ദി സ്‌ക്വാഡ്: ലോകപോലീസിനെപോലും സ്വാധീനിക്കുന്ന ഇടപെടലുകള്‍

"A land without people for a people without a land" കേട്ടാൽ ന്യായമെന്ന് തോന്നുന്ന ഈ മുദ്രാവാക്യം അധിനിവേശ ഭ്രമങ്ങളുടെ തുടക്കകാലത്ത് സയണിസ്റ്റ് ഭീകരർ ഉന്നയിച്ചതായിരുന്നു. ഹെർസലിൽ നിന്ന് തുടങ്ങി നെതന്യാഹു വരെയെത്തി നിൽക്കുന്ന, അന്താരാഷ്ട്രനിയമങ്ങളെയും കോടതിനിർദ്ദേശങ്ങളെയും തൃണവല്‍ഗണിച്ച് ഇന്നും ക്രൂരതകള്‍ തുടരുന്ന ഈ ആശയത്തിന് സാധ്യതയും പിന്തുണയും നൽകുന്നത് ലോകപോലീസ് ചമയുന്ന അമേരിക്കയാണ്. എന്നാല്‍ ഈ രംഗത്തെ അമേരിക്കന്‍ ഇടപെടലുകളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് വളരുകയാണ്, ദി സ്ക്വാഡ് എന്ന പേരില്‍ 2018ല്‍ രൂപം കൊണ്ട ആകിടിവിസ്റ്റ് ഗ്രൂപ്പ്.

ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റക്കാർക്കുമൊപ്പം നിലകൊള്ളാനും ഇസ്‌ലാമോഫോബിയക്കെതിരെ ശബ്‌ദിക്കാനും ഇസ്രായേൽ ഭീകരതയാണെന്നും അമേരിക്ക ലോകഭീകരതക്കും വംശഹത്യക്കും കൂട്ട്നിൽക്കുകയാണെന്നും വിളിച്ചുപറയാനും ധൈര്യമുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ സംഘടിത ശബ്ദമാണ് ദി സ്ക്വോഡ് എന്ന് പറയാം. യു. എസ് പ്രതിനിധിസഭയിലെ ഒൻപത് ഡെമോക്രാറ്റുകൾ വരെ ഇന്ന് സ്ക്വാഡിന്റെ സംഭാവനയാണ്. അലക്സാൻഡ്രിയ ഒക്കാസിയോ, ഇൽഹാൻ ഒമർ, റാഷിദ താലിബ്‌, അയന്ന പ്രെസ്‌ലി എന്നിവർ ചേർന്ന് 2018 ൽ രൂപീകരിച്ച ഈ സംഘടന ഇസ്‌ലാമോഫോബിയക്കെതിരായും അമേരിക്കയുടെ ഇസ്രായേൽ അനുകൂല വിദേശനയങ്ങൾക്കെതിരായും നിരന്തര കാമ്പയിനുകളുമായി രംഗത്ത് വന്നിട്ടുണ്ട്. വിവിധ കാരണങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പുകളിൽ ഇവരെ തോൽപ്പിക്കാൻ തീവ്ര വലത് പക്ഷ ഗ്രൂപ്പുകൾ വലിയതോതിൽ ക്രൗഡ് ഫണ്ടിങ്ങുകൾ വരെ നടത്തിയിട്ടുണ്ടെങ്കിലും, അവര്‍ സജീവമായി മുന്നോട്ട് പോവുന്നു എന്നതാണ് സത്യം.

സ്‌ക്വാഡ് നിർണ്ണയിച്ച രാഷ്ട്രീയദിശകൾ


ഡെമോക്രാറ്റിക് പാർട്ടിയിലെ തീവ്ര വലതുപക്ഷക്കാരോടും ട്രംപിന്റെ വംശീയ മനോഭാവത്തോടുമുള്ള സ്വാഭാവിക പ്രതികരണമായിട്ടാണ് സ്‌ക്വാഡ് രൂപം കൊള്ളുന്നത്. ആദ്യകാലങ്ങളിൽ പരിസ്ഥിതി സംരക്ഷണ വാദവും വിയറ്റ്നാം യുദ്ധവിരുദ്ധതയും ഉയർത്തിയ ഇവർ ക്രമേണെ ഇസ്രായേൽ അധിനിവേശത്തെയും അതിനെ പിന്തുണക്കുന്ന അമേരിക്കയെയും നിശിതമായി വിമർശിക്കാന്‍ ധൈര്യം കാണിച്ചു. ഇത്തവണ ഇലക്ഷൻ അടുത്തത്തോടെ ഗാസയിലെ നിരപരാധികളെ കൊന്നൊടുക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡന് പങ്കുണ്ടെന്നും അത് അമേരിക്കയുടെ ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സ്‌ക്വാഡിന്റെ പ്രോഗ്രസീവ് വീക്ഷണത്തോട് താല്പര്യമുള്ള പ്രതിനിധികൾ ആവർത്തിച്ചു പറയാൻ തുടങ്ങി. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് പാർട്ടിനേതാക്കൾക്ക് മനസ്സിലാകുന്നതിന്റെ അനുരണങ്ങൾ ചെറിയ തോതിലെങ്കിലും ഇുപ്പോഴേ പ്രകടമായി തുടങ്ങിയിട്ടുണ്ട്. 

"ഒക്ടോബർ 7ന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയായി തുടരാൻ നെതന്യാഹു യോഗ്യനല്ല" എന്ന് ന്യൂയോർക്കിൽ നിന്നുള്ള സെനറ്ററും ഇസ്രായേലി സപ്പോട്ടറുമായ ചാൾസ് ശൂമർ പ്രസ്താവിച്ചതും, "സിവിലിയൻസിനെ കൊല്ലുന്നത് അവസാനിപ്പിക്കാതെ ഇസ്രായേലിന് യുദ്ധോപകരണങ്ങൾ വിൽക്കുന്നതിനെ ഞാൻ പിന്തുണക്കില്ല" എന്ന് വിദേശകാര്യ വകുപ്പിലെ ന്യൂയോർക്ക് പ്രതിനിധി ഗ്രിഗറി മീക്സ് മീഡിയകൾക്ക് മുന്നിൽ തുറന്നുപറഞ്ഞതും ഇതിന്റെ ഭാഗമാണ്. ഇന്ന് ഞങ്ങളുയർത്തുന്ന പ്രശ്നം പാർട്ടിയുടെ മുഖ്യധാരാ വിഷയങ്ങളിലൊന്നായി മാറിയെന്നും അതിനോട് പാർട്ടി പ്രതികരിച്ചുതുടങ്ങിയെന്നുമാണ്, സ്‌ക്വാഡ് മെമ്പറായ അയന്ന പ്രസ്‌ലി ഇതിനോട് പ്രതികരിച്ചത്. 

ഡെമോക്രറ്റ് പ്രോഗ്രസീവുകളിലൊരാളും സ്‌ക്വാഡ് അംഗവുമായ അലക്സാൻഡ്രിയ ഒക്കാസിയോ ഇസ്രായേൽ ഗാസയെ ആക്രമിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ തന്നെ വെടിനിർത്തൽ ചർച്ചകൾക്ക് വേണ്ടി ശബ്ദിച്ചിരുന്നു. മിനിസോട്ടയിൽ നിന്നുള്ള കോൺഗ്രസ്‌ പ്രതിനിധിയായ ഇൽഹാൻ ഒമർ ഇസ്രായേലിന് മേൽ പരസ്യമായി തന്നെ യുദ്ധക്കുറ്റം ആരോപിച്ചിരുന്നു. ഇസ്രായേലിന്റെ സംഘർഷങ്ങൾ വ്യക്തമായ അധിനിവേശ താല്പര്യങ്ങളാണെന്ന് മിഷിഗനിൽ നിന്നുള്ള കോൺഗ്രസ്‌ പ്രതിനിധിയായ റാഷിദ തുലൈബും ആരോപിച്ചിരുന്നു. ഇത്തരം വാദങ്ങൾക്കെതിരായ രാഷ്ട്രീയ പൊതുബോധം വളർത്തിയെടുക്കാൻ ഇരുപാർട്ടികളും കിണഞ്ഞു പരിശ്രമിക്കുകയും ഇസ്രായേലിനെ ന്യായീകരിക്കുകയും ചെയ്യുന്നതിനിടയിലാണ് സത്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ ഇവർ സധൈര്യം മുന്നോട്ട് വരുന്നത്.


ഇൽഹാൻ ഒമർ

ഇസ്‌ലാമോഫോബിയക്കെതിരായ രാഷ്ട്രീയ യുദ്ധത്തിന്റെ പോരാട്ടമുഖമായി മാറിയ സോമാലിയൻ മുസ്‌ലിം വനിതയാണ് മിനിസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക്‌ പ്രതിനിധി ഇൽഹാൻ അബ്ദുല്ലാഹ് ഒമർ. കോൺഗ്രസ് ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിത എന്ന ബഹുമതി റാഷിദ തുലൈബിനൊപ്പം പങ്കിടുന്ന സ്ത്രീയാണ് സ്‌ക്വാഡ് സ്ഥാപക അംഗമായ ഇവർ. സോമാലിയയിലെ ആഭ്യന്തര യുദ്ധം മൂലം കുടുംബത്തോടൊപ്പം കെനിയയിലേക്ക് പലായനം ചെയ്യുകയും 4 വർഷം അഭയാർത്ഥി ക്യാമ്പിൽ കഴിയുകയും ചെയ്‌തു. നിറത്തിന്റെ പേരിലും ഹിജാബ് ധരിക്കുന്നതിന്റെ പേരിലും നിരവധി ഭീഷണികളും ഉപദ്രവങ്ങളും ചെറുപ്പകാലം മുതൽതന്നെ ഇല്‍ഹാമിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

സ്‌ക്വാഡ് മൂവ്മെന്റിലൂടെ അമേരിക്കൻ ഇടത് പ്രോഗ്രസീവ് രാഷ്ട്രീയത്തിന്റെ മുഖമായ ഇവർ ഇസ്രയേലിനെ നിരന്തരം വിമർശിക്കുകയും ഫലസ്തീനികൾക്ക് വേണ്ടി വാദിക്കുകയും ചെയ്തതിന്റെ പേരിൽ 2019 ആഗസ്ത് മുതൽ ഇസ്രായേലിൽ പ്രവേശിക്കുന്നതിന് നിരോധനം നേരിടുന്ന കോൺഗ്രസ് വുമൺ കൂടിയാണ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശത്രുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുകയും ട്രംപിന്റെ ഭരണകാലത്ത് നിരവധി വധഭീഷണികൾ നേരിടേണ്ടിവരികയും ചെയ്‌തു. 2019 ൽ ഇല്‍ഹാമിനെക്കുറിച്ച് "എവിടെ നിന്നാണോ വന്നത് അവിടേക്കുതന്നെ മടങ്ങിപ്പോകൂ" എന്ന് ട്രംപ് വംശീയമായി അധിക്ഷേപിച്ചിരുന്നു. എന്നാൽ, 2021ൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികളെ നയിച്ചവരിൽ ഇൽഹാൻ ഒമർ മുന്നില്‍ തന്നെയുണ്ടായിരുന്നു.

ഇത്തവണ കോൺഗ്രസിലേക്ക് മത്സരിച്ച ഇല്‍ഹാമിനെ തോല്പിക്കാനായി AIPAC, Alliance for New Zionist Vision തുടങ്ങിയ അമേരിക്കൻ ഇസ്രായേൽ അനുകൂല സംഘടനകൾ വലിയ കാമ്പയിനുകൾ തന്നെ സംഘടിപ്പിച്ചു. സ്‌ക്വാഡ് അംഗങ്ങളായ കോറി ബുഷിനേയും ജമാൽ ബോമാനെയും തോൽപ്പിക്കാനായി ബില്യണുകൾ സമാഹരിച്ച ഈ സംഘടനകൾ, പ്രൈമറി ഇലക്ഷനിൽ ബുഷും ബോമാനും പരാജയപ്പെട്ടതോടെ ഇല്‍ഹാമിന് എതിരെയും കാമ്പയിനുകൾ തൊടുത്തുവിട്ടു. എതിരാളിയെ ഡോൺ സാമുവലിനെ വിജയിപ്പിക്കുന്നതിനായി Zionist for DON SAMUEL against ILHAM OMAR എന്ന പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുകയും Crowd funding ആരംഭിക്കുകയും ചെയ്തു. എന്നാൽ 2018 ൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ഇത്തരം ലോബികളോട് പൊരുതിനിൽക്കാനുള്ള രാഷ്ട്രീയാടിത്തറ ഇല്‍ഹാം ഒരുക്കിയിട്ടുണ്ടായിരുന്നു. 2022ൽ 35,000 ഡോളർ സമാഹരിച്ചിട്ടും അവരെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. 535,000 ഡോളർ 2024 ലെ ഇലക്ഷനിൽ ഇൽഹാം വിരുദ്ധ ക്യാമ്പയിനുകൾക്കായി സമാഹരിച്ചിട്ടും പ്രൈമറി ഇലക്ഷനിൽ ഇൽഹാം വിജയിച്ച വാർത്തകളാണ് ലോകമെങ്ങും നിറയുന്നത്.

റാഷിദ തുലൈബ്

2019 മുതൽ മിഷിഗണിൽ നിന്നുള്ള ഡെമോക്രറ്റിക് കോൺഗ്രസ്‌ വുമണാണ് റാഷിദ ഹർബി തുലൈബ്. ദിവസങ്ങൾക്കുമുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് കോൺഗ്രസിൽ വെച്ച് ലോകത്തിന് മുൻപിൽ ഗാസയിലെ നിരപരാധികളെ വംശഹത്യ നടത്തിയ ചോരപുരണ്ട കൈകളുയർത്തി നിർലജ്ജം നുണകളാവർത്തിക്കുമ്പോൾ കോൺഗ്രസിന്റെ വലത്തേബെഞ്ചിൽ നിന്ന് ഫലസ്തീൻ പതാകയുള്ള ഷർട്ട് ധരിച്ച് നെതന്യാഹുവിന് നേരെ "War criminal, Guilty of genocide" എന്നെഴുതിയ ബോർഡുകളുയർത്തി പ്രതിഷേധമറിയിച്ച ധീരവനിതയാണിവർ.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളെക്കുറിച്ച് കഴിഞ്ഞ നവംബറിൽ യു.എസ് കോൺഗ്രസിൽ ഇവർ നടത്തിയ പ്രസംഗം സെൻസർ ചെയ്യപ്പെട്ടതിനോടുള്ള മറുപടിയായി, വെസ്റ്റ്‌ബാങ്കിൽ ജീവിക്കുന്ന തന്റെ മുത്തശ്ശിയുടെ ഫോട്ടോ ഉയർത്തിപിടിച്ച് "ഞങ്ങൾ നിശബ്ദരാകില്ല, എന്റെ വാക്കുകളെ തകർക്കാൻ നിങ്ങൾക്ക് കഴിയില്ല" എന്ന് അവര്‍ അട്ടഹസിച്ചതും ലോകം കണ്ടു. ഇടറുന്ന വാക്കുകളോടെ അവർ തന്റെ പ്രസംഗം തുടർന്നു: എനിക്കിത് പറയേണ്ടി വരുന്നു എന്നതുതന്നെ അവിശ്വസനീയമാണ്. ഫലസ്തീൻ ജനത നിങ്ങളുടെ ഉപയോഗശേഷം വലിച്ചെറിയേണ്ട ഒന്നല്ല. അവരുടെയും എന്റെയും കണ്ണുനീർ ഒന്നുതന്നെയാണ്... ഈ പ്രസംഗം നടത്തിയതിനെ തുടർന്ന് ഡെമോക്രറ്റിക് പാർട്ടിയിലെ ഇരുപത്തിരണ്ടോളം അംഗങ്ങളിൽ നിന്ന് തുലൈബിന് വിമർശനങ്ങൾ കേൾക്കേണ്ടിയും വന്നിരുന്നു.

"From the river to the sea, Palestine will be free" എന്ന പ്രസിദ്ധ മുദ്രാവാക്യത്തോടെ തുലൈബ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ബൈഡൻ വംശഹത്യക്ക്‌ കൂട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ചതും വലിയ കോലാഹലങ്ങളുണ്ടാക്കി. ഈ മുദ്രാവാക്യം ഉപയോഗിച്ചതിനെതിരെ പ്രമുഖ അമേരിക്കൻ ഫലസ്തീനിയൻ ആക്റ്റീവിസ്റ്റായ ബേണി സാന്റേഴ്‌സ് വരെ രംഗത്ത് വന്നിരുന്നു. തുടർന്ന് തുലൈബ് തന്റെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫലസ്തീൻ പതാക നീക്കം ചെയ്യണമെന്നും ഇവർ ധരിക്കാറുള്ള ഫലസ്തീൻ പതാകയുള്ള വസ്ത്രത്തെ ലക്ഷ്യമാക്കി ക്യാപിറ്റോളിനകത്ത് മറ്റു രാജ്യങ്ങളുടെ പാതകകൾക്ക് വിലക്കേർപ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ വാദിച്ചു. ഒക്ടോബർ 7ന് ശേഷമുള്ള ഇസ്രായേലി അധിനിവേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയത്തിനെതിരെ ഡെമോക്രാറ്റുകളിൽ നിന്ന് വോട്ട്ചെയ്ത ഒൻപത് പേരിലൊരാളായും ഇവർ ശ്രദ്ധയാകർഷിച്ചു. തുലൈബിന്റെ ഇത്തരം നിലപാടുകൾക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ ഇവർ ആന്റിസെമെറ്റിക് ആണെന്നും ഹമാസ് അനുകൂലിയാണെന്നും പറഞ്ഞുകൊണ്ട് പലരും എതിർപ്പുകൾ ഉന്നയിച്ചിരുന്നു.

എങ്കിലും തുലൈബിന് അമേരിക്കയിൽ നിന്ന് തന്നെ ജൂതരൂടെ പോലും പിന്തുണകൾ ലഭിക്കുന്നുണ്ട് എന്നതാണ് സത്യം. തുലൈബിന്റെ വെടിനിർത്തൽ ആഹ്വാനം ഉയർത്തിപ്പിടിച്ച ചില അമേരിക്കൻ ജൂതസംഘടനകൾ വാഷിംഗ്ടണിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക വരെ ചെയ്തു. ജനകീയ വിഷയങ്ങളിൽ കാര്യമാത്രമായ ശ്രദ്ധചെലുത്തുന്ന ചുരുക്കം കോൺഗ്രസ്‌ അംഗങ്ങളിൽ ഒരാളാണ് തുലൈബ് എന്ന് Jewish voice for peace എന്ന ആന്റിസയണിസ്റ്റ് സംഘടനയുടെ പൊളിറ്റിക്കൽ ഡയറക്ടർ സൂചിപ്പിച്ചിരുന്നു. ഫലസ്തീൻ അനുകൂല പ്രവർത്തനം നടത്തിയതിന്റെ പേരിൽ നിയമനടപടികൾ നേരിടേണ്ടിവന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി വാഷിംഗ്ടണിൽ സംഘടിപ്പിച്ച റാലിയിൽ തുലൈബ് ഇങ്ങനെ ഗർജിച്ചു : മിസ്റ്റർ ബൈഡൻ... എവിടെയാണ് നിങ്ങളുടെ റെഡ് ലൈൻ? നിങ്ങളൊരു വംശഹത്യാഭ്രമം ബാധിച്ചയാളാണ്..

ഇത്തരം ധീരവ്യക്തിത്വങ്ങളുടെ ശക്തമായ സമീപനങ്ങളിലൂടെ ദി സ്ക്വാഡ് അമേരിക്കയില്‍, അവഗണിക്കാനാവാത്ത വിധം സ്വാധീനം ഉറപ്പിച്ച് വരികയാണ്. ഇസ്റാഈല്‍ നടത്തുന്ന നരനായാട്ടിനെതിരെ പല അമേരിക്കന്‍ സര്‍വ്വകലാശാലകളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നത് പോലും ഇതിന്റെ ഉപഫലങ്ങളാണെന്ന് പറയാം. സമാധാനത്തിന്റെ പേര് പറഞ്ഞ്, അക്രമികളോടൊപ്പം ചേര്‍ന്ന് പല നാടുകളും യുദ്ധഭൂമിയും ചോരക്കളവുമാക്കി മാറ്റുന്ന അമേരിക്കയില്‍ അകത്ത് നിന്ന് തന്നെ ഇത്തരം ചലനങ്ങളുണ്ടാവുന്നത് ശുഭോദര്‍ക്കമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter