ഇറാന്‍ യുദ്ധം: വെടി നിറുത്തിയതല്ല, നിറുത്തേണ്ടി വന്നതാണ്

നാല്‍പത് ദിവസം നീണ്ടുനിന്ന, അമേരിക്ക-ഇറാന്‍ യുദ്ധത്തിന്, ഏപ്രില്‍ 07ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. ലോകജനതയെ പൊതുവായും സാമ്പത്തിക-വാണിജ്യ രംഗത്തെ പ്രത്യേകമായും ഏറെ ബാധിച്ച ഈ യുദ്ധം അവസാനിക്കാന്‍ എല്ലാവരും ഒരു പോലെ ആഗ്രഹിച്ചുവെങ്കിലും, തികച്ചും അന്യായമായ അമേരിക്കയുടെ ഈ ആക്രമണത്തിനെതിരെ കാര്യമായി ആരും ശബ്ദിച്ചില്ലെന്നത് ഏറെ നിരാശകരമായിരുന്നു. അതേ സമയം, അമേരിക്കയേക്കാളേറെ ഈ യുദ്ധത്തിന്റെ പ്രയോക്താവും ഗുണഭോക്താവും ഇസ്റാഈല്‍ ആണെന്നതാണ് സത്യം. ഇസ്റാഈലിന്റെ വാക്കുകള്‍ കേട്ട് യുദ്ധത്തിന് ചാടിപ്പുറപ്പെട്ട ട്രംപ് അവസാനം യുദ്ധം അവസാനിച്ച് കിട്ടാന്‍ പാട് പെടുന്നത് ലോകം നേരില്‍ കണ്ടതാണ്.

പഹ്‍ലവിയൻ കാലഘട്ടത്തിന് ശേഷം സാമ്രാജ്യത്വ വിരുദ്ധ നിലപാടുമായി ഉറച്ച് നിന്ന  ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനോട്, ഏറ്റവും വലിയ സാമ്രാജ്യത്വശക്തിയായ അമേരിക്കക്ക് എതിര്‍പ്പുണ്ടാവുന്നത് സ്വാഭാവികം. അതേ സമയം, ഈ യുദ്ധത്തിന്റെ ആത്യന്തിക കാരണം കുറച്ച് നാൾ മുമ്പ് അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് തന്നെ നേരിട്ട് പ്രഖ്യാപിച്ച ഇസ്രായേലിന്റെ ' ഗ്രേറ്റർ ഇസ്രായേൽ ' പദ്ധതിക്ക് ഇനി പ്രധാന വിലങ്ങുതടിയായി നിൽക്കുന്നത് ഇറാന്‍ ആണെന്നതാണ്. ഇറാന്റെ ഫലസ്തീൻ അനുകൂല നിലപാടും ഫലസ്തീനിയൻ ചെറുത്തുനില്പ്പ് ഗ്രൂപ്പുകൾക്ക് ഇറാൻ നല്‍കുന്ന പിന്തുണയും ഇസ്റാഈലിന്റെ സ്വപ്നം നീട്ടിക്കൊണ്ടുപോവുകയാണ്. ഇറാനെ എങ്ങനെയെങ്കിലും ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കുക എന്നതും ഫലസ്തീനുമായുള്ള അവരുടെ ബന്ധം വഷളാക്കുക എന്നതും ഇസ്റാഈലിന്റെ ആവശ്യമാമ്. ഇറാന്റെ മിലിറ്ററി ജനറൽ ഖാസിം സുലൈമാനിയെ ടാർഗറ്റ് ഹിറ്റിലൂടെ വകവരുത്തുന്നതും ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയെ ഇറാനിൽ വച്ച് തന്നെ കൊലപ്പെടുത്തി രാഷ്ട്രീയ അരക്ഷിതത്വം സൃഷ്ടിച്ചതുമെല്ലാം അതിന്റെ ഭാഗമാണ്. ഇതേ തുടര്‍ന്ന് ഇറാന്‍ പ്രതികാര നടപടികളെന്നോണം ഒരു യുദ്ധത്തിലേക്ക് വരുമെന്നായിരുന്നു ഇസ്റാഈലിന്റെ കണക്ക് കൂട്ടല്‍. പക്ഷേ, ഇറാന്‍ അതിന് ശ്രമിക്കാതെയിരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പിന്തുണയോടെ ഇറാനെ ആക്രമിക്കാനും പരമാധികാരത്തെ ചോദ്യം ചെയ്യാനും നെതന്യാഹു പദ്ധതി തയ്യാറാക്കിയത്. ഇറാന്‍ ആഭ്യന്തര കലഹങ്ങളില്‍ കലുഷിതമാണെന്നും ഒരു ഭരണമാറ്റം അനായാസമാണെന്നുമുള്ള മൊസാദിന്റെ കണക്ക് കൂട്ടലുകളാണ്, ഈ സാഹചര്യത്തില്‍ ഒരു യുദ്ധം തുടങ്ങാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്.

എന്നാൽ മൊസാദിന്റെയും നെതന്യാഹുവിന്റെയും കണക്ക് കൂട്ടലുകള്‍ തെറ്റായിരുന്നെന്നും ഇറാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമാണെന്നും വൈകാതെ ലോകത്തിനും അതിലേറെ അവര്‍ക്ക് തന്നെയും ബോധ്യപ്പെട്ടു. അവരുടെ വാക്ക് കേട്ട്, ഇറാനിലെ എണ്ണസമ്പത്തില്‍ കണ്ണ് നട്ട് കൂടെ കൂടിയ ട്രംപിനും അതോടെ, താന്‍ ചെന്ന് പെട്ടത് വല്ലാത്തൊരു വിഷമവൃത്തത്തിലാണെന്ന് ബോധ്യമായി. യുദ്ധം തുടങ്ങിയത് മുതല്‍ ദിവസവും മൂന്ന് വീതം എന്ന നിലയില്‍ അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പങ്ക് വെച്ച സന്ദേശങ്ങള്‍ ആ തിരിച്ചറിവ് കൃത്യമായി വരച്ച് കാണിക്കുന്നുണ്ട്.

മൂന്ന് ദിവസനത്തിനകം ഇറാനിൽ യുദ്ധം വിജയിച്ച് ഭരണമാറ്റം കൊണ്ട് വരുമെന്ന പ്രഖ്യാപനത്തോടെ  തുടങ്ങിയ യുദ്ധം രണ്ടാഴ്ച പിന്നിട്ട് താൽകാലിക വെടി നിറുത്തലിൽ എത്തിനിൽക്കുമ്പോൾ ഒരു ഘട്ടത്തിൽ പോലും  യുദ്ധ വിരാമ ചർച്ചകൾക്കോ കീഴടങ്ങലുകൾക്കോ ഇറാന് വിധേയപ്പെടേണ്ടി വന്നില്ലെന്നത് തന്നെ അവരുടെ ഏറ്റവും വലിയ വിജയമാണ്. 36 വർഷങ്ങളായി പലവിധ ഉപരോധങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഇറാന് കീഴടങ്ങലോ പരാജയമോ അല്ലാതെ മറ്റൊന്നിനും സാധ്യമല്ലെന്ന കണക്ക് കൂട്ടലിലായിരുന്നു ഇസ്രോ- അമേരിക്കൻ കൂട്ട്കെട്ടെങ്കില്‍, ആ ഉപരോധങ്ങളും നിലവിലെ വൈദേശിക അക്രമണവും ഇറാന്‍ ജനതക്ക് ദേശീയ ബോധവും ഐക്യചിന്തയുമാണ് നല്കിയതെന്ന് ലോകം നേരില്‍ കണ്ടു. ആഭ്യന്തര പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് രാജ്യതാല്‍പര്യത്തിനൊപ്പം പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഒരു ജനതയെയാണ്, കഴിഞ്ഞ നാല്പത് ദിവസങ്ങളായി ലോകം ഇറാനില്‍ കണ്ടത്. അവസാന ദിനം പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിടുമെന്ന അന്ത്യശാസനയുണ്ടായപ്പോഴും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേര്‍, ആ പ്രദേശങ്ങളില്‍ മനുഷ്യകവചങ്ങളായി നിലകൊണ്ടതും നാം കണ്ടതാണ്. ഇറാന്റെ വിദേശകാര്യ മന്ത്രി അറാഖ്ജി പറഞ്ഞത് പ്രകാരം, ഒന്നര കോടി ജനങ്ങള്‍ അത്തരം രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ പരസ്യമായി സന്നദ്ധത അറിയിച്ച് രംഗത്ത് വന്നു എന്നാണ്.

പറഞ്ഞു വന്നത്, സ്ത്രീകളും കുട്ടികളും അടക്കം അനേകം മനുഷ്യജീവനുകളെയും ഒരുപാട് കെട്ടിടങ്ങളെയും നശിപ്പിച്ചുവെന്നതിൽ കവിഞ്ഞ് യാതൊരു തരത്തിലുള്ള മേൽക്കോയ്മായോ വിജയാവകാശമോ അമേരിക്കക്കോ ഇസ്രായേലിനോ ഇറാന്‍ യുദ്ധത്തില്‍ അവകാശപ്പെടാനില്ല. എന്നാൽ ഇറാനെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഏറെയുണ്ടെങ്കിലും തന്ത്ര പ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒന്നുകൂടെ ഊട്ടിയുറപ്പിക്കാനും ഏറ്റവും വലിയ കുറ്റാരോപണം നേരിട്ട ആണവ പ്രവർത്തനങ്ങൾ തുടരാനുള്ള സാഹചര്യം ഉറപ്പാക്കാനും സാധിച്ചു. എണ്ണവില ബാരലിന് 200 എന്ന കണക്കെത്തുന്നത് വരെ ഈ യുദ്ധം തുടരുമെന്നവർ ഭയാശങ്കകളില്ലാതെ പറഞ്ഞതും നയതന്ത്രപരമായി യുദ്ധ വിജയം അവർക്ക് ആദ്യമേ സുനിശ്ചിതമായിരുന്നുവെന്നതിനെയാണ് സൂചിപ്പിക്കുന്നതും.

പരമാവധി 2000 കിലോമീറ്റർ പ്രതീക്ഷിച്ചിരുന്ന ഇറാൻ മിസൈൽ 4000 കിലോമീറ്റർ താണ്ടി ലക്ഷ്യത്തിൽ ചെന്ന് പതിച്ചപ്പോൾ ഇസ്രായേലിന്റെ സപ്ത പ്രതിരോധ സംവിധാനങ്ങൾ നോക്കുത്തിയായി നിന്നത് മുതൽ ടെൽ അവീവും മൊസാദിന്റെ ആസ്ഥാനവുമടക്കം മിസൈൽ പ്രഹരങ്ങൾക്ക് ഇരയായത് വരെ ഇറാന്റെ സായുധ വിജയക്കണക്കുകൾ എത്തിനിൽക്കുന്നു. അതിന് പുറമെ ആഗോള സമ്മർദം അമേരിക്കക്കെതിരെ തിരിച്ച് വിടാനും തികച്ചും ഇറാന് അനുകൂലമായ ഏകപക്ഷീയ വെടിനിറുത്തലുകളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാനും ഇറാന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

നേരിട്ട് ഇസ്രായേലിനെ ആക്രമിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ  അറബ് രാജ്യങ്ങളിലെ അമേരിക്കൻ ബേസുകളെ ഇറാൻ ആക്രമിച്ചത് സാമ്രാജ്യത്വ ഭീകരരുടെ സിലബസിലോ കണക്കുകൂട്ടലിലോ ഇല്ലാത്ത കാര്യമായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. അതുവഴി അമേരിക്കക്ക് കീഴിൽ സുരക്ഷിതരാണ് തങ്ങളെന്ന അറബ് നേതാക്കളുടെ മൂഢധാരണക്കാണ് ഇറാൻ മങ്ങലേൽപ്പിച്ചതും. അമേരിക്കക്ക് ബദലായി ലോക നേതൃപട്ടം കയ്യാളാൻ വെമ്പി നിൽക്കുന്ന റഷ്യ കൂടി ഉള്ളിലൂടെ ചരട് വലിച്ചതതോടെ ഇസ്രായേലിനും അമേരിക്കക്കും പിടിച്ച് നിൽപ്പില്ലാതെയായി. ട്രംപിനെതിരെ നടന്ന മെഗാ ഭരണ വിരുദ്ധ റാലിയും അവസാന നിമിഷത്തിലുള്ള മൊസാദിന്റെ തകിടം മറിച്ചിലുമായപ്പോൾ സ്വയം കുഴിതോണ്ടുകയാണെന്ന പ്രതീതി അധിനിവേഷ ഭീകരര്‍ക്ക് തന്നെ ഉണ്ടായി.

ഇനി ഇറാൻ വച്ച 10 ഉപാധികൾ പരിശോധിച്ചാൽ സാമ്രാജ്യത്വ വീഴ്ചയുടെ ആഴം മനസ്സിലാക്കാൻ കഴിയും. അതിൽ മേഖലയിൽ നിന്നുള്ള പൂർണ്ണ സൈനിക പിന്മാറ്റം മുതൽ അയൽ രാജ്യമായ ലെബനാനിന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതും ഇറാന് സംഭവിച്ച നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം നല്കുന്നതും വരെ ഉടമ്പടിയിൽ ഉപാധിയായി വരുന്നുണ്ട്.

ചുരുക്കത്തിൽ, അമേരിക്കക്ക് ഈ യുദ്ധം സര്‍വ്വതലത്തിലും നഷ്ടം തന്നെയാണ്. അതേ സമയം, ഇസ്റാഈല്‍, രംഗം പന്തിയല്ലെന്ന് മനസ്സിലാക്കി പിന്‍വലിയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. കൂടുതല്‍ ശക്തി ആര്‍ജ്ജിച്ച്, ഇറാനിലെ ആഭ്യന്തര കാര്യങ്ങള്‍ അല്പം കൂടി വഷളാക്കാന്‍ ആവുന്നതെല്ലാം ചെയ്ത്, ലോകപോലീസിനെയും കൊണ്ട് അവര്‍ വീണ്ടും വരാതിരിക്കില്ല. കാരണം, പതിറ്റാണ്ടുകളായി അവര്‍ താലോലിക്കുന്ന ഗ്രേറ്റര്‍ ഇസ്റാഈല്‍ സാക്ഷാല്‍ക്കരിക്കാതെ അവര്‍ക്ക് വിശ്രമിക്കാനാവില്ല.

വിശുദ്ധ ഖുര്‍ആന്‍, സൂറതുല്‍ ഹശ്റില്‍ ഇസ്റാഈല ഈ സൂക്തം നമുക്ക് ഒരിക്കല്‍ കൂടി ഓര്‍ക്കാം, കോട്ട കെട്ടി ഭദ്രമാക്കപ്പെട്ട നാടുകളില്‍ വെച്ചോ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ അവര്‍ സംഘടിച്ചുകൊണ്ട് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ അവരുടെ സമരശക്തി മികച്ചതാണ്, അവര്‍ സംഘടിച്ചവരാണെന്ന് താങ്കള്‍ വിചാരിക്കുന്നു, അവരുടെ ഹൃദയങ്ങളാകട്ടെ വിഭിന്നങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter