യുദ്ധക്കെടുതികള്‍: ഈ ബാല്യങ്ങളെന്ത് പിഴച്ചു?

സിറിയന്‍ ബാലനായ അലന്‍ കുര്‍ദിയെ ലോകം മറന്നുകാണില്ല. മധ്യധരണ്യാഴിയുടെ തുർക്കി തീരങ്ങളിൽ കരക്കടിഞ്ഞ ആ നിഷ്കളങ്ക ബാലന്റെ മൃതദേഹം, സിറിയയിലെ ആഭ്യന്തരകലാപങ്ങളുടെ കെടുതികളും ഭീകരതകളും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയപ്പോള്‍, അത് ചരിത്രത്തിലെ അവസാനത്തേത് ആവണേ എന്ന് പ്രാര്‍ത്ഥിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ അവിടുന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും, അത്തരം ബാല്യചിത്രങ്ങള്‍ ദൈനം ദിനം വര്‍ദ്ധിക്കുന്നതാണ് നാം കാണുന്നത്. മുലകുടിക്കുന്ന കുട്ടിയെ പോലും ബാക്കിവെക്കരുതെന്ന് ആക്രോശിക്കുന്നവരെ വരെ കാണാനാവുന്നു എന്നത്, നമുക്കിടയിലെ ചില മനുഷ്യക്കോലങ്ങള്‍ എത്രമാത്രം അധപ്പതിച്ചു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.


സ്ഫോടനങ്ങളുടെയും സംഘട്ടനങ്ങളുടെയും ഇരുണ്ട കോണുകളിൽ, യുദ്ധക്കെടുതികളുടെ വിലാപത്തിനും, നഷ്ടത്തിന്റെയും വേർപാടിന്റെയും നിശബ്ദതയ്ക്കും മധ്യേ, അറിയാതെ പോകുന്ന നൊമ്പരങ്ങളാണ് എന്നും നിഷ്കളങ്കരായ ബാല്യങ്ങൾ. ജീവിതത്തിന്റെ സങ്കീർണ്ണതകളും ആവലാതികളും തിരിച്ചറിയുന്നതിനു മുന്നേ അവർ ബോംബ് സ്ഫോടനങ്ങൾക്കും കൂട്ടക്കശാപ്പുകൾക്കും പട്ടിണിക്കും ഇരകളായി കരിഞ്ഞുവീഴാനാണ് അവരുടെ വിധി. ഒരു ഭാഗത്ത് വലിയ അന്താരാഷ്ട്ര സാമ്പത്തിക ഇടനാഴികളും രാഷ്ട്രീയ സമാധാന ഉടമ്പടികളും നാം പടുത്തുയർത്തുമ്പോഴും, മറുഭാഗത്ത് യുദ്ധക്കെടുതികളുടെ  നീരാളിപ്പിടുത്തത്തിൽ മുങ്ങിത്താഴുന്ന ആയിരക്കണക്കിന് സമൂഹങ്ങളുണ്ടെന്ന വസ്തുത, പുരോഗതി പ്രാപിച്ചെന്ന് അവകാശപ്പെടുന്ന ഈ ആധുനിക സമൂഹം എത്രമേല്‍ അപരിഷ്കൃതമാണെന്നാണ് വിളിച്ച് പറയുന്നത്. 


ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്. ചരിത്രത്തിലെ ഓരോ യുദ്ധങ്ങളുടെയും കാഠിന്യവും തീക്ഷ്ണതയും ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ കഴിയുക അവ അനുഭവിച്ച കുട്ടികളിൽ നിന്നാണ്. പത്തു വർഷങ്ങൾക്കു മുന്നേ 2015 സെപ്റ്റംബറിൽ മധ്യധരണ്യാഴിയുടെ തുർക്കി തീരങ്ങളിൽ കരക്കടിഞ്ഞ "അലൻ കുർദി" എന്ന സിറിയൻ ബാലന്റെ ചിത്രമാണ് സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ കൂട്ടക്കുരുതികളുടെയും ലോക ഭൂപടത്തിൽ ചിതറി കിടക്കുന്ന ആയിരക്കണക്കിന് സിറിയൻ അഭയാർത്ഥികളുടെയും യാതനകൾ ലോകത്തിനുമുമ്പാകെ അനാവരണം ചെയ്തത്. തന്റെ കുടുംബത്തോടൊപ്പം ഗ്രീസിലേക്കുള്ള കൂട്ടപ്പലായനത്തിനിടെ ബോട്ട് മറിഞ്ഞ് കടലില്‍ മുങ്ങിപ്പോയതായിരുന്നു ആ രണ്ടു വയസ്സുകാരൻ. അതുപോലെ, നെതർലൻസിൽ നടന്ന നാസി കൂട്ടക്കുരുതിയുടെ ഭയാനതകളിൽ നിന്ന് ഒളിച്ചിരുന്ന്  രണ്ടുവർഷത്തിലധികം കാലം തൻറെ കുടുംബത്തോടൊപ്പം ആംസ്റ്റർഡാമിലേ വീടിൻറെ തട്ടിൻ പുറത്ത് കഴിഞ്ഞു കൂടുന്നതിനിടെ എഴുതിക്കൂട്ടിയ ആൻ ഫ്രങ്കിന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ്, ആണ് രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി സൈനികർ നെതർലൻഡ് ജർമ്മനിയിലും ആയി അഴിച്ചുവിട്ട ആക്രമണങ്ങളുടെയും പീഢനങ്ങളുടെയും ജൂത കശാപ്പിന്റെയും നേർചിത്രം നാം കാണുന്നത്. 1972 ജൂൺ 8 ന് വിയറ്റ്നാം യുദ്ധ കാലത്തു വിയറ്റ്നാം എയർ ഫോഴ്സ് നടത്തിയ നാപാം അറ്റാക്കിൽ പൊള്ളലേറ്റ് വിവസ്ത്രയായി അട്ടഹസിച്ചു റോഡിലൂടെ ഓടിപ്പോകുന്ന ഒമ്പതു വയസ്സുകാരിയുടെ നീറുന്ന ചിത്രത്തിലൂടെയാണ് ലോകമെങ്ങും വിയറ്റ്നാമിന് വേണ്ടി ശബ്ദിക്കുന്നത്.  


ഗസ്സ, സുഡാൻ, യമന്‍, ഉക്രെയ്ൻ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ ഇന്നും സമാനമോ അതിലും ഭീകരമോ ആയ ചിത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ 18 മാസങ്ങളിലധികമായി ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ സംഘട്ടനങ്ങളുടെ തിക്തഫലമെന്നോണം 15,000ത്തിൽ അധികം കുട്ടികൾ ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നാണ് പറയുന്നത്. 2025 മാർച്ചില്‍ നിലവില്‍വന്ന താല്കാലിക വെടി നിർത്തലിനു ശേഷം ആക്രമണങ്ങൾ പുനരാരംഭിച്ച ഇസ്രായേൽ സൈന്യം വീണ്ടും 300 ഓളം കുട്ടികളെ കൊല്ലുകയും 600 ഓളം കുട്ടികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.  നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ സൈന്യം പ്രദേശത്തേക്കുള്ള അവശ്യസാധനങ്ങളുടെയും മറ്റു സഹായങ്ങളുടെയും കയറ്റുമതി പോലും നാലു ഭാഗത്തുനിന്നും തടഞ്ഞു വെച്ചതിനെ തുടർന്ന് 7 ലക്ഷത്തിലധികം കുട്ടികൾ മതിയായ ഭക്ഷണമോ കുടി വെള്ളമോ, പാര്‍പ്പിടമോ, ചികില്‍സയോ പ്രാഥമിക ശുശ്രൂഷകള്‍ പോലുമോ ലഭിക്കാതെ വലയുകയാണ്. 

പത്ര മാധ്യമങ്ങളും ഇതര മീഡിയകളും മറന്നു പോയ സുഡാനിലെ സ്ഥിതിയും അതിദയനീയമാണ്. 2023 ഏപ്രിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറിയിരിക്കുകയാണ്. ഓരോ പത്ത് സെക്കൻഡിലും ശരാശരി ഒരു കുട്ടി അവരുടെ വീട്ടിൽ നിന്ന് ഓടിപ്പോകാൻ നിർബന്ധിതരാകുന്നു എന്നാണ് കണക്കൂകൾ പറയുന്നത്ഏകദേശം 6.5 ദശലക്ഷം കുട്ടികൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ടെന്നും 17 ദശലക്ഷം കുട്ടികൾ സ്കൂളുകളിൽ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിന്ന് പുറത്താണെന്നുമാണ് കണക്ക്. 11.6 ദശലക്ഷം പേർ പട്ടിണി അനുഭവിച്ചു കൊണ്ടിരിക്കുകയാണത്രെ. ലൈംഗിക അതിക്രമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത സൈനിക റിക്രൂട്ട്മെന്റ് എന്നിവയുൾപ്പെടെ സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള ക്രൂരതകള്‍ക്കാണ് അവിടുത്തെ കുട്ടികളും സ്ത്രീകളും ഇരകളായി കൊണ്ടിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം നാല് ദശലക്ഷം കുട്ടികൾ തീവ്രമായ പട്ടിണിയും വിശപ്പും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തകർന്നടിഞ്ഞു നിശ്ചലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് തടഞ്ഞു നിർത്താൻ കഴിയാത്ത വിധം രോഗങ്ങൾ വ്യാപിക്കുന്നുമുണ്ട്. 

ഉക്രൈനെ പിടിച്ചുലക്കിയ മൂന്ന് വർഷത്തെ രാജ്യവ്യാപകമായ യുദ്ധം കുട്ടികളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും, ബോംബാക്രമണത്തിന്റെ നിരന്തരമായ ഭീഷണിയും വ്യാകുലതകളും കുട്ടികളുടെ മാനസികാരോഗ്യത്തെയും വളര്‍ച്ചയെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ, അവരുടെ ജീവിതകാലം മുഴുവൻ ബാധിച്ചേക്കാവുന്ന രീതിയിലുള്ള യുദ്ധഭീതി പിടികൂടിയതായാണ് പറയപ്പെടുന്നത്. 1,600 സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകരാറിലാവുകയോ നശിക്കുകയോ ചെയ്തതും കുട്ടികളെ തന്നെയാണ് ബാധിക്കുന്നത്. അതുകൂടാതെ, രാജ്യത്തെ കുട്ടികളെ അധിനിവേശ പ്രദേശങ്ങളിലേക്കോ റഷ്യൻ ഫെഡറേഷനുകളിലേക്കോ കൈമാറ്റം ചെയ്യുന്നത് പോലെയുള്ള ഗുരുതരമായ യുദ്ധക്കുറ്റങ്ങളും റിപ്പോര്‍ട് ചെയ്യപ്പെടുന്നു.


മ്യാൻമറിൽ മുതല്‍ ഹെയ്തി വരെയും,  റിപ്പബ്ലിക്ക് ഓഫ് കോംഗോ മുതൽ യെമൻ വരെയും, ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിലെല്ലാം ഇത് തന്നെയാണ് സ്ഥിതി. ലോകത്തിലെ മുഴുവൻ കുട്ടികളുടെ 19% - അതായത് 473 ദശലക്ഷത്തിലധികം പേർ - ഇപ്പോൾ സംഘർഷ മേഖലകളിൽ ഉള്ളവരാണ് എന്നാണ് UNICEF കണക്കാക്കുന്നത്. അവരിൽ തന്നെയും ധാരാളം പേർ കൊല്ലപ്പെടുകയോ ഇല്ലായ്മ ചെയ്യപ്പെടുകയോ, കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയോ, സായുധ ഗ്രൂപ്പുകളിലേക്ക് നിർബന്ധിതമായി ചേർക്കപ്പെടുകയോ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുകയോ ചെയ്തിട്ടുണ്ടത്രെ. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കുന്നതിന് പകരം, ബോംബ് വര്‍ഷങ്ങളും തോക്കിന്‍ കുഴലുകളും കണ്ടും കേട്ടുമാണ് ഈ പ്രദേശങ്ങളിലെ കുട്ടികള്‍ വളര്‍ന്നുവരുന്നത്.


യുദ്ധക്കെടുതികൾ വരുത്തി തീർത്തിട്ടുള്ള ശാരീരിക നോവുകൾക്കപ്പുറം, ഈ കുഞ്ഞു ഹൃദയങ്ങൾക്കു നൽകിയിട്ടുള്ള മാനസിക മുറിവുകൾ അഗാധവും ദീർഘവുമാണ്. ചുറ്റും നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്ക് ദൃസാക്ഷിയാകുന്നതും പ്രിയപ്പെട്ടവരുടെ വേർപാട് അനുഭവിക്കുന്നതും നിരന്തരമായ ഭീതിയോടെ അധിവസിക്കുകയും ചെയ്യുന്നത് കുട്ടികളെ മെന്റൽ ട്രോമക്ക് ഇരകളാക്കുകയും, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഉത്കണ്ഠ, വിഷാദം എന്നിവക്ക് വിധേയരാക്കുകയും ചെയ്യുന്നു. ഇത് അവരുടെ മാനസിക വികസനം മുരടിപ്പിക്കുകയും, ലോകത്തോടുള്ള അവരുടെ വിശ്വാസം തകർത്തു കളയുകയും, ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ നിർവീര്യമാക്കുകയും ചെയ്യും. യുദ്ധത്തിന്റെ ആന്തരിക മുറിപ്പാടുകൾ അവരെ ദീർഘകാല അടിസ്ഥാനത്തിൽ വേട്ടയാടി കൊണ്ടിരിക്കുകയും, അവരുടെ മാനസികാരോഗ്യത്തെയും സമൂഹത്തിലേക്കുള്ള സംയോജനത്തെയും ഇത് സാരമായി ബാധിക്കുകയും ചെയ്യും.

വിദ്യാഭ്യാസ*ആരോഗ്യ സംവിധാനങ്ങളുടെ തകർച്ച സമൂഹത്തെ ദാരിദ്ര്യത്തിന്റെയും അസ്ഥിരതയുടെയും വലയങ്ങളിൽ അകപ്പെടുത്തുകയും അത് സമുദായങ്ങളുടെയും രാജ്യങ്ങളുടെയും ദീർഘകാല വികസനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. യുദ്ധക്കെടുതികളുടെ ആഘാതം ഏറ്റ ഒരു തലമുറയ്ക്ക് അവരുടെ വരുംജീവിതം പുനർനിർമിക്കാനും സമാധാനപരമായ ഭാവിയിലേക്ക് കൂടുതൽ സംഭാവനകൾ ചെയ്യാനും ആക്രമണങ്ങളും നിരാശകളും തടസ്സം നില്ക്കുമെന്ന് പറയേണ്ടതില്ലല്ലോ.

സംഘർഷമേഖലകളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ധാർമ്മികവും നിയമപരവുമായ ബാധ്യതയും ഉത്തരവാദിത്വവും ഉണ്ട്. കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള എല്ലാ സംഘടനകളുടെയും ഉത്തരവാദിത്തത്തെ അന്താരാഷ്ട്ര മാനുഷിക നിയമവും മനുഷ്യാവകാശ മൂല്യങ്ങളും  വ്യക്തമായി രൂപരേഖ നൽകുന്നുണ്ട്. പക്ഷേ, ഈ നിയമങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നതാണ് സത്യം.

ഈ പ്രതിസന്ധിയെ കൃത്യമായി അഭിസംബോധന ചെയ്യുന്നതിന് ഒരു ബഹുമുഖമായ സമീപനം ആവശ്യമാണ്. ഒന്നാമതായി, സംഘർഷങ്ങൾ തടയാനും എല്ലാ കക്ഷികളെയും സമാധാനപരമായി പരിഹരിക്കാനും വേണ്ടിയുള്ള സമന്വയിപ്പിച്ച ആഗോള മുന്നൊരുക്കം ഇതിനു വേണ്ടി ഉണ്ടാവേണ്ടതുണ്ട്. അടിയന്തിരമായ നയതന്ത്ര പരിഹാരങ്ങൾ, മധ്യസ്ഥത, സംഘർഷത്തിന്റെ മൂല കാരണങ്ങളുമായി കൃത്യമായി സംവദിക്കൽ എന്നിവ കുട്ടികളെ യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് സംരക്ഷിക്കുന്നതിൽ നിർണായകമാണ്. രണ്ടാമതായി, ഇതിനകം തന്നെ അക്രമങ്ങൾക്ക് ഇരയായ എല്ലാ കുട്ടികൾക്കും അടിയന്തിരവും സമഗ്രവുമായ മാനുഷിക സഹായം എത്തിക്കലാണ്. ഭക്ഷണം, വെള്ളം, പാർപ്പിടം, മെഡിക്കൽ പരിചരണം, മാനസിക സാമൂഹിക പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ  വീണ്ടെടുപ്പും പുനരധിവാസവും പ്രോത്സാഹിപ്പിക്കുന്ന ശിശു സൗഹൃദ ഇടങ്ങൾ  ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

മൂന്നാമതായി, സംഘർഷങ്ങളിൽ കുട്ടികൾക്ക് നേരെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിന് ഉത്തരവാദിത്വമുള്ള കരുത്തുറ്റ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന കൂടുതൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇരകൾക്ക് നീതി ഉറപ്പുവരുത്താനും ഇത് അനിവാര്യമാണ്.

അവസാനമായി, അതിക്രമങ്ങൾക്ക് ഇരകളായ കുട്ടികളുടെ പുനരധിവാസത്തിനും പുതു ജീവിതത്തിനും വേണ്ടിയുള്ള പുരോഗമന സമാധാന പ്രവർത്തനങ്ങൾക്ക് വേണ്ടി ദീർഘകാലാടിസ്ഥാനത്തിലുള്ള ഇൻവെസ്റ്റ്മെന്റുകൾ നടപ്പിൽ വരുത്തലും അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക, തൊഴിൽ പരിശീലനം നൽകുക, സാമൂഹിക അടിസ്ഥാനത്തിലുള്ള റീഹാബിലിറ്റേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾ വളർത്തിയെടുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.


നിഷ്കളങ്കരായ ഈ കുഞ്ഞു ഹൃദയങ്ങൾ ഏറ്റവും വിലയേറിയതും അമൂല്യവുമായ ഒന്നാണ്. സായുധ അക്രമം എന്തെന്നോ എന്തിനെന്നോ അറിയാത്ത അവരെ, ഭാസുരമായ ഭാവിയിലേക്ക് കൈപ്പിടിച്ചു ഉയർത്തേണ്ടത് നമ്മുടെ കടമയാണ്. അത് അവരുടെ മൗലിക അവകാശമാണ്. ഗസ്സ, സുഡാൻ, യമന്‍, സിറിയ, ഉക്രെയ്ൻ തുടങ്ങി സംഘട്ടന മേഖലകളിലെ തകർന്ന ബാല്യങ്ങൾ,  സമാധാനപരവും നീതിപൂർണ്ണവും ആയ ഒരു ലോകത്തെ പണിയാനുള്ള ഓർമ്മപ്പെടുത്തലുകളാണ്.

വിശ്വാസ സംരക്ഷണത്തിന് വേണ്ടി ധര്‍മ്മ യുദ്ധത്തിന് പുറപ്പെടുന്ന അനുയായികളോട്, പ്രവാചകര്‍ നടത്തിയ ആ ഉപദേശം ഇന്നും എന്നും ലോകത്തിന്റെ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടേയിരിക്കട്ടെ, കുട്ടികളെയോ സ്ത്രീകളെയോ വൃദ്ധരെയോ രോഗികളെയോ നിങ്ങള്‍ ഉപദ്രവിക്കരുത്, ഫലം കായ്ക്കുന്ന മരം പോലും നിങ്ങള്‍ നശിപ്പിക്കരുത്. ഒട്ടകങ്ങളെയോ ആടുമാടുകളെയോ ഭക്ഷണ ആവശ്യത്തിനല്ലാതെ കശാപ്പ് ചെയ്യരുത്. പോകുന്ന വഴിയില്‍ ആരാധനാമഗ്നരായി മഠങ്ങളിലിരിക്കുന്നവരെ നിങ്ങള്‍ കണ്ടേക്കാം, അവരെയും അവരുടെ വഴിക്ക് വിട്ടേക്കുക. 

പതിനാല് നൂറ്റാണ്ട് മുമ്പ്, ധര്‍മ്മയുദ്ധത്തിന് പ്രവാചകര്‍(സ്വ) വരച്ച് വെച്ച ഈ നിര്‍വ്വചനം എത്രമേല്‍ ഉദാത്തവും മാനുഷികവുമാണ്. ലോകം ആ പാതയിലേക്ക് തിരിച്ച് നടന്നെങ്കിലെന്ന് ആശിച്ചുപോവുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter