ഖുർആൻ കത്തിക്കൽ: അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കപടമുഖം
ഈയിടെ സ്വീഡനിൽ വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് കത്തിച്ച സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായി കാണാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായേ കാണാനാവൂ എന്നുമാണ് പലരും പറഞ്ഞതും ഔദ്യോഗിക വൃത്തങ്ങള്‍ വരെ ന്യായീകരിച്ചതും. എന്നാല്‍ ഈ നിലപാടിനെ മുസ്‍ലിം വിരുദ്ധതയുടെ ഭാഗമെന്നേ പറയാനൊക്കൂ. ഒരു വിശ്വാസ പ്രമാണത്തോട് കാണിക്കുന്ന അനാദരവിനെ അഭിപ്രായസ്വാതന്ത്ര്യമായി അവകാശപ്പെടുന്നത് ഭരണകർത്താക്കളുടെ ഇരട്ടത്താപ്പാണ്.
കഴിഞ്ഞ രണ്ട് വർഷമായി സ്വീഡനിൽ താമസിക്കുന്ന ഇറാഖി പൗരനായ സൽവാൻ മോമിക ജൂൺ 27 ബുധനാഴ്ച സ്റ്റോക്ക്ഹോം പള്ളിക്ക് പുറത്ത് വിശുദ്ധ ഖുർആനിന്റെ ഏതാനും പേജുകൾ കത്തിച്ചു. പെരുന്നാൾ ദിനത്തിൽ വിശുദ്ധ ഖുര്‍ആൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയിൽ തന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സംഭാവനകളും പിന്തുണയും ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് കത്തിക്കാൻ സ്റ്റോക്ക്ഹോം പോലീസിൽ നിന്ന് തനിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് തന്റെ പ്രവ്യത്തിയെ ന്യായീകരിച്ച് കൊണ്ട് അദ്ദേഹം പറയുകയുണ്ടായി. 10 ദിവസത്തിനുള്ളിൽ വിശുദ്ധ ഖുർആനിന്റെ മറ്റൊരു കോപ്പി കത്തിക്കാൻ താൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വീഡിഷ് പോലീസിന്റെ അനുമതിയോട് കൂടിയാണ് സൽവാൻ ഇസ്‍ലാമിന്റെ വിശുദ്ധ ഗ്രന്ഥം ചവിട്ടിമെതിക്കുകയും തലസ്ഥാനത്തെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ വെച്ച് തന്നെ നിരവധി പേജുകൾ കത്തിക്കുകയും ചെയ്തത്. ലോകമൊന്നാകെ ഈ പ്രവ്യത്തിയെ വിമർശിച്ചും എതിർത്തും രംഗത്ത് വന്നു. സംഭവത്തെ അപലപിച്ചുവെങ്കിലും പ്രകടനത്തിന് അനുമതി നൽകിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിനാൽ സ്വീഡിഷ് പോലീസിന്റെ ഭാഗത്ത് തെറ്റില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. അതേസമയം സംഭവം കുറ്റകരവും പ്രതിഷേധാർഹവുമാണെന്നും എന്നാൽ നിയമവിരുദ്ധമല്ലെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
ഖുർആൻ കത്തിച്ചതിന് അംഗീകാരം നൽകാനുള്ള സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ തുർക്കി അപലപിച്ചു. ജൂലൈയിൽ നടക്കുന്ന പ്രധാന ഉച്ചകോടിക്ക് മുമ്പ് നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ ശ്രമത്തിന് ഈ പ്രവർത്തനം വിഘാതം സൃഷ്ടിച്ചേക്കും. പ്രതിഷേധത്തെ ഹീനമായ നടപടിയെന്നാണ് തുർക്കി വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചത്.
സ്റ്റോക്ക്ഹോമിൽ ഖുര്‍ആൻ കത്തിക്കൽ ഉൾപ്പെടെയുള്ള രണ്ട് പ്രവർത്തനത്തിന് അനുമതി നിഷേധിക്കാനുള്ള പോലീസിന്റെ തീരുമാനം സ്വീഡിഷ് കോടതി നിരസിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഖുർആൻ കത്തിക്കാൻ പോലീസ് അംഗീകാരം നൽകിയത്. ജനുവരിയിൽ തുർക്കി എംബസിക്ക് പുറത്ത് വെച്ച് മുസ്‍ലിം വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കത്തിച്ചതിനെ തുടർന്ന് പോലീസ് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ആഴ്ചകളോളം പ്രതിഷേധങ്ങളുണ്ടാകാൻ കാരണമാവുകയും സ്വീഡിഷ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയും സ്വീഡന്റെ നാറ്റോ അംഗത്വത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സുരക്ഷാ ക്രമീകരണങ്ങൾ പറഞ്ഞ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായ ഇത്തരം ചെയ്തികൾ തടയാൻ പോലീസിന് അവകാശമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഈ പ്രവർത്തനത്തിന്റെ പേരിൽ പ്രത്യക്ഷത്തിൽ സ്വീഡൻ പ്രതിഷേധങ്ങളെയും പൊതുജനാഭിപ്രായത്തെയും അപലപിക്കുന്നത് അപൂർവമാണ്. സ്റ്റോക്ക്ഹോമിൽ വെച്ച് ഖുര്‍ആൻ കത്തിക്കാൻ അനുമതി നിഷേധിച്ചതായി പോലീസ് അവകാശപ്പെട്ടിരുന്നുവെങ്കിലും സൽവാന്റെ പ്രവൃത്തിക്ക് അനുകൂലമായി കോടതി അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് താനിത് ചെയ്തതെന്ന് വരുത്തി തീർക്കലാണ് അയാളുടെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ വാക്കിൽ നിന്ന് തന്നെ വ്യക്തമാണ്. “ഇതാണ് ജനാധിപത്യം. ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് അവർ പറഞ്ഞാൽ അത് ജനാധിപത്യ വിരുദ്ധതയാണ്.” എന്നായിരുന്നു അയാളുടെ പ്രതികരണം.
എന്നിരുന്നാലും ഈ പ്രവൃത്തിയെ വിദ്വേഷ കുറ്റകൃത്യമായി വ്യാഖ്യാനിക്കാൻ കഴിയുമോ ഇല്ലയോ എന്ന അതിപ്രാധാനമായ ഒരു ചോദ്യം ഇവിടെ ഉയർന്ന് വരുന്നുണ്ട്. വിദ്വേഷ കുറ്റകൃത്യത്തിനും വിദ്വേഷ പ്രസംഗത്തിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട നിർവചനത്തിന്റെ പരിധിയില്‍ ഇത് ഉള്‍പ്പെടുമോ എന്നതാണ് സാങ്കേതികമായി ചര്‍ച്ചക്ക് വഴി വെച്ചിരിക്കുന്നത്. സ്വീഡിഷ് പത്രമായ എക്‌സ്‌പ്രെസിന് കൊടുത്ത അഭിമുഖത്തിൽ തന്റെ പ്രവർത്തനം വിദ്വേഷ കുറ്റകൃത്യമാണെന്നതിനെ സാൽവാൻ നിഷേധിച്ചു. “ഖുർആൻ കത്തിച്ചത് വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കാൻ പോലീസിന് അവകാശമുണ്ട്” അദ്ദേഹം പത്രത്തോട് പറഞ്ഞു. ആത്യന്തികമായി തീരുമാനിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്വേഷ കുറ്റകൃത്യത്തിന് സാർവത്രികമായി അംഗീകരിക്കപ്പെട്ട നിർവചനം, യൂറോപ്പിലെയും മറ്റിടങ്ങളിലെയും മുസ്‍ലിം സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ നല്കപ്പെടുന്നില്ലെന്നതാണ് ഇതിലെ വിരോധാഭാസം. ഇത് ഇനിയെങ്കിലും പുനര്‍വിചിന്തനം നടത്താന്‍ യൂറോപ്യര്‍ തയ്യാറാവേണ്ടിയിരിക്കുന്നു. പാശ്ചാത്യ ലോകം ഇസ്‍ലാമിക സമൂഹത്തിനെതിരായ പ്രവൃത്തികൾക്കും വാക്കുകൾക്കും എതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങൾ തമ്മിലുള്ള വിടവ് ഇനിയും വർദ്ധിച്ചേക്കാം.
2019 ജൂൺ 18 ന് ആരംഭിച്ച വിദ്വേഷ പ്രസംഗം കാരണം യുഎൻ ജൂൺ18 വിദ്വേഷ പ്രസംഗത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂൺ 18 ന് നടന്ന ലോഞ്ച് വേളയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതുപോലെ "വിദ്വേഷ പ്രസംഗത്തിനെ ചെറുക്കാൻ ഞങ്ങൾ ശക്തിയില്ലാത്തവരല്ല. നമുക്ക് അതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താനും എല്ലാ തരത്തിലും അതിനെ തടയാനും അവസാനിപ്പിക്കാനും പ്രവർത്തിക്കാൻ കഴിയും. എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളും മുസ്‍ലിം സമൂഹത്തിന് എതിരായ മറ്റ് പ്രവൃത്തികളുമടക്കം സർവ്വ വിദ്വേഷ കുറ്റകൃത്യങ്ങൾക്കും സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു നിർവചനം നൽകാൻ പാശ്ചാത്യ രാജ്യങ്ങളും മറ്റ് രാജ്യങ്ങളും വേഗത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."
ഇത്തരം ചെയ്തികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്ന് നോക്കി കാണാതെ ക്രിമിനൽ കുറ്റമായി തന്നെ വിലയിരുത്തണം. അല്ലാത്തപക്ഷം ആഗോള ജനതയെ വേദനിപ്പിക്കുന്ന സ്വീഡനിലുണ്ടായ സംഭവങ്ങൾ പോലെ പലതും ഇനിയും ആവര്‍ത്തിക്കപ്പെടുന്നത് നാം നോക്കി നില്ക്കേണ്ടിവരും.
വിവർത്തനം : നിയാസ് അലി
Leave A Comment