അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ വരെ പ്രതിഷേധിക്കുന്നു... അറബ് തെരുവുകള്‍ക്ക് എന്ത് പറ്റി...

പാശ്ചാത്യ രാജ്യങ്ങളുടെ ഇസ്രായേൽ പിന്തുണക്ക്  വർഷങ്ങളുടെ പഴക്കമുണ്ട്.  അതിപ്പോഴും നിർബാധം അവർ തുടർന്നുപോരുന്നു. സമീപകാലത്ത് ഐക്യരാഷ്ട്രസഭയിലെ 143 രാജ്യങ്ങൾ ഗസ്സക്ക് ഐക്യം പ്രഖ്യാപിച്ചത് ഏറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.  പല യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെട്ടതാകാം അതിനു വലിയ കവറേജ് ലഭിക്കാനുള്ള കാരണങ്ങളിലൊന്ന്. നോർവേ, സ്പെയിൻ, അയർലൻഡ് എന്നീ രാജ്യങ്ങളായിരുന്നു ഏറ്റവും ഒടുവിൽ മർദ്ദിത വിഭാഗത്തിനൊപ്പം ചേർന്നുനിന്ന യൂറോപ്യൻ ഭൂഖണ്ഡത്തിലെ പ്രമുഖർ. മുമ്പ് വിമുഖത പുലർത്തിയിരുന്നവര്‍ പോലും ഇന്ന് ഗസ്സയെ പരസ്യമായി പിന്തുണക്കുമ്പോഴും,  ഉടപ്പിറപ്പുകളായ അറേബ്യൻ രാഷ്ട്രങ്ങളുടെ നിസ്സംഗത ലജ്ജാകരമാണ്. ഇസ്രായേലിന്റെ കുടില നീക്കങ്ങൾക്കെതിരെ സധൈര്യം ശബ്ദിക്കുമെന്ന് പല നിരീക്ഷകരും കരുതിയിരുന്ന  അയൽ രാഷ്ട്രങ്ങൾ, വെസ്റ്റ് ബാങ്കിലും  സമീപപ്രദേശങ്ങളിലും നടക്കുന്ന മനുഷ്യത്വരഹിതമായ  ക്രൂരകൃത്യങ്ങളിൽ കണ്ണടച്ചിരിക്കുന്നതിന് പിന്നിലെ കാരണങ്ങളെന്തെന്നാണ് പലരും അന്വേഷിക്കുന്നത്.

വ്യത്യസ്ത കാരണങ്ങളാണ്  അറേബ്യൻ രാഷ്ട്രങ്ങളുടെ പിറകോട്ട് നിൽക്കലിന് പ്രമുഖ അനലിസ്റ്റുകൾ മുന്നോട്ടുവെക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന അറബ് ഐഡന്റിറ്റിയാണ് അവയിൽ ഒന്നാമത്തെത്. മത്സരാത്മകമെന്നു തോന്നിക്കുന്ന നാലുതരം  ഐഡന്റിറ്റികളെ  പാരമ്പര്യമായി അറബികൾ പിന്തുടർന്നു പോന്നിരുന്നു എന്ന് മനസ്സിലാക്കാം. പ്രാദേശിക  പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന "ബലദിയ്യ",  ദേശീയ കാര്യങ്ങളെ ഉൾക്കൊള്ളുന്ന  "വത്വനിയ്യ", അറേബ്യൻ രാഷ്ട്രങ്ങൾക്ക് അപ്പുറത്തെ വസ്തുതകളെ കണക്കിലെടുക്കുന്ന "ഖൗമിയ്യ", മതപരമായ കാര്യങ്ങളെ ചർച്ചക്കെടുക്കുന്ന "ദീനിയ്യ" എന്നിവയാണവ. കാലാന്തരങ്ങളിൽ അനേകം മാറ്റങ്ങൾ സംഭവിച്ചിരുന്നെങ്കിലും, അറബികൾ എന്നും  ഇവകളെ തുല്യ പരിഗണനയോടെയായിരുന്നു കണ്ടിരുന്നത്. ഖൗമിയ്യ, ദീനിയ്യ എന്നിവയ്ക്കായിരുന്നു  രാഷ്ട്രീയമായി അവർ ഏറ്റവും  മുൻഗണന നൽകിയിരുന്നത്. അതേസമയം  ശേഷിക്കുന്ന രണ്ട്  ആശയസംഹിതകളിലും  താല്പര്യം പ്രകടിപ്പിച്ച ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഫലസ്തീൻ വിഷയം  ഒരേസമയം  അറബ്, ഇസ്‍ലാമിക്  വിഭാഗങ്ങളിൽ പെടുന്നതായിരുന്നു.

2011ലെ അറബ് വിപ്ലവങ്ങൾക്ക് ശേഷം ഈ രണ്ടു പ്രത്യയശാസ്ത്രങ്ങൾക്കും സമാനതകളില്ലാത്ത പഴി കേൾക്കേണ്ടിവന്നു എന്നതാണ് ചരിത്രം. അതോടെ അറബികൾ  അവരുടെ ഇടപെടലുകളെ പ്രാദേശിക പ്രശ്നങ്ങളിൽ മാത്രം ഒതുക്കി എന്ന് വേണം കരുതാന്‍. കാലഹരണപ്പെട്ട രാഷ്ട്രനിർമ്മാണ പ്രക്രിയകൾ പൂർത്തിയാക്കാനുള്ള ഗൾഫ്  ഗവൺമെന്റുകളുടെ ശ്രമങ്ങളെ ഇതിനുള്ള ഉദാഹരണമായി പറയാം. അതുപോലെ തന്നെ ഇക്കാലത്തിനടക്കായിരുന്നു ഇറാഖ്, ദേശീയ, ഉപ-ദേശീയ സ്വത്വ പിന്തുണക്കാർക്കിടയിൽ രാഷ്ട്രീയമായി വിഭജിക്കപ്പെടുന്നത്. ചില രാഷ്ട്രീയ നേതാക്കൾ "ഇറാഖ്" എന്ന പരമാധികാര രാഷ്ട്രത്തിനു വേണ്ടി മുറവിളികൂട്ടുമ്പോൾതന്നെ,  ഒരുപറ്റം "ഷിയാ കമ്മ്യൂണിറ്റി" എന്ന ഐഡന്റിറ്റിയിൽ  അറിയപ്പെടാൻ  വെമ്പിയിരുന്നതായും കാണാം. അതിനായി അവർ സുന്നികളെ  ഉന്മൂലനം ചെയ്യാനും കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നു. 

അവിടുന്ന് അങ്ങോട്ട്  അറബ് ഇസ്ലാമിക പ്രശ്നങ്ങളിൽ പക്ഷം ചേരാൻ  അറേബ്യൻ രാജ്യങ്ങൾ തുനിഞ്ഞില്ല എന്നതാണ് സത്യം. ഇതായിരിക്കണം ഫലസ്തീനിന് പ്രത്യക്ഷ പിന്തുണ നൽകുന്നതിൽ നിന്നും  അവരെ അകറ്റിയ  മർമ്മ കാരണങ്ങളിലൊന്ന്. ഇതുവരേക്കും  ഫലവത്തായ ഫലസ്തീൻ അനുകൂല നിലപാടൊന്നും  അവരിൽ നിന്നും വരാത്തത് ഉന്നയിക്കപ്പെട്ട സംശയത്തെ  ബലപ്പെടുത്തുന്നതാണ്.

വർഷങ്ങളുടെ അനുഭവം പറയാനുള്ള അറേബ്യൻ  സംഘടിത കൂട്ടായ്മകളുടെ   തകർച്ചയാണ്  രണ്ടാമത്തെ   ഘടകമായി പ്രധാന നിരീക്ഷകർ മുന്നോട്ടുവക്കുന്നത്. അറബ് കലാപങ്ങളിലും വിപ്ലവങ്ങളിലും ഫലവത്തായ നീക്കങ്ങൾ നടത്തിയിരുന്ന  ഒരു പിടി  മുഖ്യധാരാ ഇസ്‍ലാമിക സംഘടനകളുണ്ടായിരുന്നു അക്കാലത്ത്‌. അറബ് ലോകത്തെ ഏറ്റവും വലിയ ഇസ്‍ലാമിക്  സംഘടിത സിവിൽ സൊസൈറ്റിയായിരുന്ന മുസ്‌ലിം ബ്രദർഹുഡ്, അന്നത്തെ വിപ്ലവങ്ങളുടെയും ജനാധിപത്യ മാറ്റങ്ങളുടെയും പ്രധാന വാഹകരായിരുന്നു. സ്വതന്ത്ര ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ  നിരവധി അറബ് രാജ്യങ്ങളിൽ ബ്രദർഹുഡ്  അധികാരത്തിൽ വന്നു. 2014 ൽ, അനാവശ്യ ആക്രമണങ്ങളെ വെറുത്തിരുന്ന മുസ്‍ലിം ബ്രദർ ഹുഡിനെ ഹമാസിനോടൊപ്പം ചേർത്ത് ഭീകര സംഘങ്ങളായി പ്രഖ്യാപിച്ചു ഈജിപ്തും മറ്റു നിരവധി അറബ് ഭരണകൂടങ്ങളും. അതോടെ സജീവ പ്രവര്‍ത്തനരംഗത്ത് നിന്ന് പിന്‍വലിയേണ്ടിവന്നതിനാല്‍, ഇന്ന്, അറബ് ലോകത്ത് മുസ്‍ലിം ജനങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ പരാക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ ശക്തമായ ഒരു സംഘടിത സമൂഹം തന്നെ ഇല്ലാതായിരിക്കുന്നു എന്ന് പറയാതെ വയ്യ.

കൂടാതെ, ഇസ്രായേലിന്റെ വംശഹത്യയ്‌ക്കെതിരായ ഏത് പ്രതിഷേധത്തെയും,  ഇന്നത്തെ അറബ് സർക്കാരുകൾ നിശിതമായി എതിർക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു. ഏതെങ്കിലും ബാഹ്യ സംഭവങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് അറബ് തെരുവുകളെ തടയാൻ സർക്കാരുകൾ എന്നും പ്രത്യേകം ശ്രദ്ധിക്കുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം. രാഷ്ട്രത്തിന്റെ ഭൗതിക നേട്ടവും വളര്‍ച്ചയും മാത്രം ലക്ഷ്യമാക്കി, അതിലൂടെ യൂറോപ്പിനൊപ്പമെത്താന്‍ മല്‍സരിക്കുന്നവര്‍ക്ക്, അറബ്-മുസ്‍ലിം വിഷയങ്ങള്‍ അത്ര തന്നെ പ്രസക്തമല്ലാതാവുന്നതും സ്വാഭാവികം.

ആത്യന്തിക ലക്ഷ്യമായി  സാമ്പത്തിക പുരോഗതിയെ മുന്നിൽ കാണുന്ന ഏതൊരു അറബ് രാഷ്ട്രവും  അവരുടെ സംരക്ഷിത മേഖലയിൽ നിന്ന്  പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് മൂന്നാമത്തെ കാരണമായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ ഇസ്രായേലിന്റെയും  അനുവാചകരുടെയും  അനിഷ്ടത്തെ അവർ വല്ലാതെ ഭയക്കുന്നുണ്ട്. മിക്ക അറബ് നേതാക്കൾക്കും  പാശ്ചാത്യ രാജ്യങ്ങളിൽ  പല സാമ്പത്തിക ക്രയവിക്രയങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ  മേൽനോട്ടം വഹിക്കുന്ന  പല അന്താരാഷ്ട്ര ബിസിനസുകളിലും അറബ് നേതാക്കളിലെ ഒട്ടുമിക്കവരും കണ്ണികളാണ്. പൊടുന്നനെ  ആ ബന്ധങ്ങളെ അറുത്തുമാറ്റാൻ  അവർ താൽപര്യപ്പെടില്ല എന്നത്  ഏതൊരാൾക്കും ഊഹിക്കാവുന്നതേയുള്ളൂ.

അറബ് രാഷ്ട്രങ്ങൾക്ക് മേൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ശക്തമായ ഭീഷണിയുണ്ട് എന്നതാണ് നാലാമത്തെ കാരണമായി രാഷ്ട്രമീമാംസകര്‍  എടുത്തു പറയുന്നത്. ഇസ്രായേൽ അനുകൂല ഗവൺമെന്റുകൾ  ഫലസ്തീനിന് വേണ്ടി ശബ്ദിക്കുന്നവരെ  കണ്ണുകാട്ടി പേടിപ്പിക്കുകയാണ്. സയണിസ്റ്റ് ഭരണകൂടത്തെ അന്ധമായി പിന്തുണക്കുന്നവർ, ഇസ്രായേലിന്  അനുകൂലമായി നിൽക്കാൻ ലോക രാഷ്ട്രങ്ങളോട് കേഴുന്നു. ഈ പരിതസ്ഥിതിയിൽ  അറബ് രാഷ്ട്രങ്ങൾ കൈ മലർത്തുകയാണ്.  എന്നിരുന്നാലും മാനുഷിക സഹായങ്ങൾ നൽകാൻ അവർ തയ്യാറാകുന്നുവെന്നത് വിസ്മരിക്കാവതല്ല. ആ സമയത്തും ഇസ്രായേലിനെതിരെ ഒരു നീക്കവും നടത്താതിരിക്കാൻ അവർ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പെട്രോള്‍ സമ്മാനിച്ച സുഖജീവിതവും ആഢംബരപ്രിയവും അറബ് സമൂഹത്തെ അലസരാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ. അനീതിക്കും അധര്‍മ്മത്തിനും എതിരെ ശക്തമായ പ്രതിഷേധം തീര്‍ത്തിരുന്ന അറബ് തെരുവുകളെല്ലാം, ഇസ്റാഈലി ആക്രമണം എട്ട് മാസം പിന്നിടുമ്പോഴും നിശബ്ദമായി നിലകൊള്ളുന്നതിന്റെ പ്രധാന കാരണവും അത് തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter