അലാ ഹാമിശിത്തഫാസീര്, തഫ്സീര്‍ ലോകത്തിന് ആധുനിക കേരളത്തിന്റെ സംഭാവന
മഖ്ദൂമുമാര്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് അറബി ഭാഷയില്‍ കൃത്യമായ ലോകവീക്ഷണത്തോടെ ഗ്രന്ഥരചന നടത്തിയ പണ്ഡിതന് എന്ന നിലയില്‍ പാനൂര്‍ തങ്ങള്‍ കേരളീയ മുസ്ലിമിന് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്. ഒരു അക്കാദമിക് സംഭാവന എന്ന നിലക്ക് വിശേഷിച്ചും ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് ഇന്ത്യയില്‍ തന്നെ ഒറ്റപ്പെട്ട ഗ്രന്ഥമായി എടുത്തുപറയാവുന്നതാണ് അദ്ദേഹം രചിച്ച അലാ ഹാമിശിത്തഫാസീര് തഅ്ലീഖാത്തുന്‍ അലാ തഫ്സീരില് ജലാലൈന്‍. തഫ്സീര്‍ ലോകത്തിന് ആധുനിക കേരളീയ മുസ്ലിംകളുടെ വലിയൊരു സംഭാവന എന്ന് തന്നെ പറയാവുന്ന ഇത്, 1998ലാണ് ആദ്യമായി വെളിച്ചം കാണുന്നത്. പ്രസിദ്ധീകൃതമായി 25 വര്‍ഷങ്ങള്‍ കടന്നുപോവുമ്പോഴും ദൈനംദിനം ഇതിന്റെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ ഗ്രന്ഥത്തെയും അതിന്റെ രചനാപശ്ചാത്തലത്തെയും രീതിശാസ്ത്രത്തെയും പരിചയപ്പെടുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ശൈലി, അവലംബം
ഹാമിശ് എന്ന പദത്തിനര്‍ത്ഥം ചാരെ, ഓരം, മാര്‍ജിന്‍ എന്നൊക്കെയാണ്. ഒരുപാട് തഫ്സീറുകളുടെ ഓരം ചേര്‍ന്ന് അദ്ദേഹം രൂപപ്പെടുത്തിയ വ്യാഖ്യാനങ്ങളും ചിന്തകളുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന ഉള്ളടക്കം. വിവിധ തഫ്സീറുകളെ അവലംബിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തന്റെ വ്യാഖ്യാന ചിന്തകള്‍ ക്രോഡീകരിച്ചത് തഫ്സീറുല്‍ ജലാലൈന്‍ അടിസ്ഥാനമാക്കിയാണ്. ആദ്യം പേജിനു മുകളില്‍ ഖുര്‍ആന്‍ സൂക്തവും, അതിനു താഴെ തഫ്സീറുല്‍ ജലാലൈനിലെ ഉദ്ധരണിയും, ശേഷം വിശ്വാസം, കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, അറബി സാഹിത്യം, ശാസ്ത്ര സത്യങ്ങള്‍, തര്‍ക്കശാസ്ത്രം, ആരോഗ്യ ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഈ സൂക്തവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങള്‍, മറ്റു അഭിപ്രായങ്ങള്‍ക്കുള്ള തിരുത്തലുകള്‍, അഭിപ്രായ വ്യത്യാസങ്ങളില്‍ അദ്ദേഹത്തിന്റെ തര്ജീഹുകള്, ആ വിഷയത്തില്‍ പൊതുവെ പറയപ്പെടാറുള്ള അനിസ്ലാമിക കാര്യങ്ങള്‍, ഇസ്റാഈലിയാത്ത്, യുക്തിരഹിതമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന ശൈലിയാണ് അദ്ദേഹം ഇതില്‍ സ്വീകരിച്ചിരിക്കുന്നത്.
ഏഴു വാല്യങ്ങളിലായി രചിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ആദ്യ വാല്യം തന്നെ 591 പേജുകളുണ്ട്. ഇതിലദ്ദേഹം ഇമാം ത്വബ്രി, ഇമാം റാസി തുടങ്ങിയ പൗരാണികരും മുഹമ്മദ് അലി സ്വാബൂനി, സയ്യിദ് ഖുതുബ് തുടങ്ങി ആധുനികരുമായ പ്രമുഖരായ മുഫസ്സിറുകളുടെ തഫ്സീറുകളാണ് അവലംബിച്ചിരിക്കുന്നത്.
തഫ്സീറിന്റെ കവര്‍ പേജിലും ആരംഭപേജിലും അദ്ദേഹം ഉദ്ധരിക്കുന്നത് സൂറത്തുല്‍ അന്ആമിലെ 59-ാം ആയത്തിന്റെ അവസാനഭാഗമാണ്. وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُبِينٍ, പച്ചയോ ഉണങ്ങിയതോ ആയ സര്‍വ്വതും സ്പഷ്ടമായൊരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെടാതെയില്ല എന്ന സൂക്തമാണ്. റത്ബ്, യാബിസ് എന്നതിന്, വെള്ളം ഭൂമി, ഉര്വ്വരമായത് ഊശരമായത്, ചരാചരങ്ങള്‍ തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടെന്നാണ് ഇബ്നു അബ്ബാസ് (റ) വിശദീകരണം നല്‍കുന്നത്. എല്ലാം ലൗഹുല്‍ മഹ്ഫൂളില്‍ എഴുതപ്പെട്ടിട്ടുണ്ട്. സര്‍വ്വജ്ഞാനിയായ അല്ലാഹുവിന്റെ സൃഷ്ടികളോടുള്ള ഒരു മാര്‍ഗദര്‍ശനമാണ് പരിശുദ്ധ ഖുര്‍ആന്‍ എന്നും ഖുര്‍ആനിക പഠനത്തിലൂടെ വ്യക്തവും കൃത്യവുമായ ലോകകാഴ്ചപ്പാടും ജീവിത ചുറ്റുപാടും പരലോകത്തേക്കുള്ള തയ്യാറെടുപ്പും നമുക്ക് സജീകരിക്കാന്‍ കഴിയും എന്നും സൂചിപ്പിക്കാനാണ് ഈ സൂക്തത്തെ ഈ ഗ്രന്ഥത്തിന്റെ മൂലധാതുവായി ഗ്രന്ഥകാരന് ഗണിച്ചിട്ടുള്ളത്. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തെ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുകയും അത് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം ഈ ഗ്രന്ഥരചനയിലൂടെ ലക്ഷ്യം വെച്ചതെന്ന് പറയാം.
പാനൂര്‍ തങ്ങളുടെ വൈജ്ഞാനിക വ്യക്തിത്വം
ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ സൂറത്തുല്‍ ഫാതിഹ കൊടുത്ത്, ശേഷം പത്തുപേജോളം രചനാപശ്ചാത്തലം വിശദീകരിക്കുന്നുണ്ട്. ഇതില്‍ നിന്ന് ഗ്രന്ഥകാരന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങള്‍ നമുക്ക് സാധ്യമാകും.
1. ഖുര്‍ആനുമായി ബന്ധപ്പെട്ട് അഗാധ ജ്ഞാനിയായിരുന്നു ഗ്രന്ഥകാരന്, അതില്‍ അന്തര്‍ലീനമായി കിടക്കുന്ന യുക്തികള്‍ ആഴത്തില്‍ ചിന്തിച്ച് കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു.
2. പൗരാണികരും ആധുനികരുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ വായിക്കുകയും അവരുടെ വ്യാഖ്യാനങ്ങള്‍ ശരീഅത്തിന്റെ കോണിലൂടെ വിശകലനം നടത്തുകയും ചെയ്ത വലിയ ഖുര്‍ആന്‍ ഗവേഷകനായിരുന്നു അദ്ദേഹം. അതിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.
3. ഖുര്‍ആന്‍ പണ്ഡിതന് എന്നതിലുപരി, ഹദീസ്, കര്‍മ്മശാസ്ത്രം, സാമൂഹിക ശാസ്ത്രം, ചരിത്രം, ശാസ്ത്രം, തര്‍ക്കശാസ്ത്രം, ഇസ്ലാമിക പഠനങ്ങള്‍ എന്നീ മേഖലകളില്‍ കൂടി അറിവുണ്ടായാലേ ശരിയായ ഖുര്‍ആന്‍ വ്യാഖ്യാനം സാധ്യമാകൂ എന്ന് മനസിലാക്കി അതിനായി ശ്രമിച്ചു.
4. ജാഗ്രതയോടെ ജീവിച്ച വിശ്വാസിയായിരുന്നു ഗ്രന്ഥകാരന്. മറ്റു വ്യാഖ്യാനങ്ങളിലെ അബദ്ധങ്ങള്‍ കൃത്യമായി മനസിലാക്കി, ആ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. ഇസ്ലാമിന്റെ ലേബലില്‍ നല്കുന്ന അനിസ്ലാമികവും യുക്തിരഹിതവുമായ കാര്യങ്ങള്‍ വ്യാഖ്യാനത്തിലുള്പ്പെടുത്തിയതിനും, കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ കൊണ്ടുവന്നതിനുമെതിരെ പ്രതികരിച്ചിരുന്നു.
5. സമകാലിക സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതികരിച്ചിരുന്ന ഒരു സാമൂഹിക വിമര്‍ശകനായിരുന്നു ഗ്രന്ഥകാരന്. സ്വയം തയ്യാര്‍ ചെയ്തിരുന്ന വെള്ളിയാഴ്ച ഖുതുബകളില്‍ സാമൂഹിക, രാഷ്ട്രീയ വിപത്തുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.
6. അരുതായ്മകളുടെ അടിമകളായി ജീവിക്കുന്നതില്‍ നിന്ന് ഉത്ഥാനത്തിന്റെ വഴി തുറക്കുന്നതിന്റെ ഗൗരവം ബോധ്യപ്പെട്ട പണ്ഡിതനും ദീര്‍ഘദര്‍ശിയായ നേതാവുമായിരുന്നു.
7. സമൂഹത്തില്‍ നവോത്ഥാന നായകരുടെ ആവശ്യം നിരന്തരം ബോധ്യപ്പെടുത്തിയ ഒരു ധിഷണാശാലിയായിരുന്നു.
8. വലിയ പണ്ഡിതരെ തേടിപ്പിടിച്ച് അവരില്‍ നിന്ന് അറിവ് നേടുകയും അത് നിരൂപണാത്മകമായി വിലയിരുത്തുകയും ചെയ്തിരുന്ന ജ്ഞാനകുതുകിയായിരുന്നു.
9. ആധുനികത, പാശ്ചാത്യന്‍ അജണ്ടകളില്‍ ഒളിഞ്ഞ് കിടക്കുന്ന അപകടങ്ങളെ മനസിലാക്കി അതിനെതിരെ ബോധവത്കരണം നടത്തുന്ന ഒരു ഉണര്‍ന്നിരിക്കുന്ന ആത്മാവായിരുന്നു.
10. ആധുനിക ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും നൈപുണ്യം തെളിയിച്ച പരമ്പരാഗത പണ്ഡിതനായിരുന്നു. ശാസ്ത്രത്തിന് ഖുര്‍ആന്റെ വെളിച്ചത്തില്‍ അപ്രമാദിത്യം നല്‍കുന്നതിന് പകരം ഖുര്‍ആനിന്റെ സാര്‍വലൗകിക സത്യങ്ങള്‍ തെളിയിക്കുന്നതില്‍ സയന്‍സിനും പങ്കുണ്ട് എന്ന് പറയാനാണ് അദ്ദേഹം താല്പര്യപ്പെട്ടത്.
11. അറബി ഭാഷയുടെ ആഴങ്ങളറിഞ്ഞ പണ്ഡിതനായിരുന്നു. കാരണം, ഗ്രന്ഥത്തിലെ വരികള്‍ ചിട്ടയുള്ളതും കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോള്‍ മാത്രം ബോധ്യപ്പെടുന്ന വിധം സൂക്ഷ്മമായ അവതരണവുമാണ്.
12. മലയാളി വായന വൃത്തത്തിനപ്പുറം ആഗോള മുസ്ലിമിനെ മുന്നില്‍ കണ്ടുള്ള രചനയാണ്. അദ്ദേഹത്തിന്റെ രചനകള്‍ മുഴുവന്‍ അറബി ഭാഷയിലായിരുന്നു എന്നതും ഇതിന്റെ തെളിവാണ്.
13. ഖുര്‍ആനിക സന്ദേശങ്ങളുടെ ആധികാരികതയും സാര്‍വലൗകികതയും ബോധ്യം വന്ന, ആത്മവിശ്വാസവും ആത്മാഭിമാനവും ഉള്ള വിശ്വാസിയായിരുന്നു ഗ്രന്ഥകാരന്.
14. താത്വികമായി മാത്രം കാര്യങ്ങള്‍ അവതരിപ്പിക്കാതെ, പ്രായോഗികമായി അതിനെ സമീപിച്ച വ്യക്തികൂടിയായിരുന്നു. 1973 ല്‍ മദ്റസത്തു സഹ്റ എന്ന സ്ഥാപനം തുടങ്ങി അവിടെ മതപഠനത്തോടൊപ്പം ഭൗതിക വിദ്യയും നല്‍കാനുള്ള പാഠ്യപദ്ധതി ആവിഷ്കരിച്ച് കാലത്തിന് മുമ്പേ നടന്ന ധിഷണാശാലിയായിരുന്നു. ഇന്ന് സ്ഥാപനം ജാമിഅ സഹ്റാ എന്നപേരിലറിയപ്പെടുന്നു.
സമര്‍പ്പണം
ഇസ്ലാമിക ധൈഷണികതയില്‍ പടുത്തുയര്‍ത്തപ്പെട്ട ശരിയായ ചിന്തകള്‍ക്ക് എന്നുപറഞ്ഞാണ് ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നത്. വിദ്യാര്‍ത്ഥി, ഗവേഷകന്, അദ്ധ്യാപകന്, പണ്ഡിതന്, ഗ്രന്ഥകാരന് തുടങ്ങിയ പ്രബോധകര്‍ക്ക് ആയുധമായി ഉപയോഗിക്കാന്‍ യുക്തിപരമായ തെളിവായും ഫിത്നയുടെയും പ്രശ്നങ്ങളുടെയും അടിയൊഴുക്കുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു രക്ഷാകവചമായും മാറാനാണ് ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നത് എന്നദ്ദേഹം സമര്‍പ്പണ പേജില്‍ പറയുന്നുണ്ട്.
പ്രാരംഭ പ്രാര്‍ത്ഥന
സാധാരണ കിതാബ് തുടങ്ങുമ്പോഴുള്ള ഹംദല എന്നതിനപ്പുറം അതില്‍ നിരവധി സന്ദേശങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളിക്കുന്നുണ്ട്. അല്ലാഹുവിനെയും ഖുര്‍ആനെയും കുറിച്ചും ദൈവാസ്തിക്യത്തെകുറിച്ചും അത് ചോദ്യം ചെയ്തവര്‍ ഒന്നുമല്ലാതായി മാറിയതും വിശകലനം ചെയ്യുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിനെ ഇകഴ്ത്തിക്കാണിക്കാന്‍ കൂലിയെഴുത്തുകാരെ വിളിച്ച് പണിയെടുപ്പിച്ചെങ്കിലും അല്ലാഹുവിന്റെ വചനങ്ങളെ നിഷ്പ്രഭമാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതക്ക് മുമ്പില്‍ മുട്ട് മടക്കുകയല്ലാതെ ശത്രുക്കള്‍ക്ക് വേറെ വഴിയുണ്ടായില്ല. ഖുര്‍ആനിനെ മാരണമായി ചിത്രീകരിച്ച് അവര്‍ തടിയൂരി രക്ഷപ്പെട്ടു. അതിന്റെ അമാനുഷികത ഭാഷയാണെന്ന് പറഞ്ഞവര്‍ക്ക് തെറ്റുപറ്റി, ശാസ്ത്രീയ പൊരുളുകളാണെന്ന് പറഞ്ഞവര്‍ക്കും തെറ്റി, അതെല്ലാം ഖുര്‍ആനിന്റെ നൂറായിരം സവിശേഷതകളില്‍ ചിലത് മാത്രമാണ്. അത് യഥാവിധി മനസിലാക്കാന്‍ ഇന്നുവരെ ഒരാള്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് സത്യം.
നബിയുടെയും കുടുംബത്തിന്റെയും മേല്‍ സ്വലാത്ത് ചെല്ലിയ ശേഷം, നിരവധി തഫസീറുകളെ ഉപജീവിച്ചു കൊണ്ട് അല്ലാഹുവിന്റെ വചനങ്ങളുടെ പ്രകാശവും നിറവും നിഴലും മനസിലാക്കാനുള്ള ഒരു ഗവേഷണമാണ് ഈ ഗ്രന്ഥമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണങ്ങളുടെ സംയോജനമായി ഈ തഫ്സീറിനെ നമുക്ക് കാണാവുന്നതാണ്. അത് പൂര്‍ണ്ണമായും മനസിലാക്കുക മനുഷ്യന് അസാധ്യവുമാണ്. ചിലര്‍ അതിന്റെ തൊലിപ്പുറം കണ്ട് സന്തോഷിച്ച് അകക്കാമ്പ് മനസിലാക്കിയത് പോലെ പെരുമാറുന്നത് കാണുമ്പോള്‍ അന്ധന് ആനയെ കണ്ടത് പോലെ എന്ന് പറയാനേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
രചനാ കാരണങ്ങള്‍
രചനക്ക് കാരണമായ ചില കാര്യങ്ങള്‍ അദ്ദേഹം ആദ്യ പേജുകളില്‍ പങ്കുവെക്കുന്നുണ്ട്.
1. മുന്‍കാല തഫ്സീറുകളില്‍ കടന്നുകൂടിയ ഇസ്റാഈലിയാത്ത് വെളിച്ചത്ത് കൊണ്ടുവരിക.
2. ചില ഗ്രന്ഥങ്ങളില്‍ വന്നു പോയിട്ടുള്ള യുക്തിരഹിതമായ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക.
3. തഫ്സീറുകളിലും ചരിത്രത്തിലും ഖുര്‍ആന്‍ പഠനങ്ങളിലും ശത്രുക്കള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കഥകള്‍, തിയറികള്‍, അസത്യങ്ങള്‍ എന്നിവ തുറന്നുകാണിക്കുക.
4. നവീകരണം എന്ന ഒറ്റലക്ഷ്യത്തില്‍ രചിക്കപ്പെട്ട ചില തഫ്സീറുകളില്‍ ചിലപ്പോഴെങ്കിലും കാണപ്പെടുന്ന കുഫ്റിലേക്ക് നയിക്കുന്ന പരാമര്‍ശങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ശരി ബോധ്യപ്പെടുത്തുക.
5. ഖുര്‍ആനിലടങ്ങിയ ശാസ്ത്രീയ സത്യങ്ങളും പൊരുളുകളും അധികമാരും ശ്രദ്ധിക്കാതെ പോയ പ്രതലങ്ങളും ബോധ്യപ്പെടുത്തുക.
6. ഗ്രന്ഥകാരന്റെ ഈ രീതിയിലുള്ള അപഗ്രഥനങ്ങള്‍ കേട്ട വിദ്യാര്‍ത്ഥികളുടെ നിരന്തരമായ ഖുര്‍ആന്‍ വ്യഖ്യാന അഭ്യര്‍ത്ഥനകള്‍ക്ക് ഒരു പരിഹാരം കാണുക.
7. ഇസ്ലാമിക ചിന്തകളെ പുതുതലമുറക്ക് മുമ്പില്‍ പുനരുജ്ജീവിപ്പിക്കുക.
തഫ്സീറുകളിലെ ഇസ്റാഈലിയ്യാത്തിന് ചില ഉദാഹരണങ്ങള്‍
പല തഫ്സീറുകളിലും ബാലിശമായ പ്രസ്താവനകളും ഇസ്റാഈലിയ്യാത്തും ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്‍ബലമില്ലാത്ത കാര്യങ്ങളും ഇസ്ലാമിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടതായി കാണാം. നബി(സ്വ) തങ്ങള്‍ സൈനബ് ബീവിയെ കണ്ട സന്ദര്‍ഭം പല തഫ്സീറുകളിലും തെറ്റായി ചിത്രീകരിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ നബിയുടെ സംരക്ഷണത്തില്‍ വളര്‍ന്ന സൈനബ് ബീവി(റ)യെ സൈദ്(റ) വിന് നബി(സ്വ) തങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. നബിയുടെ അമ്മായി ഉമൈമ ബിന്ത് അബ്ദുല്‍ മുത്വലിബിന്റെ മകളാണ് സൈനബ് ബിന്ത് ജഹ്ഷ്. പ്രമുഖ ഗോത്രത്തില്‍ വളര്‍ന്ന തനിക്ക് സൈദ്(റ) വിവാഹത്തിന് യോജിക്കില്ലെന്ന് മനസിലാക്കി ആദ്യം വിവാഹത്തിന് വിസമ്മതിച്ചെങ്കിലും അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പ്പന എന്ന നിലക്ക് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ചില കാരണങ്ങളാല്‍ ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. സൂറത്തുല്‍ അഹ്സാബിലെ 37-ാം സൂക്തവുമായി ബന്ധപ്പെട്ടാണ് ഈ വിശദീകരണങ്ങള്‍ തഫ്സീറുകളില്‍ നല്‍കിയിട്ടുള്ളത്.
'നബിയേ, താങ്കളും അല്ലാഹുവും അനുഗ്രഹം ചെയ്ത ആ വ്യക്തിയോട് സ്വപത്നിയെ നീ കൂടെ നിറുത്തുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക എന്ന് താങ്കള്‍ നിര്‍ദ്ദേശിച്ച സന്ദര്‍ഭം സ്മരണീയമത്രേ, അല്ലാഹു പ്രത്യക്ഷീഭവിപ്പിക്കാന്‍ പോകുന്ന ഒരു വിഷയം താങ്കള്‍ മനസില്‍ രഹസ്യമാക്കി വെക്കുകയും ആളുകളെ പേടിക്കുകയും ചെയ്യുന്നു, എന്നാല്‍ അങ്ങ് ഭയപ്പെടാന്‍ ഏറ്റം അര്‍ഹന്‍ അല്ലാഹുവത്രേ, അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യനിര്‍വഹണം നടത്തിക്കഴിഞ്ഞപ്പോള്‍ അവളെ താങ്കള്‍ക്കു നാം വിവാഹം ചെയ്തു തരികയുണ്ടായി, ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യനിര്‍വഹണം നടത്തിക്കഴിഞ്ഞാല്‍ അവരെ വേള്‍ക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഒരുവിധ പ്രയാസവും ഉണ്ടാകാതിരിക്കാനാണ് ഇത്. അല്ലാഹുവിന്റെ കല്‍പ്പനകള്‍ പ്രയോഗവല്കൃതമാകേണ്ടതാകുന്നു.'
ഈ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് ഗ്രന്ഥകാരന് പറയുന്നത് ഇങ്ങനെയാണ്. ആയത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിച്ചു എന്ന് പറഞ്ഞത്, സന്മാര്ഗം സ്വീകരിക്കാനുള്ള അവസരവും നബിയുടെ സാമീപ്യവുമാണ്. അടിമമോചനവും തര്‍ബിയത്തും സ്നേഹവും നല്കി നബിയും അവരോട് അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹം ഹിബ്ബ് (സ്നേഹിതന്) എന്നും മകന് ഉസാമ(റ) ഹിബ്ബ് ബിന്‍ ഹിബ്ബ് എന്നും അറിയപ്പെട്ടിരുന്നു. സൈദ്(റ) ദാമ്പത്യജീവിതം തുടരാന്‍ കഴിയാത്തതിലെ പ്രയാസം നബിയെ അറിയിക്കുകയും أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّهَ, വിവാഹം ബന്ധം തുടരാനും അല്ലാഹുവിനെ സൂക്ഷിക്കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു. വീണ്ടും അവര്‍ക്ക് ഇത് പ്രയാസമായി തോന്നിയപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം വിവാഹമോചനം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ആയത്തില്‍, അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു വിഷയം താങ്കള്‍ മനസില്‍ രഹസ്യമാക്കി വെക്കുന്നു എന്നതിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്, നബിക്ക് സൈനബ് ബീവിയോടുള്ള സ്നേഹമാണെന്നും, സൈദ് (റ)വിനെ കാണാന്‍ അവരുടെ വീട്ടില്‍ പോയപ്പോള്‍ നബി തങ്ങള്‍ സൈനബ് ബീവിയെ കാണുകയും അവരില്‍ ആകൃഷ്ടരാകുകയും ചെയ്തതുകൊണ്ടാണ് അവരെ വിവാഹം കഴിച്ചതെന്നുമാണ്. മഅ്സൂമായ (പാപസുരക്ഷിതന്‍) പ്രവാചകന് യോജിക്കാത്ത ഒരുകാര്യമാണത്. ഈ ആയത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത്, സൈദ് (റ)വിന് ശേഷം നബിതങ്ങള് മഹതിയെ വിവാഹം കഴിക്കേണ്ടിവരുമെന്നത് നബിക്കറിയാമായിരുന്നപ്പോഴും, സൈദ് ബിന്‍ മുഹമ്മദ് എന്ന പേരില്‍ പോലും പലരും വിളിച്ചിരുന്ന നബിയുടെ വളര്‍ത്തു പുത്രന് സൈദ്(റ) വിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നത് വഴി, അക്കാലത്ത് ദത്തുപുത്രനെ സ്വന്തം മക്കളായി കണ്ടിരുന്നതിനാല്‍ മുഹമ്മദ് തന്റെ മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന് ശത്രുക്കള്‍ പറഞ്ഞ് പരത്തുന്നത് ഭയന്നിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ അല്ലാഹു ആ അനാചാരത്തെയും തകര്‍ത്ത് കളയുന്നുണ്ട്. നിങ്ങള്‍ ചേര്‍ത്ത് വിളിക്കുന്നവര്‍ നിങ്ങളുടെ യഥാര്‍ത്ഥ മക്കളല്ല എന്ന പ്രഖ്യാപനം. ബുദ്ധിയുള്ള ഒരാള്‍ക്കെങ്ങനെയാണ് നബിക്ക് സൈനബ് ബീവിയെ കണ്ടപ്പോഴുണ്ടായ പ്രണയമാണ് ഇതിന് കാരണമെന്ന് പറയാന്‍ കഴിയുക. ഈ അര്‍ത്ഥത്തില്‍ എഴുതിച്ചേര്‍ക്കുന്നത് വ്യാഖ്യാതാക്കളുടെ അശ്രദ്ധകൊണ്ട് മാത്രം സംഭവിച്ചതാണ്.
മറ്റൊരു അപകടകരമായ സംഭവം ഖിസ്സത്തുല്‍ ഗറാനീഖ് ആണ്. അതിനെ തിരുത്താന്‍ ഈ വ്യാഖ്യാതാക്കള്‍ തന്നെ പല വിശദീകരണങ്ങളും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അവയെല്ലാം വൃഥാവ്യായാമം മാത്രമാണെന്ന് ഗ്രന്ഥകാരന് നിരീക്ഷിക്കുന്നുണ്ട്. സൂറത്തു നജ്മിലെ 59-62 സൂക്തങ്ങളുടെ വിശീദകരണത്തില്‍ കടന്നുവരുന്ന, ബഹുദൈവവിശ്വാസികളായ മക്കക്കാരുടെ ബിംബങ്ങളെ മഹത്വവല്‍ക്കരിക്കുന്ന സംഭവമാണ് ഗറാനീഖ്. ഗറാനീഖ് എന്നാല്‍ വെളുത്ത കഴുത്ത് നീണ്ട പക്ഷികളാണ്. ലാത്തയെയും ഉസ്സയെയും മഹത്വവത്കരിക്കുകയാണെന്ന് മുശ്രിക്കുകള്‍ മനസിലാക്കുകയും സൂറതില്‍ ഇല്ലാത്ത ഒരു സൂക്തം കൂടി പാരായണം ചെയ്യപ്പെടുകയും ചെയ്തു എന്നാണ് പലരും പറയുന്നത്. ഇത് കേട്ട്, മുഹമ്മദ് നമ്മുടെ മതത്തിലേക്ക് തന്നെ മടങ്ങിവന്നു എന്ന് അവര്‍ പരസ്പരം പറയുകയും അങ്ങനെ സുജൂദ് ചെയ്യാനുള്ള കല്‍പ്പന കേട്ടപ്പോള്‍ അവരും കൂടെ സുജൂദ് ചെയ്തുവെന്നുമാണ് പല വ്യാഖ്യാനങ്ങളിലും കാണുന്നത്. സൂറത്തുല്‍ നജ്മിലില്ലാത്ത ഈ വാക്യങ്ങള്‍ എവിടുന്നു വന്നു എന്നതിലും വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ശൈതാന് നബിയുടെ രൂപത്തില്‍ വന്ന് പറഞ്ഞു കൊടുത്തതാണ്, നബി സംസാരിക്കുന്നത് പോലെ ശൈതാന് സംസാരിച്ചതാണ്, നബിയുടെ ഹൃദയത്തില്‍ ശൈതാന് വന്ന് ഇട്ടുകൊടുക്കുകയും നബി അതുപോലെ പറയുകയും ചെയ്തതാണ്. അവര്‍ മുസ്ലിമാകാന് വേണ്ടിയായിരുന്നു ഇത്. ഈ മൂന്നുരീതികളിലാണ് തഫ്സീറുകളില്‍ ഇത് വിശദീകരിക്കുന്നത്.
എന്നാല്‍, ഈ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഗ്രന്ഥകാരന് വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷെ ഇത് കുഫ്റിലേക്ക് വരെ നയിക്കുമെന്നും ഇത്തരം വിഷയങ്ങള്‍ നബിയിലേക്ക് ചേര്‍ക്കാന്‍ പാടില്ലാത്തതാണെന്നും, ശൈതാന് നബിയുടെ രൂപത്തില്‍ വരാന്‍ കഴിയില്ലെന്ന് അവിടുന്ന് തന്നെ വ്യക്തമാക്കിയ ഹദീസുകളുടെ വെളിച്ചത്തില്‍ അദ്ദേഹം ഗൗരവത്തോടെ ഉണര്‍ത്തുന്നുണ്ട്. ശേഷം അദ്ദേഹം പറയുന്നു,
ഇതാണ് വാസ്തവമെന്നിരിക്കെ ആര്‍ക്കും ഈ അര്‍ത്ഥത്തില്‍ സങ്കല്പ്പിക്കാന് പോലും കഴിയില്ല. ഇത് പ്രവാചകത്വത്തിന്റെ അടിത്തറ ഇളക്കാനും വിശ്വാസത്തില്‍ പോറലേല്പ്പിക്കാനുമുള്ള ശ്രമങ്ങളാണ്. അവിടുത്തെ ഇസ്മത്തിനെ (പാപസുരക്ഷിതത്വം)തിരാണ്. അല്ലാഹുവിന്റെ വാക്ക് എന്ന നിലക്ക് ഒരു തെറ്റായ കാര്യം പറയുക എന്നത് ചിന്തിക്കാന്‍ കഴിയാത്തതാണ്. സൂറത്തുല്‍ ഹിജ്റ് 42-ാം ആയത്തില്‍, إنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ എന്ന് പറഞ്ഞ് വിശ്വാസികളുടെ സുരക്ഷിതത്വത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രവാചകന്മാര് അതിനുമപ്പുറം സുരക്ഷിതത്വം ലഭിക്കുന്നവരാണ്.
ഈ സംഭവത്തെ ഇങ്ങനെ തെറ്റായി വിശദീകരിക്കുന്നതിന് പകരം ഗറാനീഖ് എന്നാല്‍ മലക്കുകളാണെന്നും അവരുടെ ശഫാഅത്ത് സ്വീകരിക്കപ്പെടുന്നതുമാണെന്ന് പറയാം. കാരണം ഖുര്‍ആനില്‍ തന്നെ മലക്കുകളെ ചിറകുകളുള്ളവരായി വിശദീകരിക്കുന്നുണ്ടല്ലോ. അതുപ്രകാരം ഗറാനീഖ് പക്ഷികള്‍ക്ക് സമാനരാണ് മലക്കുകള്‍. എന്നാല്‍ അതിന് വിപരീതമായി മുശ്രിക്കുകള്‍ ഈ ആയത്ത് അവരുടെ ദൈവങ്ങളെ കുറിച്ചാണെന്ന് മനസിലാക്കുകയും സുജൂദ് ചെയ്യുകയുമായിരുന്നു. ഈ സംഭവം കേട്ട്, മുസ്ലിംകള്‍ക്കിടയിലും മുശ്രിക്കുകള്ക്കിടയിലും ധാരണയായിട്ടുണ്ടെന്ന് മനസിലാക്കി ഹബ്ശയിലേക്ക് ഹിജ്റപോയവര്‍ തിരിച്ചു വരിക വരെയുണ്ടായി. മുശ്രിക്കുകളുടെ ഹൃദയങ്ങള്‍ അവരുടെ ദൈവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് ഈ ആയത്തിനെ ആ രീതിയില്‍ മനസിലാക്കിയതാണ്.
എല്ലാവരും സുജൂദും ചെയ്തു, ഒരു വയസായ ആള്‍ക്ക് സുജൂദ് ചെയ്യാന്‍ കഴിയാത്തത് കൊണ്ട് മണ്ണെടുത്ത് നെറ്റിയില്‍ വെക്കുകവെക്കുക വരെയുണ്ടായി. ബദ്റിന്റെ ദിവസം ഇദ്ദേഹം കാഫിറായി കൊലചെയ്യപ്പെട്ട് കിടക്കുന്നത് കണ്ടു. ഇതില്‍ നിന്ന് തന്നെ അവരുടെ സുജൂദുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കപ്പെടുന്നതാണ്. ഇത് നിങ്ങളുടെ ദൈവങ്ങളെ കുറിച്ചല്ല എന്ന് അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ മടങ്ങിപ്പോകുകയും ഹബ്ശയില്‍ നിന്ന് തിരിച്ച് വന്നവര്‍ അങ്ങോട്ട് തന്നെ പോകുകയും ചെയ്തു. എന്നാല്‍ ഈ സംഭവം സൂറത്തു നജ്മിലല്ല വിശദീകരിക്കപ്പെട്ടിട്ടുള്ളത്. മറിച്ച് സൂറത്തുല്‍ ഹജ്ജിലെ 52-ാം ആയത്തിന്റെ തഫ്സീറിലാണ് ചില വ്യഖ്യാതാക്കള്‍ ഈ സംഭവത്തെ പരാമര്‍ശിച്ചിട്ടുള്ളത്.
ചില വ്യാഖ്യാതാക്കള്‍ ഇതിനെ വിശദീകരിക്കുന്നത്, നബിതങ്ങള് ഈ വാക്യങ്ങള്‍ ശൈതാന് പറഞ്ഞുകൊടുത്തതുകൊണ്ട് പറയുകയും എന്നാല്‍ അല്ലാഹു അത് മായ്ച്ചു കളയുകയും ചെയ്തു എന്നാണ്. ഈ സംഭവത്തിന് ഗ്രന്ഥകാരന് വിശദീകരണം നല്‍കുന്നത്, ഒരു നബിയും അവരുടെ ഉമ്മത്തിന്റെ സന്മാര്ഗ ദര്‍ശനമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല. താങ്കള്‍ ആഗ്രഹിക്കുന്നവരെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ താങ്കള്‍ക്ക് കഴിയില്ല, എന്നാല്‍ താനുദ്ദേശിക്കുന്നവരെ അല്ലാഹു സന്മാര്ഗ ദര്‍ശനം ചെയ്യുന്നു (സൂറത്തുല്‍ ഖസസ് 56), ഈ വൃത്താന്തത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ കഠിനദുഖം മൂലം അങ്ങ് ജീവത്യാഗം ചെയ്തേക്കാം (കഹ്ഫ് 6) എന്നീ ആയത്തുകളില്‍ പരാമര്‍ശിക്കുന്നത് പോലെ അവര്‍ പിതാക്കള്‍ മക്കളോട് കാണിക്കുന്ന വാത്സ്യല്യത്തേക്കാള് തന്റെ സമുദായത്തോട് വാത്സല്യം കാണിക്കുന്നവരായിരുന്നുവെന്നും പ്രവാചകന് ഇങ്ങനെ ആഗ്രഹിക്കുമ്പോള്‍ ശൈതാന് അവരുടെ സമുദായത്തിന്റെ ഹൃദയത്തില്‍ കയറുകയും സത്യനിഷേധവും ദൈവധിക്കാരവും അവരില്‍ നിക്ഷേപിക്കുകയും ചെയ്യും എന്നുമാണ്. അല്ലാതെ, ആയത്ത് കെട്ടിച്ചമച്ച് കൊടുക്കും എന്നല്ല. ശൈതാന് അവരില്‍ നിക്ഷേപിക്കുന്ന അരുതായ്മകള്‍ നീക്കം ചെയ്ത്, അല്ലാഹുവിന്റെ ഏകത്വത്തിന്റെ ഭൗതിക, ആത്മീയ ദൃഷ്ടാന്തങ്ങളെ സ്ഥാപിക്കുന്നതുമാണ്. ഇത് ഏതൊരാള്‍ക്കും ചെറിയ ചിന്ത കൊണ്ട് തന്നെ മനസിലാക്കാന്‍ കഴിയുന്നതാണ്. നേരെ തിരിച്ച് നബിയുടെ മനസിലേക്ക് ശൈതാന് സത്യനിഷേധത്തിന്റെ വചനങ്ങളിട്ട് കൊടുത്തു എന്നും നബി അത് ഏറ്റ്പറഞ്ഞെന്നും പറയുന്നത് ഇസ്ലാമിന്റെ ശക്തമായ കോട്ട തകര്‍ക്കാനും പൊതുജനങ്ങളെ സംശയത്തിലാക്കാനുമുള്ള വഴികളാണ്. വലിയ പണ്ഡിതരാണ് ഇക്കാര്യം പറഞ്ഞതെങ്കിലും സത്യത്തെ പിന്തുടരലാണല്ലോ നമ്മുടെ ബാധ്യത, അദ്ദേഹം പറഞ്ഞ് വെക്കുന്നു.
മറ്റൊരു രചനാകാരണം, തഫ്സീറുകള്‍ നിരവധിയുണ്ടെങ്കിലും അല്ലാഹുവിന്റെ വാക്കുകളിലുള്ള പൊരുള്‍ ഇപ്പോഴും നമുക്ക് പൂര്‍ണമായി മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പാരാവാരം പോലെയുള്ള വിശുദ്ധ ഖുര്‍ആനിന്റെ മൊഴിമുത്തുകള്‍ പല രീതിയില്‍ നമുക്ക് മനസിലാക്കിയെടുക്കാന്‍ പറ്റും, എന്നാലും പൂര്ണമായിട്ടല്ല. അതില്‍, ധാര്‍മ്മികത, ഭൗതികത, ശാസ്ത്രം, ധനശാസ്ത്രം, കണ്ടെത്തലുകള്‍ തുടങ്ങിയ വിഷയങ്ങളുണ്ട്. അതില്‍ പര്യവേക്ഷണം നടത്തുന്നവര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള വഴികള്‍ തുറക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, തഫ്സീര്‍ ബി റഅ്യിന്റെ പേരുപറഞ്ഞ് യുക്തിരഹിതമായ കാര്യങ്ങള്‍, ബലഹീനമായ ഹദീസുകള്‍, അനിസ്ലാമിക കാര്യങ്ങള്‍ കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. വിദ്യാര്‍ത്ഥികളായ ആളുകള്‍ ഇത്തരം കാര്യങ്ങള്‍ എടുത്തുദ്ധരിക്കുന്നതിന് പകരം സത്യാവസ്ഥ പഠിച്ച് മനസിലാക്കുകയും അതിന്റെ അപകടം തിരിച്ചറിയുകയും വേണം. ആ രംഗത്തെ ഒരു കാല്‍വെപ്പായും അത്തരം മുന്നേറ്റങ്ങള്‍ക്ക് ഇതൊരു സഹായകമാവുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.
മറ്റൊരു കാരണം, സയണിസ്റ്റുകള്‍, കുരിശുയുദ്ധക്കാര്‍, ബിംബാരാധകര്‍, സംഹാരാത്മക ചിന്താധാരകളിലുള്ളവര്‍ തുടങ്ങിയവരുടെ ശ്രമഫലമായി ഇത്തരം കാര്യങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍, ഹദീസില്‍, തഫ്സീറുകളില്‍ എല്ലാം കയറിക്കൂടിയിട്ടുണ്ട്. പ്രഗത്ഭ പണ്ഡിതര്‍ അവരുടെ പുരുഷായുസ് ഇതിലെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ വിനിയോഗിക്കുകയും ഗ്രന്ഥങ്ങളെഴുതുകയും ചെയ്തെങ്കിലും അധിക തഫ്സീറുകളിലും ഇത്തരം കൈകടത്തലുകള്‍ കാണപ്പെടുന്നു. ഇതവരുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയാകാം.
ഇമാം ബൈളാവി (ഹി.685) തന്റെ തഫ്സീറില്‍ പറഞ്ഞ ഒരു കാര്യം, ഹി.835 ല്‍ വഫാത്തായ ഇമാം ജലാലുദ്ദീന്‍ മഹല്ലി ശരിയാക്കിക്കൊടുക്കുന്നുണ്ട്. അതേ ഇമാം മഹല്ലി, ജംഉല്‍ ജവാമിന്റെ ശര്ഹില് ബൈളാവി ഇമാം പറഞ്ഞപോലെ പറയുകയും ചെയ്തിട്ടുണ്ട്. അത് ശരിയല്ല എന്ന് ബോധ്യപ്പെട്ടിട്ടും എന്ത്കൊണ്ടിങ്ങനെ പറഞ്ഞു. അവര്‍ക്ക് ശേഷം തെറ്റും ശരിയും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന അറിവുള്ളവര്‍ മാത്രമേ ഈ വിജ്ഞാനങ്ങളുമായി ബന്ധപ്പെടൂ എന്നവര്‍ വിചാരിച്ചു കാണും. ശേഷം അറിവുള്ളവനും അറിവില്ലാത്തവനും അടങ്ങുന്ന ജനവിഭാഗം ഈ ഗ്രന്ഥങ്ങള്‍ പരതുമെന്നവര് വിചാരിച്ചു കാണില്ല. എത്രത്തോളമെന്നാല്‍, തഫ്സീര്‍ ഗ്രന്ഥങ്ങളിലുള്ളതെല്ലാം വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുന്ന ഒരു വിഭാഗത്തെ നമ്മളിന്ന് കണ്ട്കൊണ്ടിരിക്കുകയാണല്ലോ. അറബിയിലെഴുതപ്പെട്ടതെല്ലാം ശരിയാണെന്ന് പോലും വിധിയെഴുതുന്നവര്‍!. ഇത്തരം കാര്യങ്ങള്‍ കൂടിക്കലര്‍ന്ന് വരുമ്പോള്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ അത് ദുരുപയോഗം ചെയ്യുകയും ഇസ്ലാമിനെ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യും. പൂര്‍വ്വീകരായ പണ്ഡിതരുടെ വൈജ്ഞാനിക യോഗ്യതകളെ ചോദ്യം ചെയ്യുകയും അവരെ പരിഹസിക്കുകയും ചെയ്യും. ഇത് ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്, അതിന്റെ ഭാഗമായാണ് അദ്ദേഹം ഈ ഗ്രന്ഥരചന നടത്തിയത്.
മറ്റൊരു കാരണം, തഫ്സീറുമായി മുന്നോട്ടുവന്ന സമകാലികരില്‍ ചിലര്‍ മിതത്വം പാലിച്ചു, ചിലര്‍ അദബ് പാലിച്ചു, ചിലര്‍ പൂര്‍വ്വീകരുടെ പാത സ്വീകരിച്ചു, മറ്റു ചിലര്‍ ഭൗതിക വാദികളോട് അടുത്ത് നിന്ന് എല്ലാത്തിലും നവീകരണം ആഗ്രഹിച്ചു, അതുവഴി ജനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവര്‍ പൂര്‍വ്വീകരെ പരിഹസിക്കുകയും അവര്‍ക്ക് തന്നെ വഹ്യ് ഇറങ്ങുന്നത് പോലുള്ള പല വ്യാഖ്യാനങ്ങളും നടത്തുകയും ചെയ്തു. അവര്‍ സത്യത്തില്‍ ഇസ്ലാമിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അവര്‍ പറയുന്നത്, കാഫിറുകളിലും സ്വാലീഹീങ്ങളും മുത്തഖീങ്ങളും ഉണ്ടെന്ന് ഖുര്‍ആന്‍ തന്നെ സ്ഥാപിക്കുന്നുണ്ടെന്നാണ്. കാഫിറായിരിക്കെ തന്നെ ഒരാള്‍ക്ക് ഇങ്ങനെയാകാം. ഇത് അല്ലാഹുവിന്റെ കലാം കൊണ്ടുള്ള കളിയാണ്. ഇത് മാസണിസ്റ്റുകള്ക്കും ഓറിയന്റലിസ്റ്റുകള്‍ക്കും ഇസ്ലാമിനെതിരെ വടി കൊടുക്കുന്നതിന് സമാനമാണ്. ചെറിയ ബുദ്ധിയുള്ള ആള്‍ക്ക് പോലും ഇക്കാര്യം മനസിലാകും. ഒരു കൊതുക് അതിന്റെ ചെറിയ തുമ്പികൈകൊണ്ട് വലിയ പര്‍വ്വതം പൊളിക്കാന്‍ ശ്രമിക്കുന്നതിന് സമാനമാണിത്. 'ഇസ്ലാമല്ലാത്ത മറ്റൊരു മതം ആരെങ്കിലുമന്വേഷിക്കുന്നുവെങ്കില്‍ അതയാളില്‍ നിന്നു തീര്‍ത്തും അസ്വീകാര്യമാണ്. പരലോകത്ത് അയാള്‍ നഷ്ടക്കാരനുമായിരിക്കും.' (ആലുഇംറാന് 85), ഈ നവീന വാദികള്‍ തഫ്സീറുകളില്‍ എഴുതിച്ചേര്‍ത്ത കാര്യങ്ങളെ തുറന്ന് കാട്ടലും അദ്ദേഹത്തിന്റെ ദൗത്യമായി മനസിലാക്കിയിരുന്നു.
ഖുര്‍ആന്‍ പരിഭാഷ: ഗ്രന്ഥകാരന്റെ വിക്ഷണത്തില്‍
ഖുര്‍ആന്‍ പരിഭാഷയുമായി ബന്ധപ്പെട്ടും ഗ്രന്ഥകാരന് വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നത്. അദ്ദേഹം തന്നെ അത് പങ്കുവെക്കുന്നതിങ്ങനെയാണ്. ചില പണ്ഡിതര്‍ ഖുര്‍ആനിന്റെ പരിഭാഷയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നു. ഒരു ഭാഷയില്‍ നിന്ന് ഒരു പദത്തെ അതില്‍ അടങ്ങിയിരിക്കുന്ന മുഴുവന്‍ സത്തകളോടെയും പൂര്‍ണ്ണമായും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നത് ഒരു മനുഷ്യന് കഴിയുന്ന പണിയല്ല എന്ന് മനസിലാക്കിയാല്‍ ഖുര്‍ആന്‍ പരിഭാഷയിലെ വിഡ്ഡിത്തം നമുക്ക് ബോധ്യമാകും. ഒരു മനുഷ്യന്റേത് കഴിയില്ലെങ്കില്‍ ജഗന്നിയന്താവായ അല്ലാഹുവിന്റെ നമ്മള് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളുള്‍ക്കൊള്ളുന്ന വാക്കുകളെ വിവര്‍ത്തനം ചെയ്യാന്‍ എങ്ങനെ ധൈര്യം തോന്നുന്നു. ഭാഷാ സാഹിത്യവും മുന്‍കാല ചരിത്രസംഭവങ്ങളും ഉള്‍ക്കൊണ്ടതും, അതുപോലൊന്ന് കൊണ്ടുവരാന്‍ ആ കാലക്കാരെ ഖുര്‍ആന്‍ വെല്ലുവിളിച്ചിട്ട് പോലും അവര്‍ക്കാര്‍ക്കും സാധിക്കാത്തതുമാണ്. അവര്‍ ഇതൊരു മാരണമാണെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്തത്. അത്കൊണ്ട് തന്നെ ഖുര്‍ആനിന്റെ അന്തസത്ത സാഹിത്യപരമായും ജ്ഞാനപരമായും ഉള്‍ക്കൊള്ളിച്ച് വിവര്‍ത്തനം ചെയ്യല്‍ അസാധ്യമാണ്.
ചിലര്‍ പറയുന്നത്, ഇതില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിട്ടില്ല, എങ്കില്‍ അത് വിവര്‍ത്തനമല്ല, വേറെ എന്തോ ആണ്. ഇങ്ങനെ അതിനെ, ഖുര്‍ആന്‍ വിവര്‍ത്തനം എന്ന് പറയുന്നത് കെട്ടിച്ചമക്കലല്ലേ. قُل إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُون അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ വിജയം വരിക്കുകയില്ല. (യൂനുസ്; 69).
ദ മീനിംഗ് ഓഫ് ദ ഗ്ലോറിയസ് ഖുര്‍ആന്‍ എന്ന പേരില്‍ ഖുര്‍ആനിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തിയ, അതിനായി കൈറോവിലേക്ക് പണ്ഡിതരുമായി കൂടിക്കാഴ്ച നടത്താന്‍ പലതവണ യാത്രകള്‍ നടത്തി പ്രയാസങ്ങള്‍ സഹിച്ച, പിക്താള് പോലും തന്റെ വിവര്‍ത്തനം കൃത്യമായില്ല എന്ന് അംഗീകരിക്കുന്നുണ്ട്. ഫ്രാന്‍സിലെ വിദ്യാഭ്യാസ വകുപ്പ് മാര്സീദ് എന്ന പണ്ഡിതനോട് ഖുര്‍ആനിലെ എളുപ്പമുള്ള 66 അദ്ധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ഏല്‍പ്പിച്ചപ്പോള്‍, അതിന് സാധ്യമല്ലെന്നും, ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ അതിന്റെ അകവും പുറവും, അതിന്റെ സ്രഷ്ടാവിനെ കുറിച്ചും മനസിലാക്കണം എന്ന് പറയുകയും ചെയ്തു. ഇവയുടെയെല്ലാം വെളിച്ചത്തില്‍ ഖുര്‍ആന്‍ പരിഭാഷ എന്നത് അസാധ്യമാണ് എന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.
ചുരുക്കത്തില്‍, തങ്ങളുടെ അറിവും അനുഭവജ്ഞാനവും കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൂട്ടിച്ചേര്‍ത്ത് രചിച്ച ഈ ഗ്രന്ഥം ലോകശ്രദ്ധയാകര്‍ഷിക്കേണ്ടത് തന്നെയാണ്. ഇതേകുറിച്ചുള്ള പഠനങ്ങളും മനനങ്ങളും ചര്‍ച്ചകളും ഇനിയും ഏറെ നടക്കേണ്ടതുണ്ട്. ലോകശ്രദ്ധ നേടാനായാല്‍, മുസ്ലിം ലോകത്തിന് കേരളത്തിന്റെ വലിയൊരു സംഭാവനയായി അത് മാറുക തന്നെ ചെയ്യും.
1 Comments
-
السلام عليكم ورحمة الله നല്ല ഒരു കുറിപ്പാണ് മുകളിൽ കൊടുത്തിട്ടുള്ളത്. മഹത്തായ തഫ്സീറിനെ കുറിച്ചും വന്ദ്യരായ അതിൻറെ രചയിതാവിനെ കുറിച്ചുമുള്ള അർത്ഥവത്തായ വിശകലനം . കുറിപ്പുകാരൻ സയ്യിദ് മുഹ്സിൻ തങ്ങൾ വളരെ അഭിനന്ദനം അർഹിക്കുന്നു. الله അദ്ദേഹത്തിന് തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ .... ഒന്ന് രണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ . 1. "പാനൂർ തങ്ങളുടെ വൈജ്ഞാനിക വ്യക്തിത്വം" എന്ന ഹെഡ്ഡിങ്ങിൽ മൂന്നാം നമ്പർ ആയി "ഖുർആൻ പണ്ഡിതൻ എന്നതിലുപരി ഹദീസ്, കർമ്മശാസ്ത്രം സാമൂഹിക ശാസ്ത്രം ചരിത്രം ശാസ്ത്രം തർക്കശാസ്ത്രം ഇസ്ലാമിക പഠനങ്ങൾ എന്നീ മേഖലയിലെല്ലാം അറിവുണ്ടായെങ്കിലേ ശരിയായ ഖുർആൻ വ്യാഖ്യാനം സാധ്യമാകൂ എന്ന് മനസ്സിലാക്കി അതിനു വേണ്ടി ശ്രമിച്ചു" എന്നിങ്ങനെ കാണാം. യഥാർത്ഥത്തിൽ അങ്ങനെയല്ലല്ലോ. അത് "വിശുദ്ധ ഖുർആനിലും അതിൻറെ വ്യാഖ്യാനത്തിലുമുള്ള അഗാധ പാണ്ഡിത്യത്തിനു പുറമേ" മേൽപ്പറഞ്ഞവയിലെല്ലാം അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന് മാറ്റി കൊടുത്താൽ കുറച്ചുകൂടെ നന്നായിരിക്കും എന്ന് തോന്നുന്നു. 2. ഇമാം ബൈളാവി (റ) പറഞ്ഞതിനെ ജലാലുദ്ദീൻ മഹല്ലി (റ) തിരുത്തി കൊടുക്കുന്നത് ജമുൽ ജവാമിയിൽ ആണ് . അതേ മഹല്ലി ഇമാം തന്നെ തഫ്സീർ രചിക്കുമ്പോൾ ബൈളാവി ഇമാമിന്റെ അതേ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു എന്നിങ്ങനെയാണ് വന്ദ്യരായ ഉസ്താദ് അലാഹാമിശിന്റെ മുഖദ്ദിമയിൽ പറഞ്ഞിരിക്കുന്നത് എന്നാണ് എൻറെ ഓർമ്മ. അതും ഒന്ന് നോക്കി ഉറപ്പുവരുത്തി തിരുത്തി കൊടുത്താൽ നന്നായിരിക്കും.
Leave A Comment