അവസാനിക്കാത്ത ആഫ്രിക്കൻ അട്ടിമറി പരമ്പര
ഫ്രഞ്ച് വിരോധത്താൽ ആളിക്കത്തിയ ആഫ്രിക്കൻ അട്ടിമറി പരമ്പര തുടർന്നുകൊണ്ടിരിക്കുകയാണ്. സിറിയയിലെ ലോകശക്തികളുടെ വളർന്നുവരുന്ന ഇടപെടലുകളിൽ വലഞ്ഞിരിക്കുകയാണ് പ്രാദേശിക അറേബ്യൻ ഗോത്രങ്ങൾ. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുവാനുള്ള ആദ്യഘട്ടങ്ങളിലാണ് ഫലസ്തീൻ വിഷയത്തിൽ കൈമലർത്തുന്ന സൗദി. സ്ത്രീ വിദ്യാഭ്യാസം എതാണ്ട് അസാധ്യമാക്കുന്ന മട്ടിലാണ് അഫ്ഗാനിസ്ഥാനിലെ പുതിയ നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തു നിന്നുള്ള പ്രധാന സംഭവവികാസങ്ങൾ വായിക്കാം.
തുടരുന്ന അട്ടിമറികള്‍
ആഫ്രിക്കൻ അട്ടിമറി പരമ്പര തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. അധിനിവേശ വിരുദ്ധതയും സൈനിക സംഘർഷങ്ങളും സാഹേല്‍ മേഖലയുടെ അവിഭാജ്യഘടകങ്ങളായി മാറിക്കഴിഞ്ഞു. എണ്ണയും ധാതുക്കളും സ്വർണവുമെല്ലാം പൂക്കുന്ന ഈ മണ്ണിലും ജനങ്ങൾ പരമ ദരിദ്രരാണ്, ഭരണാധികാരികളോ അതിസമ്പന്നരും. ഫ്രഞ്ച് അധിനിവേശ ശക്തി മേഖലയെ താറുമാറാക്കി വിടപറഞ്ഞിട്ട് ദശാബ്ദങ്ങളായിട്ടും അവരുടെ ഇടപെടലുകളോ സാമ്പത്തിക ചൂഷണമോ ഇനിയും അവസാനിച്ചിട്ടില്ല. ഫ്രഞ്ച് സ്വാധീന വലയത്തിൽ കഴിയുന്ന ഇത്തരം ഭരണാധികാരികൾക്കെതിരെ ഉയരുന്ന പൊതുവികാരമാണ് നിലവിലെ അട്ടിമറികളുടെ സവിശേഷത.
നൈജറിനു പുറമെ അവസാനമായി ഗാബോണും സൈനിക അട്ടിമറിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അമ്പത് വർഷത്തോളമായി ഗാബോണിന്റെ ഭരണം ബൊംഗോ കുടംബത്തിനു കീഴിലാണ്. 1967ൽ ഉമർ ബൊംഗോ ഭരണചുമതലയേറ്റതോടെ പിന്നീട് ബൊംഗോ കുടംബത്തിന്റെ സമ്പൂർണാധിപത്യമായിരുന്നു ഗാബോണിൽ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എണ്ണ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ ഗാബോൺ അമൂല്യമായ ധാതുക്കൾ കൊണ്ടും സമ്പന്നമാണ്. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഈ രാജ്യത്തിന്റെ ഭരണം എറ്റെടുത്തതോടെ അക്കാലത്തെ ലോകത്തിലെ എറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കുന്നുണ്ട് ഉമർ ബൊംഗോ.
ദീർഘ കാലത്തെ ഭരണത്തിനു ശേഷം 2008 ൽ മരണപ്പെട്ട ഉമർ ബൊംഗോവിന്റെ പിൻഗാമിയായി മകൻ അലി ബൊംഗോ അധികാരത്തിലേറുകയായിരുന്നു. രണ്ട് തവണ തെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കി ഗാബോണിന്റെ ഭരണം സമ്പൂർണമായി കയ്യടക്കിയ അലി ബൊംഗോ കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ച് തന്റെ മൂന്നാമൂഴം ഉറപ്പാക്കിയെങ്കിലും തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളെ കുറിച്ചുള്ള തെളിവുകൾ പരക്കെ പ്രചരിച്ചു. നിലവിലെ ജനരോഷത്തെ ആളിക്കത്തിക്കുന്നതിൽ പ്രധാന ഘടകമായി വർത്തിച്ചത് ഇത് കൂടിയാണ്. അതാണ് സൈനിക അട്ടിമറിയിലേക്ക് കാര്യങ്ങെത്തിച്ചതും. എന്നാൽ ബൊംഗോ കുടുംബത്തിന്റെ ആധിപത്യം അവസാനിച്ചുവെന്ന് പറയാനായിട്ടില്ല, കാരണം അട്ടിമറി നടത്തി ഭരണം പിടിച്ചടക്കിയ സൈനിക തലവനും ബൊംഗോ കുടുംബത്തിലെ അംഗമാണ്.
അവ്യക്ത സൗദി നയം
വർഷങ്ങളായി സൗദിക്ക് നേരെ ഉയരുന്ന ആരോപണമാണ് ഇസ്രായേലുമായിട്ടുള്ള വിട്ടുവീഴ്ച്ച സമീപനവും ഫലസ്തീൻ വിഷയത്തിൽ സ്വീകരിക്കുന്ന അനാസ്ഥയും. ലോകരാഷ്ട്രങ്ങളിലെ വൻശക്തിയായി ഉയർന്നുവരാനുള്ള ബഹുമുഖ പദ്ധതികളുമായി മുഹമ്മദ് ബിന്‍ സൽമാൻ സജീവമായി രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ കരുക്കൾ നീക്കുമ്പോള്‍ ഫലസ്തീൻ എന്ന ഘടകത്തെ തീർച്ചയായും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. ലോകശക്തിയായി ഉയർന്നുവരാൻ ഇസ്രായേലുമായിട്ടുള്ള സഹകരണവും സൗഹാർദവും അത്യാന്തേപിക്ഷതമാണെന്ന ഉറച്ച ബോധ്യമുള്ള സൗദിക്ക് ഫലസ്തീനെ പിണക്കിയാൽ മുസ്‍ലിം ലോകത്തുനിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വരും. അത്കൊണ്ട് തന്നെ ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നതിന് മുന്നോടിയായി ഫലസ്തീൻ വിഷയത്തിൽ സൗദിക്ക് നിലപാടെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഫലസ്തീന് സാമ്പത്തിക സഹായങ്ങൾ നൽകാനുള്ള ധാരണയിൽ സൗദി ഭരണകൂടം കഴിഞ്ഞയാഴ്ച് എത്തുന്നത്. മുൻ വർഷങ്ങളിൽ ഫലസ്തീനുള്ള സാമ്പത്തികസഹായം സൗദി നിർത്തലാക്കിയിരുന്നു. സൗദിയുടെ തീരുമാനം പണം നൽകി ഫലസ്തീൻ വിഷയത്തെ ഒതുക്കാനാണെന്ന വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.
താലിബാനും വിദ്യാഭ്യാസ നിയന്ത്രണങ്ങളും
സ്ത്രീ അവകാശങ്ങളുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങളുടെ നിരന്തര ആക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിട്ടും വിദ്യാഭ്യാസമടക്കമുള്ള മേഖലയിൽ സ്ത്രീ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും നിയന്ത്രങ്ങളും കടുപ്പിച്ച് വിഷയം ഗുരുതരമാക്കുകയാണ് താലിബാൻ. ഏറ്റവും അവസാനമായി ദേശീയ പാർക്കുകളിലേക്കുള്ള വിലക്കും യു.എ.ഇ യിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള ഉപരിപഠന സാധ്യതകളുടെ വാതിൽ കൊട്ടിയടച്ചതുമാണ് വിമർശനത്തിനു കാരണമായിരിക്കുന്നത്. അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാക്കിയ താലിബാൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഗൗരവതരമായി പരിഗണിക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നതാണ്. കാബൂളിൽ വെച്ച് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിനെയും താലിബാൻ ഭരണആസ്ഥാനത്തെയും കേന്ദ്രീകരിച്ച് അൽജസീറ തയാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. താലിബാൻ ഭരണ ആസ്ഥാനത്തിന്റെ അകം ദൃശ്യങ്ങളും അഭിമുഖങ്ങളുമടങ്ങിയിട്ടുള്ള ഡോക്യുമെന്ററിയിൽ സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള നിലപാട് കടുപ്പിക്കാനുള്ള കാരണമായിട്ട് സബീഹുല്ല മുജാഹിദ് പറയുന്നത്, തീവ്രഅഭിപ്രായങ്ങൾ വെച്ച്പുലർത്തുന്ന പ്രാദേശിക ഉലമാക്കളുടെ അഭിപ്രായങ്ങളെ അനുസരിച്ചില്ലെങ്കിൽ ഭരണസ്ഥിരതക്ക് വെല്ലുവിളി ഉയരുമെന്നത് കൊണ്ടാണ് എന്നാണ്. ഇതിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം നടക്കുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
സിറിയയിൽ ഉയരുന്ന ഗോത്രരോഷം
ആഭ്യന്തര പ്രതിസന്ധിയും ഐസിസിന്റെ കടന്നുവരവും സിറിയയെ ലോകശക്തികളുടെ അധികാരപ്രയോഗത്തിന്റെയും താൽപര്യ സംരക്ഷണത്തിന്റെയും പോർക്കളമാക്കി മാറ്റിയിട്ടുണ്ട്. അസദ് ഭരണകൂടത്തിന് സർവവിധ സഹായങ്ങളും നൽകി റഷ്യയും ഇറാനും ഒരു ഭാഗത്തും ഇസ്‍ലാമിക് സ്റ്റേറ്റിനെ തുരത്താൻ കുർദുകളുമായി ചേർന്ന അമേരിക്ക മറ്റൊരു ഭാഗത്തും നിൽക്കുന്നതാണ് സിറിയയിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം. ഇരുധ്രുവങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളും ആക്രമണപരമ്പരയുമെല്ലാം നിത്യസംഭവങ്ങളാണ്.
തീവ്രവാദത്തെ തുരത്താൻ അമേരിക്ക മുഖ്യമായും അവലംബിക്കുന്ന കുർദ് കേന്ദീകൃത സംഘടനയാണ് സിറിയൻ ഡെമോക്രാറ്റിക്ക് ഫോഴ്സ് (എസ്.ഡി.എഫ്). അമേരിക്കയുടെ പൂർണ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടന വടക്കൻ സിറിയയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ എസ്.ഡി. എഫിനെതിരെ പ്രാദേശിക അറേബ്യൻ ഗോത്രങ്ങളിൽ നിന്ന് വൻ എതിർപ്പാണ് ഉയരുന്നത്. തങ്ങളുടെ മേഖലയിലേക്ക് വളരുന്ന അമിത സ്വാധീനമാണ് കാരണം. എതിർപ്പുകൾ അതിശക്തമായതോടെ അവസാനം അമേരിക്ക തന്നെ നേരിട്ടിറങ്ങി ഇരുകൂട്ടർക്കുമിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. അറേബ്യൻ ഗോത്രങ്ങളുടെ എതിർപ്പും പ്രതിഷേധവും വർധിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അമേരിക്കക്ക് നന്നായി അറിയാം.
Leave A Comment