വികസിക്കുന്ന പോരാട്ട മുന്നണി
2023-ലെ ആഗോളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവവികാസമായി നിസ്സംശയം വിശേഷിപ്പിക്കാവുന്ന തൂഫാനുൽ അഖ്സ 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനികം തന്നെ 21,000 പേർ കൊല്ലപ്പെടുകയും പതിനഞ്ച് ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമാകുകയും ചെയ്ത ഭീകരസംഭവത്തിന് തിരശ്ശീല വീഴാൻ ഇനിയും കാത്തിരിക്കണമെന്നുറപ്പ്. ഇതിനിടെ ഹാഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വംശീയകൂട്ടക്കൊലയുടെ കുറ്റങ്ങൾ ചുമത്തി ഇസ്‍റാഈലിനെതിരെ കേസുമായി മുന്നോട്ടുപോകുകയാണ് സൗത്ത് ആഫ്രിക്ക. കൂട്ടക്കുരുതിയുടെ ആഗോള പ്രതിഫലനങ്ങൾ ഇപ്പോഴും ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ്. വളർന്നുവരുന്ന ഇസ്‍ലാമോഫോബിയയും ബെത്ലെഹേമിലെ ക്രിസ്മസ് ദിന ഇസ്രായേൽ നരമേധവും വിശാലമാകുന്ന ഫലസ്തീനിയൻ പോരാട്ടമുന്നണികളും കുവൈത്ത് അമീറായിരുന്ന ശെയ്ഖ് നവാഫ് അഹ്മദിന്റെ മരണവും തുർക്കി-കുർദിഷ് സംഘർഷങ്ങളുമാണ് ഈ ആഴ്ചത്തെ മുസ്‍ലിം ലോകത്തു നിന്നുള്ള പ്രധാന സംഭവവികാസങ്ങൾ.
വികസിക്കുന്ന പ്രതിരോധം
ഹമാസിന്റെ സമ്പൂർണ മേൽനോട്ടത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കപ്പെട്ട തൂഫാനുൽ അഖ്സ ഓപ്പറേഷന്റെ അനുരണനങ്ങളും മുഴക്കങ്ങളും ഫല്സതീനിയൻ പ്രതിരോധത്തിന്റെ വികാസത്തിലും പരിണാമത്തിലും ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. പ്രാരംഭം ഹമാസിലൂടെയാണെങ്കിലും പ്രതിരോധത്തിന് ആക്കം കൂട്ടി രാജ്യതിർത്തികൾക്കപ്പുറത്തുനിന്നുകൊണ്ട് ഹിസ്ബുല്ലയും ഹൂതികളുമെല്ലാം സജീവമായി രംഗത്തുവന്നുകൊണ്ടിരിന്നു. കൃത്യവും വ്യക്തവുമായ നിലപാടെടുക്കാൻ അശക്തരായി അറബ് രാജ്യങ്ങൾ നിലകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയെയും പാശ്ചാത്യ സാമ്പത്തിക ശക്തികളെയും വെല്ലുവിളിച്ചുകൊണ്ട് ഇത്തരം സംഘങ്ങൾ മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നത്. ഫലസ്തീനിലെ ആഭ്യന്തര പോരാട്ട സംഘങ്ങളും വിയോജിപ്പുകൾ മാറ്റിനിർത്തി നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി അണിനിരക്കുകയുണ്ടായി. ഹമാസിന്റെ സായുധ സംഘമായ അൽ ഖസ്സാം ബ്രിഗേഡിനു പുറമെ ഇസ്‍ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ സറായൽ ഖുദ്സും ഇടത് സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീനിന്റെ കീഴിലുളള അബൂ അലി മുസ്തഫ ബ്രിഗേഡുകളുമെല്ലാം സജീവമായി പോരാട്ട വീഥിയിൽ മുൻനിരയിൽ തന്നെയുണ്ട്.
ഗസ്സയിലെ ദു:ഖ ക്രിസ്തുമസ്
ഞായറായ്ച്ച ക്രിസ്തുമസ് ദിനത്തിൽ ഗസ്സയിലെ മഗാസി അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്‍റാഈൽ ബോംബാക്രമണത്തിൽ എഴുപതോളം ഫലസ്തീനികൾ കൊല്ലപ്പെട്ട സംഭവം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കെട്ടിടങ്ങൾക്കും വീടുകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയ സ്ഫോടനം തൂഫാനുൽ അഖ്സ ആരംഭിച്ചതിനു ശേഷം സംഭവിച്ച ഭീകരമായ അതിക്രമങ്ങളിലൊന്നായി മാറുകയുണ്ടായി. ആഗോള തലത്തിൽ സംഭവത്തിൽ പ്രതിഷേധമുയരുകയും പാശ്ചാത്യകോണുകളിൽ നിന്നടക്കം ഇസ്രായേൽ വിരുദ്ധ ശബ്ദങ്ങൾ മുഴങ്ങിക്കേൾക്കുകയുമുണ്ടായി. ക്രിസ്തുമസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ സംഘർഷങ്ങളെയും സമാധാനത്തിന്റെ ആവശ്യകതയെയും കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ആഗോള സമ്മർദം കാരണം മഗാസി അഭയാർത്ഥി ക്യാമ്പ് ആക്രമണത്തിൽ ഖേദം പ്രകടപ്പിച്ച് ഇസ്‍റാഈൽ സേന പ്രസ്താവനയിറക്കാൻ നിർബന്ധിതരാവുകയും ചെയ്തു.
വളർന്നുവരുന്ന ഇസ്‍ലാമോഫോബിയ
ഗസ്സയിലെ സമാനതകളില്ലാത്ത കൂട്ടക്കുരുതിയുടെ ആഗോള പ്രതിഫലനങ്ങൾ ഫലസ്തീനിയൻ പ്രതിരോധ മുന്നേറ്റത്തിന് ഐക്യദാർഢ്യങ്ങളുടെ മാർഗത്തിലും സമരപ്രക്ഷോഭങ്ങളുടെ രീതിയിലും പലയിടങ്ങളിലും പിന്തുണാകേന്ദ്രങ്ങളായി പ്രവർത്തിക്കുകയുണ്ടായി. ഇസ്‍റാഈയേലിന്റെ വംശീയ ഉന്മൂലനങ്ങൾക്കെതിരെയുള്ള പൊതു അഭിപ്രായരൂപീകരണത്തിൽ സോഷ്യൽ മീഡിയയിലെ ഫലസ്തീൻ അനുകൂല മനുഷ്യാവകാശ സന്ദേശങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഇതുവഴി, പാശ്ചാത്യലോകത്തെ പലരുടെയും ഇസ്‍ലാമാശ്ലേഷണത്തിനു കാരണമാകുക വരെ ഉണ്ടായി. എന്നാൽ, സമാനമായ രീതിയിൽ ഇസ്‍ലാമോഫോബിയയും വളരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് ഡിവിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം തൂഫാനുൽ അഖ്സക്കു ശേഷം അമേരിക്കയിലെ മുസ്‍ലിംകൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ 417 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. വിദ്വേഷ വാക്യങ്ങൾക്കു പുറമെ ശാരീരികമായ അതിക്രമങ്ങളും വർധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14-ാം തീയ്യതി വാദി അൽഫയൂമി എന്ന 6 വയസ്സുള്ള ഫലസ്തീൻ വംശജനായ കുട്ടിയെ മുസ്‍ലിംകൾ എല്ലാം കൊല്ലപ്പെടണം എന്ന് ആക്രോശിച്ചുകൊണ്ട് വന്ന അക്രമകാരി 26 തവണ കുത്തിയാണ് കൊല്ലപ്പെടുത്തിയത്. അറബി സംസാരിച്ചതിന്റെ പേരിലും കഫിയ്യ ധരിച്ചതിന്റെ പേരിലും മൂന്ന് ഫലസ്തീനിയൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റിരുന്നു.
ശെയ്ഖ് നവാഫ് വിടവാങ്ങുമ്പോൾ
കുവൈത്ത് അമീറായിരുന്ന ശെയ്ഖ് നവാഫ് അഹ്മദ് അൽജാബിർ അൽ സ്വബാഹ് ദിവസങ്ങൾക്കു മുമ്പ് അന്തരിക്കുകയുണ്ടായി. മൂന്ന് വർഷത്തോളമായി കുവൈത്തിന്റെ അമീറായി ഭരിച്ചുകൊണ്ടിരിക്കുന്ന ശെയ്ഖ് നവാഫ് കുവൈത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ ഒരിക്കലും മാറ്റിനിർത്തപ്പെടാനാകാത്ത മുഖമാണ്. 1961-ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷം അമീറുമാരാണ് കുവൈത്തിനെ നയിച്ചുകൊണ്ടിരിക്കുന്നത്. കുവൈത്തിന്റെ ചരിത്രത്തിലെ അതിനിർണായകമായ പല ദശാസന്ധികളിലും നയതന്ത്ര-മധ്യസ്ഥ ചർച്ചകൾക്ക് സജീവമായി മുൻകൈയ്യെടുത്ത വ്യക്തികൂടിയാണ് ശെയ്ഖ് നവാഫ്. 1990 ല്‍ ഇറാഖ് നടത്തിയ കുവൈത്ത് അധിനിവേശ സമയത്ത് പ്രതിരോധമന്ത്രിയായിരുന്നു ശെയ്ഖ് നവാഫ് അഹ്മദ്. മരണത്തെത്തുടർന്ന് കുവൈത്തിൽ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അമീറായി അദ്ദേഹത്തിന്റെ അർധ സഹോദരൻ ശെയ്ഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സ്വബാഹ് നിയമിക്കപ്പെട്ടിട്ടുണ്ട്.
തുർക്കിയുടെ കുർദിഷ് വേട്ട
തുർക്കി-കുർദിഷ് സംഘർഷങ്ങൾ ഒരു ഇടവേളക്ക് ശേഷം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കഴിഞ്ഞ ചില മാസങ്ങളിലായി ഇരുസംഘങ്ങളും വിവിധ ഘട്ടങ്ങളിലായി പരസ്പരം സംഘർഷങ്ങളിൽ എർപ്പെട്ടിരുന്നു. കുർദിഷ് സംഘങ്ങളുടെ ആധിപത്യം നിലനിൽക്കുന്ന തുർക്കിയോട് ചേർന്നുകിടക്കുന്ന സിറിയൻ പ്രദേശങ്ങളും ഉത്തര ഇറാഖുമാണ് സംഘർഷമേഖല. ഏറ്റവും അവസാനമായി ഇറാഖിലെ കുർദിഷ് സംഘങ്ങളുടെ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരമെന്നോണം കുർദിഷ് സംഘങ്ങൾക്കു നേരെയുള്ള പ്രത്യാക്രമണങ്ങളുമായി സജീവമായിരിക്കുകയാണ് തുർക്കി. മേഖലയിലെ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ വളർച്ചയെ തടയിടാനായി കുർദിഷ് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ അവലംബിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സുരക്ഷാഭീഷണി ഉയർത്തിക്കാട്ടി ഇവരുമായി നിരന്തര സംഘർഷത്തിലാണ് തുർക്കി.
മീഡിയാ സ്കാൻ
ഇസ്രായേലിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഹമാസ് ഉന്മൂലനം എന്ത്കൊണ്ടാണ് വെറും സ്വപ്നം മാത്രമായി അവശേഷിക്കുക എന്നതിനുള്ള കാരണങ്ങൾ പറയുകയാണ് Newyork Times ല്‍ വന്ന ഈ ലേഖനം.
https://www.nytimes.com/2023/12/27/world/middleeast/israel-hamas-war-military.html
മിഡിൽ ഈസ്റ്റിലെ കഴിഞ്ഞ വർഷത്തെ സുപ്രധാന സംഭവവികാസങ്ങളെ സൂചിപ്പിച്ചുകൊണ്ട് Middleeast Eye നൽകുന്ന ക്വിസിന് ഉത്തരം നൽകാം.
https://www.middleeasteye.net/news/middle-east-eye-quiz-of-year-2023
Leave A Comment