ഗസ്സക്കാര്‍ ഈ റമദാനിലും നരകിക്കുകയാണ്, ഗസ്സയും

ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ ക്ഷാമത്തിലേക്കാണ് ഗസ്സ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പല ആഗോള ഏജൻസികളും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഗസ്സയിലെ പട്ടിണിയും സീസിയുടെ മൂന്നാമൂഴവും എകെപി പാർട്ടിയുടെ പരാജയവും ഇറാൻ-ഇസ്രായേൽ പോരുമടക്കം ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തുനിന്നുള്ള പ്രധാന സംഭവവികാസങ്ങൾ വായിക്കാം.

വിശക്കുന്ന ഗസ്സ
ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രായേൽ നരമേധം അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. ഗസ്സയെ സമ്പൂർണമായി തങ്ങളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഇസ്രായേൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത മനുഷ്യത്വ പ്രതിസന്ധിയാണ്. ഇതിനകം മുപ്പത്തിമൂവായിരത്തോളം പേർ കൊല്ലപ്പെട്ട ഗസ്സാ അധിനിവേശ കൂട്ടക്കൊലയിൽ ആഗോള മനുഷ്യാവകാശ സംഘടനകൾക്കോ അറബ് രാജ്യങ്ങൾക്കോ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനു പതിച്ചു നൽകിയ പാശ്ചാത്യ രാജ്യങ്ങളാകട്ടെ സർവ പരിധികളും ലംഘിച്ച് ഗസ്സയെ ചോരക്കളമാക്കുന്നതിൽ നിന്ന് നെതന്യാഹുവിനെ നിയന്ത്രിക്കാനും പിന്തിരിപ്പിക്കാനും സാധിക്കാതെ സ്വന്തം ആശീർവാദത്തിൽ സംഘടിപ്പിച്ച കൂട്ടക്കൊലയുടെ അനുരണനങ്ങൾ നിസ്സഹായതയോടെ വീക്ഷിക്കുകയാണ്.

അതിഭീകരമാണ് ഗസ്സയിലെ അവസ്ഥ. ഏറ്റവും അവസാനമായി ഒക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ട് ഗസ്സയിലെ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും വ്യാപ്തി വെളിപ്പെടുത്തിത്തരുന്നതാണ്. ഭക്ഷണവും ആവശ്യസാധനങ്ങളും പലയിടങ്ങളിലായി ഇസ്രായേൽ തടഞ്ഞുവെച്ചതോടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമായ കലോറി അളവിന്റെ  12% മാത്രമാണ് ഒരു ദിവസം ഗസ്സക്കാർക്ക് ലഭിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ ക്ഷാമത്തിൽ നിന്ന് ഗസ്സയെ രക്ഷിക്കണമെങ്കിൽ ചുരുങ്ങിയത് 221 ട്രക്കുകളെങ്കിലും ഭക്ഷണവുമായി ദിവസവും ഗസ്സയിൽ എത്തേണ്ടതുണ്ട്. എന്നാൽ നിലവിൽ 105 ട്രക്കുകളെ മാത്രമാണ് ഇസ്രായേൽ അനുവദിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കൻ ഗസ്സ അതിശക്തമായ ക്ഷാമ ഭീഷണിയിലാണെന്നത് യു.എൻ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്.

ഭക്ഷണവും ഇതര സഹായങ്ങളുമെത്തിക്കുന്ന സംഘടനകളെയും വളണ്ടിയർമാരെയും തങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു ഭാഗത്ത് ഇസ്രായേൽ ആക്രമണങ്ങളും അഴിച്ചുവിടുന്നുണ്ട്. വേൾഡ് സെന്‍ട്രൽ കിച്ചണ്‍ എന്ന എൻജിഒ യിലെ പ്രവർത്തകരെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണമാണ് ഇതിൽ അവസാനത്തേത്. ആക്രമണത്തിൽ യു.എസ്, യുകെ പൗരന്മാരുൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവം ആഗോളതലത്തിൽ തന്നെ ഇസ്രായേലിനെതിരെയുള്ള വ്യാപക വിമർശനങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

സിറിയയിലെ ഇറാൻ-ഇസ്രായേൽ യുദ്ധം
തൂഫാനുൽ അഖ്സ ആരംഭിച്ചതു മുതൽ നാല് തവണകളിലായി  സിറിയയിലെ ഇറാനിയൻ സൈനിക വൃത്തങ്ങളെ ലക്ഷ്യം വെച്ച് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഡമസ്കസിലെ ഇറാനിയൻ കോണ്സുലേറ്റിനെ ലക്ഷ്യം വെച്ച് ഇസ്രായേൽ കഴിഞ്ഞയാഴ്ച്ച നടത്തിയ മിസൈലാക്രമണം. രണ്ട് ഇറാനിയൻ ജനറൽമാരും ഒരു കമാൻഡറും ഉൾപ്പെടെ 9 പേര്‍ കൊല്ലപ്പെട്ട ആക്രമണം കൂടുതൽ ചർച്ചകൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ശക്തമായ ഭാഷയിൽ തന്നെ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്.

ദശാബ്ദങ്ങളായി സിറിയയിൽ ഖുദ്സ് ഫോഴ്സ് എന്ന നാമധേയത്തിൽ ഇറാനി സൈനികർ വ്യത്യസ്ത സൈനിക പദ്ധതികളുടെ ഭാഗമാണ്. സിറിയൻ ഭരണകൂടത്തിന്റെ സജീവ പിന്തുണയുമുണ്ട്. സിറിയ കേന്ദ്രീകരിച്ചു പ്രവർത്തനം വ്യാപിപ്പിക്കുന്ന ഇറാൻ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം തലവേദനയാണ്. പ്രത്യേകിച്ച് ഹിസ്ബുള്ളയുമായുള്ള ഇറാന്റെ ബന്ധം. നിരന്തരം ഇറാനെ ലക്ഷ്യം വെച്ച് സിറിയയിൽ അസ്ഥിരത സൃഷ്ടിക്കുകയും ഇറാനിയൻ സാന്നിധ്യത്തെ ചൊല്ലി സിറിയൻ ഭരണകൂടത്തിനു മേലിൽ സമ്മർദം ചെലുത്തുകയുമാണ് ഇസ്രായേൽ ലക്ഷ്യം.

അപ്രതീക്ഷിത തെരഞ്ഞെടുപ്പ് ഫലം

തുർക്കിയിലെ 81 പ്രവിശ്യകളിലായി 972 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഫലം ഭരണകക്ഷിയായ ഉർദുഗാന്റെ ഏകെപി പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടിയുടെ വോട്ട് ശതമാനം 44 ൽ നിന്ന് 35 ആവുകയും അതേസമയം മുഖ്യ പ്രതിപക്ഷ പാർട്ടിയായ സിഎച്ച്പി യുടെ വോട്ട് ശതമാനം 30 ൽ നിന്ന് 37ൽ എത്തിച്ചേരുകയും ചെയ്തു. ഇസ്താംബൂളും അങ്കാറയും ഇസ്മിറും അദാനയുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെ പല മുനിസിപ്പാലിറ്റികളും സി.എച്ച്.പി പാർട്ടിയുടെ കീഴിലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവേകളൊന്നും തന്നെ ഉർദുഗാന് ഇത്തരം ഒരു  തിരിച്ചടി പ്രവചിച്ചിരുന്നില്ല. അവസാനിക്കാതെ തുടർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും പൊതുജനത്തിനുള്ള അതൃപ്തിയാണ് പരാജയത്തിനു പിന്നിലെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. സിഎച്ച്പി പാർട്ടിയുടെ കുതിപ്പ് വരുന്ന തെരഞ്ഞെടുപ്പുകളിൽ തുർക്കി രാഷ്ര്ടീയത്തിന്റെ ഗതി മാറ്റാനുള്ള സാധ്യതകൾകൂടി തുറന്നിടുകയാണ്. ഉർദുഗാന് ഇനി കാര്യങ്ങൾ എളുപ്പമാകില്ലെന്നുറപ്പ്.

സീസി ചുമതലയേറ്റു
2013-ൽ ജനാധിപത്യ മാർഗത്തിലൂടെ തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറിയ മുർസിയെ അട്ടിമറിയിലൂടെ താഴെ ഇറക്കി ഭരണത്തിലേറിയ അബ്ദുൽ ഫത്താഹ് അൽ സീസി മൂന്നാം തവണയും ഈജിപ്തിന്റെ പ്രസിഡന്റായി ചുമതലയേറ്റിരിക്കുകയാണ്. 2030 വരെ ഈജിപ്തിന്റെ അധികാര കസേരയിൽ സീസിക്ക് സ്ഥാനം ഉറപ്പിക്കാം. 


കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടയിൽ സമാനതകളില്ലാത്ത പ്രതിപക്ഷ അടിച്ചമർത്തലുകൾക്കും പ്രതിസന്ധികൾക്കും ഈജിപ്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അധികാരത്തിലേറിയ ഉടനെ തന്നെ ആയിരക്കണക്കിനു പേരുടെ മരണത്തിനു കാരണമായ റബാ കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്ന വ്യാപകമായ അടിച്ചമർത്തലിന് സീസി നേതൃത്വം നൽകിയിരുന്നു. സീസി ഭരണകൂടത്തിന്റെ തെറ്റായ നയരൂപീകരണ ഫലമായുണ്ടായ ശക്തമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഈജിപ്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. നിലവിൽ കടക്കെണിയിൽ കഴിയുന്ന രാജ്യം ഗൾഫ് രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും ലോണിലും സാമ്പത്തിക സഹായങ്ങളിലുമാണ് ആശ്വാസം കണ്ടെത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter