പണ്ഡിത കുടുംബങ്ങൾ: വിജ്ഞാനം അനന്തരം നൽകിയ സാമൂഹിക കേന്ദ്രങ്ങൾ
വിജ്ഞാനം പ്രവാചകന്മാരുടെ അനന്തര സ്വത്താണ്. യാദൃഛികമാണെങ്കിലും, അനന്തരമായി സമ്പത്ത് കൈമാറ്റം ചെയ്യപ്പെടുന്നത് പോലെ വിജ്ഞാനവും പണ്ഡിത സ്ഥാനവും അനന്തരമായി കൈമാറി വന്നിരുന്ന പണ്ഡിത കുടുംബങ്ങൾ ആദ്യ കാല മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്നു. അഥവാ വളരെ ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ പിതാക്കളിൽ നിന്ന് വിജ്ഞാനം സ്വായത്തമാക്കാൻ ആരംഭിക്കുകയും അത് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ഇങ്ങനെ ഒരു കുടുംബം മുഴുവൻ പണ്ഡിതന്മാരുടെ ഗേഹമായി മാറുകയും ചെയ്യുക എന്നതാണ് ആ പതിവ്. ആ കുടുബം സമൂഹത്തിന്റെ പ്രധാന ആശ്രയ കേന്ദ്രം ആകുന്ന രീതിയിലാണ് ഈ സംവിധാനം വർത്തിച്ചിരുന്നത്. അസ്ഖലാനി, ഉഖുറുസാഇ, സുബ്കി, ബാഊനി, ഇറാഖി, ബിഖാഈ തുടങ്ങിയ കുടുംബങ്ങൾ ഇത്തരത്തില്‍ സാമൂഹിക പ്രാതലങ്ങൾക്കുമപ്പുറം വിശ്വഖ്യാതി നേടിയവരാണ്. ഈ പണ്ഡിത പരമ്പരയിൽ എല്ലാവരും അവരുടെ മേഖലകളില്‍ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ചുരുക്കം പേർ മാത്രമേ ലോകപണ്ഡിത ഭൂപടത്തിൽ ഇടം പിടിക്കാറുള്ളൂ. പ്രത്യേകമായും മധ്യകാല ഇസ്‍ലാമിക സുവർണ്ണ കാലത്ത് ഇത്തരം അനേകം കുടുംബങ്ങളെ കാണാം. കേരളീയ പശ്ചാത്തലത്തിൽ മഖ്ദൂമി കുടുംബവും ഉണ്ടാക്കിയ സ്വാധീനവും സമാനമാണ്. ഇത്തരത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രധാന കുടുംബങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.
താര സമൃദ്ധമായ സുബ്കികൾ
പണ്ഡിത സാന്നിധ്യം കൊണ്ട് ഏറെ പ്രശസ്തമായ ഒരു കുടുംബമാണ് സുബ്കി കുടുംബം. ആധുനിക ഈജിപ്തിലെ കൈറോ നഗരത്തോട് ചേർന്ന് വരുന്ന മുനാഫി പ്രവിശ്യയിലെ സുബിക്ക് ഗ്രാമത്തിലേക്ക് ചേർത്താണ് സുബ്കിയ എന്ന് അറിയപ്പെടുന്നത്. സമൂഹമണ്ഡലത്തിലേക്ക് നിരവധി പണ്ഡിതന്മാരെയും ജഡ്ജിമാരെയും സംഭാവന ചെയ്ത വലിയ കുടുംബമാണ് അക്ഷരാർത്ഥത്തിൽ സുബ്കികൾ. വലിയ കർമശാസ്ത്ര വിശാരദനും തഫ്സീർ പണ്ഡിതനും ആയിരുന്ന ഇമാം തഖിയുദ്ധീൻ അസ്സുബുക്കി ഇക്കൂട്ടത്തിലെ പ്രധാനിയാണ്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ശാഫിഈ പണ്ഡിതന്മാരിൽ ഒരാളായിരുന്ന അദ്ദേഹം സിറിയയിലും തന്റെ നാടായ കയറോയിലുമാണ് ജീവിതയാത്ര പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ സാമൂഹ്യതലത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രസിദ്ധമായ കൃതികൾ ലോകത്തിന് സമ്മാനിച്ച അവർ മംലൂക്ക് ഭരണകൂടത്തിൽ ജഡ്ജ് ആയി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഹിജ്‌റ 756ൽ അവർ ഇഹലോകവാസം വെടിഞ്ഞപ്പോഴേക്കും തന്റെ കൃതികളിലെ വിജ്ഞാന മുത്തുകളോടൊപ്പം അവയെ മനോഹരമായി വിശദീകരിക്കുവാൻ സാധിക്കുന്ന ബഹാഉദ്ദീൻ അഹ്മദ് സുബ്കി, താജുദ്ദീൻ സുബ്കി എന്നീ രണ്ടു മക്കളെയും സമൂഹത്തിന് സമ്മാനിച്ചിരുന്നു.
വലിയ പണ്ഡിതരും കർമശാസ്ത്ര ജ്ഞാനികളുമായിരുന്ന അവർ വലിയ സാമൂഹിക പ്രശംസ പിടിച്ചു പറ്റി. പിതാവായ തഖിയുദ്ധീന്‍ സുബ്കിയെ പരിചയപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ പുത്രനിലേക്ക് ചേർത്തുകൊണ്ട് താജുദ്ധീന്‍ സുബ്കിയുടെ പിതാവായ തഖിയുദ്ധീൻ എന്ന് പറയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു എന്നത് ആ പുത്രന്റെ പ്രശസ്തിയാണ് തെളിയിക്കുന്നത്. താജുദ്ധീൻ സുബ്കി വിദ്യ തേടി സിറിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ കൃതിയായ ജംഉൽ ജവാമിഅ് ഇന്നും കേരളീയ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യമുള്ള നിദാനശാസ്ത്ര ഗ്രന്ഥമാണ്. ത്വബഖാത്തുശ്ശാഫിഇയ്യത്തുൽ കുബ്റാ എന്ന അവരുടെ ഗ്രന്ഥം ശാഫി മദ്ഹബിലെ ഹിജ്റ എട്ടാം നൂറ്റാണ്ടു വരെയുള്ള പണ്ഡിതന്മാരുടെ സീറകൾ ഉൾക്കൊള്ളുന്ന അതിപ്രശസ്തമായ ഗ്രന്ഥമാണ്. സഹോദരനായ ബഹാഉദ്ധീൻ സുബ്കിയും പിതാവിന്റെ പാത പിന്തുടർന്ന് ഷാമിലെ ന്യായാധിപനായി ജോലി ചെയ്തിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം തന്റെ അവസാനകാലം മദീനയിൽ ആണ് ചിലവഴിച്ചത് എന്നത് അദ്ദേഹത്തിന്റെ പ്രവാചക സ്നേഹത്തെ അടയാളപ്പെടുത്തുന്നു.
അസ്ഖലാനി കുടുംബം
ഇസ്‍ലാമിക ചരിത്രത്തില്‍ വൈജ്ഞാനിക വിപ്ലവം സാധ്യമാക്കിയ മറ്റൊരു കുടുംബമാണ് അസ്ഖലാനിയ്യ. ഫലസ്തീനിലെ അസ്ഖലാൻ പ്രവശ്യയിലേക്ക് ചേർത്താണ് അസ്ഖലാനിയ്യ എന്ന പേര് വരുന്നത്. ഈ കുടുംബത്തിലെ പ്രധാന പണ്ഡിതരും ഈജിപ്തിലെ ഖാളിൽഖുളാത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടവരുമായിരുന്ന പിതാവും പുത്രനും ആണ് നാസറുദ്ദീൻ നസറുല്ലാഹ് ബിന്‍ അഹ്മദ് അൽഅസ്ഖലാനിയും പുത്രൻ ബുർഹാനുദ്ദീൻ ഇബ്രാഹിം കിനാനി അൽഅസ്ഖലാനിയും. പണ്ഡിതരുടെ വിളനിലമായിരുന്ന ഈജ്പ്തിന്റെ ഖാളിൽഖുളാത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ അവരുടെ പാണ്ഡിത്യത്തിന്റെയും കർമശാസ്ത്ര രംഗത്തെ ഗഹനമായ ജ്ഞാനത്തിന്റെയും തെളിവാണ്.
അവരുടെ പുത്രനും പണ്ഡിതനും ആയ അഹമ്മദ് ബിന് ഇബ്രാഹിം അൽഖനാനി ആണ് ഈ പണ്ഡിത പരമ്പരയുടെ മൂന്നാം തലമുറ. ഈജിപ്തിലെ ഖാളിയായിരുന്ന അദ്ദേഹം തന്റെ ഇരുപതാമത്തെ വയസ്സിൽ തന്നെ ശൈഖ് ഇബ്നു മുഗല്ലയുടെ അസിസ്റ്റന്റ് ഖാളിയായി നിയമിതനായിട്ടുണ്ടായിരുന്നു. കർമ്മശാസ്ത്രം, ഹദീസ്, സാഹിത്യം ചരിത്രം തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ അദ്ദേഹം പ്രസിദ്ധ പണ്ഡിതൻ ഇമാം ജലാലുദ്ദീൻ സുയൂഥി(റ)വിന്റെ ഗുരുനാഥൻ കൂടിയാണ്. ഹിജ്റ 876 ജമാദുൽ ഉഖ്റയിൽ തന്റെ 76മത്തെ വയസ്സിൽ സംഭവബഹുലമായ ആ ജീവിതം അവസാനിച്ചുവെങ്കിലും അവർക്ക് പകരക്കാരാകുവാൻ പോന്ന പണ്ഡിതർ അവരുടെ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്തി തന്നെ പിറവിയെടുത്തു. അവരിൽ സുപ്രധാനിയായിരുന്നു കർമശാസ്ത്രത്തിലും ഹദീസിലും ഇൽമുൽ ഖുർആനിലും അഗ്രഗണ്യനായിരുന്ന ഇമാം ഇബ്നുഹജറിൽ അസ്ഖലാനി.
വിശ്വപ്രസിദ്ധ ഗ്രന്ഥമായ, സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാനം ഫത്ഹുൽബാരിയുടെ ഗ്രന്ഥകർത്താവായ അദ്ദേഹം ഇൽമുൽ ഹദീസിൽ അശൈഖ് എന്ന് വിശേഷിപ്പിക്കപ്പെട്ട പണ്ഡിതനാണ്. മാത്രവുമല്ല, ഖുർആന്‍ വിജ്ഞാനത്തില്‍ പ്രഥമസ്ഥാനീയരായ അഞ്ചു പണ്ഡിതരിൽ ഒരാൾ കൂടിയാണ് ഇമാം ഇബ്നുഹജറിൽ അസ്ഖലാനി(റ). അദ്ദേഹത്തെ കൂടാതെ തന്നെ അദ്ദേഹത്തിന്റെ പിതാവ് നൂറുദ്ദീൻ അലിയ്യി ബിൻ മുഹമ്മദ് എന്നവരും പ്രപിതാവായ ഖുത്തുബുദ്ധീൻ മുഹമ്മദ് ബിനു മുഹമ്മദ് എന്നവരും അവരുടെ പൂർവികരും വലിയ പണ്ഡിതരും വിജ്ഞാന വലിപ്പം കൊണ്ട് ജനങ്ങൾ വിശേഷ സ്ഥാനപ്പേര് നൽകുകയും ചെയ്തവരാണ്.
സുയൂഥി കുടുംബം
ഈ ഗണത്തിലെ മറ്റൊരു കുടുംബമാണ് സുയൂഥി കുടുംബം. ഈജിപ്തിന്റെ വൈജ്ഞാനിക നഗരമായ കൈറോയിൽ നിന്ന് 47 കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സുയൂഥ് നഗരത്തിലേക്ക് ചേര്‍ത്തി അറിയപ്പെട്ട കുടുംബമാണ് സുയൂഥികൾ.
യഥാർത്ഥ കുടുംബ വേര് പ്രശസ്തമായ ബഗ്ദാദിലായിരുന്നുവെങ്കിലും സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി സ്ഥാപിച്ച അയ്യൂബിയ്യ വംശത്തിന്റെ ഭരണകാലത്ത് ഈ കുടുംബത്തിലെ പ്രധാനിയായിരുന്ന ഹുമാമുദ്ദീനിൽ ഖുളൈരി, ഖുളൈരിയ്യ എന്ന സ്ഥലത്തുനിന്ന് സുയൂഥിലേക്ക് താമസം മാറിയതോടെയാണ് ഈ പേര് വരുന്നത്. ഈ പണ്ഡിത പരമ്പരയിൽ അനേകം പണ്ഡിതർ പിറവിയെടുത്തത് മഹാളറ എന്ന ഗ്രന്ഥത്തിൽ ഈ കുടുംബത്തിലെ തന്നെ പ്രധാന പണ്ഡിതനായ ഇമാം സുയൂഥി(റ) കുറിക്കുന്നുണ്ട്. പരാമർശിക്കെപ്പെട്ട പ്രഗൽഭ പണ്ഡിതനായിരുന്ന ഹുമാമുദ്ധിനിൽ ഖുളൈരിയുടെ പുത്രൻ നാസിറുദ്ദീൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ട മുഹമ്മദ്(റ), അവരുടെ പുത്രൻ നജ്മുദ്ദീൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ട അബൂസ്വാലിഹ്(റ), അവരുടെ പുത്രൻ സൈഫുദ്ധീൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ട ഖിളർ(റ) തുടങ്ങിയവർ ആ പരമ്പരയിലെ നക്ഷത്രങ്ങളാണ്.
ഈ കുടുംബത്തിലെ മറ്റൊരു താരകമാണ് കമാലുദ്ദീൻ അബൂബക്കർ(റ). കർമ്മശാസ്ത്രം, തർക്കശാസ്ത്രം, വ്യാകരണം, നിദാനശാസ്ത്രം, സാഹിത്യം തുടങ്ങി നിരവധി മേഖലകളിൽ നേട്ടം കൊയ്ത അവർ നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുക്കുകയും അനവധി അധ്യാപകരിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അദബുൽഖളാഇന്റെ ഹാഷിയ അടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം സൂയൂഥിലെ ജഡ്ജിയായും ഈജിപ്തിലെ പ്രധാന മത കേന്ദ്രമായ ഷൈഖൂനിയ മദ്രസയിലെ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹത്തോളമോ അതിലപ്പുറമോ പ്രശസ്തനായ ഒരു പണ്ഡിതനെ ലോകത്തിന് സമ്മാനിച്ചാണ് അദ്ദേഹം ഇഹലോകത്തോട് യാത്ര പറഞ്ഞത്. കർമ്മ ശാസ്ത്രത്തിലും വ്യാകരണത്തിലും തഫ്സീറിലും നിദാനശാസ്ത്രങ്ങളിലും ചരിത്രത്തിലും അടക്കം വലിയൊരു ഭാഗം വിജ്ഞാനീയങ്ങളുടെയും ആഴവും പരപ്പും കണ്ട ഇമാം ജലാലുദ്ദീൻ സുയൂഥി(റ) ആണ് ആ പുത്രൻ. ഖാളിൽഖുളാത്ത് സ്ഥാനമടക്കം നിരവധി സ്ഥാനങ്ങൾ വഹിക്കുകയും മുജ്തഹിദ് മുൻതസിബായി ഗണിക്കപ്പെടുകയും ചെയ്ത ആ ധന്യജീവിതം ലൈബ്രറികളെ നിറക്കുവാൻ ഉള്ള തോതിൽ രചനകൾ നടത്തിയിട്ടുണ്ട്. ഹിജ്റ 911 ജമാദുൽ ഊല 19ന് ആ വന്ദ്യജീവിതം അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായതോടെ വലിയ ഒരു ചരിത്രത്തിനാണ് അന്ത്യമായത്.
ഉഖ്സ്റാഇകളും ബിഖാഇകളും
ഈ കൂട്ടത്തിലെ മറ്റൊരു പ്രധാന കുടുംബമാണ് ഉഖ്സറാഈ പണ്ഡിത കുടുംബം. ഈ കുടുംബത്തിന്റെ വേരുകൾ റോമിലേക്കാണ് ചെന്നെത്തുന്നത്. ഈ കൂട്ടത്തിലെ പ്രധാനിയാണ് പണ്ഡിത കേസരി ശംസുദ്ദീൻ മുഹമ്മദ് ഉഖ്സുറാഇ. തന്റെ ജീവിതകാലത്ത് ഏറ്റവും വലിയ പണ്ഡിതനായ അമീറുൽ ഉലമാഅ് ആയി ഗണിക്കപ്പെട്ടിരുന്നവരാണ് അവർ. ആ പാരമ്പര്യം നിലനിർത്തിയ പ്രധാനിയാണ് അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ശൈഖുൽ ഇസ്‍ലാം എന്ന സ്ഥാന പേരിന് ഉടമയായ അമീനുദ്ദീൻ അബൂ സക്കറിയ യഹയ ബിനു മുഹമ്മദ്. ഭരണാധികാരികൾക്ക് മുമ്പിലും ഭയപ്പാടുകൾ ഇല്ലാതെ സധൈര്യം നിലപാടെടുത്തിരുന്ന വലിയ പണ്ഡിതനായിരുന്നു അവർ. ബദറുദ്ദീൻ മഹ്‌മൂദ് ബിന്‍ ശംസുദ്ദീൻ മുഹമ്മദ് ഉഖ്സുറാഇ ഈ കുടുംബത്തിലെ മറ്റൊരു പണ്ഡിതനാണ്. കേവലം 30 വർഷത്തെ ജീവിതത്തിനിടയിൽ വലിയ വൈജ്ഞാനിക വിപ്ലവം നടത്തിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം.
സമാനമായ മറ്റൊരു കുടുംബമാണ് ബിഖാഈ കുടുംബം. ആധുനിക ലെബനാനിലെ ലെബനാൻ മലനിരകളുടെയും ജബൽ ഷെയ്ക്കിനും ഇടയിലുള്ള സഹലുൽബിഖാഅ് എന്ന സമതലത്തിലേക്ക് ചേർത്തിയാണ് ഈ പേര് ഉത്ഭവിക്കുന്നത്. ബിഖാഇയ്യ ഗോത്രത്തിന്റെ നേതാവായിരുന്ന അശൈഖ് ശിഹാബുദ്ദീൻ അഹമ്മദ് ബിന്‍ സ്വാലിഹിൽബിഖാഇയും അവരുടെ പുത്രന്മാരും ഇവിടെ പരാമർശം അർഹിക്കുന്നവരാണ്.
ജമാലുദ്ദീൻ അബ്ദുല്ലാഹിൽ ബിഖാഇ, അബുൽ അബ്ബാസ് അബ്ദുൽ വഹാബ് എന്ന രണ്ടു മക്കളും വലിയ പണ്ഡിതരായിരുന്നു. ജമാലുദ്ദീൻ എന്നവർ അധികം പ്രായമാകുന്നതിന് മുമ്പ് തന്നെ വിടവാങ്ങിയെങ്കിലും ഹിജ്റ 864 വരെ വലിയ വൈജ്ഞാനിക പ്രവർത്തനങ്ങളുമായി അബുൽ അബ്ബാസ് അബ്ദുൽ വഹാബ് ജീവിച്ചു. ആ കുടുംബത്തിലെ മറ്റൊരു പ്രധാന താരകമാണ് ബുർഹാനുദ്ദീൻ ഇബ്രാഹിം ബിഖാഇ(റ). നള്മു ദുറർ, ഇബ്നുൽ ഖയ്യിമിന്റെ അർറൂഹ് ചുരുക്കി സിർറുറൂഹ് എന്നിവ അടക്കമുള്ള ബ്രഹത്തായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. തഫ്സീർ മേഖലയിലും, അറബി കവിതകളിലും, സാഹിത്യത്തിലും, ഖുർആൻ പാരായണ ശാസ്ത്രത്തിലും അസാധാരണമായ മികവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഹിജ്റ 809 ൽ ജനിച്ച അദ്ദേഹം ഹിജ്റ 855 ൽ വഫാത്തായി.
ഇറാഖികളും ശഅറാനികളും
സമാനമായ മറ്റൊരു കുടുംബമാണ് ഇറാഖി കുടുംബം. കുർദുകൾ ആയതിനാൽ ഇറാഖിലേക്ക് ചേർത്ത് ഇറാഖി എന്നു വിളിക്കപ്പെട്ടതാണ് ഈ കുടുംബ പേരിന്റെ പദോല്പത്തി. ശേഷം, അവര്‍ ഈജിപ്തിലേക്ക് കുടിയേറുകയായിരുന്നു. അതിനാൽ ഇവരെ കുറിച്ചുള്ള പരാമർശങ്ങൾ കൂടുതലും ഈജിപ്തുമായി ബന്ധപ്പെട്ട ചരിത്രങ്ങളിലാണ് നമുക്ക് കാണുവാൻ സാധിക്കുക. ഒരു കൂട്ടം പണ്ഡിതന്മാരെ സമ്മാനിച്ച ഇറാഖി കുടുംബത്തിലെ പ്രമുഖ പണ്ഡിതൻ ആണ് ശൈഖുൽ ഇസ്‍ലാം സൈനുദ്ദീൻ അബ്ദുൽ ഫള്ല് അബ്ദുറഹീം ബിനി ഹുസൈനിൽ ഇറാഖി(റ). അൽഇറാഖി എന്ന പേരിൽ സുപ്രസിദ്ധനായ അദ്ദേഹം ക്രി. 1325ല്‍, ഈജിപ്തിലെ നൈൽ നദിയുടെ തീരപ്രദേശങ്ങളിലൊന്നിലാണ് ജനിച്ചത്. ഖുർആനിന് പുറമേ ഹാവീ അടക്കമുള്ള ഗ്രന്ഥങ്ങൾ മനപ്പാഠമാക്കിയ അദ്ദേഹം, പ്രസിദ്ധ പണ്ഡിതൻ ഇബിനു ഹജറുൽ അസ്ഖലാനി അടക്കമുള്ള ഒരുപാട് ശിഷ്യന്മാർക്ക് വെളിച്ചം പകർന്നു.
അൽഫിയത് ഉലൂമിൽ ഹദീസ് അടക്കം അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ, ഏറ്റവും വലിയ സമ്മാനമായിരുന്നു ഹി. 762 ല്‍ ജനിച്ച പുത്രൻ വലിയുദ്ധീൻ അഹമ്മദ് ഇറാഖി(റ). ഖാളിൽഖുളാത്ത് വരെ ആയി സേവനമനുഷ്ടിച്ച വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. കർമ്മ ശാസ്ത്രത്തിൽ മാത്രമല്ല, ശറഹ് സുനനു അബീദാവൂദ് അടക്കമുള്ള ഗ്രന്ഥങ്ങളിലൂടെ ഹദീസിലും കയ്യൊപ്പ് ചാർത്തിയ അദ്ദേഹം പ്രസിദ്ധനായ ശാഫിഈ പണ്ഡിതനാണ്. മറ്റനേകം പണ്ഡിതന്മാരുള്ള ഈ കുടുംബത്തിൽ നിന്ന് ഇവരാണ് കൂടുതൽ സമൂഹ ശ്രദ്ധയാകർഷിച്ചത്.
പണ്ഡിത സാന്നിധ്യത്താല്‍ ശ്രദ്ധേയമായ മറ്റൊരു കുടുംബമാണ് ശഅ്റാനി കുടുംബം. ഉത്തരാഫ്രിക്കയിലെ രാജകുടുംബവുമായി ബന്ധമുള്ള ഈ കുടുംബത്തില്‍ അനേകം പണ്ഡിതന്മാരെ നമുക്ക് കാണുവാൻ സാധിക്കും. അവയിൽ പ്രധാനിയാണ് അബ്ദുൽ വഹാബ് ശഅ്റാനി എന്ന പ്രസിദ്ധനായ ശഅ്റാനി ഇമാം. നവവി ഇമാമിന്റെ മിൻഹാജും ഇബ്നുമാലിക്(റ)ന്‍റെ അൽഫിയയും അടക്കം അനവധി ഗ്രന്ഥങ്ങൾ മനപ്പാഠമാക്കിയ അദ്ദേഹം ധാരാളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
ഉസ്റത്തു താജുദ്ധീൻ, ഉസ്റത്ത് ആലൂസിയ്യ, ഉസ്റത്ത് ബനീ വഹബ്, കവയത്രിയും സാഹിത്യകാരിയും ആത്മജ്ഞാനിയുമായിരുന്ന ആയിശതുൽബാഊനിയ്യ അടക്കമുള്ള സ്ത്രീ പണ്ഡിതകളെ വരെ സമർപ്പിച്ച ഉസ്റത്തുൽ ബഊനി, അടക്കം അനേകം പണ്ഡിത കുടുംബങ്ങളെ ചരിത്രത്തിന്റെ വിവിധ കോണുകളിൽ വേറെയും കാണാവുന്നതാണ്.
കേരളീയ പശ്ചാത്തലത്തിലേക്ക് നോക്കുകയാണെങ്കിൽ പോലും കേരളീയ മുസ്‌ലിം സംസ്കൃതി ചേർന്ന് നിൽക്കുന്ന പൊന്നാനി ധാരയുടെ ആശയ വാഹകരായി കേരളത്തിന്റെ നാനാഭാഗത്തും പ്രവഹിച്ച മഖ്ദൂമി കുടുംബത്തിലെ പണ്ഡിതന്മാർ, സമസ്തക്ക് ദീർഘകാലം നേതൃത്വം നൽകിയ സൈനുദ്ദീന്‍ മുസ്‍ലിയാരിലെത്തി നിന്ന ചെറുശ്ശേരി കുടുംബം, അങ്ങനെ ചെറുതും വലുതുമായ അനേകം പണ്ഡിത കുടുംബങ്ങളെ ചരിത്രത്തിൽ കാണാം. ഇത്തരം അനേകം പണ്ഡിതരിലൂടെയാണ് ഇന്ന് നാം കാണുന്ന ഇസ്‍ലാമിക വിജ്ഞാനീയങ്ങളെല്ലാം വികസിച്ചതും പടര്‍ന്ന് പന്തലിച്ചതും. നാഥന്‍ അവരുടെയെല്ലാം സേവനങ്ങള്‍ സ്വീകരിക്കട്ടെ.
About The Author:
ആക്കോട് ഇസ്‍ലാമിക് ദഅ്‍വാ അക്കാദമി, പി.ജി വിഭാഗത്തിലെ വിദ്യാര്‍ത്ഥിയാണ് ലേഖകകന്‍



Leave A Comment