന്റെ ആത്മപരിശോധനയിൽ നിർണായകമായ പങ്ക് വഹിച്ചു. ഗ്ലാസ് തലകീഴായി തിരിഞ്ഞാൽ, എത്ര വെള്ളം ഒഴിച്ചാലും അത് നിറയില്ല; എന്നാൽ നിങ്ങൾ തന്നെ തുറന്നാൽ മാത്രമേ അത് നിറയ്ക്കാൻ കഴിയൂ എന്ന് യാസീൻ വിശദീകരിച്ചു. വിനയവും തുറന്ന മനസ്സും ആവശ്യമാണ് എന്ന ഈ സന്ദേശം ഇസ്‍ലാം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ യാത്രയിൽ നിർണായകമായി. ഹൃദയം തുറക്കാതെ സത്യം സ്വീകരിക്കാൻ കഴിയില്ല എന്ന ആന്തരിക വിവരണവുമാണ് അദ്ദേഹത്തിന് ഹൃദ്യവും ദീപ്തവുമായി അനുഭവപ്പെട്ടത്.
വില്ല്യം തന്റെ ശഹാദ നിമിഷത്തെ ഏറെ സമ്മര്‍ദ്ധം അനുഭവിച്ച രംഗമായിട്ടാണ് കാണുന്നത്. ജമാഅത്ത് നിസ്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം അകത്തേക്ക് പോയി. അവിടെ ഏകദേശം 30 പേർ അദ്ദേഹത്തെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് ആ മുഴുവൻ ശ്രദ്ധ വളരെ സമ്മർദ്ദകരമായ അനുഭവമായിരുന്നു. ഭാവിയിലെ മാമൻ, സഹോദരന്മാർ, പിന്നീടവൻ നയിക്കേണ്ട സമൂഹം എല്ലാം സാക്ഷിയായി നിൽക്കുന്ന സാഹചര്യത്തിൽ തന്നെയായിരുന്നു അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി ഔദ്യോഗികമായി ഇസ്‌ലാമിലേക്ക് കടന്നുവന്നത്. അതേ സമയം, അത് വളരെ വികാരഭരിതമായ നിമിഷവുമായിരുന്നു. തന്റെ നാസ്തിക കുടുംബത്തെക്കുറിച്ചും അവരുടെ മതവിരുദ്ധ സമീപനത്തെക്കുറിച്ചും അദ്ദേഹം ആലോചിച്ചു. പക്ഷേ പിന്നീട് ജീവിതത്തിൽ പരീക്ഷണങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം തിരിച്ചറിയുകയും മുഹമ്മദ് നബി നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് അയവിറക്കുകയും ചെയ്തു.
ശഹാദയ്ക്ക് ശേഷം ചില വർഷങ്ങൾ ഒരു പുതിയ മുസ്‍ലിം എന്ന നിലയിൽ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. പിന്തുണയുള്ള അന്തരീക്ഷം ഇല്ലാത്തത് കാരണം ഈ പോരാട്ടം കൂടുതൽ കഠിനമായി. പിന്നീട് അദാൻ വിളിച്ച സഹോദരൻ മൂന്ന് ദിവസം മുസ്‍ലിംകളോടൊപ്പം ചെലവഴിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചു. അതുവഴി ശരിയായ രീതിയിൽ നിസ്കാരം പഠിക്കാനും മതവിദ്യ അഭ്യസിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. നാലു മാസം ഗൗരവമുള്ള പഠനവും ആത്മീയ വളർച്ചയും കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പിന്നീട് മൂന്ന്-നാല് വർഷത്തേക്ക് അദ്ദേഹം മസ്ജിദിൽ ഇമാമായി സേവനമനുഷ്ഠിച്ചു. ജുമുഅ നിസ്കാരം നയിക്കുകയും, പ്രസംഗങ്ങൾ നടത്തുകയും, ചർച്ചുകൾക്കും സ്കൂൾ ബോർഡിനുമുള്ള പ്രഭാഷണങ്ങൾ നൽകുകയും ചെയ്തു.
വില്ല്യമിന്റെ വിവാഹം അഞ്ചുവർഷം നീണ്ട ക്ഷമയും സ്ഥിരതയും ആവശ്യപ്പെട്ട യാത്രയായിരുന്നു. അവളെ ആദ്യം കണ്ടത് ജോലി സ്ഥലത്തെ പരിശീലന സമയത്തായിരുന്നുവല്ലോ. ഉടനെ തന്നെ അവളുടെ സൗന്ദര്യം അദ്ദേഹത്തെ ആകർഷിച്ചു. എന്നാൽ മൂന്ന് മാസം അവർ സംസാരിച്ചില്ല. ആദ്യമായി സംസാരിച്ച രാത്രിയിൽ തന്നെ അദ്ദേഹം തന്റെ ഉദ്ദേശ്യം തുറന്നുപറഞ്ഞു. അവൾ പറഞ്ഞു: “എല്ലാം ദൈവത്തിന്റെ പദ്ധതിയിലാണ്.” അവൾ ചിരിച്ചു, പക്ഷേ അത് അല്പം അതിശയകരമായ പ്രതികരണമായിരുന്നു. അദാൻ വിളിച്ച സഹോദരൻ പിന്നീട് അദ്ദേഹത്തിന്റെ ഗുരുവായി. അദ്ദേഹം വില്ല്യമിന് വേണ്ടി വിവാഹാവശ്യം അവളുടെ അമ്മാമ്മയോട് അവതരിപ്പിച്ചു. ആദ്യ പ്രതികരണം അത് വേണ്ട, ഇനി പറയരുത് എന്നായിരുന്നു. ഇത് അഞ്ചുവർഷം നീണ്ട കാത്തിരിപ്പിന് കാരണമായി. ശേഷം വീണ്ടും വിഷയം അവതരിപ്പിച്ചെങ്കിലും അമ്മാമ്മയുടെ മറുപടി ഇതിലും കടുപ്പമായിരുന്നു. അമ്മാമന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കാന്‍ അവളും തയ്യാറല്ലായിരുന്നു.
ആ റമളാനിന്റെ അവസാന പത്ത് ദിവസങ്ങളിൽ വില്ല്യം മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കുകയായിരുന്നു. പ്രധാന ഇമാം ഇല്ലാത്തതിനാൽ അദ്ദേഹമാണ് പലപ്പോഴും അദാൻ വിളിച്ചിരുന്നത്. അമ്മാമക്ക് ആ അദാൻ വളരെ ഇഷ്ടമായി. അത് ആരാണ് വിളിച്ചതെന്ന് അവര്‍ക്കറിയില്ലായിരുന്നു. വീട്ടിലെത്തി ഭർത്താവിനോട് ചോദിച്ചു: “ആ അദാനും പ്രസംഗവും നടത്തിയത് ആരാണ്?” അദ്ദേഹം പറഞ്ഞു: “നീ ‘വിവാഹം വേണ്ട’ എന്ന് പറഞ്ഞ ആളാണ് അത്.” ശേഷം ഖുർആൻ ഓതുന്നതിനിടെ ഒരു ആയത്ത് അവരുടെ ശ്രദ്ധയില്‍ ഉടക്കി. “മനുഷ്യരെ വിധിക്കരുത്; അവർക്കൊരു അവസരം കൊടുക്കുക” എന്ന ആശയമുള്ള സൂക്തമായിരുന്നു. അത് അവരുടെ മനസ്സിൽ വലിയ മാറ്റമുണ്ടാക്കി. തുടര്‍ന്ന് അവർ വില്ല്യമിന് ഒരു കത്ത് എഴുതി: “എന്റെ മകളെ വിവാഹം കഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ ആ താല്പര്യത്തെ ബഹുമാനിക്കുന്നു.” അൽപ്പകാലത്തിനകം വിവാഹം നടക്കുകയും ചെയ്തു.
കുടുംബത്തിന്റെ പ്രതികരണം പ്രതികൂലവും വേദനാജനകവുമായിരുന്നു. സഹോദരിമാർ നീ ഇനി ഞങ്ങളുടെ ആളല്ലെന്ന നിലപാടാണ് എടുത്തത്. അദ്ദേഹം വീട്ടിൽ നിസ്കാരപ്പായയും ഖുർആനും തുറന്നുവെച്ച് സൂചനകൾ നൽകി. ഒടുവിൽ, ഒരു ഫോൺ കോളിൽ അദ്ദേഹം അമ്മയോട് നേരിട്ട് പറഞ്ഞു: “ഞാൻ മുസ്‍ലിം ആണ്. ഇത് എനിക്ക് വേറിട്ട ഒരു ജീവിതമാണ്.” അമ്മയുടെ പ്രതികരണം “നമ്മളെ നീ മൂഢന്മാരായി കരുതുന്നുവോ?” എന്നായിരുന്നു. അച്ഛനുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അതൊന്നും വലിയതായിരുന്നില്ല. കുടുംബത്തിലെ അവസാന മകനായിരുന്നതിനാൽ കുടുംബനാമം തുടരുമോ എന്ന ആശങ്ക ഉണ്ടായി. അതിനാൽ പേര് മുഹമ്മദ് വില്യം സാലിഹ് ആയി മാറ്റിയത് വലിയ വിവാദമായി. "നിനക്ക് എങ്ങനെ ധൈര്യം വന്നു?” എന്നൊക്കെയായിരുന്നു കുടുംബത്തിന്റെ പ്രതികരണങ്ങൾ.
അദ്ദേഹത്തെ ഏറ്റവും ആകർഷിച്ചത് മുസ്‍ലിംകളുടെ ഐക്യമായിരുന്നു. ശഹാദത്ത് കലിമ ചൊല്ലിയ ദിവസം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് നമസ്കരിക്കുന്നതുകണ്ട് അദ്ദേഹം അതിശയിച്ചു. പാകിസ്ഥാനികളും ആഫ്രിക്കക്കാരും വിവിധ ഭാഷകളും വർണ്ണങ്ങളുമെല്ലാമുണ്ടെങ്കിലും, ഒരേയൊരു വിശ്വാസത്തിൽ അവരെല്ലാം ഐക്യപ്പെടുന്നത് അദ്ദേഹത്തെ വല്ലാതെ അല്‍ഭുതപ്പെടുത്തി. മുസ്‍ലിം ആയില്ലെങ്കിൽ ഇപ്പോൾ മരിച്ചു പോയേനെ അല്ലെങ്കിൽ ജയിലിലായിരുന്നേനെ എന്നായിരുന്നു അദ്ദേഹം പറയുന്നത്. മുൻ ജീവിതപരിസരവും സുഹൃത്തുക്കളും സംസ്കാരവും പരിഗണിക്കുമ്പോൾ തന്റെ ഭാവി നല്ലതായിരിക്കില്ലെന്ന ചിന്തയാണ് അങ്ങനെ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
പ്രവാചകരുടെ ക്ഷമയും സഹനവുമാണ് അദ്ദേഹം മാതൃകയാക്കിയത്. തന്നെ പീഢിപ്പിച്ചവര്‍ക്ക് പോലും മക്കാവിജയ വേളയില്‍ അവിടുന്ന് മാപ്പ് കൊടുത്തത് അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു.
മുസ്ലിം അല്ലാത്തവർക്ക് അദ്ദേഹം നൽകുന്ന സന്ദേശം ഇതാണ്: "ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ട്. ആ പരിഹാരം ഇസ്‌ലാമിലാണ്. അത് കണ്ടെത്താൻ വിനയം ആവശ്യമാണ്. അഹങ്കാരം വിട്ട് വിനയത്തോടെ അന്വേഷിച്ചാൽ, ഇസ്‌ലാം ജീവിതത്തിന്റെയും സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളുടെയും സമഗ്ര പരിഹാരമാണെന്ന് മനസ്സിലാകും. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കും പോരാട്ടങ്ങൾക്കും ഒരു പരിഹാരമുണ്ട്.
ദുഃഖകരമെന്ന് പറയട്ടെ, ആ പരിഹാരം നിങ്ങൾ കണ്ടെത്താതിരിക്കാനായി ചിലർ ഉദ്ദേശപൂർവ്വം ശ്രമിക്കുന്നു. നിങ്ങൾ വിനയത്തോടെ, അഹങ്കാരം വിട്ട് അന്വേഷിക്കാൻ തുടങ്ങുമ്പോൾ, നിങ്ങൾ ഇസ്‌ലാമിനെ പഠിക്കാൻ തുടങ്ങും. ഇസ്‌ലാം എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇത് സാമ്പത്തിക പരിഹാരവും, രാഷ്ട്രീയ പ്രശ്നങ്ങൾക്കുള്ള പരിഹാരവും നൽകുന്നു. അത് മനസ്സിലാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കും അത് പരിഹാരം നല്കും, തീര്‍ച്ച.”
ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുമിച്ച് മാത്രമേ കഴിയൂ എന്നും വിദ്വേഷമില്ലാതെ അയൽക്കാരെയും മുഴുവൻ സമസൃഷ്ടികളെയും സമീപിക്കണമെന്നുമാണ് ഇപ്പോൾ അദ്ദേഹത്തിന് എല്ലാവരോടും പറയാനുള്ളത്. അങ്ങനെയായാൽ, മനുഷ്യജീവിതം തന്നെ സമാധാനപൂർണ്ണമാവും, അതിലുപരി നിങ്ങളുടേതും.



Leave A Comment