ഏകിയത് എങ്ങനെയും എത്തും

അബൂ യഅ്ഖൂബ് അൽഅഖ്ത്വഅ് അൽ ബസ്വരി (റ) പറയുന്നു:

ഞാൻ ഹറമിൽ ഭക്ഷണമൊന്നും കഴിക്കാതെ ഇരിക്കുകയായിരുന്നു. പത്തു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ക്ഷീണം തോന്നി. ഞാൻ വാദിയിലേക്ക് പുറപ്പെട്ടു. എന്തെങ്കിലും ക്ഷീണമകറ്റാൻ കിട്ടുമോ എന്ന് അന്വേഷിക്കാനായിരുന്നു. അവിടെ ആരോ വലിച്ചെറിഞ്ഞ മധുരമുള്ളങ്കി കണ്ടു. ഞാനത് കെയിലെടുത്തു. പക്ഷേ, എനിക്കതിനോടു ഒരു മടുപ്പ് അനുഭവപ്പെട്ടു. ആരോ പറയുന്നതു പോലെ: ‘പത്തു ദിവസം നീ പട്ടിണി കിടന്നിട്ട് അവസാനം നിനക്ക് കിട്ടിയത് ഒരു ചീഞ്ഞ മധുരമുള്ളങ്കിയാണോ’. ഞാൻ അത് അവിടെ തന്നെയിട്ടു. നേരെ പള്ളിയിലേക്ക് നടന്നു. അവിടെ ഇരിന്നു.

അപ്പോഴതാ ഒരു അപരിചിതൻ എന്‍റെയടുത്ത് ഒരു സഞ്ചിയുമായി വരുന്നു. അദ്ദേഹം പറഞ്ഞു: “ഈ സഞ്ചി താങ്കൾക്കുള്ളതാണ്.”

ഞാൻ ചോദിച്ചു: “എന്തു കൊണ്ടാണ് എനിക്ക് മാത്രം ഇത് തരുന്നത്?”

അദ്ദേഹം കഥ പറഞ്ഞു: “ഞങ്ങൾ പത്തു ദിവസമായി കടലിൽ യാത്രയിലായിരുന്നു. ഞങ്ങളുടെ കപ്പൽ മുങ്ങുന്ന അവസ്ഥയിലെത്തി. രക്ഷപ്പെട്ടാൽ എന്തെങ്കിലും സ്വദഖ ചെയ്യുമെന്ന് ഞങ്ങൾ ഓരോരുത്തരും നേർച്ച നേർന്നു. ഹറമിൽ വരുമ്പോൾ ആദ്യം കാണുന്നവന് ഈ സഞ്ചിമുഴുവൻ ദാനം ചെയ്യണമെന്നാണ് ഞാൻ നേർച്ച നേർന്നത്. ഞാൻ ആദ്യം കണ്ടത് താങ്കളെയാണ്.”

ഞാനദ്ദേഹത്തോട് അത് തുറക്കാൻ പറഞ്ഞു. തുറന്നു നോക്കുമ്പോൾ അതിൽ ഈജിപ്ഷ്യൻ സമീദ് കേക്ക്, തൊലി കളഞ്ഞ ബദാം, ശർക്കര എന്നിവയായിരുന്നു ഉണ്ടായിരുന്നത്. ഞാൻ എല്ലാറ്റിൽനിന്നും അൽപം എടുത്തിട്ട് ആഗതനോടു പറഞ്ഞു: ബാക്കിയുള്ളത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൊണ്ടു പോയി കൊടുക്കുക. ഇത് എന്‍റെ വക ഹദ്‍യ ആയിക്കോട്ടെ.

ഞാൻ ആലോചിക്കുകയായിരുന്നു. എനിക്ക് അല്ലാഹു ഏകിയ ഭക്ഷണം പത്തു ദിവസമായി എന്‍റെയടുത്തേക്ക് സഞ്ചരിക്കുകയായിരുന്നു. ഞാനാകാട്ടെ അത് വാദിയിൽ പോയി നോക്കുകയും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter