ക്രിസ്റ്റൽനാച്ചും ഇന്ത്യൻ മസ്ജിദുകളും: ജര്‍മ്മനിയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം

ഫാഷിസത്തിന്റെ അടിസ്ഥാന ആപ്തവാക്യം ഹിംസാത്മകതയാണ്. ഉദ്ദിഷ്ട സമൂഹത്തെ അരികുവൽക്കരിക്കാനുള്ള സാധ്യതകൾ തേടുന്നതിനിടയിൽ ഫാഷിസം സൃഷ്ടിച്ചത് അധിനിവേശത്തിന്റെയും വംശഹത്ത്യയുടെയും ചതുപ്പുനിലങ്ങളാണ്. കേവലം രാഷ്ട്രീയമായ അധിനിവേശങ്ങൾക്കുമപ്പുറത്ത് സാംസ്കാരിക അധിനിവേശമെന്ന കുടിലതന്ത്രവും ഫാഷിസം അതിന്റെ ഇന്നലെകളിൽ കൈകൊണ്ടിട്ടുണ്ട്. നിയമവിരുദ്ധമാണെന്നും നിർത്തിവെക്കണമെന്നും പരമോന്നത നീതിപീഠം ഉത്തരവിറക്കിയിട്ടും സംഭാലിന്റെ തെരുവീഥികളിൽ സംഹാരതാണ്ഡവമാടുന്ന ബുൾഡോസർ രാജിന് ഇതേ സാംസ്കാരിക അധിനിവേശത്തിന്റെ ഭാഷയാണുള്ളത്. മതാന്ധതയുടെ വിദ്വേഷം തിരയുന്ന ബുൾഡോസറുകൾക്ക് ചരിത്രത്തിൽ മുൻ മാതൃകകളേറെയുണ്ട്. മുപ്പതുകൾക്കൊടുവിൽ ജർമ്മനിയിൽ നടമാടിയ നിഷ്ക്രിയങ്ങളോട് തത്വത്തിലും കർമ്മത്തിലും സാമ്യപ്പെട്ടു കിടക്കുന്നുണ്ട് ഇവയെന്നും ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും.

ക്രിസ്റ്റൽനാച്ച്: ഹോളോകോസ്റ്റിന് നിലമൊരുക്കിയ വംശഹത്യ 

സംഭവം നടക്കുന്നത് ജർമ്മനിയിലാണ്. ജർമ്മൻ നയതന്ത്രജ്ഞനായ ഏണസ്റ്റ് ഫോം റാതിനെ ഹെർഷൽ ഗ്രിൻസ്പാൻ എന്ന 17 വയസ്സുള്ള ജൂതൻ കൊലപ്പെടുത്തി. ന്യൂനാൽ ന്യൂനപക്ഷമായ ജൂത സമൂഹത്തിലെ ഒരംഗം തങ്ങളിൽ പെട്ട ഒരാളെ  കൊലപ്പെടുത്തിയതോടെ നാസിപ്പടയുടെ വരേണ്യബോധം നന്നായി വ്രണപ്പെട്ടു. 1938 നവംബർ 9നും 10നും ഇടയിൽ നാസിപ്പട്ടാളവും അർദ്ധ സൈനിക വിഭാഗവും ജൂതർക്കെതിരെ കൊടിയ പീഢനങ്ങൾ അഴിച്ചു വിട്ടു. ജർമ്മനിയുടെ ചരിത്രം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കലാപങ്ങൾക്ക് സാക്ഷിയാവുകയായിരുന്നു ആ ദിനങ്ങൾ. ഒന്നും പ്രതികരിക്കാതെ അവിടുത്തെ അധികാരികൾ എല്ലാം നോക്കി നിന്നു.

കലാപത്തിനിരയാക്കപ്പെട്ട ജൂത സമൂഹത്തിന് നേരിടേണ്ടി വന്നത് വലിയ പ്രത്യാഘാതങ്ങളായിരുന്നു. 91 ജൂതർ കൊല്ലപ്പെട്ടു. ക്രൂരതകൾക്കും മറ്റു അടിച്ചമർത്തലുകൾക്കും ഇരയാക്കപ്പെട്ട് 638 ആത്മഹത്യാ മരണങ്ങൾ ഉണ്ടായെന്നാണ് ബ്രിട്ടീഷ് ചരിത്രകാരനായ റിച്ചാർഡ് ജെ ഇവാൻസ് കണക്കാക്കുന്നത്. ജർമ്മനി, ഓസ്ട്രിയ, സുഡെറ്റെൻലാൻഡ് എന്നിവിടങ്ങളിലെ 267 സിനഗോഗുകൾ കലാപകാരികൾ നിഷ്ക്കരുണം നശിപ്പിച്ചു. 30,000 ജൂതർ കോൺസെൻട്രേഷൻ ക്യാമ്പിൽ അടക്കപ്പെട്ടു. 1,400-ലധികം സിനഗോഗുകൾക്കും നിരവധി ജൂത സെമിത്തേരികൾക്കും ഭാഗികമായി കേടുപാട് സംഭവിച്ചു. വിയന്നയിൽ മാത്രം 95 ഓളം സിനഗോകുകൾ തകർക്കപ്പെട്ടു. ജൂതരുടെ കടകളും ഭവനങ്ങളും ആരാധനാലയങ്ങളുമെല്ലാം ഭീമാകാരമായ ചുറ്റികകൾ ഉപയോഗിച്ച് തല്ലി തകർക്കപ്പെട്ടു. അതിന്റെ ചില്ലുകഷ്ണങ്ങളും മറ്റു അവശിഷ്ടങ്ങളും തെരുവുകളിൽ ചിതറിക്കിടന്നതിനാലാണ് ഈ സംഭവത്തിന് 'ക്രിസ്റ്റൽനാച്ച്' എന്ന പേര് ലഭിച്ചത്. അതിനുശേഷം ജൂതർക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങളുമുണ്ടായി. ന്യൂറംബർഗ് നിയമങ്ങളിലൂടെ പൗരത്വം നഷ്ടപ്പെട്ട ലക്ഷകണക്കിന് ജർമ്മൻ ജൂതന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കുടിയേറിപ്പാർത്തു. 

ജർമ്മനിയുടെ ചരിത്രത്തിൽ ജൂതർ സ്വതന്ത്രമായും തുല്യരായും ഗണിക്കപ്പെട്ട കാലങ്ങളുണ്ടായിരുന്നു. ഹിറ്റ്ലറുടെ അധികാരാരോഹണത്തിനു മുൻപുള്ള 1920 കളിലെ ആ കാലഘട്ടത്തിൽ ജൂതർ നാവികസേന, വ്യവസായം, ശാസ്ത്രം, സാംസ്കാരികം തുടങ്ങി വ്യത്യസ്ത മേഖലകളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. പിന്നീടാണ് ജർമ്മനിയുടെ ചരിത്രത്തിലേക്ക് ഹിറ്റ്ലർ കടന്നു വരുന്നതും ജൂതവിരുദ്ധ നിലപാടുകൾ കൊണ്ട് ലോകത്തെ വിറപ്പിക്കുന്നതും.

 ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്ക് നീളുന്ന പാത 

സമകാലിക സംഭവങ്ങളെ സസൂക്ഷ്മം വീക്ഷിക്കുമ്പോൾ, വംശഹത്യയുടെ ഒരു പാത ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്ക് നീണ്ടുകിടക്കുന്നുണ്ടെന്ന് മനസ്സിലാകും. ഔദ്യോഗികതയുടെ ഭാഷ്യമുള്ള ഈ സാംസ്കാരിക അധിനിവേശത്തിന് ഇരയാക്കപ്പെടേണ്ടി വരുന്നത് രാജ്യത്തിലെ ന്യൂനപക്ഷ സമൂഹങ്ങളാണ്. 2017 നും 2021 നും ഇടയിൽ രാജ്യവ്യാപകമായി 2,900 ലധികം വർഗീയ കലാപങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2023ൽ ഹരിയാനയിലെ നൂഹിലേതടക്കം 32 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024 ഫെബ്രുവരിയിൽ പത്ത് വർഗീയ കലാപങ്ങളുണ്ടായി. അതിന്റെ ഫലമായി 153 പേർക്ക് പരിക്കേൽക്കുകയും ആറ് മരണങ്ങൾ സംഭവിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള കണക്കുകളെല്ലാം അധിനിവേശത്തിന്റെ കുരുതിക്കളമായി ഇന്ത്യ മാറുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധീശത്വത്തിന്റെ പുറത്ത് മുഴുവൻ ജനങ്ങളിലും നിരുപാധിക ഏകീകരണത്തെ സാധ്യമാക്കലാണ് സാംസ്കാരിക സാമ്രാജ്യത്വ സങ്കല്പം. അത് ജീവിതരീതികളിലോ അനുഷ്ഠാനങ്ങളിലോ  ആചാരങ്ങളിലോ ആകാം. കീഴടക്കിയ സ്ഥലങ്ങളിലേക്ക് തങ്ങളുടെ സംസ്കാരത്തെ  അടിച്ചേൽപ്പിച്ച കൊളോണിയൽ ശക്തികളിലൂടെയാണ് ലോകം ഈ സിദ്ധാന്തത്തെ ആധുനികകാലത്ത് പരിചയപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ, വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് ഏകശിലാത്മകമായ ഒരു ഭരണ വ്യവസ്ഥയെ വിഭാവനം ചെയ്യുന്നതാണ് അതിന്റെ രീതി. വ്യത്യസ്ത സംസ്കാരങ്ങൾ പേറിയുള്ള ജനജീവിതമാണ് ഇതിലൂടെ അന്യമായിത്തീരുന്നത്. അവിടെ ഏകീകൃതമായ മത-രാഷ്ട്രീയ സങ്കല്പങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നു. സംഭാലിൽ നാമിന്ന് കാണുന്നതുപോലെ മതം അനുവർത്തിക്കാനുള്ള ഒരു ജനതയുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു.

സാംസ്കാരിക അധിനിവേശത്തിന്റെ ഇന്ത്യൻ മാതൃക 

''അയോധ്യ-ബാബരി സിർഫ് ജാങ്കി ഹൈ, കാശി-മഥുര അബ് ബാഖി ഹേ'' ബാബരി തകർത്ത ഹിന്ദുത്വവാദികൾ മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്. 1992ൽ നിന്നും 2024 ലേക്ക് എത്തുമ്പോൾ കാശിയും മഥുരയുമെല്ലാം കടന്നു ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ ഡൽഹി ജുമാ മസ്ജിദ് വരെ നീളുന്നുണ്ട് വിദ്വേഷ അവകാശവാദങ്ങളുടെ നിര. 600 വർഷം പഴക്കമുള്ള ഗ്യാൻവാപി പള്ളിയിൽ ഹിന്ദു ആചാരപ്രകാരമുള്ള പ്രാർത്ഥനക്ക് അനുമതി നൽകിയ കോടതി വിധി അക്ഷരാർത്ഥത്തിൽ നഗ്നമായ ഭരണഘണഘടനാ ലംഘനമല്ലേ? 

പള്ളിയിൽ കയറി 'ജയ് ശ്രീറാം' വിളിച്ചാൽ അതിൽ കേസെടുക്കാൻ മാത്രമുള്ള എന്ത് ഒഫൻസാണുള്ളതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദിച്ചത് സുപ്രീം കോടതിയിലിരിക്കുന്നവരായിരുന്നു. മസ്ജിദിനുള്ളിൽ കയറി 'ജയ് ശ്രീറാം'  വിളിച്ച് മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ രണ്ടുപേർക്കെതിരെ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ പോലീസ് ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ ഈ പ്രസ്താവന. പള്ളിയിലെ 'ജയ് ശ്രീറാം' വിളി കുറ്റമല്ലെന്ന് പറയുന്നതിലൂടെ അതിനെ   സ്വാഭാവികവൽക്കരിക്കുക മാത്രമല്ല,  'ജയ് ശ്രീറാം' വിളിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു വിഭാഗത്തിൻറെ താൽപര്യങ്ങൾക്ക് നിയമത്തിന്റെ പ്രാബല്യം നൽകുക കൂടിയാണ് പരമോന്നത കോടതി.

1670ൽ ഔറംഗസീബ് നിർമ്മിച്ച മഥുര ഈദ്ഗാഹ് മസ്ജിദ്, 500 വർഷം പഴക്കമുള്ള സംഭാൽ ഷാഹി മസ്ജിദ്, വിശ്വ സൂഫിവരേണ്യനായ ചിശ്തി (ഖ:സി) അന്തിയുറങ്ങുന്ന അജ്മീർ ദർഗാ ശരീഫ്, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയായ ശംസി ഷാഹി മസ്ജിദ്, 1408ൽ നിർമ്മിക്കപ്പെട്ട അടാല മസ്ജിദ്, ഡൽഹി ജുമാ മസ്ജിദ് തുടങ്ങി എത്രയോ പള്ളികൾ ഇന്ന് അവകാശവാദത്തിന്റെ ഭീതിദമായ നിഴലിലാണ്. സംഭാലിലെ അതിക്രമങ്ങളുടെ ആഘാതങ്ങളിൽ നിന്നും അവിടുത്തെ ജനത ഇനി മുക്തമായിട്ടില്ല. ആക്രോശങ്ങളുടെ 'ജയ് ശ്രീറാം' വിളികൾക്കു മുമ്പിൽ തങ്ങളുടെ അവകാശമായ സമരത്തെ ജനാധിപത്യ രീതിയിൽ നിർവഹിച്ച മനുഷ്യരെ  പോലീസ് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നാം കണ്ടതാണ്.  യു.പിയിലെ ജലാലാബാദിലെ നൂരി ജുമാമസ്ജിദ് ഇതിനോടകം തന്നെ ഭാഗികമായി തകർക്കപ്പെട്ടു കഴിഞ്ഞു.  ജർമ്മനിയിലെയും ഫലസ്തീനിലെയും പോലെ, ഇന്ത്യയിലും സാംസ്കാരിക അധിനിവേശങ്ങൾ അരങ്ങുവാഴുകയാണെന്നര്‍ത്ഥം. 

അധിനിവേശത്തിന്റെ പ്രഥമ ഇര മസ്ജിദാണെങ്കിൽ ശേഷം വരുന്നത് വിദ്യാഭ്യാസ സമ്പ്രദായമാണ്.  കാവിവൽക്കരണം ഒരുഭാഗത്ത് തകൃതിയായി നടക്കുമ്പോൾ, മറുഭാഗത്ത് മദ്റസ സംവിധാനങ്ങൾക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയരുകയാണ്. മദ്റസ ബോർഡുകളെ പിരിച്ചുവിടണമെന്നും മദ്റസകളിൽ മതേതരവിരുദ്ധമായ ഇസ്‌ലാം ആധിപത്യത്തെ പഠിപ്പിക്കുന്നുവെന്നും ബാലാവകാശ കമ്മീഷൻ പറയുന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ രാജ്യത്തെ മദ്റസകൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സഹായം നിർത്തലാക്കിയത്. അടിസ്ഥാനപരമായി ഇതിലൂടെയെല്ലാം ലംഘിക്കപ്പെടുന്നത് തുല്യമായി നിർവചിക്കപ്പെട്ട ഭരണഘടനാ മൂല്യങ്ങളാണ്.

 ലംഘിക്കപ്പെടുന്ന നിയമങ്ങൾ 

തുടരെത്തുടരെയുള്ള അവകാശവാദങ്ങളിൽ ഇന്ത്യയിൽ നിരന്തരമായി ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നിയമമായി 'പ്ലേസ് ഓഫ് വേർഷിപ്പ് ആക്ട്' മാറിയിട്ടുണ്ട്. സർവ്വേകൾക്ക് താല്കാലികമായി സുപ്രീംകോടതി തടയിയിട്ടെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. ഈ ആക്ടിന്റെ സെക്ഷൻ 3 ഒരു മതാരാധനാലയത്തെ മറ്റു മതത്തിന്റെ ആരാധനാലയമാക്കി മാറ്റുന്നതിനെ ശക്തമായി വിലക്കുന്നുണ്ട്. സെക്ഷൻ 4 (1) പ്രകാരം ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഒരു ആരാധനാലയത്തിന്റെ സ്വഭാവം എന്തായിരുന്നോ അതേ സ്ഥിതിയിൽ സംരക്ഷിക്കപ്പെടണമെന്നാണ് പറയുന്നത്. സെക്ഷൻ 4 (2) പ്രകാരം ആരാധനാലയത്തിന്റെ സ്വഭാവം നിർണയിക്കുന്ന പുതിയ കേസുകൾ തുടങ്ങരുതെന്നും നിലവിലുള്ളത് തുടരരുതെന്നുമാണ് പറയുന്നത്. ഇത് ലംഘിക്കുന്നവർക്ക് സെക്ഷൻ 6 പ്രകാരം പിഴയും മൂന്നുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. പക്ഷേ, ഈ നിയമങ്ങൾ ഇന്ത്യയിൽ കൃത്യമായി പ്രായോഗിക വൽക്കരിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. ഇതിനെയെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു ഗ്യാൻവാപി വിഷയത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ചന്ദ്രചൂഢ് സർവ്വേക്ക് ഉത്തരവിട്ടത്. ആ സർവ്വേ പരമ്പരകൾ ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 51 A(F) പ്രകാരം സംയോജിത സംസ്കാരത്തിന്റെ പൈതൃകത്തെ സംരക്ഷിക്കൽ പൗരന്റെ മൗലികമായ ഉത്തരവാദിത്തമാണ്. അവിടെയാണ് സർവ്വ മതസ്ഥരും സന്ദർശനം നടത്തുന്ന അജ്മീർ ദർഗയും ഡൽഹി ജുമാ മസ്ജിദും താജ്മഹലുമെല്ലാം ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുന്നത്. The ancients monuments and archeological sites and remains act, 1958ന്റെ 14,16 സെക്ഷനുകൾ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കൽ ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞുവെക്കുന്നുണ്ട്. പൈതൃക ശേഷിപ്പുകളെ സംരക്ഷിക്കുന്ന UNESCO World heritage convention of 1972 ൽ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. പൗരാണിക മസ്ജിദുകൾ മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ മാത്രമല്ല, അത് പ്രശോഭിതമായ പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. 

'ein Volk, ein Reich, ein Führer ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം, ഒരൊറ്റ നേതാവ്' എന്നത് നാസി മുദ്രാവാക്യമാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങുന്ന ബി.ജെ.പി ഇതല്ലാതെ മറ്റെന്താണ് പിന്തുടരുന്നത്? 'ഹിന്ദുത്വർ മാത്രമുള്ള, വിശ്വഗുരു ഭരിക്കുന്നൊരു ഹിന്ദുത്വ രാജ്യം' ആ നാസി മുദ്രാവാക്യത്തെ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിലേക്ക് ഇങ്ങനെ പരിഭാഷപ്പെടുത്താം.

ഇന്ത്യ പോലെ വൈവിധ്യങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള അബദ്ധജടിലമായ ഒരു ബില്ല് എങ്ങനെ പ്രാവർത്തികമാക്കുമെന്നോ, പ്രാവർത്തികമാക്കിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെന്താകുമെന്നോ കൃത്യമായ അവബോധമില്ലാതെയാണ് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാൻ ഭരണകൂടം തിടുക്കം കൂട്ടുന്നത്. ഹിറ്റ്ലറുടെ അധികാരാരോഹണത്തിന് ശേഷം നടന്ന രക്തരൂക്ഷിതമായ വംശഹത്യകളിൽ ജൂത സമൂഹം അരികുവൽവൽക്കരിക്കപ്പെട്ടത് പോലെയാണ് ഇന്ത്യയിലെ ന്യൂനപക്ഷ ജനതയുടെയും അവസ്ഥ. 2002 ൽ ഗുജറാത്തിൽ കത്തിപ്പടർന്ന കലാപത്തിന്റെ തീനാളങ്ങൾ 2014 ആകുന്നതോടുകൂടി കൂടുതൽ സങ്കീർണ്ണമായി രാജ്യത്ത് പടർന്നു പിടിക്കുകയായിരുന്നു. പിൽക്കാലത്ത് റോഹിങ്ക്യ - ഉയ്ഗൂർ  മുസ്‍ലിംകളോട് ഇന്ത്യൻ മുസ്‍ലിംകൾ ചേർക്കപ്പെടുന്ന  സ്ഥിതിവിശേഷമുണ്ടായി. തത്വത്തിലും പ്രയോഗത്തിലും ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾ പുലർത്തുന്ന സാമ്യതകൾ ഏറെയാണ്. അടിസ്ഥാന തത്വങ്ങൾ തികഞ്ഞ വംശീയ ബോധത്തിലധിഷ്ഠിതമായത് കൊണ്ടാണ് പ്രായോഗിക തലത്തിലെ ഈ സാമ്യതകൾ. ഏറെ വൈകിയ ഈ വേളയിലെങ്കിലും ഇതിനെ തിരിച്ചറിഞ്ഞ്, ബഹുസ്വരതയുടെ ഇന്ത്യയെ സംരക്ഷിക്കാന്‍ നാം തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, നാസി ജര്‍മ്മനിയെ പോലെ ഇന്ത്യയും ലോകത്തിന് മുന്നില്‍ ഒരു അപമാനമായി മാറുന്ന നാളുകള്‍ അതിവിദൂരമല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter