9/11 – (2001-2026) ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ 25 വര്‍ഷങ്ങള്‍
2001 സെപ്റ്റംബര്‍ 11 നായിരുന്നു ലോകത്തെ നടുക്കിയ, വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയുള്ള ഭീകരാക്രമണം നടന്നത്. ആരായിരുന്നു അതിന് പിന്നിലെന്നതില്‍ ഇപ്പോഴും ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണ്. അന്നേ ദിവസം, അവിടത്തെ ജോലിക്കാരായ പലരും ജോലിക്ക് വന്നില്ലെന്നും മറ്റു പലരും ഇത് മുമ്പേ പറഞ്ഞ് വെച്ചിരുന്നു എന്നതുമെല്ലാം, മറ്റു പലതും പോലെ ഇതും ഒരു നാടകമായിരുന്നോ എന്ന ചോദ്യങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുകയാണ്. അതിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്ന ഉസാമ ബിന്‍ ലാദനെ പിടികൂടിയെന്നും ആരെയും കാണിക്കാതെ കടലില്‍ അടക്കം ചെയ്തുവെന്നുമുള്ള വാദങ്ങളും ഈ സംശയങ്ങള്‍ക്ക് അടിവരയിടുകയാണ്. ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈനെ ലോകജനതയെ സാക്ഷി നിര്‍ത്തി ഒരു ബലി പെരുന്നാള്‍ ദിവസം തൂക്കിലേറ്റിയവരാണ്, ബിന്‍ ലാദനോട് ഇത്ര കാരുണ്യം കാണിച്ചതെന്നത് ഒരു പ്രഹേളിക തന്നെ.
അവിടുന്നിങ്ങോട്ട്, കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഭീകരതക്കെതിര യുദ്ധം നടത്തിക്കൊണ്ടേയിരിക്കുകയാണ്. അവയുടെ ഇരകളായ രാഷ്ട്രങ്ങളെയും ജനവിഭാഗത്തെയും കാണുമ്പോള്‍, ഇതെല്ലാമായിരുന്നു ആ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല. ഗ്രേറ്റ് ഇസ്റാഈല്‍ എന്ന പേരില്‍ പതിറ്റാണ്ടുകളായി ജൂതസയണിസ്റ്റുകള്‍ താലോലിച്ച് പോരുന്ന സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിലേക്കുള്ള ചുവട് വെപ്പുകളായി ഇതിനെ കാണാവുന്നതാണ്.
ആ യുദ്ധത്തിലൂടെ അമേരിക്കക്ക് ഇത് വരെ നേടാനായതും ലോകം സഹിക്കേണ്ടിവന്നതും എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. അവിടുന്നിങ്ങോട്ട് ഒരു മുടക്കവും വരാതെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അക്രമണപരമ്പരയില്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍, പാകിസ്ഥാന്‍, സോമാലിയ, ലിബിയ, സിറിയ, വെനസ്വേല, നൈജീരിയ എന്നിവയെല്ലാം പൂര്‍ണ്ണമായോ ഭാഗികമായോ ഇരകളായിട്ടുണ്ട്. അവസാനം അത് എത്തിനില്ക്കുന്നത് ഇറാനിലാണ്. മധ്യേഷ്യയില്‍ അല്പമെങ്കിലും ശക്തരായ രാഷ്ട്രങ്ങള്‍ എന്ന് പറയാവുന്നവയൊക്കെ ഇതിനകം തകര്‍ന്ന് കഴിഞ്ഞു. ശേഷിക്കുന്നത് ഇറാന്‍ മാത്രമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. അതിനെയാണ് നിലവില്‍ അമേരിക്ക, കഴിഞ്ഞ ആറ് മാസത്തിലേറെയായുള്ള തുടര്‍ച്ചയായ അക്രമണങ്ങളിലൂടെയും പതിറ്റാണ്ടുകളായുള്ള ഉപരോധങ്ങളിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
മേല്‍ പറഞ്ഞ രാഷ്ട്രങ്ങളിലെ ജനങ്ങളെല്ലാം അമേരിക്കയുടെ ഈ കിരാതാക്രമണങ്ങളുടെ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ആശുപത്രികള്‍, ആതുര സേവന കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, റോഡുകള്‍, ഇതര ഗതാഗത മാര്‍ഗ്ഗങ്ങള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് എല്ലായിടത്തും അക്രമത്തിനിരയാവുന്നത്. അഥവാ, സാധാരണക്കാരായ ജനങ്ങളെ തീരാദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് ഇവിടെയെല്ലാം അമേരിക്ക ചെയ്തത് എന്നര്‍ത്ഥം.

ഈ അന്ധമായ അക്രമണത്തിന്റെ ഫലമായി, 9,40,000 പേര്‍ യുദ്ധത്തില്‍ നേരിട്ട് കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഇതില് 432,000 സിവിലിയന്മാരാണെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 3.8 മില്യണ്‍ അടിസ്ഥാന സൗകര്യങ്ങളുടെ മേലുള്ള അക്രമണ ഫലമെന്നോണം മരണപ്പെട്ടു. അതിജീവിച്ചവരില്‍ പലരും ജീവഛവമായി കഴിയുന്നവരാണ്, മറ്റുള്ളവര്‍ ദുരിത പൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരും.
38 മില്യണ്‍ ജനങ്ങള്‍ ഈ യുദ്ധങ്ങള്‍ കാരണം ഭവനരഹിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇറാഖില്‍ 29 ശതമാനത്തിനും ശ്വാസകോശത്തില്‍ യുറേനിയം ബാധയുണ്ടെന്നും അവിടെ ജനന വൈകല്യങ്ങള്‍ 17 ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നും കണ്ടെത്തിയിരിക്കുന്നു. 1.1 മില്യണ്‍ ഇറാഖി അഭയാര്‍ത്ഥികള്‍ക്ക് ഇപ്പോഴും സ്വദേശങ്ങളിലേക്ക് തിരിച്ചെത്താനായിട്ടില്ല. 2.9 മില്യണ്‍ അഫ്ഗാന്‍ അഭയാര്ത്ഥികളെ 2025ല്‍ പാകിസ്ഥാനും ഇറാനും തിരിച്ചയച്ചതും ലോകം കണ്ടതാണ്. 5 വയസ്സില്‍ താഴെയുള്ള 7.6 മില്യണ്‍ കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.
ഈ അക്രമണങ്ങള്‍ക്കെല്ലാം നേതൃത്വം നല്കിയ അമേരിക്ക ഇതിലൂടെ എന്ത് നേടിയെന്ന് കൂടി നമുക്ക് നോക്കാം. 2461 അമേരിക്കന്‍ സൈനികരാണ് ഈ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്, 20,000 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. 8 ട്രില്യണ്‍ ഡോളര്‍ (ഏകദേശം ഏഴര കോടി കോടി രൂപ) ഇത് വരെ ഈ ആക്രമണങ്ങള്‍ക്കായി ചെലവഴിച്ചു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പതിനഞ്ച് വര്‍ഷത്തെ ബജറ്റിനോളം വരും ഇത്. അമേരിക്ക ഈ തുകയെല്ലാം കടം ആയി എടുത്തതാണെന്നും 2030 ആകുമ്പോഴേക്ക് ആ സംഖ്യയുടെ പലിശ മാത്രം 2 ട്രില്യണോളം വരുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അഥവാ, ഇനിയുള്ള വര്ഷങ്ങളില്‍ അമേരിക്കയുടെ വരുമാനത്തിന്റെ നല്ലൊരു വിഹിതം ഇതിലേക്ക് നീക്കി വെക്കേണ്ടതായും, വരുന്ന തലമുറയുടെ അധ്വാനത്തിലൂടെ രാഷ്ട്രം സംഭരിക്കുന്ന നികുതിയുടെ നല്ലൊരു ഭാഗം ഇതിനായി വിനിയോഗിക്കപ്പെടുകയും ചെയ്യുമെന്നര്‍ത്ഥം.
ചുരുക്കത്തില്‍ ഭീകരതയുടെ പേര് പറഞ്ഞ്, അമേരിക്ക ഇതെല്ലാം ചെയ്ത് കൂട്ടിയത്, അറിഞ്ഞോ അറിയാതെയോ മറ്റാരുടെയോ സമ്മര്‍ദ്ദത്തിലാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഗ്രേറ്റര്‍ ഇസ്റാഈല്‍ എന്ന സ്വപ്നത്തിന് ഭീഷണിയാവുന്ന ശക്തികളൊന്നും മേഖലയില്‍ ഇനി ബാക്കിയില്ലെന്ന് കാണാം. അവരുടെ പദ്ധതി പ്രകാരമുള്ള ഭൂപ്രദേശങ്ങളെല്ലാം പ്രശ്നബാധിതമോ ചോദിക്കാനും പറയാനും ആരുമില്ലാത്ത അരാചക ദേശങ്ങളോ ആയി മാറിക്കഴിഞ്ഞു. ഇനി തിരിച്ച് വരവ് പോലും പ്രതീക്ഷയില്ലാത്ത വിധം യമന്‍ അടക്കമുള്ള രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞു. എല്ലാം നേട്ടമായി ഭവിക്കുന്നത് ഇസ്റാഈലിന് തന്നെയാണ്. മനുഷ്യത്വമോ മൂല്യങ്ങളോ ഇല്ലാത്ത, ഇതരരെ മനുഷ്യരായി പോലും കാണാനാവാത്ത അവര്‍ക്ക്, ലോകം മുഴുവന്‍ ദുരിതത്തിലേക്ക് കൂപ്പ് കുത്തിയാലും തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മാത്രമാണ് അവരുടെ മുന്‍ഗണനയും ലക്ഷ്യവും.

എല്ലാ രംഗത്തും പുരോഗതി നേടിയെന്ന് സ്വയം അഭിമാനിക്കുകയും ചിലപ്പോഴൊക്കെ അഹങ്കരിക്കുകയും ചെയ്യുന്ന, ആധുനിക മനുഷ്യന്‍ തന്റെ സഹജീവികളോട് ചെയ്ത് കൂട്ടിയതാണ് നാം മേലെ കണ്ടതെല്ലാം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് എത്ര സത്യം,
കാലം തന്നെ (സത്യം), നിശ്ചയമായും മനുഷ്യവര്‍ഗം വന്‍ നഷ്ടത്തില്‍ തന്നെയാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം വസ്വിയ്യത്ത് ചെയ്യുകയും ചെയ്തവരൊഴികെ. (വി.ഖു: 103).



Leave A Comment