ഖുർആനിക ദർശനവും ജീവിത നവീകരണവും: ഖലീൽ മീകിൻ്റെ ആത്മീയ പ്രയാണം
വിശുദ്ധ ഖുർആനിലൂടെയുള്ള ആത്മീയ യാത്രയിലൂടെയും സമകാലിക അമേരിക്കൻ നിയമവേദികളിലെ സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെയും ആഗോള മുസ്‍ലിം സമൂഹത്തിന് സുപരിചിതനായ വ്യക്തിത്വമാണ് ഖലീൽ മീക്. വിശുദ്ധ ഖുർആനിലെ സത്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവന്നത് കേവലം ഒരു വിശ്വാസ മാറ്റം മാത്രമായിരുന്നില്ല, മറിച്ച് നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. ബാല്യകാലത്ത് പള്ളിയിൽ വെച്ച് കണ്ട ഒരു ദൃശ്യം സൃഷ്ടിച്ച മരണാനന്തര ഭീതിയിൽ നിന്ന് രക്ഷനേടാൻ യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ച് ആത്മീയ ജീവിതം തുടങ്ങിയ അദ്ദേഹം, പിൽക്കാലത്ത് ബൈബിളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും യേശുവിന്റെ യഥാർത്ഥ പദവിയെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് ഖുർആനിൽ എത്തിച്ചേരുന്നത്. ഈസാ നബിയെക്കുറിച്ചും മറിയം ബീവിയെക്കുറിച്ചുമുള്ള ഖുർആനിലെ ആദരപൂർവ്വമായ വിവരണങ്ങളും, ഖുർആൻ അവതരിപ്പിക്കുന്ന യുക്തിഭദ്രമായ തൗഹീദ് അഥവാ ഏകദൈവ വിശ്വാസവുമാണ് ഖലീൽ മീകിനെ 1989-ൽ ഇസ്‌ലാമിന്റെ തണലിലെത്തിച്ചത്.
പശ്ചാത്തലം
ടെക്സസിലെ ഒരു തീവ്ര യാഥാസ്ഥിതിക ബാപ്റ്റിസ്റ്റ് ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ഖലീൽ, ബാല്യകാലത്ത് പള്ളിയിൽ വെച്ച് കണ്ട ഒരു ഡോക്യുമെന്ററി സൃഷ്ടിച്ച മരണാനന്തര ഭീതിയിൽ നിന്ന് രക്ഷനേടാൻ യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ച് ആത്മീയ ജീവിതം തുടങ്ങിയതായിരുന്നു. കോളേജ് കാലത്തെ മുസ്‍ലിം സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങളും അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളും വളരെ രസകരമാണ്.
കോളേജ് പഠനകാലയളവിൽ ഒരു ബാപ്റ്റിസ്റ്റ് പ്രസംഗകനാകാൻ തയ്യാറെടുക്കുന്ന സമയത്താണ് ഖലീൽ ഒരു മുസ്‍ലിം സുഹൃത്തുമായി അടുപ്പത്തിലാകുന്നത്. തന്റെ പ്രസംഗ പാടവം പരീക്ഷിക്കാനും ഒരാളെ ക്രിസ്തുമതത്തിലേക്ക് മാറ്റാനും വേണ്ടിയാണ് അദ്ദേഹം ആ സുഹൃത്തിനോട് മതപരമായ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയത്. "സെമിനാരിയിൽ പോകുന്നതിന് മുമ്പ് ഒരാളെയെങ്കിലും രക്ഷിക്കണം" എന്നതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ചിന്ത. സുഹൃത്ത് തന്റെ ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ, ഖലീലിന് തോന്നിയത് ഇയാൾ ഒരു "confused Christian" ആണെന്നാണ്. ഇസ്‌ലാം എന്നാൽ എന്താണെന്ന് അന്ന് അദ്ദേഹത്തിന് കൃത്യമായ ധാരണയില്ലായിരുന്നു. "ഇവൻ സത്യത്തിനടുത്തെത്തിയിട്ടുണ്ട്, ഞാൻ ഇവനെ ക്രിസ്ത്യാനിയാക്കി മാറ്റും" എന്ന ആത്മവിശ്വാസത്തിലായിരുന്നു ഖലീൽ. മറ്റു പലരിൽ നിന്നും വ്യത്യസ്തമായി ഈ മുസ്‍ലിം സുഹൃത്ത് ഒരിക്കലും ഖലീലുമായി തർക്കിക്കാനോ തന്റെ മതം അടിച്ചേൽപ്പിക്കാനോ ശ്രമിച്ചില്ല.
ഖലീൽ യേശുവിനെക്കുറിച്ച് വാദിക്കുമ്പോൾ അദ്ദേഹം ശാന്തമായി കേട്ടിരിക്കുകയും ആ സംഭാഷണം ആസ്വദിക്കുകയും ചെയ്തു. എന്നാൽ ഓരോ തവണ കാണുമ്പോഴും ആ വിഷയവുമായി ബന്ധപ്പെട്ട അഹ്മദ് ദീദാത്തിനെപ്പോലുള്ളവരുടെ ചില ലഘുലേഖകൾ അദ്ദേഹം ഖലീലിന് നൽകുമായിരുന്നു.
ഈ സുഹൃത്ത് നൽകിയ "Is the Bible God's Word?" എന്ന ലഘുലേഖയാണ് ഖലീലിനെ ചിന്തിപ്പിച്ചു തുടങ്ങിയത്. ബൈബിളിന്റെ ചരിത്രപരമായ ആധികാരികതയെക്കുറിച്ച് ഖലീൽ പഠിക്കാൻ തുടങ്ങിയത് ഈ സുഹൃത്തുമായുള്ള ചർച്ചകൾക്ക് ശേഷമാണ്. പിന്നീട് ബൈബിളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഖലീൽ തിരിച്ച് സുഹൃത്തിനോട് ഖുർആനെക്കുറിച്ച് ചോദിക്കാൻ തുടങ്ങി. ഒടുവിൽ തന്റെ സുഹൃത്തിനോട് പോലും പറയാതെയാണ് ഖലീൽ പള്ളിയിൽ പോയി ഇസ്‌ലാം സ്വീകരിച്ചത്. ആ സുഹൃത്ത് തന്നെ നിർബന്ധിച്ചു മതം മാറ്റിയതല്ല, മറിച്ച് അദ്ദേഹം നൽകിയ അറിവുകൾ ഉപയോഗിച്ച് ഖലീൽ സ്വയം സത്യം കണ്ടെത്തുകയായിരുന്നു. "ഞാനല്ല, എന്റെ സുഹൃത്താണ് ശരിയായ വഴിയിലെന്ന്" അദ്ദേഹം തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു അത് എന്നര്‍ത്ഥം.
ഇസ്‌ലാമിലേക്കുള്ള പരിവർത്തനം
തന്റെ മനസ്സിൽ വലിയൊരു മാറ്റം (വെളിപാട്) സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും അത് മറ്റാരും അറിഞ്ഞിരുന്നില്ല. താൻ ഒരു മുസ്‍ലിം ആകാൻ തീരുമാനിച്ച വിവരം തന്റെ സുഹൃത്തിനോട് പോലും പറയാതെ അദ്ദേഹം ഒരു പള്ളി അന്വേഷിച്ചു പോയി. ഡെന്റണിലെ ഒരു പള്ളിയിലെത്തിയപ്പോൾ അത് പൂട്ടിക്കിടക്കുകയായിരുന്നു. അദ്ദേഹം നിരാശനാകാതെ പള്ളിയുടെ വരാന്തയിൽ ഏകദേശം 5-10 മിനിറ്റ് കാത്തിരുന്നു. ആ സമയം ഒരു കാർ അവിടെ വന്നു നിന്നു. അതിൽ നിന്നിറങ്ങിയ വ്യക്തി അദ്ദേഹത്തോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു. "എനിക്ക് മുസ്‍ലിം ആകണം" എന്ന് ഖലീൽ മറുപടി നൽകി. നിസ്കാര സമയമായതിനാൽ അദ്ദേഹം അകത്തേക്ക് ക്ഷണിക്കപ്പെട്ടു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെക്കുറിച്ചോ വിശ്വാസ കാര്യങ്ങളെക്കുറിച്ചോ അന്ന് അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നില്ല. എന്നാൽ ത്രിത്വത്തേക്കാൾ (Trinity) ഏകദൈവ വിശ്വാസമാണ് ശരിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ആ ബോധ്യത്തോടെ അദ്ദേഹം ശഹാദത് (സത്യ സാക്ഷ്യം) ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു.
ഭാര്യയുടെ മാറ്റം
ഖലീലിന്റെ മാറ്റം അദ്ദേഹത്തിന്റെ ഭാര്യയെ വല്ലാതെ ഞെട്ടിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിച്ച അവരും വൈകാതെ അതില്‍ ആകൃഷ്ടയായി. ഒമാഹയിലെ മുസ്‍ലിം കമ്മ്യൂണിറ്റി ഖലീലിനെ വല്ലാതെ സ്വാഗതം ചെയ്തതും അവരെ അല്‍ഭുതപ്പെടുത്തി. അവരുടെ ഹൽഖകളിൽ ഖലീൽ തന്റെ ഭാര്യയെയും കൊണ്ടുപോവാറുണ്ടായിരുന്നു. മുസ്‍ലിം സ്ത്രീകളും പുരുഷന്മാരും കുട്ടികളും സാധാരണ നിലയിൽ ഇടപഴകുന്നത് കണ്ടപ്പോൾ അവരുടെ മുൻധാരണകൾ മാറി. അതൊരു പോസിറ്റീവ് അനുഭവമായിരുന്നു. എല്ലാവരും ഒന്നിച്ച് നിസ്കരിക്കുന്നത് കണ്ടപ്പോൾ തനിക്കും അതിൽ പങ്കുചേരാൻ ആഗ്രഹമുണ്ടെന്ന് അവർ അറിയിച്ചു. അങ്ങനെ അവർ നിസ്കാരം അനുകരിക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് ശേഷം താൻ ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറാണെന്ന് അവർ ഖലീലിനെ അറിയിച്ചു. അങ്ങനെ അവരും ഇസ്‌ലാമിലേക്ക് കടന്നുവന്നു.
വിശുദ്ധ ഖുർആൻ ചെലുത്തിയ സ്വാധീനം
ഖലീൽ മീക്കിന്റെ ഇസ്‍ലാം മതപ്രവേശനത്തിൽ വിശുദ്ധ ഖുർആൻ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ബൈബിളിന്റെ ചരിത്രപരമായ പല പതിപ്പുകളും മാറ്റങ്ങളും അദ്ദേഹത്തിൽ സംശയമുണ്ടാക്കിയിരുന്നു. എന്നാൽ, 1400 വർഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ, ഒരേ ഭാഷയിൽ (അറബിയിൽ) നിലനിൽക്കുന്ന ഏക ഗ്രന്ഥം ഖുർആൻ ആണെന്ന സത്യം അദ്ദേഹത്തെ വല്ലാതെ അത്ഭുതപ്പെടുത്തി. മനുഷ്യകരങ്ങൾ കടന്നുകൂടാത്ത ദൈവവചനമാണ് ഖുർആൻ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ത്രിത്വവിശ്വാസം (Trinity) പലപ്പോഴും അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാൽ ഖുർആൻ മുന്നോട്ടുവെക്കുന്ന 'ഏകദൈവവിശ്വാസം' എന്ന ആശയം വളരെ ലളിതവും യുക്തിഭദ്രവുമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.
ബൈബിളില്‍ പല പ്രവാചകന്മാരെയും കുറിച്ച് മോശമായ പരാമർശങ്ങൾ അദ്ദേഹം കണ്ടിരുന്നു. എന്നാൽ ഖുർആൻ എല്ലാ പ്രവാചകന്മാരെയും, പ്രത്യേകിച്ച് യേശുവിനെയും (ഈസാ നബി) മാതാവായ മറിയമിനെയും അതീവ ബഹുമാനത്തോടെയാണ് അവതരിപ്പിക്കുന്നത് എന്നതും അദ്ദേഹത്തെ ആകർഷിച്ചു. തന്നേക്കാള്‍ വലിയവനാണ് പിതാവ് എന്ന യേശുവിന്റെ വചനങ്ങൾ അദ്ദേഹത്തിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന ഇസ്‌ലാമിക കാഴ്ചപ്പാടിനോട് യോജിക്കുന്നതായിരുന്നു. ബൈബിളും ഖുർആനും തമ്മിലുള്ള താരതമ്യ പഠനത്തിനൊടുവിൽ, താൻ വിശ്വസിച്ചിരുന്ന പല കാര്യങ്ങളുടെയും പൂർണ്ണത ഇസ്‍ലാമിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. "ഞാൻ ഒരു 'കൺഫ്യൂസ്ഡ് ക്രിസ്ത്യൻ' ആയിരുന്നു, എന്നാൽ ഇസ്‍ലാം എന്നെ വ്യക്തതയുള്ള ഒരിടത്തേക്ക് നയിച്ചു," എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
സാമൂഹിക പ്രതിബദ്ധതയും നിയമപോരാട്ടവും
തന്റെ വിശ്വാസം കേവലം വ്യക്തിപരമായ ആരാധനകളിൽ ഒതുങ്ങേണ്ടതല്ലെന്ന് ഖലീൽ വിശ്വസിച്ചു. 2001 സെപ്റ്റംപെർ 11ന് ശേഷം അമേരിക്കൻ മുസ്‍ലിംകൾ നേരിട്ട വിവേചനങ്ങൾക്കെതിരെ പോരാടാൻ മുസ്‍ലിം ലീഗൽ ഫണ്ട് ഓഫ് അമേരിക്ക (MLFA) അദ്ദേഹം സ്ഥാപിച്ചു. സൂപ്പർ ഹീറോ കഥകളേക്കാൾ പ്രവാചകൻ മുഹമ്മദ് നബി(സ്വ) നൽകിയ പ്രായോഗിക പരിഹാരങ്ങളാണ് തന്നെ ജീവിതത്തിലുടനീളം നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഖലീൽ മീക്കിന്റെ ജീവിതം കേവലം ഒരു മതപരിവർത്തനത്തിന്റെ കഥയല്ല, മറിച്ച് ആത്മാർത്ഥമായ സത്യാന്വേഷണം എങ്ങനെ ഒരു മനുഷ്യനെ പ്രകാശത്തിലേക്ക് നയിക്കും എന്നതിന്റെ നേർസാക്ഷ്യമാണ്. ബൈബിളിലെ വൈരുദ്ധ്യങ്ങളിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ അന്വേഷണം എത്തിച്ചേർന്നത് വിശുദ്ധ ഖുർആനിന്റെ യുക്തിഭദ്രമായ ഏകദൈവ ദർശനത്തിലാണ്. ആ വിശ്വാസം പള്ളിക്കുള്ളിൽ ഒതുക്കാതെ, പലിശരഹിത ജീവിതത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും കുടുംബജീവിതത്തിലൂടെയും പ്രായോഗികമായി നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
തന്റെ വ്യക്തിജീവിതത്തിലെ നവീകരണത്തെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടമായി വളർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. 'മുസ്‍ലിം ലീഗൽ ഫണ്ട് ഓഫ് അമേരിക്ക' (MLFA) യിലൂടെ അദ്ദേഹം നടത്തുന്ന സേവനങ്ങൾ, ഖുർആനിക മൂല്യങ്ങൾ എങ്ങനെയാണ് ഒരു വിശ്വാസിയെ സമൂഹത്തിന് ഉപകാരപ്പെടുന്നവനായി മാറ്റുന്നത് എന്ന് തെളിയിക്കുന്നു. സത്യം തേടിയുള്ള ഒരു ബാപ്റ്റിസ്റ്റ് പ്രസംഗകന്റെ യാത്ര, ഒടുവിൽ ആയിരങ്ങൾക്ക് നീതി ലഭിക്കാൻ കാരണമായിത്തീർന്നുവെന്നത് ഖുർആൻ ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
References:
https://islamforchristians.com
https://www.youtube.com/watch?v=Aj-o0eGj920
About Author:
പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളേജ് വിദ്യാർഥിയാണ് ലേഖകന്‍



Leave A Comment