നവൈതു 22 -ഇതെല്ലാം നമ്മുടെ മക്കള്‍ കൂടി പഠിക്കട്ടെ
റമദാന് വരുന്നതോടെ, വീട്ടിലെ കുട്ടികളും നോമ്പെടുക്കുന്നത് പതിവ് കാഴ്ചയാണ്. ചെറുപ്പത്തിലേ നോമ്പെടുത്ത് അവരെ ശീലിപ്പിക്കുകയാണ് ഇതിലൂടെ നാം ഉദ്ദേശിക്കുന്നത്. നമ്മുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വരുംതലമുറകളിലേക്ക് കൈമാറാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് അത്. ആദ്യനോമ്പ് എടുത്ത ദിവസം ഇന്നും പലരുടെയും മനസ്സുകളില്‍ മായാതെ നില്ക്കുന്നതും അത് കൊണ്ട് തന്നെ. കഷ്ടപ്പെട്ട് നോമ്പ് പൂര്‍ത്തിയാക്കിയതും, ചിലര്‍ക്കെങ്കിലും അവസാന നിമിഷം നോമ്പ് മുറിച്ചതുമെല്ലാം ഇന്നും ചെറുപ്പകാല അനുഭവങ്ങളായി ബാക്കിയുണ്ടാവും. ആദ്യനോമ്പ് പൂര്‍ത്തിയാക്കിയ ദിവസം ലഭിച്ച സമ്മാനങ്ങളുടെയും പലരുടെയും ഓര്‍മ്മകളിലുണ്ടാവും.
കുട്ടികളെ നോമ്പ് ശീലിപ്പിക്കുന്ന അതേ ആവേശത്തോടെ, റമദാനിലൂടെ നാം സ്വായത്തമാക്കുന്ന ഇതര മൂല്യങ്ങള്‍ കൂടി അവരെ നമുക്ക് ശീലിപ്പിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ പാരായണവും ഇതരരോടുള്ള മാന്യമായ പെരുമാറ്റവും ദാനധര്‍മ്മങ്ങളുമെല്ലാം അവരും കണ്ട് പഠിക്കട്ടെ. ഇതെല്ലാം വരും തലമുറകളില്‍ പ്രാവര്‍ത്തികമാക്കേണ്ടത് അവരാണല്ലോ.
നാം ഖുര്‍ആന്‍ ഓതുന്ന സമയത്ത് അവരെയും നമുക്ക് കൂടെയിരുത്താം. ദിവസവും അല്പസമയം അവരുടെ പാരായണം കേള്‍ക്കാന്‍ കൂടി നമുക്ക് സമയം കണ്ടെത്താം. ദിവസവും എത്ര ഓതിത്തീര്‍ത്തു എന്ന് അവരോട് ചോദിച്ച് മനസ്സിലാക്കി ഒരു മല്‍സര ബുദ്ധി ഉണ്ടാക്കിയെടുക്കാം. ഖത്ം പൂര്‍ത്തിയാവുന്ന മുറക്ക് പ്രത്യേകം സമ്മാനങ്ങളോ ഏറ്റവും ചുരുങ്ങിയത് പ്രശംസാവാക്കുകളോ നല്‍കാം.
Read More: 21 - അവസാന പത്ത്: ദാനധര്‍മ്മത്തിന്റെ നാളുകള്‍
മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ ശ്രദ്ധയില്‍ പെട്ടാല്‍, അവന് നോമ്പല്ലേ, പോവട്ടെ എന്ന് പറയുന്നതിന് പകരം, മോനേ, നിനക്ക് നോമ്പല്ലേ, നോമ്പെടുത്താല്‍ അങ്ങനെയല്ലല്ലോ നാം പെരുമാറേണ്ടത് എന്ന് പറഞ്ഞ് ഹൃദ്യമായി തിരുത്താനും പറഞ്ഞ് മനസ്സിലാക്കാനും ശ്രമിക്കാം. ഇന്നീ സ്വാഇമുന്‍ എന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തിയും പ്രായോഗിക തലങ്ങളും അവന് കൂടി പഠിക്കട്ടെ.
ദാനധര്‍മ്മങ്ങള്‍ക്കായി മറ്റുള്ളവര്‍ നമ്മെ സമീപിക്കുമ്പോള്‍, നമുക്ക് അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങളെ കുറിച്ച് അവരെ ബോധവാന്മാരാക്കാം. ഇടക്കെങ്കിലും അവരെ കൊണ്ട് കൊടുപ്പിച്ച്, നല്‍കുന്നതിന്റെ മഹത്വവും സന്തോഷവും അവരെ കൂടി അനുഭവിപ്പിക്കാം. അല്ലാഹു നമുക്ക് നല്‍കിയത് നമുക്ക് വേണ്ടി മാത്രമല്ലെന്നും അതില്‍ നമ്മുടെ ബന്ധുക്കളും പരിസരവാസികളും ചോദിച്ച് വരുന്നവരുമായ പാവങ്ങള്‍ക്കെല്ലാം കൂടി അവകാശപ്പെട്ടതാണെന്നുമുള്ള ഏറ്റവും മഹത്വമേറിയ ജീവിത പാഠം അവരെ കൂടി നമുക്ക് പഠിപ്പിക്കാം.
ഇങ്ങനെ, വിശുദ്ധ റമദാന് വിശേഷിച്ചും വിശ്വാസം പൊതുവായും മുന്നോട്ട് വെക്കുന്ന മാനുഷിക ജീവിത മൂല്യങ്ങളെല്ലാം മക്കള്‍ക്ക് പകരാന്‍ കൂടി നമുക്കീ ദിനങ്ങളില്‍ ശ്രമിക്കാം, നാഥന് തുണക്കട്ടെ.
Leave A Comment