കോഴിക്കോട് കടപ്പുറത്ത് സമരം നടത്തുന്നവർ തീവ്രവാദികളാണെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ സ്വാമി അഗ്നിവേശ്

16 February, 2020

+ -
image

. കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷാഹിൻ ബാഗ് മാതൃകയാക്കി കോഴിക്കോട് കടപ്പുറത്ത് സമരം നടത്തുന്നവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രകസ്താവനക്ക് മറുപടിയുമായി സ്വാമി അഗ്നിവേശ്. പൗരത്വ വിവേചനത്തിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെങ്കില്‍ ആദ്യത്തെ തീവ്രവാദി താനാണെന്ന് അഗ്നിവേശ് വ്യക്തമാക്കി. ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തിന്റെ 16-ാം ദിനത്തില്‍ മുഖ്യതിഥിയായി എത്തി സമരക്കാരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സുരേന്ദ്രന്‍ തന്റെ നേതാക്കളായ മോദിയോടും അമിത് ഷായോടും ഇക്കാര്യം പറയട്ടെ. രാജ്യത്ത് അനീതിക്കെതിരേ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളാക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് എല്ലാവരും ഏകോദരസഹോദരരായി ജീവിക്കുന്നവരാണ്. ഹൃദയ വിശാലതയില്ലാത്ത ചില രാഷ്ട്രീയക്കാരാണ് വിഭജനവും അസഹിഷ്ണുതയും കൊണ്ടുവരുന്നത്. ഷഹീന്‍ബാഗുകള്‍ രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. ആര്‍.എസ്.എസിന്റെയും ഐ.എസിന്റെയും സംസ്‌കാരം ഇന്ത്യക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം കോഴിക്കോട്ടെത്തിയ സുരേന്ദ്രന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണത്തിന് നന്ദി പറയുമ്പോഴാണ് സമരക്കാർ തീവ്രവാദികളാണെന്ന വിവാദ പ്രസ്താവന നടത്തിയത്.

RELATED NEWS