ബൈബിളിന്റെ സ്വീകാര്യത

തൗറാത്തിനെയും ഇഞ്ചീലിനെയും ഖുര്‍ആന്‍ അംഗീകരിക്കുകയും ശരിവെക്കുകയും ചെയ്തിട്ടുണ്ടെന്നത് എത്രയും സ്പഷ്ടമത്രെ. ആര്‍ക്കുമതില്‍ ഭിന്നാഭിപ്രായങ്ങളില്ല. 2:136, 2:89, 3:3-4, 5: 46, 42:13 തുടങ്ങിയ ഒട്ടേറെ വരികളില്‍ ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സാക്ഷാല്‍ തൗറാത്തിനെയും ഇഞ്ചീലിനെയും കുറിച്ചാണല്ലോ ഇങ്ങനെ പറഞ്ഞിട്ടുള്ളത്. അവ രണ്ടും ഇന്ന് നിലവിലുണ്ടോ? ഇന്ന് ഉപയോഗിക്കപ്പെടുന്ന ബൈബിള്‍ സാക്ഷാല്‍ വേദഗ്രന്ഥങ്ങള്‍ തന്നെയാണോ? അവ എന്ന്, എപ്പോള്‍ എഴുതപ്പെട്ടു? ആരാണിതിന്റെ കര്‍ത്താക്കള്‍? ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സവിസ്തരമായി ചര്‍ച്ചചെയ്യാന്‍ വലിയൊരു ഗ്രന്ഥംതന്നെ വേണം. ഇവിടെ ചുരുക്കി പറയാം.

ആദ്യമായി തൗറാത്ത് (ബൈബിള്‍ പഴയ നിയമം) തന്നെയെടുക്കുക. മൂസാ നബിയില്‍നിന്ന് അല്ലാഹു നല്‍കിയതാണല്ലോ ഈ ഗ്രന്ഥം. എന്നാല്‍, ഇന്ന് സാര്‍വത്രികമായ പഴയ നിയമത്തിലെ ഉല്‍പത്തി, പുറപ്പാട്, ലേവ്യപുസ്തകം, സഖ്യാപുസ്തകം, ആവര്‍ത്തന പുസ്തകം എന്നീ അഞ്ചെണ്ണമാണ് സാക്ഷാല്‍ തൗറാത്ത്. വേറെയും 34 പുസ്തകങ്ങള്‍ ഇന്ന് 'പഴയനിയമ' സമുച്ചയത്തില്‍ കാണാം.

ഈ അഞ്ചെണ്ണത്തിനു പുറമെ എത്ര ഭാഗങ്ങളുണ്ട് ഇന്നത്തെ പഴയ നിയമത്തില്‍? നമുക്കറിയില്ല. ആ വേദഗ്രന്ഥത്തിന്റെ അനുയായികള്‍ പോലും അക്കാര്യത്തില്‍ തീര്‍ത്തും അജ്ഞരാണ്. യേശുത്രിസ്തുവിന്റെ ആഗമനാനന്തരം പോലും അവരതില്‍ ഏകാഭിപ്രായക്കാരായിരുന്നില്ല.

'പഴയ നയമത്തില്‍ എത്ര ഭാഗങ്ങളുണ്ടെന്നതിനെ തിട്ടപ്പെടുത്താന്‍ ജംനിയ്യ എന്ന പട്ടണത്തില്‍ യഹൂദാചാര്യന്മാര്‍ സംഘം ചേര്‍ന്നു (എ.ഡി. 90). അതനുസരിച്ച് ഹിബ്രു ബൈബിളില്‍ ഇരുപത്തിനാല് വിഭാഗങ്ങളുണ്ട്... (വേറെയൊരു നിലക്ക് കൂട്ടിയാല്‍) ഹിബ്രുബൈബിളില്‍ 39 കൃതികളുണ്ടെന്നു വരും. ബിസി ഒന്നാം നൂറ്റാണ്ടില്‍ ഈജിപ്തിലെ യഹൂദര്‍ വായിച്ചുപോന്ന ഗ്രീക്കു ബൈബിളില്‍ ജുഡിത്, സുഭാഷിതങ്ങള്‍, മക്കാബികള്‍ ആദിയായ ഏഴു പുസ്തകങ്ങളും എസ്തര്‍, ദാനിയേല്‍ മുതലായ ഗ്രന്ഥങ്ങളില്‍ ചില അദ്ധ്യായങ്ങളും വാക്യങ്ങളും കൂടുതലുണ്ട്. ഈ ബൈബിളാണ് യേശുവും ശിഷ്യന്മാരും ആദിമ സഭയും ഉപയോഗിച്ചത്. എങ്കിലും നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ഹീബ്രു ബൈബിളിലില്ലാത്ത ഭാഗങ്ങളെപ്പറ്റി തര്‍ക്കമുയര്‍ന്നു. ഒടുവില്‍ അവയും വിശുദ്ധ ഗ്രന്ഥങ്ങളായി എല്ലാവരും അംഗീകരിച്ചു (വിശ്വവിജ്ഞാന കോശം വോള്യം 9, പേ 190).

മൂസക്കിറക്കപ്പെട്ട തൗറാത്ത് ബിസി 684-85 ല്‍ ഹിബ്രൂവില്‍നിന്ന് ഗ്രീക്കിലേക്ക് പരിഭാഷ ചെയ്യപ്പെട്ടപ്പോള്‍ 72 ജൂതപുരോഹിതന്മാര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് ഭാഗങ്ങളായി തിരിക്കുകയാണുണ്ടായത്. അധ്യായങ്ങളും സൂക്തങ്ങളുമായി വിഭജിച്ചതാവട്ടെ ക്രിസ്തബ്ധം 124 ല്‍ കര്‍ദിനാള്‍ ഹോഗോയായിരുന്നു. പഴയ നിയമം ശേഖരിക്കപ്പെട്ടതിനെ പറ്റി ശക്തമായ അഭിപ്രായവ്യത്യാസം നിലവിലുണ്ട്. സര്‍വ്വോപരി അവയുടെ പ്രാമാണികതയെക്കുറിച്ച തര്‍ക്കം (തൗറാത്ത്-സയ്യിദ് മഅറൂഫ് ശാ ശീറാസി).

പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്ത ഒട്ടേറെ ഭാഗങ്ങള്‍ തൗറാത്തിലുണ്ടെന്ന് അംഗീകരിക്കാതെ പറ്റില്ലെന്ന് റവറന്റ് ഹാണ്‍ രേഖപ്പെടുത്തുന്നു. ജോണ്‍ കിലോ തന്റെ വിജ്ഞാന കോശത്തില്‍ ഇങ്ങനെയാണ് എഴുതുന്നത്: കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെയും, മറ്റുള്ളവയൊക്കെ വാസ്തവമാണെന്നു വെക്കുന്നതും ശരിയാകില്ല. എന്തു കൊണ്ടെന്നാല്‍ ആ കൂട്ടിച്ചേര്‍ത്തവര്‍ തന്നെ മറ്റു ഭാഗങ്ങളിലും കൈകടത്തിയിരിക്കാന്‍ സാധ്യതയുണ്ട് (വാനലോക ഗ്രന്ഥങ്ങള്‍-ഒരു പഠനം-പേ 36, ശൈഖ് ഗൗദി ശാഹ്).

നിയമപുസ്തകത്തിന്റെ പ്രാമാണികതയും വിശ്വസ്തതയും ചരിത്രത്തിലുടനീളം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ബഹുശ്ശതം തെളിവുകള്‍ കാണാം: ക്രിസ്താബ്ധം 383 ല്‍ റോമിലെ പോപ്പ് ഡിമോസസ്, ബൈബിളിന്റെ പ്രാമാണികമായ പരിഭാഷ തയ്യാറാക്കാന്‍ ഹിബ്രൂവും എന്നൊരു പണ്ഡിതനെ ഏര്‍പ്പാട് ചെയ്തു. സിറിയയില്‍ പോയി ബൈബിളിന്റെ ഹിബ്രൂ കോപ്പികള്‍ പരതിപ്പിടിച്ചിട്ട് (ഹിബ്രൂ മൂലം ആദ്യം നഷ്ടപ്പെട്ട ശേഷം അര്‍മീനിയന്‍ ഭാഷയില്‍ പുനക്രോഡീകരണം നല്‍കപ്പെട്ട ബൈബില്‍ പിന്നീട് ഗ്രീക്കിലേക്ക് വിവര്‍ത്തിതമായി. അത് മുന്നില്‍ വെച്ച് വീണ്ടും തയ്യാറാക്കപ്പെട്ടതായിരുന്നു ഹിബ്രൂ വതിപ്പെന്ന് ഓര്‍ക്കുക.) ജൂത പണ്ഡിതരുടെ സഹായത്തോടെ അദ്ദേഹം ഒരു ലാറ്റിന്‍ പരിഭാഷ തയ്യാറാക്കി. 1522 വരെ പ്രചാരത്തിലിരുന്ന ഇതിനെ പറ്റി ഫാദര്‍ ടോംസ് പറയുന്നു: ഹിബ്രൂമിന്നു പുരാതനമായ പകര്‍പ്പുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതിന്റെ സത്യസന്ധത സുനിശ്ചിതമല്ല (ദൈവികഏടുകള്‍-സയ്യിദ് നവാബലി).

ഒന്നു മുതല്‍ ആറുവരെ ശതകങ്ങള്‍ക്കിടയില്‍ വെളിച്ചം കണ്ട തൗറാത്തിന്റെ പ്രതികളത്രയും പരസ്പര വിരുദ്ധങ്ങളും സംശയാസ്പദങ്ങളുമായിരുന്നു. ഏഴാം ശതകത്തില്‍ ബാബിലോണിയയിലും ഡൈബ്രീസിലും യഹൂദര്‍ പാഠശാലകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. അന്നവിടെ വ്യത്യസ്ത ബൈബിളുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. അവ യഥാക്രമം ഓറിയന്റെല്‍ (പൗരസ്ത്യ) റീഡിം, ഓക്‌സിഡന്റല്‍ (പാശ്ചാത്യ) റീഡിംഗ് എന്നീ വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടു. ബാഹ്യമായൊരു വീക്ഷണത്തില്‍തന്നെ എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍ ഇവക്കിടയില്‍ 220 വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടായപ്പോഴേക്കും ഈ വൈരുദ്ധ്യങ്ങള്‍ 864 ആയി വര്‍ദ്ധിച്ചു. ലൂയിസ് കേപ്പിളും ബിഷപ്പ് വാട്ടിനും ഈ യാഥാര്‍ഥ്യം അംഗീകരിക്കുകയും പഴയ നിയമം തിരുത്തി എഴുതാന്‍ പുതിയ ഒരു മാനദണ്ഡം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. 1588-1705 കാലത്ത് പ്രസിദ്ധീകൃതമായ പ്രതികളില്‍ രണ്ടായിരത്തിലേറെ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു (തൗറാത്ത്-മഅറൂഫ് ഷാ ശീറാസി).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter