ഗസ്സ ഉപരോധം, ചരിത്രം ആവര്‍ത്തിക്കുകയാണ്

ഗസ്സയിലും റഫയിലുമായി കഴിയുന്ന ഫലസ്തീനികള്‍ ഇന്ന് അതിഭീകരമായ ഉപരോധത്തിന് നടുവിലാണ്. ഭക്ഷണവും വെള്ളവും മരുന്നുമൊന്നും അങ്ങോട്ട് പ്രവേശിക്കാനനുവദിക്കാതെ അവരെ ഉപരോധിച്ചിരിക്കുകയാണ് സയണിസ്റ്റുകളായ ഇസ്റാഈല്യര്‍. സ്ത്രീകളും കുട്ടികളുമെല്ലാം ഭക്ഷണത്തിനായി കേഴുകയാണ്. കിട്ടിയതെല്ലാം തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അവര്‍. 

ഈ സാഹചര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, പ്രവാചകര്‍ക്കും കുുടംബത്തിനും മക്കയിലെ ശിഅ്ബ് അബീത്വാലിബില്‍ നേരിടേണ്ടിവന്ന ഉപരോധമാണ്. പ്രവാചകരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും അല്ലാത്ത പക്ഷം, മുത്വലിബ്, ഹാശിം കുടുംബത്തെയൊന്നടങ്കം ബഹിഷ്കരിക്കുകയും അവര്‍ക്കെതിരെ ഉപരോധം തുടങ്ങുകയും ചെയ്യുമെന്നായിരുന്നു ഖുറൈശികളുടെ ഭീഷണി. അത് വകവെക്കാതെ വരുന്നിടത്ത് വെച്ച് കാണാമെന്ന് മറുപടി നല്കാന്‍ അബൂത്വാലിബിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. കുടുംബബന്ധത്തിന്റെ ഏകതയില്‍ എല്ലാവരും അക്കാര്യത്തില്‍ അദ്ദേഹത്തോടൊപ്പം നില്ക്കുകയും ചെയ്തു. അതോടെ, ഖുറൈശികള്‍ ഉപരോധം തുടങ്ങി. 

അവരുമായി വിവാഹ ബന്ധമോ ഇടപാടുകളോ പാടില്ലെന്നും ഭക്ഷണമോ വെള്ളമോ നല്കരുതെന്നും അടങ്ങിയ വ്യവസ്ഥകളെഴുതിയ ഉപരോധപത്രം, എല്ലാവരുടെയും അറിവിലേക്കായി കഅ്ബയിലാണ് അവര്‍ തൂക്കിയിട്ടത്. അതോടെ ശിഅ്ബ് അബീത്വാലിബ് എന്ന മലമടക്കില്‍ ഹാശിം, മുത്ത്വലിബ് സന്തതികള്‍ ഏകാന്തരാക്കി മാറ്റപ്പെട്ടു. പ്രവാചകത്വത്തിന്റെ ആറാം വര്‍ഷം തുടങ്ങിയ ഈ ഉപരോധം മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്നു. കഴിക്കാന്‍ പറ്റിയതൊന്നുമില്ലാതെ, മരങ്ങളുടെ ഇലകള്‍ പോലും കഴിക്കുന്നിടത്ത് കാര്യങ്ങളെത്തി. എന്നിട്ടും സത്യപാതയില്‍നിന്ന് ഒരടി പോലും പിന്മാറാന്‍ പ്രവാചകരോ ആ പ്രവാചകരെ പിന്തുണക്കുന്നതില്‍നിന്ന് അല്പം പോലും പിന്നോട്ട് പോവാന്‍ ആ ബന്ധുക്കളോ തയ്യാറായില്ലെന്നത്, സത്യത്തിന്റെ കൂടെ എന്നും ഏതാനും ആളുകളുണ്ടാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അവസാനം നിങ്ങളുടെ ഉപരോധപത്രം ചിതല് തിന്നിരിക്കുന്നുവെന്ന പ്രവാചകരുടെ പ്രവചനം കേട്ട് ചെന്ന് നോക്കിയ അവര്‍ പോലും അല്‍ഭുതപ്പെട്ട് പോയി. അതേസമയം, സുഹൈറുബ്നു അബൂഉമയ്യയെ പോലെയുള്ള ഏതാനും സുമനസ്കര്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ഹാശിം, മുത്ത്വലിബ് സന്തതികള്‍ ഭക്ഷണമോ വെള്ളമോ കിട്ടാതെ നരകിക്കുമ്പോള്‍ നമുക്കെങ്ങനെ വയര്‍ നിറച്ച് ഭക്ഷണം കഴിക്കാനാവും എന്ന് പറഞ്ഞ്, ആ ഉപരോധ പത്രം കീറിക്കളയാനായി അവരും ഇറങ്ങിപ്പുറപ്പെട്ടിരുന്നു. അതോടെ, ഉപരോധം അവസാനിക്കുകയും അവര്‍ സ്വതന്ത്രരാവുകയും ചെയ്തു. അതേ സമയം, പ്രവാചകരുടെ സന്ദേശത്തിനും വിശുദ്ധ ഇസ്‍ലാമിനും ഇത് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തതും പലരും അത് കാരണം മുസ്‍ലിംകളായതുമായിരുന്നു ഇതിന്റെ അനന്തരഫലം. 

ഇവിടെ ഗസ്സയിലെ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും നല്കാതെ നമ്മുടെ സഹോദരങ്ങള്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത, മൂല്യങ്ങള്‍ എന്താണെന്നറിയാത്ത കാട്ടാള ജനവിഭാഗമാണ് അത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രവും ശാസ്ത്രബോധവും ഇത്രമേല്‍ പുരോഗിത പ്രാപിച്ച ഇക്കാലത്തും ഇത്തരം ആളുകളുണ്ടെന്നത് തന്നെ അല്‍ഭുതപ്പെടുത്തുന്നു. അതിലുപരി, ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ആരും അതിനെതിരെ ശബ്ദിക്കാനോ ആ ഉപരോധത്തിനെതിരെ നിലകൊള്ളാനോ വരുന്നില്ലെന്നത് അതിലേറെ ലജ്ജാകരമാണ്. അന്ധകാരയുഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടില്‍ പോലും, അക്രമപരമായ ഉപരോധത്തിനെതിരെ ശബ്ദിക്കാന്‍ സുഹൈറുബ്നു അബൂഉമയ്യയെ പോലെ നീതിബോധവും ന്യായചിന്തയും ഉള്ളവരുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ലോകശക്തികളെല്ലാം ഇതിന് കൂട്ട് നില്ക്കുന്ന ലജ്ജാകരമായ കാഴ്ചയാണ് നാം കാണുന്നത്. ഇസ്റാഈലിന് ചുറ്റുമുള്ള മുസ്‍ലിം രാജ്യങ്ങള്‍ പോലും മൗനം അവലംബിച്ചിരിക്കുകയാണ്. ഇത്തരം ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്.

പ്രിയ ഗസ്സാ നിവാസികളേ, നിങ്ങളുടെ ക്ഷമയും സഹനവും ഞങ്ങളെ അല്‍ഭുതപ്പെടുത്തുന്നു. ഇത് നിങ്ങളുടെ അവസാനത്തെ പരീക്ഷണഘട്ടമാവട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. നിരാശപ്പെടേണ്ടതില്ല, ലോക ചരിത്രത്തിലെവിടെയും അക്രമികള്‍ ശേഷിച്ചിട്ടില്ല. പീഢിതര്‍ വിജയം വരിക്കുന്ന ഒരു ദിനം വരിക തന്നെ ചെയ്യും. പ്രവാചകരെയും കുടുംബത്തെയും ഉപരോധിച്ചവര്‍, ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക്, ഫത്‍ഹ് മക്കയുടെ വേളയില്‍ പ്രവാചകരുടെ മുമ്പില്‍ മുട്ട് വിറച്ച് നില്‍ക്കുന്നത് ലോകം കണ്ടതാണ്. അവരോട് പ്രതികാരത്തിന്റെ ഒരു വാക്ക് പോലും പറയാതെ, നിങ്ങള്‍ സ്വതന്ത്രരായി പോയികൊള്ളുക എന്ന് പറഞ്ഞ, ലോകചരിത്രത്തിലെ തന്നെ, മാനുഷികമൂല്യങ്ങളുടെ ഏറ്റവും വലിയ വിളംബരം ഇന്നും മനുഷ്യകുലത്തിന്റെ കര്‍ണ്ണപുടങ്ങളില്‍ മുഴകുകയാണ്. 

നിങ്ങള്‍ക്കും അത്തരം ഒരു ദിവസം വരാതിരിക്കില്ല. ബൈതുല്‍മഖ്ദിസ് മോചിപ്പിക്കപ്പെടാതിരിക്കില്ല. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ വീണ്ടും ചിറകടിച്ച് പറക്കുന്ന സുന്ദരദിനങ്ങള്‍ ആ വിശുദ്ധ ഭൂമികയില്‍ വരാതിരിക്കില്ല. അത് വരെ അക്രമം നടത്തിയവരെല്ലാം, നിങ്ങളെ പീഢിപ്പിക്കുന്നവരെല്ലാം അന്ന് നിങ്ങളുടെ മുമ്പില്‍ മുട്ട് കുത്തി നില്‍ക്കാതിരിക്കില്ല. അന്ന് നമുക്ക് അവരോട് കണക്ക് തീര്‍ക്കാം, പ്രത്യാക്രമണങ്ങളൊന്നും നടത്താതെ, എല്ലാവര്‍ക്കും മാപ്പ് നല്കിക്കൊണ്ട്.. പ്രവാചകര്‍ ചെയ്ത ഏറ്റവും സുന്ദരമായ പ്രതികാരം... അത് മാതൃകയാക്കി സുല്‍താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കാണിച്ച മധുരതരമായ പ്രതികാരം... ആ നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം... നാഥന്‍ തുണക്കട്ടെ.

വിവര്‍ത്തനം: മജീദ് ഹുദവി പുതുപ്പറമ്പ്

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter