ഒന്നും നിസ്സാരവല്‍കരിക്കരുത്
അബൂഹുറൈറ(റ) പറയുന്നു: ''ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരോടൊപ്പം നടന്നുപോകുകയായിരുന്നു. ഞങ്ങള്‍ രണ്ടു ഖബറുകള്‍ക്കരികെയെത്തി. നബി(സ) അവിടെ നിന്നു; ഞങ്ങളും നിന്നു. നബി(സ)യുടെ മുഖം വിവര്‍ണ്ണമായി. നബി(സ)യുടെ കുപ്പായക്കൈ വിറക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: ''എന്തു സംഭവിച്ചു അല്ലാഹുവിന്റെ ദൂതരേ!'' നബി(സ) പറഞ്ഞു: ''ഞാന്‍ കേള്‍ക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ?'' ഞങ്ങള്‍ കാര്യമന്വേഷിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു:''ഈ ഖബറാളികള്‍ അവരുടെ ഖബറുകളില്‍ കഠിനമായി ശിക്ഷിക്കപ്പെടുന്നുണ്ട്. നിസ്സാരമാണ് കാര്യം.'' ഞങ്ങള്‍ കാരണം ചോദിച്ചു. നബി(സ) പറഞ്ഞു: ''ഇവരിലൊരാള്‍ മൂത്രമൊഴിച്ചാല്‍ വൃത്തിയാക്കുകയില്ലായിരുന്നു. മറ്റേയാള്‍ തന്റെ നാക്കു കൊണ്ട് ആളുകളെ ശല്യപ്പെടുത്തുമായിരുന്നു. അവന്‍ ജനങ്ങള്‍ക്കിടയില്‍ ഏഷണിക്കാരനായിരുന്നു.'' ഇതു പറഞ്ഞ് നബി(സ) ഈത്തപ്പനമട്ടലിന്റെ രണ്ടു കഷ്ണം കൊണ്ടുവരാന്‍ പറഞ്ഞു. ഓരോന്നും ഓരോ ഖബറിനുമുകളിലും നാട്ടി. ഞങ്ങള്‍ ചോദിച്ചു: ''ഇത് ഖബറിലുള്ളവര്‍ക്ക് വല്ല പ്രയോജനവും ചെയ്യുമോ?'' നബി(സ) പറഞ്ഞു: ''ഈ കമ്പുകള്‍ ഉണങ്ങാതിരിക്കുന്ന കാലത്തോളം അവര്‍ക്ക് രണ്ടു പേര്‍ക്കും ശിക്ഷ ലഘൂകരിക്കപ്പെടുന്നതാണ്.''(ഇബ്‌നുഹിബ്ബാന്‍)
നാട്ടുനടപ്പ്, ജീവിതശീലം, പ്രശ്‌നമാക്കാതിരിക്കല്‍  തുടങ്ങിയ കാരണത്താല്‍ തെറ്റായ പല കാര്യങ്ങളും നിസ്സാരവല്‍കരിക്കുന്ന-തെറ്റല്ലാതെ കാണുന്ന- പ്രവണത ആളുകളിലുണ്ട്. ഗൗരവപ്പെടേണ്ട ധാരാളം നീചവൃത്തികള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമായി ചെയ്തുകൂട്ടുന്നു. അതുപോലുള്ള രണ്ടു കാര്യങ്ങളാണ് ഹദീസിലെ പരാമര്‍ശ വിഷയം. മൂത്രമൊഴിച്ചാല്‍ വൃത്തിയാക്കാതിരിക്കുന്നതും വൃത്തിയാക്കുന്നുവെങ്കില്‍ തന്നെ അതു പൂര്‍ണനിലയിലാവാതിരിക്കുന്നതുമാണ് അതിലൊന്ന്. മൂത്രം മലിനമാണ്. മനുഷ്യശരീരം, വസ്ത്രം, ബന്ധപ്പെടുന്ന വസ്തുക്കള്‍, സ്ഥലം എല്ലാം മാലിന്യമുക്തമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു.
വൃത്തി വിശ്വാസത്തിന്റെ അര്‍ദ്ധഭാഗമാണ്. വൃത്തിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. നിസ്‌കാരം സാധുവാകണമെങ്കില്‍ ശരീരം, വസ്ത്രം, നിസ്‌കരിക്കുന്ന സ്ഥലം എന്നിവ മാലിന്യമുക്തമായിരിക്കണമെന്നത് പ്രത്യേക നിബന്ധനയാണല്ലോ! മൂത്രമൊഴിക്കാനും വൃത്തിയാക്കാനും ഇസ്‌ലാമിക മര്യാദകളും നിബന്ധനകളുമുണ്ട്. ഇരുന്ന് മൂത്രമൊഴിക്കുക, പാദരക്ഷ ധരിക്കുക, തല മറക്കുക, മൂത്രം പൂര്‍ണമായും ഒഴിഞ്ഞുപോയി എന്ന് ഉറപ്പുവന്ന ശേഷം വെള്ളം കൊണ്ടോ കല്ലു കൊണ്ടോ വൃത്തിയാക്കുക എന്നിവ അതില്‍പെട്ട കാര്യങ്ങളാണ്. നമ്മുടെ സമൂഹത്തിലെ യുവജനങ്ങളില്‍ രണ്ടു തരക്കാരെ കാണാം-മൂത്രമൊഴിച്ചാല്‍ തീരെ ശുദ്ധിവരുത്താത്തവര്‍ ഒരു വിഭാഗം, മറ്റുചിലര്‍ ശുദ്ധിവരുത്തുന്നുവെങ്കിലും പൂര്‍ത്തിയാക്കാത്തവര്‍. രണ്ടു വിഭാഗവും തിരുനബി(സ) പറഞ്ഞതനുസരിച്ച് കുറ്റക്കാര്‍ തന്നെ. ടൈറ്റ്ഫിറ്റ്പാന്റ്‌സ് ധരിക്കുന്നവരാണല്ലോ ആധുനിക ചെറുപ്പക്കാരിലധികവും. നിന്ന് മൂത്രമൊഴിക്കുന്ന സമ്പ്രദായം കൂടുതലും കാണുന്നത് അവരിലാണ്. വൃത്തിയാക്കലും അവര്‍ നിന്നുകൊണ്ടു തന്നെ ചെയ്യുന്നു. അത് അവരുടെ വസ്ത്രങ്ങളില്‍ നെജസ് തെറിക്കാന്‍ കാരണമാകുന്നു. അവരതില്‍ തന്നെ നിസ്‌കരിക്കുകയും ചെയ്യുന്നു. പലരും ഇത് ഗൗരവത്തോടെ കാണുന്നില്ല. മനുഷ്യന്‍ നിസ്സാരവല്‍കരിക്കുന്ന രണ്ടാമത്തെ കാര്യം 'നമീമത്ത്' അഥവാ ഏഷണി പറയലാണ്. വ്യക്തികള്‍ക്കിടയില്‍ ശൈഥില്യം, ശത്രുത, വഴക്ക് എന്നിവക്ക് നിമിത്തമാകുന്ന സാമൂഹ്യദുരന്തമാണ് ഏഷണിപറയല്‍. ദുരുദ്ദേശത്തോടെ ഒരാള്‍ പറഞ്ഞത് മറ്റൊരാളോട് പറയുക, പറയാത്തത് പറയുക ഇതൊക്കെ ഏഷണിയാണ്. വ്യക്തികള്‍ തമ്മില്‍ വിരോധമുണ്ടാകാനും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനും ഇതു കാരണമാകുന്നു. പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കാനുള്ള ശ്രമമാണ് സത്യവിശ്വാസികള്‍ നടത്തേണ്ടത്.
വിശുദ്ധഖുര്‍ആന്‍ കല്‍പ്പിച്ച കാര്യമാണത്. അതിന്ന് വിരുദ്ധമായ സമീപനം അക്ഷന്തവ്യമായ അപരാധമാകുന്നു. അബ്ദുല്ലാഹിബ്‌നു ബുസ്ര്‍(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: അസൂയക്കാരനും ഏഷണിക്കാരനും മാരണക്കാരനും എന്നില്‍പെട്ടവരല്ല. ഞാന്‍ അവരില്‍പെട്ടവനുമല്ല. ആളുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ദീനിനെ നശിപ്പിക്കുന്ന മാരകമായ വിപത്താണെന്ന് നബി(സ) പ്രസ്താവിച്ചിരുന്നു. നബി(സ) പറഞ്ഞു: ''നോമ്പ്, നിസ്‌കാരം, ദാനധര്‍മ്മം എന്നിവയേക്കാള്‍ ശ്രേഷ്ടമായത് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെ. സ്വഹാബികള്‍ സമ്മതംമൂളി. നബി(സ) പറഞ്ഞു: ''വ്യക്തികള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുക; കാരണം വ്യക്തികള്‍ക്കിടയിലെ ഭിന്നിപ്പ് ഗൗരവമുള്ള (വരണ്ടിക്കളയുന്ന) കാര്യമാണ്. മുടിയെ വരണ്ടിക്കളയുന്ന എന്നല്ല ഞാന്‍ പറഞ്ഞത്. ദീനിനെ നശിപ്പിച്ചുകളയുന്നത്, എന്നാണ്'' (തുര്‍മുദി) ഉണങ്ങാത്ത മരക്കൊമ്പ്, ചെടി എന്നിവ ഖബറിന്മേല്‍ നടുന്നത് നല്ലതാണെന്നും ഉണങ്ങാതിരിക്കുന്ന കാലത്തോളം അവ ഖബറിലെ വ്യക്തിക്ക് പാപമോചനം തേടുമെന്നും തിരുവചനത്തിന്റെ സൂചനകളാണ്. സസ്യലതാതികള്‍ പ്രാര്‍ത്ഥിക്കുമെന്നും പ്രസ്തുത പ്രാര്‍ത്ഥന സ്വീകരിച്ച് ഖബറാളികള്‍ക്ക് അല്ലാഹു ശിക്ഷാലഘൂകരണം നല്‍കുമെന്നും ഉണ്ടെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടി മനുഷ്യന്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ തീര്‍ച്ചയായും അല്ലാഹു സ്വീകരിക്കുമെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter