വൃത്തി അടുക്കളയില്‍നിന്നു തുടങ്ങണം

വൃത്തിയും വെടിപ്പും ആഗ്രഹിക്കാത്തവരുണ്ടോ? അടുക്കും ചിട്ടയുമുള്ള വീടും പരിസരവും എത്ര മനോഹരമാണ്. ചില വീടുകളിലേക്ക് കേറിചെല്ലുമ്പോള്‍ തന്നെ അറിയാം ആ വീട്ടിലെ 'വൃത്തി'യും 'ചിട്ട'യും.  കാഴ്ചക്ക് മനോഹരവും കൊള്ളാവുന്നതുമായ ഒരു വലിയ വീട്. പക്ഷെ അകത്ത് വാരി വലിച്ചിട്ട വസ്ത്രങ്ങള്‍, അലങ്കോലപ്പെട്ടുകിടക്കുന്ന ഫര്‍ണിച്ചറുകള്‍, കുട്ടികളുടെ വക ചുമരുകളില്‍ കരി-ചെളിയുടെ ഭൂപടങ്ങള്‍, മുക്കുമൂലയില്‍ എട്ടുകാലിയുടെ 'നെറ്റ്‌വര്‍ക്കുകള്‍'..... അങ്ങനെ ആ മഹിമ നീണ്ടുപോവും.

ഇനി നമുക്ക് മറ്റൊരു വീടിന്റെ അവസ്ഥ നോക്കാം. സൗകര്യങ്ങള്‍ കുറഞ്ഞ കൊച്ചു വീടാണെങ്കിലും ഉള്ളത് ചിട്ടയോടെ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. വൃത്തികേടുകള്‍ എവിടെയുമില്ല. അവിടേക്ക് കയറിച്ചെന്നാല്‍ തന്നെ മനസ്സിനൊരു ശാന്തിയും കുളിര്‍മയും തോന്നും.
ഇത് മഴക്കാലമാണ് പ്രത്യേകിച്ച് വീട്ടുപരിസരങ്ങള്‍ ചെളിപുരണ്ട് കിടക്കുകയായിരിക്കും. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഇക്കാലമത്രെയും ആരോഗ്യ പ്രവര്‍ത്തകരും മറ്റും പറഞ്ഞിരുന്നത്. ഈ വര്‍ഷം മുതല്‍ നാടായ നാടൊക്കെ ''മഴക്കുഴി''കള്‍ നിര്‍മിക്കാന്‍ പ്രചരണം നടത്തുകയാണവര്‍. നമ്മുടെ ചുറ്റുവട്ടത്തില്‍ പെയ്യുന്ന മഴവെള്ളം ഒരു കുഴിയിലേക്ക് ശേഖരിച്ച് ഭൂമിയിലേക്ക് താഴ്ന്നു പോകാനനുവദിക്കുക. നല്ലതു തന്നെ. പക്ഷെ, ഇതൊരു കൊതുകു വളര്‍ത്തു കേന്ദ്രമാകാതെ നോക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ ചെന്നുവീണ് അപകടം പിണയാതിരിക്കാനും മുന്‍കരുതല്‍ വേണം.

മഴക്കാലത്ത് ഒരുപാട് അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മിക്കതിനും കാരണം വൃത്തിയുടെ അഭാവം തന്നെ. പനി, ജലദോഷം, ചുമ, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പ്രധാന അസുഖങ്ങള്‍. മഴ നനയാതിരിക്കുക, വൃത്തിയുള്ള വസ്ത്രംധരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ഭക്ഷണങ്ങള്‍ ചൂടോടെ കഴിക്കുക, തുടങ്ങിയവയാണ് ഈ അസുഖങ്ങള്‍ക്കെതിരെ മുന്‍കരുതലുകളായി ചെയ്യേണ്ടത്.

കുടുംബാന്തരീക്ഷത്തില്‍ വൃത്തിയുടെ കാര്യം ശ്രദ്ധിക്കേണ്ട പ്രധാന ഉത്തരവാദിത്വം സ്ത്രീകള്‍ക്കാണ്. പുരുഷനും ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറാനാവില്ല. ഉപ്പയുടെയും ഉമ്മയുടെയും ശീലങ്ങളാണ് കുട്ടികള്‍ ജീവിതത്തില്‍ പകര്‍ത്തുക. സ്‌കൂളില്‍ നിന്ന് വന്ന് യൂണിഫോം പോലും മാറാതെ മുറ്റത്തേക്ക് കളിക്കാനിറങ്ങുന്ന കുട്ടിയെ ഉപദേശിക്കണം. വൃത്തിയും വെടിപ്പുമുള്ള കുടുംബന്തരീക്ഷത്തില്‍ വളരുമ്പോഴേ അല്‍പമെങ്കിലും വൃത്തി വേണമെന്ന് കുട്ടികള്‍ പഠിക്കൂ.

വീടിന്റെ വൃത്തി അടുക്കളയില്‍ നിന്നാണ് തുടങ്ങേണ്ടത്. പാത്രങ്ങള്‍, അലമാരകള്‍, അടുപ്പും പരിസരവും, ഡൈനിംഗ് ടേബിള്‍ എല്ലാം വൃത്തിയായിരിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയില്‍ സൂക്ഷിച്ചു വെക്കരുത്. അതുപോലെ ഭക്ഷണം കഴിച്ചപാത്രങ്ങള്‍ ഉടനടി വൃത്തിയാക്കണം. മത്സ്യം, മാംസം പച്ചക്കറികള്‍ തുടങ്ങി സകല വസ്തുക്കളും നന്നായി കഴുകിയതിനു ശേഷം മാത്രം പാകം ചെയ്യാവൂ. ഉപ്പ്, പഞ്ചസാര, മസാലപ്പൊടികള്‍, തുടങ്ങിയവ സൂക്ഷിച്ചു വെക്കുന്ന ബോട്ടിലുകള്‍ ഇടക്കിടെ കഴുകി വൃത്തിയാക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈയും വായയും നന്നായി കഴുകി വൃത്തിയാക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഭക്ഷണം ബാക്കിയാവാന്‍ ഇടവരാതെ കൃത്യമായ അളവില്‍ പാചകം ചെയ്യാന്‍ കുടുംബിനികള്‍ ശീലിക്കണം. അടുക്കളയിലെത്തുന്ന കുടി വെള്ളമാണ് മറ്റൊന്ന്. കുടിവെള്ളം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരുപാട് രോഗാണുക്കള്‍ ശരീരത്തിലേക്ക് കേറിക്കൂടും. വെള്ളപ്പാത്രം സദാ സമയവും മൂടി വെക്കുക. കുടിക്കുന്നത് ഫില്‍ട്ടറിലൂടെ ശുദ്ധീകരിച്ചതോ ചൂടുവെള്ളമോ ആയിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

നാം താമസിക്കുന്ന വീട് നമ്മുടെ സ്വന്തമാണ്. അതിന്റെ പരിചാരകരും നാം തന്നെ. അതിരാവിലെ എണീറ്റ് മുറ്റവും പരിസരവും വൃത്തിയാക്കുന്ന പെണ്‍കുട്ടികള്‍ ഇന്ന് അപൂര്‍വകാഴ്ചയായിരിക്കുന്നു. ചപ്പുചവറുകള്‍ വീടിനു ശല്യമാകാത്ത വിധത്തില്‍ ദൂരെ നിക്ഷേപിക്കുക. അതുപോലെ അടുക്കളയില്‍ നിന്നും ബാത്ത്‌റൂമില്‍ നിന്നും പുറത്തുവരുന്ന മലിന ജലത്തിനെതിരെയും മുന്‍കരുതല്‍ വേണം. മുറ്റം ഒരു പ്രാവശ്യം തൂത്തുവാരാം. പക്ഷെ വീടിന്റെ അകം ദിവസത്തില്‍ രണ്ടുപ്രാവശ്യം തൂത്തുവാരാനും, ഒരു പ്രാവശ്യമെങ്കിലും നനച്ച് തുടക്കാനും ശ്രദ്ധിക്കണം. അകത്ത് കുട്ടികള്‍ മൂത്രമൊഴിക്കുകയോ, വിസര്‍ജനം നടത്തുകയോ ചെയ്താല്‍ അത് വൃത്തിയാക്കുന്നതില്‍ കാലവിളംബം വരുത്താതിരിക്കുക. അതുപോലെ കുട്ടികളെ നഗ്നരാക്കി കളിക്കാന്‍ വിടുന്ന ചില മാതാക്കളുണ്ട്. ഇതൊരു നിസ്സാരകാര്യമായി കാണാന്‍ പാടില്ല. അടിവസ്ത്രങ്ങളെങ്കിലും അവരെ സദാ ധരിപ്പിച്ചിരിക്കണം. മൂത്രമൊഴിക്കാന്‍ മുട്ടുന്ന സമയത്ത് സൂചന തരാവുന്ന വിധത്തില്‍ അവരെ പരിശീലിപ്പിക്കുകയും വേണം.

വീടിനു പുറത്തിറങ്ങുമ്പോള്‍ നന്നായി വസ്ത്രം ധരിക്കുകയും വീടിനകത്ത് മുഷിഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്ന ചില് സ്ത്രീകളുണ്ട്. അതുപോലെ ഔറത്ത് മറക്കുക എന്നതും എല്ലാ നേരത്തും നിര്‍ബന്ധമുള്ളകാര്യമാണ്. വീടിനകത്തും തലമറച്ചിരിക്കണം. ഹാഫ്‌കൈ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കണം. കുട്ടികള്‍ മുതിര്‍ന്നാലും പുത്തുപോകുമ്പോഴും ആ ശീലം പിന്‍തുടരാന്‍ ഇടയാക്കും. മുതിര്‍ന്ന കുട്ടികളുള്ള വീട്ടില്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. കുട്ടികളെ മുലയൂട്ടുന്ന സമയത്തും ചില സ്ത്രീകള്‍ തീരെ ശ്രദ്ധ ചെലുത്താറില്ല. ആരെങ്കിലും കാണുകയാണെങ്കില്‍ മാത്രം മറക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ നല്ലവരല്ല.

 'എക്‌സിബിഷനിസം' എന്ന മനോരോഗമുള്ള ചില സ്ത്രീകളുണ്ട്. ശരീര പ്രദര്‍ശനത്തില്‍ യാതൊരു ശ്രദ്ധയും ചെലുത്താത്തവരാണവര്‍. ആണുങ്ങളെപ്പോലെ വസ്ത്രം പൊക്കിപ്പിടിക്കുക, സാരിധരിച്ച് വയറുമുഴുവന്‍ പുറത്തുകാണിക്കുക, തട്ടംധരിക്കാതിരിക്കുക ഇതെല്ലാം ചിലരുടെ ശീലമായിരിക്കും. ഇത്തരക്കാര്‍ക്ക് ബോധനം നല്‍കാന്‍ അവരുമായി ബന്ധപ്പെട്ട നല്ല സ്ത്രീകള്‍ രംഗത്തുവരണം.

വീടിനകത്തും കുടുംബാംഗങ്ങളുടെ ജീവിതത്തിലും ഐശ്വര്യം പ്രകടമായിക്കാണാന്‍ നല്ല അടുക്കും ചിട്ടയും നിര്‍ബന്ധമാണ്. വൃത്തിയുള്ള വീടുകളിലേക്കേ അനുഗ്രഹത്തിന്റെ മലക്കുകള്‍ ഇറങ്ങുകയുള്ളൂ. മുറികളും ഫര്‍ണിച്ചറുകളും ചിട്ടയോടെ അലങ്കരിച്ചിരിക്കണം. വസ്ത്രങ്ങള്‍ അയലിലും മറ്റും വാരി വലിച്ചിടാതെ സൂക്ഷിക്കുക. ഉണങ്ങിയ വസ്ത്രങ്ങള്‍ മടക്കിവെക്കുകയും ഉപോയോഗിച്ച വസ്ത്രങ്ങള്‍ ശല്യമാകാത്ത വിധം ആങ്കറിലോ മറ്റോ തൂക്കിയിടുക. കുട്ടികളെയും ഈ ശൈലിയില്‍ പരിശീലിപ്പിച്ചെടുക്കണം. സ്‌കൂളില്‍ നിന്നും മദ്‌റസയില്‍ നിന്നും വസ്ത്രങ്ങളില്‍ ചെളി പുരളാതെ തിരിച്ചുവരുന്നവരെ പ്രോത്സാഹിപ്പിക്കണം. അഭിനന്ദനം ചൊരിയണം. മാത്രമല്ല, അവരുടെ സ്വന്തം കാര്യങ്ങള്‍ വൃത്തിയായി കൈകാര്യം ചെയ്യുന്നതില്‍ സ്വയം പര്യാപ്തരാക്കുകയും വേണം.

വൃത്തി അധികമുള്ളവരെയും നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. 'വസ്‌വാസ്' എന്ന പേരിലറിയപ്പെടുന്ന ഈ സ്വഭാവം ഒരു തരം മാനസികരോഗമാണ്. അമിത വൃത്തി വേണമെന്ന ചിലരുടെ ശാഠ്യങ്ങള്‍ ഈ അസുഖമാവാം. കുളിക്കുമ്പോഴും, വുളൂഅ് എടുക്കുമ്പോഴുമെല്ലാമാണ് ഇത് അധികമായി പ്രകടമാവുക. സ്വന്തം ജീവിത ചുറ്റുപാടിനനുസൃതമായ ഒരു വിവേകമാണ് നമുക്ക് വേണ്ടത്. കെല്‍പുറ്റ മനസ്സും ആരോഗ്യമുള്ള ശരീരവും കരഗതമാക്കാന്‍ നാം ശീലിക്കണം. മനസ്സില്‍ വൃത്തിയുണ്ടെങ്കിലേ അത് നമ്മുടെ സ്വഭാവത്തിലും പ്രവര്‍ത്തനങ്ങളിലും പ്രകടമാവുകയുള്ളൂ. അതിനാല്‍ നല്ല മനസ്സോടെ ജീവിക്കുക. സുന്ദരമായ ജീവിതം കാഴ്ചവെക്കുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter