യിത്സാക് റാബിന്റെ മൃഗീയ  നടപടി തന്നെയാണ് ഇസ്റാഈല്‍ ഇപ്പോഴും പിന്തുടരുന്നത്

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും  ഐക്യരാഷ്ട്രസഭയുടെയും  വിലക്കുകളെ കാറ്റിൽ പറത്തി  ഇസ്‍റാഈൽ നരമേധം തുടരുകയാണ്.  അമേരിക്ക ഒഴികെയുള്ള സഖ്യ രാഷ്ട്രങ്ങളെല്ലാം  തഴയുമ്പോഴും തരിമ്പു പോലും പിന്നോട്ട് ചിന്തിക്കാതെയുള്ള ഇസ്‍റാഈലിന്റെ  നീക്കങ്ങൾക്ക് പിന്നിൽ, ആ രാജ്യത്തിന്റെ  അസ്തിത്വം നിലനിർത്തുക എന്നുള്ള  ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ . ഈ അക്രമം അവസാനിപ്പിക്കുന്ന മാത്രയിൽ ഒരുപക്ഷേ ഇസ്‍റാഈലിന് കാലങ്ങളായി തുടർന്നുപോരുന്ന  ഏകാധിപത്യ മനോഭാവം അവസാനിപ്പിക്കേണ്ടി വരും, അഥവാ, ഫലസ്തീനിനെ മറ്റൊരു രാഷ്ട്രമായി അംഗീകരിക്കേണ്ടിവരും. വരാനിരിക്കുന്ന യാഥാർത്ഥ്യത്തെ മുന്നിൽ കണ്ടു കൊണ്ടാവണം ലോക  ചരിത്രങ്ങളിലൊന്നും അടയാളപ്പെടാത്ത തരത്തിലുള്ള ശിക്ഷാ മുറകൾ ഫലസ്തീനികൾക്കെതിരെ ഇസ്‍റാഈലികൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്.  ഐസിസ് പോലോത്ത ഭീകര സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന കഴുത്തറപ്പൻ നീക്കങ്ങളേക്കാൾ എത്രയോ ഭീതിദമാണ് ഇസ്‍റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന ശിക്ഷാ മുറകളെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു.

അവയവങ്ങളെ നിശ്ചലമാക്കാൻ പാകത്തിലുള്ള ഒരുതരം ക്രൂര മുറയാണ് സമീപകാലത്ത് ഇസ്‍റാഈൽ കൈക്കൊള്ളുന്നത്. ഒന്നാം ഇന്‍തിഫാദ കാലത്ത്  യിത്‌സാക്ക് റാബിൻ  പുറത്തെടുത്ത   കുപ്രസിദ്ധമായ 'അവരുടെ അസ്ഥികൾ തകർക്കണം' എന്ന നയത്തിന്റെ അരികു പറ്റാനാണ് ഈ വംശഹത്യാ വേളയിലും ഇസ്‍റാഈൽ ശ്രമിക്കുന്നത്. 36 വർഷങ്ങൾക്കിപ്പുറം പലസ്തീൻ ജനതയെ ഒന്നടങ്കം ശിക്ഷിക്കാനായി ഇസ്‍റാഈൽ അതിൽ പുതിയ രീതി പരീക്ഷിക്കുന്നുവെന്ന് മാത്രം. അതിനായി അവർ കാലാതീതമായി നിലനിൽക്കുന്ന സിസ്റ്റമാറ്റിക് രീതികളെ ഉപയോഗപ്പെടുത്തുന്നു.  സ്വശരീരത്തിൽ നിന്നും  ഒരു വ്യക്തിയുടെ അവയവങ്ങൾ പറിച്ചെറിയാൻ മാത്രം പ്രഹര ശേഷിയുള്ള R9X ഹെൽഫയർ മിസൈൽ എന്ന നവീന ഉപകരണമായിരുന്നു അവയിലൊന്ന്. ഇതിലെല്ലാം AI നിയന്ത്രിത ഉപകരണങ്ങളുടെ സാന്നിധ്യം തെളിഞ്ഞു കാണാവുന്നതാണ്. കൊല ചെയ്യാനുള്ള പൗരന്മാരുടെ ലിസ്റ്റ്,  ഒരുതരത്തിലുള്ള അന്വേഷണത്തിന്റെയും ആവശ്യം കൂടാതെ, ഇസ്‍റാഈലി സൈനികർക്ക് ഒരുക്കി കൊടുത്തത്    ലാവണ്ടർ, വേർ ഈസ്‌ ഡാഡി എന്നീ എഐ സോഫ്റ്റ്‌വെയറുകളായിരുന്നു.

ഗാസ മുനമ്പിലെ ഏകദേശം 21% വീടുകളിലും വൈകല്യമുള്ള ഒരാളെങ്കിലും താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു സമൂഹത്തെ പൂർണ്ണമായി ഉന്നമിട്ടുള്ള ഇസ്‍റാഈലിന്റെ കൂട്ടായ ശിക്ഷകളിൽ ഫലസ്തീനിന്റെ ഒരു തലമുറയാണ് നാമാവശേഷമായി പോകുന്നത്. മിക്ക ദിവസങ്ങളിലും 10 കുട്ടികൾക്ക് എങ്കിലും അവരുടെ കൈകാലുകളിൽ ഏതെങ്കിലുമൊന്ന് നഷ്ടപ്പെടുന്നുവെന്ന യാഥാർത്ഥ്യം ഹൃദയഭേദകമാണ്.കുടിയിറക്കപ്പെട്ട 1.4 ദശലക്ഷം ഫലസ്തീനിയൻ സിവിലിയന്മാരിൽ 15%  വികലാംഗരാണെന്നുള്ള  വാർത്ത തെല്ലെങ്കിലും മനുഷ്യത്വമുള്ളവർക്ക് കണ്ണീരോടെ കൂടെയല്ലാതെ കേൾക്കാനാവില്ല.

കാഴ്ച, കേൾവി, സംസാരം തുടങ്ങി വിവിധ കഴിവുകള്‍ നഷ്ടപ്പെട്ടവരുടെ ഇത് വരെ പുറത്ത് വന്ന കണക്കുകള്‍ തന്നെ ഞെട്ടിക്കുന്നതാണ്. പുറത്ത് വരാത്തത് അതിലും എത്രയോ വരുമെന്നാണ് പറയപ്പെടുന്നത്. ഫലസ്തീനികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതും ഭാവിയില്‍ തലമുറകളോളം അനുഭവിക്കാനിരിക്കുന്നതും ഈ ദുരിതപര്‍വ്വങ്ങളാണ്. ശുശ്രൂഷ നൽകുന്നവരെ പോലും ബോംബിടുന്നതിലൂടെ, ഈ വികലാംഗർക്ക് മരണത്തിനു മുമ്പിൽ തലകുനിക്കേണ്ടി വരികയാണ്. മിസൈലുകൾ നിരന്തരം തുളച്ചു  പായുന്ന ഈ  വേളയിൽ, മുറിവേറ്റവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി  ആരോഗ്യപ്രവർത്തകർ നെട്ടോട്ടമോടുകയാണ്.

ശരീര വൈകല്യങ്ങൾക്ക് പുറമേ ഉറ്റവർക്കും ഉടയവർക്കുമിടയിൽ വളർന്നുവരുന്ന മാനസികാഘാതങ്ങളാണ് ഗസ്സ ജനത നേരിടുന്ന ദുരിതങ്ങളിൽ ഏറ്റവും വലുത്. ഇസ്‍റാഈലിന്റെ നിരന്തര ബോംബ് വര്‍ഷത്തിൽ ചേതനയറ്റു കിടക്കുന്ന കുടുംബങ്ങളുടെ ശരീരങ്ങളിലേക്ക് ദൃഷ്ടി പതിപ്പിക്കാനാകാതെ  വിറയലോടുകൂടെ ആശുപത്രികളിൽ പ്രവേശിക്കേണ്ടി വരുന്ന പിഞ്ചു ബാല്യങ്ങളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. എത്ര മറക്കാൻ ശ്രമിച്ചാലും ഓർമ്മകളിലേക്ക് തികട്ടിവരുന്ന ഇത്തരം ദുരനുഭവങ്ങൾ അവരെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ലേക്ക് പോലും നയിക്കുന്നു.

റാബിന്റെ കുപ്രസിദ്ധ തന്ത്രം

ഫലസ്തീൻ ഭൂമിയിൽ  ഇന്ന് ഇസ്‍റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വ  വിരുദ്ധ നീക്കങ്ങളുടെ   വേര് ആണ്ടു കിടക്കുന്നത്  യിത്സാക് റാബിന്റെ ഭരണകാലഘട്ടത്തിലാണ്. ആദ്യ ഇന്‍തിഫാദയുടെ സമയത്ത് (1987-1993) ഇസ്‍റാഈൽ പ്രതിരോധ മന്ത്രിസ്ഥാനം അലങ്കരിച്ചയാളാണ് യിത്സാക് റാബിൻ. 1988ൽ, അണപൊട്ടിയ പ്രതിഷേധങ്ങളെ തല്ലിയൊതുക്കാനായി സൈന്യത്തിന് നിർദ്ദേശിച്ച തന്റെ കുപ്രസിദ്ധ കുതന്ത്രത്തിലൂടെ അദ്ദേഹം പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നുണ്ട്. "അവരുടെ എല്ലുകൾ തകർക്കൂ" എന്നതായിരുന്നു റാബിൻ നിർദേശത്തിന്റെ ആകെത്തുക. ഒരിക്കലും ശമനം ലഭിക്കാത്ത രീതിയിലേക്ക് ഫലസ്തീൻ യുവാക്കളെ അംഗ വൈകല്യമുള്ളവരാക്കി മാറ്റുക എന്നതായിരുന്നു ഇത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. അന്നുമുതൽ സമകാല സാഹചര്യം വരെ റാബിൻ സിദ്ധാന്തമായിരുന്നു ഇസ്‍റാഈലികൾ നടപ്പാക്കി കൊണ്ടിരുന്നത്. കേവലം അംഗ വൈകല്യമുള്ളവരാക്കി മാറ്റുക എന്നതിനപ്പുറത്ത്, ഒരിക്കലും കര കയറാനാകാത്ത മാനസിക വിഭ്രാന്തിയിലേക്ക് ഫലസ്തീനികളെ തളച്ചിടാനും ഇതുവഴി അവർക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറഞ്ഞുവെക്കുന്നത്.

2018 ലെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ, സമാധാന സമരങ്ങളെ അടിച്ചൊതുക്കാൻ അധിനിവേശകർ റാബിൻ നിർദ്ദേശം എത്രത്തോളം കൈക്കൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. യുഎൻ ഇൻഡിപെൻഡന്റ് കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച്, 5972 രേഖാമൂലമുള്ള പരിക്കുകളാണ് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ തന്നെ 493 എണ്ണം മുകളിലെ അവയവങ്ങളിലും 4903 എണ്ണം താഴത്തെ അവയവങ്ങളിലുമായിരുന്നു. അക്കൂട്ടത്തിൽ നിന്നും 940 കുട്ടികൾ പിന്നീട് ഒരിക്കലും  അതിജീവിക്കാനാവാത്ത  തരത്തിലുള്ള വൈകല്യങ്ങൾക്ക് ഇരയായി എന്നുള്ളത് ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ചുരുക്കത്തിൽ, റാബിൻ തന്ത്രത്തോടു കിടപിടിക്കുന്ന നവകാല അധികാരികൾ സ്വീകരിക്കുന്ന മുറയിലൂടെ ഫലസ്തീനികൾ മാനസികമായും ശാരീരികമായും തീരാ കഷ്ടത അനുഭവിക്കുകയാണ്.

ഇസ്‍റാഈൽ മനപ്പൂർവമാണ് അന്താരാഷ്ട്ര വിധിന്യായങ്ങളെ ഹൈജാക്ക് ചെയ്യുന്നത്. വികലാംഗരുടെ അവകാശങ്ങൾക്കായുള്ള യുഎൻ കൺവെൻഷനിൽ (സിആർപിഡി) കൈകൊണ്ട, ഗാസയിലെ വികലാംഗരുടെ അവകാശങ്ങൾ സുരക്ഷിതമാക്കുമെന്ന പ്രതിജ്ഞ ഇസ്‍റാഈൽ അവഗണിക്കുകയാണ്. അതിലെ ആർട്ടിക്കിൾ 11 വ്യക്തികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും വ്യവസ്ഥ ചെയ്യുന്നതോടൊപ്പമാണ് ഈ പരസ്യ ലംഘനങ്ങൾ അരങ്ങേറുന്നത്. സായുധ സംഘട്ടനങ്ങളിൽ വൈകല്യമുള്ളവരോട് പ്രത്യേക മമത കാണിക്കേണ്ടതുണ്ടെന്നും അതിൽ അടങ്ങിയിരുന്നു. അമേരിക്കയുടെ അന്ധമായ പിന്തുണ ഉള്ളതുകൊണ്ട് ഇസ്‍റാഈലിന് ഇത്തരം കരാറുകളോടും വ്യവസ്ഥകളോടും  എന്നും പുച്ഛഭാവമാണ്. 

കൂടാതെ, സായുധ സംഘട്ടന മേഖലകളിൽ വൈകല്യമുള്ളവരുടെ സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന UNSC പ്രമേയം 2475 ലംഘിച്ചുകൊണ്ട്, പാശ്ചാത്യ രാജ്യങ്ങൾ ഇസ്‍റാഈലിന് നിരുപാധിക പിന്തുണ നൽകുന്നത് അതന്ത്യം നിഷ്ഠൂരവും പ്രതിഷേധാർഹവുമാണ്. ഇതിനർത്ഥം ഈ തത്ത്വങ്ങളെല്ലാം കടലാസിൽ മാത്രം അവശേഷിക്കുന്നു എന്നും അവ നടപ്പിലാക്കുന്നതിൽ ആരും താല്പര്യപ്പെടുന്നില്ല എന്നുമാണ്. ഫലസ്തീനികളെ വികലാംഗരാക്കാനുള്ള ഇസ്‍റാഈലിന്റെ തന്ത്രത്തെ കേവല നിയമലംഘനമായി കാണാതെ, അധിനിവേശ രാജ്യം  അതിന്റെ കോളനിക്കെതിരെ നടപ്പാക്കുന്ന കൂട്ട ശിക്ഷയായി കരുതേണ്ടതുണ്ട്.

റാബിന്റെ കുപ്രസിദ്ധമായ തന്ത്രം ഇസ്‍റാഈൽ ആക്രമണങ്ങളിൽ ഒരു കുന്തമുനയായി ഉപയോഗിക്കുന്നു. സാധാരണക്കാരെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന്  അകറ്റിനിർത്താനും, അകപ്പെട്ട  ദുരിതങ്ങളിൽ നിന്നും  ഒരിക്കലും അതിജീവിക്കാനാകാതെ  നിലനിർത്താനുമാണ് ഇസ്‍റാഈൽ ഈ തന്ത്രം ആവിഷ്കരിക്കുന്നത്. ഓസ്ലോ ഉടമ്പടിയുടെ പ്രതാപകാലത്ത് ഈ വികല  ആശയത്തിന് ബീജാവാപം നൽകിയ  റാബിനെ സമാധാനത്തിനുള്ള നോബൽ സമ്മാനം തേടിയെത്തിയത് ഓർക്കുമ്പോൾ ഇപ്പോഴും ലജ്ജ തോന്നുകയാണ്. റാബിന്റെ കാലം മുതൽ,  നൂറുകണക്കിന് അന്താരാഷ്‌ട്ര നിയമങ്ങളെയാണ് ഇസ്‍റാഈൽ പരമ പുച്ഛത്തോടെ തള്ളിക്കളഞ്ഞത്. ഫലസ്തീനികളുടെ ഒരു തലമുറ ആജീവനാന്ത പരിണിതഫലങ്ങളുമായി ജീവിക്കുമ്പോഴും, അടിക്കടി  അന്താരാഷ്ട്ര നയങ്ങളെ ലംഘിക്കുന്ന ഇസ്‍റാഈലിനെ മുച്ചൂടും പിന്തുണക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter