സുന്നത്തിന്റെ മൗലികത

മുസ്‌ലിം മുഖ്യധാരയില്‍ നിന്നു വിഘടിച്ചുപോയ മിക്ക പ്രസ്ഥാനങ്ങളും സുന്നത്തിന്റെ പ്രാമാണികതയെ ചോദ്യം ചെയ്തതായി കാണാം. ചിലര്‍ സുന്നത്ത് പ്രമാണമല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. മറ്റു ചിലര്‍ മിക്ക ഹദീസുകളിലും ദൗര്‍ബല്യവും അസ്വീകാര്യതയും ആരോപിച്ചു സുന്നത്തിന്റെ സൂത്രങ്ങളുപയോഗിച്ചു തള്ളിക്കളഞ്ഞു. സുന്നത്ത് പ്രമാണമാണെന്ന് പ്രത്യക്ഷത്തില്‍ അംഗീകരിക്കുകയും സുന്നത്ത് പ്രമാണമായി വരുന്നയിടത്ത് അതിനെ തള്ളിക്കളയാന്‍ ന്യായങ്ങള്‍ മെനയുകയുമായിരുന്നു രണ്ടാമത്തെ വിഭാഗം. ഖുര്‍ആന്‍ മാത്രമാണ് പ്രമാണമെന്ന വാദമാണ് ഫലത്തില്‍ ഇരുവിഭാഗവും ഉയര്‍ത്തിയത്.
ഖുര്‍ആന്‍ മാത്രമാണ് പ്രമാണമെന്നും അതിനു പുറമെ മറ്റൊന്നിനെയും പ്രമാണമായി അംഗീകരിക്കാന്‍ പാടില്ലെന്നും സ്ഥാപിക്കാനായി ചില ഖുര്‍ആനിക വചനങ്ങളും തെളിവിനുദ്ധരിക്കാറുണ്ട്. ”കിതാബില്‍ നാം യാതൊന്നും വിട്ടുകളഞ്ഞിട്ടില്ല” (ഖുര്‍ആന്‍ 6:38), ”താങ്കള്‍ക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണമായിക്കൊണ്ടാണ്.” (ഖുര്‍ആന്‍ 16:89) എന്നീ വചനങ്ങളാണ് അവരുടെ പ്രധാനായുധം. ”മുസ്‌ലിംകള്‍ക്ക് ആവശ്യമുള്ളതെല്ലാം ഖുര്‍ആനിലുണ്ടെന്നും യാതൊന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍, എന്തിനു സുന്നത്തിന്റെ പ്രാമാണികത തേടിപോകണം?” എന്നാണവരുടെ ചോദ്യം.
സുന്നത്തിനെതിരെയുള്ള ഇത്തരം വാദങ്ങളെല്ലാം ഉത്തമ നൂറ്റാണ്ടുകളില്‍ തന്നെ ശക്തവും യുക്തവുമായി ഖണ്ഡിക്കപ്പെട്ടതാണ്. സുന്നത്ത് പ്രമാണമാണെന്ന് പഠിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ തന്നെയാണ്. (ഉദാ: നഹ്‌ല്: 44, 64, നിസാഅ്: 65, അഅ്‌റാഫ്: 156, ഹശ്ര്‍ 7, ആലുഇംറാന്‍ 32, 132, 164, അന്‍ഫാല്‍: 34, നിസാഅ്: 80, നൂര്‍: 64, 47-54,62, അഹ്‌സാബ്: 32). അതിനെല്ലാം വികലവും വികൃതവുമായ വ്യാഖ്യാനങ്ങള്‍ നല്‍കി ഒഴിഞ്ഞുമാറാനാണിവര്‍ ശ്രമിക്കാറുള്ളത്.
സുന്നത്തിനെതിരെ ആദ്യമായി മുഷ്ടി ചുരുട്ടിയത് വിഘടന വാദത്തിനു തുടക്കം കുറിച്ച ഖവാരിജുകളായിരുന്നു. അലി, ഉസ്മാന്‍, ജമല്‍ യുദ്ധപോരാളികള്‍, അവരുടെ വിധികര്‍തൃത്വം അംഗീകരിച്ചവര്‍, അതില്‍ തെറ്റില്ലെന്നു വിധിച്ചവര്‍… എന്നിവരെയെല്ലാം കാഫിറുകളായി പ്രഖ്യാപിച്ച ഖവാരിജുകള്‍ അവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളൊന്നും സ്വീകാര്യയോഗ്യമല്ലെന്നു വിധിച്ചു. ബഹുഭൂരിപക്ഷം സ്വഹാബികളെയും അവരില്‍ നിന്നു ഉദ്ധരിക്കപ്പെട്ട ഹദീസുകളെയും തള്ളിക്കളയുന്നതിലൂടെ സുന്നത്തിന്റെ മൗലികതയെയാണ് ഖവാരിജുകള്‍ ചോദ്യം ചെയ്തത്. രണ്ടാമത് രംഗത്തുവന്ന ശിയാക്കളും ഒരര്‍ത്ഥത്തില്‍ ഇതേ ശൈലി തന്നെയാണ് സ്വീകരിച്ചത്. അലി(റ)യെ പ്രഥമ ഖലീഫയായി അംഗീകരിക്കാത്തതിന്റെ പേരില്‍ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരെയും അലി(റ)ക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ ആയിശ, ത്വല്‍ഹ, മുആവിയ എന്നിവരെയും മാര്‍ഗഭ്രംശം സംഭവിച്ചവരാക്കി ചിത്രീകരിച്ച ശിയാക്കള്‍, അവരെ അംഗീകരിച്ച ഭൂരിപക്ഷം സ്വഹാബികളെയും തള്ളിക്കളഞ്ഞു. അവരില്‍ നിന്നുദ്ധരിക്കപ്പെട്ട സുന്നത്തുകളൊന്നും പ്രമാണങ്ങളെല്ലെന്നു പ്രഖ്യാപിച്ചു. അലി പക്ഷത്തു ഉറച്ചുനിന്നു എന്ന് ശിയാക്കള്‍ വിശ്വസിക്കുന്ന പതിനഞ്ച് സ്വഹാബികളില്‍ നിന്നുദ്ധരിക്കപ്പെട്ടവ മാത്രമാണ് അവര്‍ ഹദീസായി അംഗീകരിച്ചത്.
പിന്നീട് വന്ന മുഅ്തസിലിയാക്കള്‍ യുക്തിവാദത്തിന്റെ ആയുധങ്ങളുപയോഗിച്ച് സുന്നത്തിനെ നേരിട്ടു. ചിലര്‍ സ്വഹാബത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുകയും ഹദീസുകളെ പാടേ തിരസ്‌കരിക്കുകയും ചെയ്തു. മറ്റു ചിലര്‍ അപ്രായോഗിക നിബന്ധനകള്‍ എഴുതിയുണ്ടാക്കി മിക്ക ഹദീസുകളെയും തള്ളിക്കളഞ്ഞു. ഇരുപതിലധികം സ്വഹാബികളില്‍ നിന്നുദ്ധരിക്കപ്പെട്ടവ മാത്രം പ്രമാണമായി സ്വീകരിച്ചാല്‍ മതിയെന്നും ബാക്കിയെല്ലാം ‘ഖബര്‍വാഹിദും’ തള്ളപ്പെടേണ്ടതുമാണെന്നും വേറൊരു വിഭാഗം വാദിച്ചു. ഇങ്ങനെ സുന്നത്തിന്റെ പ്രാമാണികതയെ നിരന്തരം ചോദ്യം ചെയ്യുന്ന വിവിധ കക്ഷികള്‍ സമുദായത്തില്‍ ഉയര്‍ന്നുവന്നപ്പോഴാണ്, സുന്നത്ത് പ്രമാണം തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് മുസ്‌ലിം മുഖ്യധാര പ്രതിരോധ നിര സൃഷ്ടിച്ചത്. സുന്നത്തിന്റെ മൗലികതയും ആധികാരികതയും പ്രാമാണികതയും വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും ബൗദ്ധിക ന്യായങ്ങള്‍ കൊണ്ടും അവര്‍ അസന്നിഗ്ധമായി തെളിയിച്ചു. അക്കാരണത്താലാണ് മുസ്‌ലിം ഭൂരിപക്ഷം അഹ്‌ലുസ്സുന്ന (സുന്നത്തിന്റെ വക്താക്കള്‍) എന്ന പേരില്‍ അറിയപ്പെട്ടത്.

നയ നിലപാടുകള്‍
അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: എന്നത് യഥാര്‍ത്ഥത്തില്‍ ഒരു പ്രതിരോധ നിരയാണ്. ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങളെയും ആചാര നടപടികളെയും കളങ്കപ്പെടുത്താന്‍ വേഷം കെട്ടിയിറങ്ങിയ ചിദ്രശക്തികള്‍ക്കെതിരെയുള്ള മുസ്‌ലിം പൊതുധാരയുടെ പ്രതിരോധനിര. ഇസ്‌ലാമിക സമൂഹം പാരമ്പര്യമായി തലമുറകളിലൂടെ കൈമാറിയ കാര്യങ്ങള്‍ക്കും പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തിയ വസ്തുതകള്‍ക്കുമപ്പുറം സ്വന്തമായ ഒരു വീക്ഷണമോ സ്വതന്ത്ര്യ നിലപാടോ അതിനില്ല. പ്രവാചകന്‍ മുതല്‍ മുസ്‌ലിം ഉമ്മത്ത് പാരമ്പര്യത്തിന്റെ ഇടമുറിയാത്ത കണ്ണികളിലൂടെ തലമുറകള്‍ക്ക് കൈമാറിവന്ന ആശയങ്ങളും സന്ദേശങ്ങളും മാത്രമാണതിന്റെ നയനിലപാടുകള്‍.
എന്നാല്‍ പൊതുധാരയില്‍ നിന്നു വിഘടിച്ചുനിന്നവര്‍ വിവിധ കാലഘട്ടങ്ങളില്‍ മതത്തിന്റെ പേരില്‍ ഉയര്‍ത്തിയ നവീന വാദങ്ങളെ നേരിന്റെ പക്ഷത്തുള്ളവര്‍ പ്രതിരോധിച്ചിട്ടുണ്ട്. ഖുര്‍ആനിക വചനങ്ങളും ഹദീസിന്റെ ആശയങ്ങളും വളച്ചൊടിച്ചു വികലമാക്കി വ്യാഖ്യാനിക്കുകയും അതാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചത്രമെന്നു സ്ഥാപിക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ അഹ്‌ലുസ്സുന്നയുടെ ഇമാമുകള്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉയര്‍ത്തികാണിച്ചു. പില്‍ക്കാലത്ത് അഹ്‌ലുസ്സുന്നയുടെ നയനിലപാടുകളായി അവ അറിയപ്പെട്ടു. വിവിധ കാലങ്ങളില്‍ ബിദ്അത്തിന്റെ വക്താക്കള്‍ ഉയര്‍ത്തിപ്പിടിച്ച വാദങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമ്പോള്‍ മാത്രമാണ്, സുന്നി വിശ്വാസങ്ങളുടെ പ്രസക്തി ഇക്കാലത്ത് മനസ്സിലാകുക. ഇസ്‌ലാമിന്റെ പേരില്‍ എഴുന്നള്ളിച്ച പുത്തന്‍വാദങ്ങളെ പ്രാമാണികമായി പ്രതിരോധിക്കേണ്ടയിടത്ത് പ്രാമാണികമായും സൈദ്ധാന്തികമായി നേരിടേണ്ടിയിടത്ത് അങ്ങനെയും ബൗദ്ധികമായി ഇടപെടേണ്ടിടത്ത് ബുദ്ധിപരമായും സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് നമ്മുടെ ഇമാമുകള്‍ പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ട്.
പ്രസ്തുത നിരയില്‍ എടുത്തുപറയേണ്ട ഉജ്ജ്വല വ്യക്തിത്വങ്ങളാണ് ഇമാം അബുല്‍ ഹസനുല്‍ അശ്അരി(റ)യും ഇമാം അബൂമന്‍സൂറുല്‍ മാതുരീദി(റ)യും. ഖവാരിജിസം, ശീഇസം, മുഅ്തസ്‌ലിസം മുതലായ ശിഥിലീകരണ ശക്തികള്‍ സമുദായത്തെ ഓഹരി വെച്ചെടുക്കാന്‍ ഇറങ്ങിതിരിച്ച ഘട്ടത്തിലാണ് ശക്തമായ പ്രതിരോധ വലയം സൃഷ്ടിച്ചുകൊണ്ട് ഈ രണ്ട് താരകങ്ങള്‍ ഉദയം ചെയ്തത്. മുസ്‌ലിം പൊതുധാരയെ ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിന്റെ ആശയാടിത്തറ ഭദ്രമാക്കുന്നതിലും ഇവര്‍ ശക്തമായ പങ്ക് വഹിച്ചു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലെ ഇവരുടെ അരങ്ങേറ്റത്തോടെയാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍ മുസ്‌ലിം മുഖ്യധാര അറിയപ്പെട്ടത്. ഇവര്‍ ശരിപ്പെടുത്തിയ സരണിയിലൂടെയാണ് പിന്നീട് പൊതുമുസ്‌ലിംകളും അവരുടെ ഇമാമുകളുമെല്ലാം സഞ്ചരിച്ചത്. അതേക്കുറിച്ച് ശേഷം വിശദീകരിക്കാം.
ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് എന്നിവയാണ് അഹ്‌ലുസുന്നയുടെ പ്രമാണങ്ങള്‍. ഇവ മൂന്നും തുല്യപ്രമാണങ്ങളാണ്. ഒന്നാം പ്രമാണം ഖുര്‍ആന്‍, രണ്ടാം പ്രമാണം ഹദീസ് എന്നിങ്ങനെയുള്ള വേര്‍തിരിവില്ല. ”നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും ഉലുല്‍ അംറിനെയും അനുസരിക്കുക.” (ഖുര്‍ആന്‍: 4:59) എന്നാണല്ലോ ഖുര്‍ആനിന്റെ പ്രസ്താവന.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter