മഹ്മൂദ് അബ്ബാസിന്റെ ചൈനാ സന്ദര്‍ശനവും വടക്കന്‍ സൈപ്രസിന്റെ അംഗീകാരവും
ഫലസ്തീൻ വാർത്തകളിൽ നിറഞ്ഞുനിന്ന വാരമായിരുന്നു കടന്നുപോയത്. ജനീൻ അഭയാർത്ഥി ക്യാംപിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങളും അതിനോടുള്ള ഫലസ്തീനികളുടെ പ്രതിരോധവും തീർത്ത അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതൊടൊപ്പം ഫലസതീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ചൈന സന്ദർശനവും വളരെ ശ്രദ്ധേയമായി. എന്നാൽ അതീവ വാർത്താശ്രദ്ധയർഹിക്കുകയും അത് ലഭിക്കാതെ പോകുകയും ചെയ്ത ചില സംഭവങ്ങൾ കൂടെ ഈ വാരത്തിലെ മുസ്‍ലിം ലോക വിശേഷങ്ങളിൽ കാണാം. ഞെട്ടിക്കുന്ന ഒരു അമേരിക്കൻ റിപ്പോർട്ടും ഗ്രീസിലെ അഭയാർത്ഥി ബോട്ട് ദുരന്തവുമാണത്. കൂടാതെ വടക്കൻ സൈപ്രസിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള തുർക്കിഷ് ആവശ്യവും വാർത്താപ്രാധാന്യം അർഹിക്കുന്നു. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങളിലൂടെ കണ്ണോടിക്കാം.
അറിയാതെ പോയ ദുരന്തം
ഓഷ്യൻ ഗൈറ്റ് കമ്പനിയുടെ ടൈറ്റാനിക്ക് അവശിഷ്ട സന്ദർശന ടൂറിസവുമായി ബന്ധപ്പെട്ടു നടന്ന ദുരന്തത്തിന്റെ വാർത്തകളായിരുന്നു കഴിഞ്ഞയാഴ്ച മാധ്യമങ്ങളിൽ സജീവമായത്. അഞ്ച് ടൂറിസ്റ്റുകൾ മരണപ്പെട്ട നിർഭാഗ്യകരമായ ഈ സംഭവത്തിന്റെ കവറേജിൽ പക്ഷേ അഞ്ഞൂറിലധികം അഭയാർത്ഥികളുടെ തിരോധനത്തിനിടയായ ഗ്രീസിലെ അയൺ കടലിലെ ബോട്ടപകടം കാര്യമായ രീതിയിൽ ചർച്ചചെയ്യപ്പെട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. പാകിസ്ഥാനികളും ഈജിപ്ഷ്യരും ഫലസ്തീനികളും സിറിയക്കാരുമടക്കം പുതിയ ജീവിതസ്വപ്നങ്ങളുമായി യൂറോപ്പിലേക്ക് പുറപ്പെട്ട ആളുകള്‍ തിങ്ങിനിറഞ്ഞ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൂറോളം പേരുടെ മരണം ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പേരെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടുമില്ല. രക്ഷാപ്രവർത്തനത്തിൽ ഗ്രീസ് കോസ്റ്റ് ഗാർഡ് കാണിച്ച അപാകതയാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെതന്നെന്ന വിമർശനവുമുണ്ട്.
ജനീൻ വീണ്ടും വാർത്തയാകുമ്പോൾ
ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് പ്രവിശ്യയിലെ ജനീൻ കുറച്ചു കാലങ്ങളായിട്ട് ഫലസ്തീൻ പ്രതിരോധ പ്രവർത്തനങ്ങളുടെയും യുവ തലമുറയുടെ രോഷത്തിന്റെയും മേൽവിലാസമായി മാറിയ പ്രദേശമാണ്. പാരമ്പര്യ പ്രതിരോധരീതികളോടും സ്ഥാപനവത്കൃത പ്രതിരോധത്തിലെ മെല്ലെപ്പോക്ക് നയത്തോടും ഭരണകാർത്താക്കളോടുമുളള പുതിയ തലമുറയുടെ അതൃപ്തിയുടെയും രോഷത്തിന്റെയും അടങ്ങാത്ത പോരാട്ട വീര്യത്തിന്റെയും അടയാളസ്ഥലിയായി ജനീൻ എന്ന കൊച്ചു പ്രദേശം മാറിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. പാരമ്പര്യമായി ഫലസ്തീൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ്-ഫതഹ് പോരാട്ടഘടനകളോടും പ്രവർത്തന ശൈലിയോടുള്ള മടുപ്പും എതിർപ്പുമാണ് പുതിയ തലമുറയിലെ യുവാക്കൾ നയിക്കുന്ന ജനീൻ ബ്രിഗേഡ്, പലസ്തീൻ ഇസ്‍ലാമിക് ജിഹാദ് തുടങ്ങിയ സംഘങ്ങളുടെ സ്ഥാപനത്തിൽ കലാശിച്ചത്.
ഇനി ഈ ആഴ്ച്ച ജനീനിലെ നടന്ന ചില സംഭവങ്ങൾ പരിശോധിക്കാം. രണ്ടാം ഇൻതിഫാദക്ക് ശേഷം ആദ്യമായി അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലിക്കൊപ്പറ്ററും എഫ്-16 ഫൈറ്റർ ജെറ്റുകളുമായി ജനീനിലെ അഭയാർത്ഥി ക്യാംപുകളിലും പരിസരപ്രദേശങ്ങളിലുമായി സംഘർഷഭീതിയുളവാക്കികൊണ്ട് ഇസ്രായേൽ സേന നടത്തിയ ആക്രമണങ്ങളിൽ അഞ്ച് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇതിനെതിരെ ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഫലസ്തീനികൾ തിരിച്ചടിക്കുകയും നാല് ഇസ്രായേലി അധിനിവേശ കൂടിയേറ്റക്കാർ കൊല്ലപ്പെടുകയും ചെയ്തു. ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദാണ് തിരിച്ചടിക്കുപിന്നിലെന്നാണ് പറയപ്പെടുന്നത്. തിരിച്ചടിയെ വെസ്റ്റ് ബാങ്ക് ഭരണചുമതലയുള്ള ഹമാസും അനുകൂലിച്ചിട്ടുണ്ട്.
വടക്കൻ സൈപ്രസിൻറെ അംഗീകാരം
തുർക്കിഷ് വംശജർ ഭൂരിപക്ഷമായ പ്രദേശമാണ് വടക്കൻ സൈപ്രസ്. സൈപ്രസ് എന്ന കൊച്ചു രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം 1974 മുതൽ തുർക്കിയയുടെ കീഴിലായി ഒരു സ്വതന്ത്ര രാഷ്ട്രം എന്ന രീതിയിലാണ് ഭരണനിർവാഹണം നടത്തുന്നതും നിലകൊള്ളുന്നതും. വടക്കൻ സൈപ്രസടക്കം സൈപ്രസിനെ മുഴുവനായും ഗ്രീസിലേക്ക് കൂട്ടിച്ചേർക്കാനുള്ള സൈനിക ശ്രമങ്ങളോടുള്ള പ്രതികരണമായി തുർക്കിയ സൈന്യം തുർക്കിഷ് വംശജർ ബഹുഭൂരിപക്ഷമുള്ള വടക്കൻ സൈപ്രസിലേക്ക് 1974 ജുലൈ ഇരുപതാം തിയതി കടന്നുകയറുകയും പ്രദേശം തങ്ങളുടെ അധീനതയിലാക്കുകയുമായിരുന്നു. മൂന്നാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കഴിഞ്ഞയാഴ്ച്ച വടക്കൻ സൈപ്രസ് സന്ദർശിച്ച ഉർദുഗാൻ വടക്കൻ സൈപ്രസ് നേതാവ് എർസിൻ താതാറുമായി കൂടിക്കാഴ്ച നടത്തുകയും ലോകരാജ്യങ്ങളോട് വടക്കൻ സൈപ്രസിനെ അംഗീകരിക്കാൻ ആവശ്യപ്പെടുകയുമുണ്ടായി. നിലവിൽ തുർക്കിയ മാത്രമാണ് വടക്കൻ സൈപ്രസിന്റെ രാഷ്ട്രപദവി അംഗീകരിച്ചിട്ടുള്ള രാജ്യം. സൈപ്രസിന്റെ വിഭജനവുമായി ബന്ധപ്പെട്ടു 2004-ൽ ഐക്യരാഷ്ട്രസഭക്കുകീഴിൽ നടന്ന ഹിതപരിശോധനയിൽ വടക്കൻ സൈപ്രസിലെ ബഹുഭൂരിഭാഗവും വിഭജനത്തെ അനുകൂലിച്ചെങ്കിലും തെക്കൻ സൈപ്രസുകാരുടെ വോട്ടുകളിൽ പദ്ധതി പരാജയപ്പെടുകയായിരുന്നു.
ഞെട്ടിക്കുന്ന റിപ്പോർട്ട്
അമേരിക്കയിലെ മുസ്‍ലിം മനുഷ്യാവകാശ സംഘടനയായ കൗണ്‍സിൽ ഓണ്‍ അമേരിക്കൻ മുസ്‍ലിം റിലേഷൻസ് പുതുതായി പുറത്തുവിട്ട റിപ്പോർട്ട് ആഗോള മുസ്‍ലിം പൗരന്മാരെ സംബന്ധിച്ചിടത്തോളം കൂടുതൽ ആശങ്കയുളവാക്കുന്നതാണ്. എറെ ചർച്ചകൾക്ക് വഴിവെച്ച ഈ റിപ്പോർട്ട് പ്രകാരം അമേരിക്കൻ അന്വേഷണ എജൻസിയായ എഫ്.ബി.ഐ യുടെ വാച്ച് ലിസ്റ്റിലെ 98 ശതമാനം പേരും മുസ്‍ലിംകളാണ്. അതായത് ഒന്നരദശലക്ഷത്തോളം പേർ ഉൾകൊള്ളുന്ന ഈ ലിസ്റ്റിൽ മുസ്‍ലിംകളല്ലാത്തവർ വെറും 2 ശതമാനം മാത്രമാണ്. 2001 ലെ വേൾഡ് ട്രേഡ് സെന്ററാക്രമണത്തിനു ശേഷം പതിന്മടങ്ങു വർധിച്ച ഇസ്‍ലാമോഫോബിയയുടെയും മുസ്‍ലിം അപരവത്കരണത്തിന്റെയും അനുരണനമായി ഈ ലിസ്റ്റിനെ വീക്ഷിക്കാം. മുസ്‍ലിംകളെ പ്രത്യേകമായി നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ക്കെതിരെ മുമ്പേയുള്ള വിമർശനമാണ്. റിപ്പോർട്ടിൽ ആശങ്കയുളവാക്കി ഭരണതലത്തിലുള്ള മുസ്‍ലിം വിരുദ്ധ സമീപനങ്ങളെ തടയിടാൻ ജോ ബൈഡനോട് കൌൺസിൽ ആവശ്യപ്പെടുകയുമുണ്ടായി.
ഫലസ്തീനിലും ചൈന ഇടപെടുമ്പോൾ
മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു കൂടിക്കാഴ്ചയാണ് കഴിഞ്ഞയാഴ്ച ചൈനയിൽ നടന്നത്. മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിലെ കാലങ്ങളായുള്ള അമേരിക്കൻ സ്വാധീനത്തെ തടയിടാനുള്ള ശ്രമങ്ങളുമായി ചൈന നിരന്തരം രംഗത്തുണ്ട്. മേഖലയിലെ നയതന്ത്ര തീരുമാനങ്ങളുടെയും ഭൗമരാഷ്ട്രീയ സമവാക്യങ്ങളുടെയും ആണിക്കല്ലായ ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ചൈന നടത്തുന്ന ഇടപെടൽ ഇതിന്റെ ഭാഗമായി വേണം കാണാന്‍. ആയതുകൊണ്ട് തന്നെ കഴിഞ്ഞയാഴ്ച്ച ബെയ്ജിങ്ങിൽ നടന്ന ചൈന-ഫലസ്തീൻ കൂടിക്കാഴ്ച്ച എന്തുകൊണ്ടും ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയിൽ ഫലസ്തീനികളുടെ കാലങ്ങളായുള്ള ആവശ്യമായ 1967 ലെ അതിർത്തിരേഖ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര ഫോർമുലയെ തങ്ങൾ അംഗീകരിക്കുന്നതായും ഷി ജിൻ പിങ്ങ് പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ ഫലസ്തീന് കൂടുതൽ സാമ്പത്തിക സഹായവും ചൈന പ്രഖ്യാപിക്കുകയുണ്ടായി. ആഗോളശക്തിയാകാനുള്ള മത്സരത്തിൽ അമേരിക്കയുമായി നിരന്തരം ഏറ്റുമുട്ടികൊണ്ടിരിക്കുന്ന ചൈനക്ക് മിഡിലീസ്റ്റ് രാഷ്ട്രീയത്തിൽ സ്വാധീനം അനിവാര്യമാണ്. ഇറാൻ സൗദി സമാധാന കരാറിലെ മധ്യസ്ഥ റോളും ഇതിനുള്ള ശ്രമമായി വായിച്ചെടുക്കാം.
Leave A Comment