സിറിയയിൽ കുട്ടികളുടെ ആത്മഹത്യ വർധിക്കുന്നതായി സേവ് ദി ചില്‍ഡ്രന്‍

സിറിയയിൽ കുട്ടികളുടെ ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളുന്ന വന്‍തോതില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളുടെ പരിരക്ഷക്കായി അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സേവ് ദി ചില്‍ഡ്രന്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 
സിറിയയില്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള ആത്മഹത്യാശ്രമങ്ങളിലും മരണങ്ങളിലും ഏതാണ്ട് ഇരുപത് ശതമാനം കുട്ടികളാണെന്നാണ് കണക്കുകള്‍. 2020ലെ അവസാന മൂന്ന് മാസത്തിനുള്ളിൽ മാത്രം ആകെ 246 ആത്മഹത്യകളും 1,748 ആത്മഹത്യ ശ്രമങ്ങളും രേഖപ്പെടുത്തിയതായി സേവ് ദി ചിൽഡ്രൻ പറയുന്നു. മുന്‍വര്‍ഷങ്ങളിലെ നിരക്കുകളേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഇത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ, കുറഞ്ഞത് 42 പേർ പതിനെഞ്ച് വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്. 8% കൗമാരക്കാരും പതിനാറിനും ഇരുപതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുമാണ്. 
പത്തുവർഷമായി രാജ്യത്ത് നടക്കുന്ന സംഘർഷത്തിൽ വീർപ്പുമുട്ടുന്ന സിറിയൻ സമൂഹം ദാരിദ്ര്യം, വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും അഭാവം, ഗാർഹിക പീഢനം, ശൈശവവിവാഹം, ജീവന് വരെ നേരിടേണ്ടിവരുന്ന ഭീഷണി എന്നിങ്ങനെ ഏറെ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലെല്ലാം മനം മടുത്തും ഭാവി ജീവിതത്തിലെ പ്രതീക്ഷകളില്ലായ്മയുമാണ് ആത്മഹത്യയില്‍ അഭയം തേടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter