ആധുനികതയുടെ ഉണർവ്വും സൂഫിസത്തിന്റെ പതനവും: ഉമ്മത്ത് പരിഹാരം തേടുമ്പോൾ

നമ്മൾ ഈജിപ്ത്തിന്റെ നാഗരികതയിലേക്ക്  ചുവടുവെക്കേണ്ടതിന്റെ അനിവാര്യത ഏറെ വർധിച്ചിരിക്കുന്നു, അതിനാൽ അറിവാണ് അധികാരം.

1910 ജൂൺ 13 ൻ ബ്രിട്ടീഷ് ജനറൽ ബാൽഫർ സ്കോട്ലാൻഡ് പാർലമെന്റിൽ നടത്തിയ പ്രഭാഷണത്തിന്റെ ഇതിവൃത്തമാണിത്. അന്യന്റെ ചിലവിൽ തങ്ങളുടെ അധീശതയിൽ ജീവിച്ച് ഒരു നാഗരികതയുടെ അടിസ്ഥാനത്തിന് നേരെ കാലെടുത്തുവെക്കുന്ന  കൊളോണിയൽ നീക്കത്തിന്റെ ആദ്യ പടിയായിരുന്നു ഈ വാചകം. യൂറോപ്പിനെ പ്രകൃതിപരമായി യുക്തി കേമനായി ലോർഡ് ക്രോമർ ചിത്രീകരിക്കുക കൂടി ചെയ്തതോടെ അധിനിവേശത്തിനുള്ള വഴികൾ തുറക്കപ്പെടുകയും അവിടത്തെ പണ്ഡിതരെ വിലക്ക് വാങ്ങിയും സൂഫീസത്തെ കോളനിവത്കരിച്ചും കൊളോണിയലിസം തങ്ങളുടെ ലക്ഷ്യ പൂർത്തീകരണം ആരംഭിച്ചു.

ചരിത്രത്തിലെവിടെയും ഒരു നാഗരികതയെ കോളോനിവല്‍കരിക്കാനും അധിനിവേശപ്പെടുത്തുവാനും സൈദ്ധാന്തികരും സേനാപതികളും ഉപയോഗിച്ചത് നാട്ടിലെ അറിവുള്ളവരെയും ആധ്യാത്മിക ചരടുകളെയും ഒരു പോലെ തകർക്കുക എന്നാണ്. അതിലൂടെ അധിനിവേശ സംസ്കാരവും വിനയാന്വിതരായ അടിമകളെയും (Obedient Slave) സൃഷ്ടിക്കുവാനും അധിനിവേശകർക്ക് സാധിച്ചു. അറിവാണ് അധികാരം എന്ന സംക്ഷിപ്തത്തിലേക്ക് ഫ്രാൻസിസ് ബേകണ്‍ എത്തിച്ചേരുന്നതും ഇതിലൂടെയാണ്.

പ്രവാചക കാലഘട്ടം മുതൽ തന്നെ ഇസ്‍ലാമിന്റെ ആത്യന്തികമായ ലക്ഷ്യങ്ങളിൽ ഒന്ന് ആധ്യാത്മികതയാണ്. യുക്തിബോധ ധാരയുടെയും സംശയ ബോധത്തിന്റെയും നിഴലില്‍ സഞ്ചരിച്ച വിശ്വപണ്ഡിതൻ ഇമാം ഗസ്സാലി പോലും തന്റെ ആത്മകഥയിൽ പരിഹാരമായി വിവക്ഷിച്ചത് ഐഹിക ജീവിതത്തിന്റെ അന്ത്യവും ശാശ്വത ലോകത്തിലേക്കുള്ള പ്രയാണവുമെന്നാണ്. അതായത് ഭൗതികതയിൽ അഭിരമിക്കുന്ന മനുഷ്യനുള്ള ബൗദ്ധിക പരിഹാരം ദൈവത്തിലേക്ക് അടുക്കുകയാണ് എന്ന് വ്യക്തം. ചരിത്ര പരിണാമത്തിൽ സൂഫിസം എങ്ങനെ രൂപപ്പെട്ടു എന്ന് അന്വേഷിച്ചാൽ വസ്തുതാപരവും ആധ്യാത്മികവുമായ മാറ്റം കാലോചിതമായി എങ്ങനെ രൂപപ്പെട്ടു എന്ന ഗ്രഹിക്കാനാകും.

ഇസ്‍ലാമിക വിശ്വാസത്തിന്റെയും അനുവർത്തനത്തിന്റെയും ആന്തരികവത്കരണവും ശക്തിപ്രഭാവവുമാണ് സൂഫിസമെന്ന് അമേരിക്കൻ തത്വചിന്തകനും ചരിത്രകാരനുമായ വില്യം സി ചിറ്റിക്ക് നിരീക്ഷിക്കുന്നതായി കാണാം. പിന്നീട് ഇസ്‍ലാമിക ശാസ്ത്രം എന്ന് വിളിക്കപ്പെട്ട സർവ്വ ജ്ഞാനങ്ങളുടെയും അടിസ്ഥാന ധാര സൂഫിസമാണെന്ന് ഷിമ്മലും വ്യക്തമാക്കുന്നതോടെ ആധുനികതയിൽ സമൂഹം ആധ്യാത്മികതയെ എത്രത്തോളം കൈവരിക്കണം എന്നതിന്റെ അനിവാര്യത സ്വാഭാവികതക്കപയ്പ്പുറം കൂടി പ്രകടമാകുകയാണ്.

ജീവിതത്തിന്റെ പരമമായ ലക്ഷ്യം? മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തികമായ ലക്ഷ്യം? ആര് ആർക്ക് വേണ്ടി? എന്ത് ചെയ്യണം? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലൂടെയാണ് സൂഫിസം ചരിത്രത്തിൽ മനുഷ്യന്റെ അഭിവാജ്യ ഘടകമായത്. ഹിജ്‌റ 5ആം നൂറ്റാണ്ടിൽ ജീവിച്ച ഇമാം ഗസ്സാലിയുടെ ഇഹ്‌യാ കൂടി വന്നതോടെ മനുഷ്യന്റെ മനഃശാസ്ത്രപരമായ താഡനകൾക്കും പരിഹാരമായി. 2026 ലെ BBC റിലീജിയസ് റിപ്പോർട്ട് പ്രകാരം വെറും 22% ശതമാനം മാത്രമായിരുന്ന മത സ്വീകാര്യത 44% ശതമാനത്തിലേക്ക് ഉയർന്നു എന്ന് കാണാം. കാരണമായി മത ഗവേഷണ വിഭാഗം രേഖപ്പെടുത്തിയത് ആധ്യാത്മികത മനുഷ്യന്റെ അനിവാര്യതയാണ് എന്ന ചിന്തയാണ് എന്നാണ്. ജീവിതത്തിന്റെ ലക്ഷ്യങ്ങൾക്കും എന്തിന്? എങ്ങനെ? എന്ത്? എന്നീ ചോദ്യങ്ങൾക്ക് ആധുനിക ലിബറൽ ധാരകൾ ഉത്തരം നൽകുന്നില്ലെന്നും മതങ്ങളിലെ ആധ്യാത്മിക വഴികൾ ഈ ഉത്തരത്തെ ആരോഗ്യപരമായി സമീപിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

ഇത്തരത്തിലുള്ള ചിന്തകളുടെ ആവിർഭാവവവും പ്രായോഗികരീതിയും നേരെത്തെ തിരിച്ചറിഞ്ഞ കൊളോണിയൽ വക്താക്കൾ സ്വീകരിച്ച ആദ്യ പടി, സൂഫി, സൂഫിസം എന്നീ പദങ്ങളെ സാർവലൗകികതത്വത്തിന്റെ (Cosmopolitanism) പരിധിയിൽ ഉൾപ്പെടുത്തി എന്നതാണ്. മത പരിധിയുടെ ആവിർഭാവങ്ങളിൽ നിന്ന് സൂഫിസത്തെയും വ്യഖ്യാത സൂഫികളെയും മാറ്റി എഴുതുകയും വാണിജ്യ താല്പര്യങ്ങൾക്ക് വരെ ഉപയോഗിക്കുകയും ചെയ്തു എന്ന് കനേഡിയൻ ദൈവശാസ്ത്രജ്ഞൻ വിൽഫ്രഡ് കാന്റവെൽ സ്മിത്ത് പ്രതിപാദിക്കുന്നുണ്ട്. അമേരിക്കയിലെ ഡൊന്ന കാരൻ (Donna Karan) പോലുള്ള വ്യവസായ പ്രമുഖർ തങ്ങളുടെ മോഡൽ ഷോകളിൽ റൂമിയുടെ കവിതകൾ ഉപയോഗിച്ചിരുന്നുവെന്നും റൂമിയുടെ ആധ്യാത്മികതയെ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലേ ആരംഭിച്ചിരുന്നു എന്നും സമീപ കാല പഠനങ്ങളിൽ നിന്നും മനസ്സിലാക്കാം. സമീപ കാലങ്ങളിൽ ഏറെ ആഘോഷിക്കപെട്ട എലിഫ് ഷഫാക്കിന്റെ പ്രണയത്തിന്റെ നാല്പത് നിയമങ്ങൾ (Forty Rules Of Love) പോലും റൂമിയെ വെള്ളപൂശാനുള്ള പടിഞ്ഞാറിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ആധുനികതയുടെയും അൽഗോരിതമിക് കോളനിവത്കരണത്തിന്റെയും അനന്തരമായി മനുഷ്യന്റെ ശ്രദ്ധ കൂടി സാമ്പത്തിക വത്കരിക്കപ്പെട്ടതോടെ ഇത്തരത്തിലുള്ള മുതലാളിത്വ വ്യവസായങ്ങൾക്ക് കൂടുതൽ വഴിയൊരുക്കുകയും ചെയ്തു.

സർവ്വ നാഗരികതയിലും ഉടലെടുത്ത രാഷ്ട്രീയ മീമാംസ സൂഫിസത്തിൽ എങ്ങനെ ഇടപ്പെട്ടു എന്നതും വായിക്കപ്പെടേണ്ടതുണ്ട്. സൂഫിസത്തെ ആയുധവത്കരിക്കുക (Weaponizing Sufism) എന്നത് തന്നെയാണ് പ്രധാന അജണ്ടകളിൽ ഒന്ന്. 2003 ൽ അമേരിക്കയിൽ നടത്തപ്പെട്ട പല കോണ്ഫറൻസുകളിലും ഈ വിഷയം സർവ്വ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടെങ്കിലും ഉമ്മത്തിന് വേണ്ട സമരസവും സമ്മിശ്രവും അനുവാചകർക്ക് മുമ്പിൽ സമർപ്പിക്കാൻ കഴിഞ്ഞില്ല. കൂടാതെ സമകാലികതയിൽ ഏറെ ചർച്ചിച്ച എപ്‌സ്റ്റെയ്ൻ ഫൈൽസ് കൂടി പുറത്തു വന്നതോടെ ആധ്യാത്മികതയും മതകീയതയും തമ്മിൽ വേർതിരിക്കുന്ന പ്രവണതയും അവസരോചിതമായി ഉടലെടുത്തു. I am Spiritual but Not Religious എന്ന പ്രതിവചനം അമേരിക്കയിലും യൂറോപ്പിലും വ്യാപിക്കുകയും ഇതിൽ കൂടുതൽ പഠനം ആഗ്രഹിച്ചു വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ പ്രവണത വർധിക്കുകയും ചെയ്തു.

ആധുനികതയുടെ അൽഗോരിതമിക് കൊളോണിയലിസം വിജ്ഞാനധാരയിലേക്കും ആധ്യാത്മിക പഥങ്ങളിലേക്കും പ്രവേശിച്ചതോടെ ജ്ഞാനഹത്യ (Epistimicide) പാരമ്പര്യം വർധിച്ചതായും, ധിഷണാപരമായി മനുഷ്യന്റെ ശ്രദ്ധ അധപതിച്ചതായും, ബൊവഞ്ചുറ ഡി സൗസ സാന്റോസ് ( Boaventura de Sousa Santos) തന്റെ പ്രശസ്ത കൃതി
Epistemologies of the South: Justice Against റേപിസ്റ്റമിസൈഡ് വിശദീകരിക്കുന്നതായി കാണാം. സാന്ദർഭികമായി മതപരമായ സഹിഷ്ണുതയ്ക്ക് (Religious Tolerance) വേണ്ടി വ്യാഖ്യാനങ്ങളും സിമ്പലുകളും ഉപയോഗിക്കപ്പെട്ടു എന്നതും ചരിത്ര വസ്തുതയാണ്. അതായത് മതകീയതയുമില്ല ആത്മീയതയുമില്ല എന്ന ഇതിവൃത്തത്തിലേക്ക് ലോക ക്രമം ചുരുങ്ങി എന്ന് വ്യക്തം. ലോകത്തുള്ള സകലരുടെയും പ്രശ്നം, ഒരു റൂമിനകത്ത് ശാന്തമായി തനിച്ചിരിക്കൽ അസാധ്യമാണ് എന്നതാണെന്ന് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ബ്ലൈസ് പാസ്കൽ വിവക്ഷിക്കുന്നത് കൂടി സമകാലിക സാഹചര്യത്തോട് ചേർത്തുവായിക്കണം.

മത ഇതരതയിലും ഫാഷിസത്തിന്റെ വിഭാഗീയതയിലും സഞ്ചാരപഥം തുടരുന്ന ഇന്ത്യൻ സാഹചര്യത്തിലെ സൂഫിസ ആധ്യാത്മിക സാഹചര്യവും രാഷ്ട്രീയ വത്കരിക്കപ്പെട്ടു എന്നത് തന്നെയാണ് വസ്തുത. ഇന്ത്യൻ മുസൽമാന്റെ അടിസ്ഥാന ധാരയിലും ബാഹ്യ ധാരയിലും ഫാഷിസത്തിന്റെ കരങ്ങൾ നിപതിച്ചപ്പോഴും പ്രമുഖ സൂഫി സംഘടനകൾ പോലും പ്രതികരിച്ചത് ഇത് നമ്മുടെ നന്മക്ക് വേണ്ടി എന്നായിരുന്നു. AISSC ഉപദേഷ്ടാവ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ച വഖ്ഫ് ബില്ലിനെ സ്വാഗതം ചെയ്തത്, ഇത് എല്ലാ മുസൽമാനും ഗുണം ചെയ്യുന്ന ഒന്നാണെന്നും രാജ്യത്തിന്റെ പുരോഗതിയിൽ ഇത് വലിയ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും എന്നും പറഞ്ഞായിരുന്നു.("We fully support this bill... People are hopeful that a good bill will come. Now the Waqf money will reach the common and poor Muslims." ANI News)

ചുരുക്കത്തിൽ ഒരു മതത്തിന്റെ അടിസ്ഥാനപരമായ ആധ്യാത്മിക പാതയെ രാഷ്രീയതയും ആധുനികതയും എങ്ങനെ തങ്ങൾക്കനുസൃതമായി പുനര്‍നിര്‍വ്വചിച്ചു എന്നതാണ് ചരിത്ര വസ്തുതകളിൽ നിന്ന് ഉരുത്തിരയിന്നുത്. നാഗരികതയുടെ അടിസ്ഥാന ധാരകളെ ഇല്ലായ്മ ചെയ്ത് അന്യന്റെ ചിലവിൽ ജീവിക്കുക എന്ന നയം തന്നെയാണ് ഇവിടെയും പ്രായോഗികവത്കരിക്കപ്പെട്ടത്. ആധ്യാത്മികതയിലെ മതകീയത രാഹിത്യങ്ങൾക്ക് അകത്തായപ്പോൾ ആധ്യാത്മിക ഒരിക്കൽ കൂടി മുതലാളിത്തത്തിന് അടിമപ്പെട്ടു. സമകാലിക ജ്ഞാനഹത്യ കൂടി കടന്ന് വന്നതോടെ ആധുനികതയിൽ ഇസ്‍ലാമിനെ അന്വേഷിക്കുന്ന പുതുമുസ്‌ലിമിനും ഉമ്മത്തിനും നഷ്ടപെട്ടത് ജ്ഞാനത്തിന്റെ ആത്മവിശ്വാസമായിരുന്നു (self confidence of knowledge).രാഷ്ട്രീയ സ്ഥാന മോഹങ്ങൾക്ക് ഉമ്മത്തിനെ ബലിയാടാക്കുന്നവർക്ക് ചരിത്രത്തിന്റെ വസ്തുതകളിലുള്ള ആധ്യാത്മിക പരിണാമ പാഠം അതിവലുതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter